ഒരു പോള കണ്ണടയ്ക്കാന്‍ പറ്റീല്യ ഇന്നലെ രാത്രി.
ഇന്നാളൊരീസം അമ്മുട്ട്യമ്മ്യ പറഞ്ഞദന്യാ ശരി.
ഈ ടീവീപ്പെട്ടീല് നോക്കാതീം വര്ത്തമാനക്കടലാസ്സ് വായിക്കാതീം ഇര്‌ന്നാത്തന്നെ മനിഷ്യര്‍ക്ക് ജീവിതത്തില്‍ സമാധാനം കിട്ടും. .
കണ്ടില്ലേ ഇന്നലെ? കാണാന്‍ വയ്യ. എടനെഞ്ഞ് പൊട്ടിപ്പോണ പോലെ തോന്നി.
ഇതൊക്കെ കാണണതിലും ഭേദം ചെല പെങ്കുട്ട്യോള് കൊഞ്ചിക്കൊണ്ട് കാണിക്കണ കോമാളിത്തോം കോപ്രായോം ഒക്കെത്തന്യാന്നു തോന്നിപ്പോയി.
ന്റെമ്മൂട്ട്യമ്മേ! ഇക്കുട്ട്യോള്‍ക്കൊക്കെ എന്താ ങ്ങനെയൊക്കെ തോന്നാന്‍!
ഇതിപ്പോ അവനോനെ ഹിംസിക്കണൂന്നുള്ളതല്ല ,
പോയോര്‍ക്ക് ഒന്നും മിണ്ടാതെ അങ്ങട് പോവേ വേണ്ടൂ .
പെറ്റുപോറ്റിയ അച്ചന്റെ, അമ്മടെ ഒക്കെ ഉള്ളുരുക്കം എന്തായിരിക്കുംന്ന് ഒരു മിനിട്ട് ആലോചിക്കാന്‍ തോന്ന്യോ ?
നെരന്നങ്ങനെ കെടക്കാ! വെഷം കഴിച്ചതാത്രേ.
പത്തു പതിനേഴ് വയസ്സാക്മ്പഴക്കും ഒക്കീം ഇട്ടെറിഞ്ഞ് പോവാന്‍ തക്കോണ്ണം വല്യ എന്തു സങ്കടാണ്ടാവാ?
ടീവീ ന്യൂസ് കണ്ടതിനു ശേഷാ കടലാസ് നോക്ക്യേ. ഇന്നുംണ്ട് വാര്‍ത്ത. ഫോട്ടൂംണ്ട്
ആത്മഹത്യാന്നു പോലീസുകാര്. ദുരൂഹം ന്ന് പത്രക്കാര്. അന്നേഷണം വേണംന്ന് നാട്ട്കാര് ..
ആര്‌ക്ക് പോയീ..? അവനോന്‍ തിന്നാതീം കുടിക്കാതീം ഊറീതൂറീത് മക്കള്‍ക്ക് മാറ്റീം വെച്ച് കൈ വളര്‌ണോ കാല് വളര്‌ണോ ന്നും നോക്കി നോക്കി ഒടുക്കം ...പോയത് ആ അച്ചനും അമ്മക്കും തന്നീള്ളൂ .
അല്ല, നമ്മളിപ്പോ ഇങ്ങനോക്കെ പറയിണൂ .അക്കുട്ട്യോള്‍ടെ ഉള്ളിലെന്തായിരുന്നൂന്ന് ആരു കണ്ടൂ! മനസ്സൊക്കെ പൂട്ടിക്കെട്ടി വെച്ചിട്ടല്ലേ എല്ലാരടീം നടത്തം. രാവിലെ ഇസ്കൂളിലിക്ക് എറങ്ങാന്‍കാലത്ത് മക്കള്‍ടെ കണ്ണില് അമ്മമാരടെ കണ്ണ് എടഞ്ഞിട്ട്‌ണ്ടാവില്യ. രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കാലില് ചക്രം കെട്ടി ഓടണ തെരക്കില് പൊന്നുമക്കളോട് ഒരു നല്ല വര്‍ത്താനം പറയാന്‍ അച്ഛന് എട കിട്ടീട്ട്ണ്ടാവില്യ. നേരത്തിനു വന്ന് നേര്‍ത്തേ പോണ ടീച്ചറമ്മമാര്‍ക്കും പുസ്തകത്തിന്റെ കൂമ്പാരം മറഞ്ഞിട്ട് അവറ്റോള്‍ടെ പേടിച്ച് വെളര്‍ത്ത മൊകം കാണാന്‍ പറ്റീട്ട്ണ്ടാവിവില്യ. അതോണ്ടാവും ല്യേ? ? അല്ല അതോണ്ടന്ന്യാവും. അല്ലെങ്കില് എലിയെക്കണ്ടാലും കൂടി മലയാണ് ,പുലിയാണ് ന്നൊക്കെ വിചാരിച്ച് ആധിപ്പെട്ട് നൊമ്മട്യോക്കെ കുട്ട്യോള്‍ വിശ്വസിക്കണ്ടോരേം സ്നേഹിക്കണ്ടോരേം തീണ്ടാപ്പാട് ദൂരം മാറ്റി നിര്‍ത്തീട്ട് ഏതൊക്ക്യോ വിളിക്ക് കണ്ണും ചെവീം കൊടുക്കാന്‍ കാരണം എന്താ?
ഉള്ളില്‍ള്ള തേക്കം ആരോടും പറയാന്‍ ആവാഞ്ഞ്. തമ്മില് തമ്മില് പറഞ്ഞിട്ടും തീരാഞ്ഞ്. ഒക്കേറ്റിനും ഒടുവില്‍ ഒര് ഗതീം ഇല്യാഞ്ഞ് ......
അപ്പൂട്ടന്നായരേ നൊമ്മട്യോക്കെ കുട്ട്യോള്...
(ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നലെ ശിവാനിടീച്ചറിനെക്കണ്ടു. നടക്കാന്‍പോലും വയ്യാതായിരിക്കുന്നു. ആളറിയാഞ്ഞാവണം അടുത്തു ചെന്നപ്പോള്‍ നരച്ച പുരികം ചുളിച്ച് സൂക്ഷിച്ചുനോക്കി. ആരാ...? ---------- ആണോ? ആണെന്നും അല്ലെന്നും ഉള്ള അര്‍ത്ഥത്തില്‍ മൂളി. കൈപിടിച്ച് പതുക്കെ റിക്ഷയില്‍ കയറ്റി. വീട്ടിന്റെ പടി കയറുമ്പോള്‍ ആരാണെന്നു ഉറപ്പിക്കാന്‍ തിരിഞ്ഞു വീണ്ടും നോക്കുന്നുണ്ടായിരുന്നു. യാത്ര പറഞ്ഞില്ല. രക്ഷപ്പെടാനുള്ള വെമ്പലായിരുന്നു. ടീച്ചറില്‍നിന്നും ഒപ്പം വര്‍ഷങ്ങളായി വേട്ടയാടിക്കൊണ്ടിരിക്കുന്ന ഒരു കുറ്റബോധത്തില്‍നിന്നും.
ഒന്നാം ക്ളാസ്സുതൊട്ട് ഒരുമിച്ചുണ്ടായിരുന്ന കൂട്ടുകാരി..ടീച്ചറുടെ മകള്‍ . എന്തിനും ഒപ്പമായിരുന്നു രണ്ടാളൂം. പങ്കിടാത്ത രഹസ്യങ്ങളില്ല. അധികം ആയുസ്സെത്താത്ത കൊച്ചുകൊച്ചു പിണക്കങ്ങള്‍ പോലും അടുപ്പം കൂട്ടാനുള്ളവയായി.. ഇന്നലേയും അവള്‍ വന്നു. യാത്ര പറയുമ്പോള്‍ കണ്ട അതേ രൂപം. ചുവന്ന ജരിക വെച്ച മഞ്ഞപ്പവാട ചുവന്ന പൊട്ടുകള്‍ വിതറിയ മഞ്ഞദാവണിയും ചുവന്ന ജാക്കറ്റും..വീതിയുള്ള നെറ്റിയില്‍ വൃത്തമൊപ്പിച്ചു തൊട്ട വലിയ കറുത്ത പൊട്ട്. ഒരു മാറ്റവുമില്ല. വെളുത്ത വട്ടമുഖം നിറഞ്ഞു ചിരിച്ച് കാലത്തെ തോല്‍പിച്ചവള്‍ നിന്നു. അന്നത്തേതുപോലെ. ഒരു വ്യത്യാസം മാത്രം..
അന്ന് ആ വലിയ കറുത്ത കണ്ണുകള്‍ നിറഞ്ഞു വരുന്നുണ്ടായിരുന്നു.
ക്രിസ്മസ് അവധി തുടങ്ങുന്നതിന്റെ തലേന്ന്. പ്രീഡിഗ്രീ ഒന്നാം വര്‍ഷ റിസല്‍റ്റ് വന്ന ദിവസമായിരുന്നു. വഴിപിരിയുന്ന സമയത്ത് ചിരിച്ചും കരഞ്ഞും ഇനി നമ്മള്‍ ഏതു ലോകത്തു കാണും എന്നു ചോദിച്ചു കൈപിടിച്ചപ്പോള്‍. ....അന്ന് , ആ സൂചന അറിയാനുള്ള പക്വത ഇല്ലാതെ പോയി .ഉണ്ടായിരുന്നെങ്കില്‍ പഠനമേശപ്പുറത്ത് പുസ്തകങ്ങളേയും താഴെ കൂനിപ്പിടിച്ചിരുന്ന അവളേയും നനച്ച് അന്നാ ആ പുഴ ഒഴുകുമായിരുന്നില്ല. അക്ഷരങ്ങളോടൊപ്പം അവളൂം എരിയുമായിരുന്നില്ല. എല്ലാമറിയുന്ന ചങ്ങാതിയല്ലേ എന്നിട്ടെന്തേ? എന്നു ശിവാനിടീച്ചര്‍ വിരല്‍ചൂണ്ടുമായിരുന്നില്ല.......കുറ്റവാളിയെപ്പോലെ ടീച്ചറുടെ മുന്നില്‍നിന്നു ഓടിയൊളിക്കേണ്ടി വരുമായിരുന്നില്ല....
അന്നു ആ രൂപം കാണാന്‍ ധൈര്യമില്ലാതെ പോയത് ഒരു കണക്കില്‍ നന്നായി. സ്വപ്നസന്ദര്‍ശനങ്ങളില്‍ അവളിന്നും ആ പഴയ പതിനേഴുകാരി.....എന്റെ പ്രിയപ്പെട്ട കൂട്ടുകാരി... )
(പേശാമ ടന്തയായി ഒളിച്ചുകഴിഞ്ഞകാലത്തെ ഒരു പോസ്റ്റ് )
felt your pain....
ReplyDeleteഇത് സംഭവമാണോ ജ്യോതി?
ReplyDeleteGood language... Indeed, a good post..!
ReplyDeleteജ്യോതീ........
ReplyDeleteമനോഹരം
ReplyDelete