Sunday, March 7, 2010

ഇവിടെ സുഖം. അവിടെ?

വേനലൊഴിവിന്
പകലൊക്കെ മദിച്ച്
പൂഴിയില്‍ കുളിച്ച്
ചാഞ്ഞ വെയിലൊപ്പം
നീയും ഞാനുമെത്തും
കടവില്‍ ഓളം കൈനീട്ടും.
ഇടാതാഞ്ഞാല്‍ വലതും
വലതാഞ്ഞാല്‍ ഇടതും
ആണ്ടുപോകെ അടിയിലും
അമ്മക്കൈത്താക്കം.
നീന്തുവഴക്കം.

അങ്ങേക്കടവില്‍
ആഴക്കുഴിയില്‍ മുത്തമിട്ട്
ഏത്തം ആകാശം തൊടും
തോപ്പില്‍ തണുവിന്റെ കുശലം ചാലിടും.
പൂവല്‍വെള്ളരി പുഞ്ചിരിയിടും
പഴുക്ക തേടി
പേറ്റുമുത്താച്ചി കൂനിയെത്തും
പൂവല്‍നുണുങ്ങ് നാവിലിനിക്കും
ഈറന്‍കാറ്റ് മുടി ചിക്കും
കൈതക്കൂടല്‍ മണക്കും .
ചില്ലുവള ചിരി ചിതറും .

മൂവുരു മേലോട്ടാഞ്ചി
മാനം നോക്കി മലര്‍ന്ന്
ഉറ്റതും ഉറന്നതുമറന്ന്‌
പാശം പടിമേല്‍ വെച്ച്
അമ്മയിറങ്ങിയ വഴിയേ
നമ്മള്‍ കുന്നിറങ്ങും
അരളികള്‍ തലയാട്ടും
കുന്നമ്മ താരാട്ടും .

കുന്നോരത്ത് മണ്ണാഴപ്പുഴുക്കം
പുഴയാഴത്തില്‍ നീ കുളിരുമോ?
അമ്മ നിന്നെ പാടിയുറക്കുമോ?
പരൽമീനുമ്മ തരുമോ?
കൈത കണ്ണെയ്യുമോ?
ചില്ലുവള ചിതറുമോ?
കടവു ചോക്കുമോ?

അമ്മയോടു പറയണം
ഇവിടെ കുന്നിൻചെരിവിൽ
അമ്മ കൂട്ടുണ്ടെന്ന്‌
നിന്റെയമ്മയോടും
പറഞ്ഞിട്ടുണ്ട്‌
നീയും തനിച്ചല്ലെന്ന്‌.

(സംഘടിത മാസിക -ഡിസംബര്‍ 2011)

2 comments:

  1. സ്ത്രീധനം മാത്രം വാഴുന്ന ഈ നാളൂകളിൽ സ്ത്രീദിനം ആയി ഒരു ദിവസമെങ്കിലും ഓർക്കപ്പെടുന്നത്‌ നല്ലത്‌ തന്നെ.. കവിത പതിവുപോലെ നിലവാരം പുലർത്തി..

    ReplyDelete
  2. പഴയ പോസ്റ്റ്കാര്‍ഡുകളിലെ എഴുത്ത് ഇങ്ങനെയൊക്കെ ആയിരുന്നു. അന്ന് ഒരുതുണ്ട് ഭൂമിയുടെ വലിപ്പത്തിലുള്ളതായിരുന്നു കാര്‍ഡുകള്‍.

    ഇന്നോ?
    കാര്‍ഡ് പുരാവസ്തുവകുപ്പില്‍പ്പോലും കാണില്ല.

    ReplyDelete