Monday, October 5, 2009

വായന

('അവർ പറഞ്ഞു , ഞങ്ങൾ- രണ്ടാളും സ്വപ്നം കണ്ടു .അവയെ വ്യാഖ്യാനിപ്പാൻ ആരുമില്ല. ജോസഫ്‌ അവരോട്‌ പറഞ്ഞു, സ്വപ്നവ്യാഖ്യാനം ദൈവത്തിനുള്ളതല്ലോ. നിങ്ങൾ സ്വപ്നം എന്ത്‌ എന്നു എന്നോട്‌ പറയുവിൻ 'ഉ.പു. 40:8)

സ്വപ്നവ്യാഖ്യാനകാര! നീ പാർക്കുന്ന
പുസ്തകം വായ്പ കിട്ടുവാൻമാത്രം
അൽപനേരം പ്രിയപ്പെട്ടിടട്ടെ ഞാ-
നപ്പുറത്തെ മതിൽക്കെട്ടിനുള്ളിലെ
സത്യവിശ്വാസിയെന്നയൽക്കാരിയെ.

പാതിരാമയക്കത്തിൽ തികട്ടിവ-
ന്നേറെനേരമുണർത്തിക്കിടത്തിയി-
ട്ടേവരും വെളിച്ചപ്പെടും നേരത്ത്‌
പാതി മഞ്ഞിൽ മറഞ്ഞുപോയീടുന്നു
നൂറുനൂറു കിനാക്കൾ! അവയെന്റെ
ക്ഷേമനാളിൻ നിദർശങ്ങളോ? വരും
ക്ഷാമകാലപ്പതിരെഴും കറ്റയോ?

സ്വപ്നവായനക്കാരാ, വിശദമാ-
യിക്കിനാക്കളേ നീ വിവർത്തിയ്ക്ക ഞാ-
നൊട്ടൊരീണം കൊടുത്തു പാടട്ടെയെൻ-
സ്വപ്നമൊക്കെയും സത്യമാകട്ടെ!

(മാധ്യമം ആഴ്ചപ്പതിപ്പ് ഒക്ടോബര്‍‌ 5 2009)

3 comments:

  1. സ്വപ്‌നങ്ങള്‍ എല്ലാം ഷേമകാലത്തിന്റെ നിദർശങ്ങള്‍
    ആകട്ടെ ........................

    ReplyDelete
  2. ആദ്യത്തെ അഞ്ചുവരി വളരെയധികം ഇഷ്ടപ്പെട്ടു. ചേച്ചിയുടേതു മാത്രമായ പ്രയോഗങ്ങളും സുന്ദരം.

    ReplyDelete