Tuesday, March 10, 2009

നാളേയ്ക്കുള്ള ചില പെണ്‍കരുതലുകള്‍

പ്രസിഡണ്ടാണ്‌ വിഷയം നിർദ്ദേശിച്ചത്‌
ഇതിൽപ്പരം റെലവന്റും സ്യൂട്ടബ്‌ളൂം ആയ
സബ്ജക്ട്‌ ഇനിയെന്തുള്ളൂ എന്ന്‌
സെക്രട്ടറി സെക്കൻഡ്‌ ചെയ്തതോടെ
സെമിനാർടോപിക്കിന്‌ അംഗീകാരമായി.

അബലയെന്നും ചപലയെന്നും
കണ്ണീർത്തുടരിലെ നായികയെന്നും
സ്ഥിരമായി അടയാളപ്പെടുത്തി
ചർവ്വിതചർവ്വണങ്ങളാൽ
പീഡിപ്പിക്കുകയാണ്‌
ആൺകോയ്മയുടെ സമൂഹമെന്നും
നാടിന്റെ വികസനവഴികളിൽ
മുൻനടക്കാൻ പ്രാപ്തിയുണ്ടോ
എന്ന വെല്ലുവിളീ
ഏറ്റെടുക്കുകയാണ്‌
ഈ വനിതാദിനത്തിൽ
ഉയർന്നചിന്താഗതിക്കരായ
നമ്മെപ്പോലുള്ളവർക്ക്‌ കരണീയമെന്നും
ഭാഷയുടെ അസ്കിത അൽപസ്വൽപമുള്ള
ഉപകാര്യദർശി ചൊല്ലിയാടി

ഫ്യൂച്ചറിലേയ്ക്കുള്ള പ്ലാനിംഗിൽ
കിച്ചൺ മാറ്റിനിർത്തിക്കൂടെന്നും
ഇഷ്ടവിഷയം തന്റെ കയ്യിൽ സെയ്ഫ്‌ എന്നും
മുടമ്പല്ലിൽ കുരുങ്ങിയ ചില്ലിചിക്കൻ
സുക്ഷ്മതയോടെ കുത്തിയെടുത്ത്‌
വൈസ്പ്രസിഡണ്ട്‌
വാക്കിനൊപ്പം ചവച്ചുതുപ്പി.

സമയബോധമാണു മസ്റ്റ്‌ എന്നും
അതിനാൽ
ടൈംമാനേജ്‌മന്റ്‌ ഹാൻഡിൽ ചെയ്തുകൊള്ളാമെന്നും
സൽവാറിന്റെ നെറ്റെഡ്‌ മേലാട വലിച്ചിട്ട്‌
മാറുയരം ഒളികണ്ണാൽ ഒന്നുംകൂടിയളന്ന്‌
ആത്മവിശ്വാസമുറപ്പിച്ചു ട്രാഷറർ

ഭാവിയിലേയ്ക്കുള്ള
പെൺകരുതലിന്റെ
പ്രബന്ധവശങ്ങൾ
കണ്ടും കേട്ടും
അസ്തപ്രജ്ഞരായ കാണികളേ
താൻപോരിമയിൽ നോക്കുന്ന
വേദിയിലെ സിംഹികളെ
സ്വപ്നംകണ്ട്‌ നിർവൃതിക്കൊണ്ടവരോടൊപ്പം
പ്രസംഗപരിചയം തീരെക്കുറഞ്ഞ
പ്രായോഗികബോധം കൂടിയ മറ്റൊരുവൾ
ഭാവിയിലേയ്ക്കായി തന്നെത്താൻ
കരുതലായത്‌
മാർച്ച്‌ എട്ടിലെ പത്രങ്ങൾ
പ്രാദേശികപേജ്‌ നിവർന്ന്
അവരേയും അറിയിക്കുമായിരിക്കും

10 comments:

  1. നന്നായിരിക്കുന്നു. നല്ല കണ്‍സ്ട്രക്ഷന്‍.

    ReplyDelete
  2. കവിത, മുന്നോട്ടു പോകുമ്പോഴും ചിലപ്പോഴെങ്കിലും ഒന്നു തിരിഞ്ഞു നോക്കേണ്ടതുണ്ടെന്ന് ഈ കാവ്യം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.പിന്നോട്ടൂം മുമ്പോട്ടുമുള്ള ചുവടുകള്‍ ഈ കവിതയെ ചടുലമാക്കുന്നു.ലാല്‍ സലാം ജ്യോതീഭായ്.

    ReplyDelete
  3. ജ്യോതി
    എപ്പൊഴും കാണാതെ പോകുന്നതു..
    എവിടേയും കേള്‍ക്കാതെ പോകുന്നതു..
    ആരാലും വായിക്കപ്പെടാതെ പോകുന്നതു..
    പ്രായോഗിക പരിചയമുള്ള ആറാമത്തവളുടെ ശബ്ദം..
    നല്ല കവിത..
    good thinking..

    ReplyDelete
  4. നല്ല മുനയുള്ള പരിഹാസം-അഭിനന്ദനം-എങ്കിലും സ്ത്രീകളുടെ കൂട്ടായ്മകളെ പരിഹസിക്കുന്നത്‌ ഒരുതരത്തില്‍ ആണ്‍ മേല്‍കോയ്മയെ സഹായിക്കലല്ലെ? ഞാന്‍ ഒരു വനിതാവിമോചകനല്ല കെട്ടൊ

    ReplyDelete
  5. നന്ദി സുപ്രിയ, ജിജി, മണിലാല്‍,സാജന്‍ ,ശ്രീനാഥ്‌
    ,ശ്രീനാഥ്‌

    ശ്രീനാഥ്‌,
    അഭിപ്രായത്തിനു നന്ദി. കവിത വഴി ആണ്‍ മേല്‍ക്കോയ്മയെ കണ്ണടച്ച്‌ അംഗീകരിക്കുകയല്ല ,വനിതാകൂട്ടായ്മകളെ പരിഹസിക്കുകയുമല്ല. പാലക്കാട്ടെ ഒരു പ്രമുഖ വനിതാകൂട്ടായ്മയുടെ ജില്ലാതല ഭാരവാഹിയായിരുന്നു ഒരു കൊല്ലക്കാലത്തോളം ഞാന്‍. ഇപ്പോഴും അതില്‍ സജീവമായിത്തന്നെ പ്രവര്‍ത്തിയ്ക്കുന്നുമുണ്ട്‌. എങ്കിലും ചില യാതാര്‍ത്ഥ്യങ്ങള്‍ ദഹിയ്ക്കാതെ കിടക്കാറുണ്ട്‌ പലപ്പോഴും. ഇതൊരു സ്വയം പരിഹാസമായും എടുക്കാം. സ്ത്രീകള്‍ക്ക്‌ എന്നുദ്ദേശിച്ച്‌ പലപ്പോഴും ചെയ്യുന്ന ഒരു പാടുകാര്യങ്ങള്‍ അവരിലേയ്ക്ക്‌ നേരിട്ട്‌ എത്തിപ്പെടാന്‍ ഒരു പാടു ഇടത്തട്ടുകള്‍ ഉണ്ടെന്ന അറിവ്‌, ആഗ്രഹമുണ്ടെങ്കിലും ഇറങ്ങിപ്രവര്‍ത്തിക്കാന്‍ കഴിയാതിരിക്കുന്ന ചില നിസ്സഹായതകള്‍, പ്രസംഗങ്ങളിലും , സെമിനാറുകളിലുമുള്ള വിശ്വാസക്കുറവ്‌, ഒരു പരിധിവരെ 'എങ്ങനെ' എന്ന അറിവില്ലായ്മ എല്ലാം ഈ കവിതയ്ക്ക്‌ കാരണമായി. വനിതാദിനപ്പിറ്റേന്ന്‌ മാതൃഭൂമിയുടെ നാട്ടുവര്‍ത്തമാനം പേജ്‌ വായിച്ചുവോ? തോട്ടില്‍ ഒഴുകിവന്ന ഒരു ദിവസം പ്രായമായ ആ പെണ്‍ കുഞ്ഞിണ്റ്റെ ചിത്രം മനസ്സില്‍ നിന്നും മായുന്നില്ല. അതിനു തലേന്ന്‌ ഞങ്ങളുടെ സംഘടന വനിതാദിന സെമിനാര്‍ നടത്തിയിരുന്നു. വിഷയം.. " ഭാവിയിലേയ്ക്കുള്ള കരുതല്‍".

    ReplyDelete
  6. പ്രിയപ്പെട്ട എഴുത്തുകാരീ..
    യാഥാര്‍ഥ്യങ്ങള്‍ നഗ്നമായ് മുന്നില്‍ നില്‍ക്കുമ്പോള്‍;
    കര്‍മ്മഫലങ്ങള്‍ നിസ്സംഗമായ് , നിരര്‍ഥകമായ്,
    ചിലപ്പോള്‍ നിരാലംമ്ബമായ് കര്‍മ്മഭൂവില്‍ വീണു പിടയുമ്പോള്‍ ആരും ചോദിച്ചു പോകുന്ന ചോദ്യം.
    നന്നായിരിക്കുന്നു.
    സത്യം സത്യമാണെന്നുള്ള തിരിച്ചറിവ്, സത്യം സത്യമാണെന്ന്‍ വിളിച്ചു പറയാനുള്ള ധൈര്യം, ആ ആര്‍ജവമാണു സമൂഹത്തിനു വേണ്ടത്, എല്ലാ മനുഷ്യര്‍ക്കും ഉണ്ടാവേണ്ടത്. അവിടെ സ്ത്രി എന്നൊ പുരുഷന്‍ എന്നോ, അല്ലെങ്കില്‍ സ്ത്രിപക്ഷമെന്നൊ പുരുഷപക്ഷമെന്നൊ പറയുന്നെങ്കില്‍
    ആട്ടിന്‍ കുട്ടിയുടെ ചോര തന്നെ അവര്‍ക്കാവശ്യ്ം. ഇവിടെ ജീര്‍ണ്ണതയും അരാജകത്വവും വ്യക്തികളുടെയൊ സംഘടനകളുടെതൊ അല്ലല്ലോ.

    ReplyDelete
  7. താങ്കള്‍ ഒരു ബ്ലോഗറാണെന്നുള്ള വിവരം എനിക്കറിയാമാ‍യിരുന്നോ എന്ന് എനിക്കോര്‍മയില്ല.
    ആശംസകള്‍
    ഗ്രീന്‍ റേഡിയോവിന്റെ സൈറ്റില്‍ നിന്നാണ് താങ്കളെ ഇപ്പോള്‍ ദര്‍ശിച്ചത്......
    ++
    PLEASE RECORD YOUR PRESENCE AND JOIN
    http://trichurblogclub.blogspot.com/

    ReplyDelete
  8. ടൈം മാനേജുമെന്റ് ഹാന്‍ഡില്‍ ചെയ്തുകൊള്ളാമെന്ന്‌
    സല്‍വാറിന്റെ നെറ്റഡ്‌ മേലാട
    ഒന്നുകൂടി വലിച്ചിട്ട്‌
    കീഴേ മാറുയരത്തിലേയ്ക്ക്‌ ഒളികണ്ണിട്ട്‌
    ആത്മവിശ്വാസമുറപ്പിച്ചു ട്രഷറര്‍ .
    - ഇത്രയും സൂക്ഷ്മ നിരീക്ഷണം നടത്തി എഴുതാന്‍ ഒരു സ്ത്രീക്കു മാത്രമേ കഴിയുകയുള്ളു.ആണെഴുതിയാല്‍ ചിലപ്പോ വകുപ്പ് മാറും , അടിയും കൊള്ളും.എഴുത്ത് ഇഷ്ടമാ‍യി.

    ReplyDelete
  9. വളരെ നന്നായിരിക്കുന്നു

    ReplyDelete
  10. ഈ കവയത്രിയാണു ചേച്ചി.

    ReplyDelete