ആളെ ആവശ്യമുണ്ട്.
പ്രതിഫലം ? എന്തും.
പരിചയം? പരിഗണനീയം
അദ്ധ്വാനം? ആയാസരഹിതം.
ജോലിയോ ? പറയാം.
ചങ്ങാതീ..
സ്നേഹനിധീ..
വേണ്ട,
നോക്കേണ്ടയിങ്ങനെ.
ഈ വെറുംവാഴ്‌വല്ലാതെ
മറ്റെന്തും ചോദിക്ക്.
അയൽവാസീ,
ആർത്തിക്കാരാ
അയല്ക്കാരന്റെ
സൽപ്പേരിൽ
നിന്റെ
അടുപ്പെരിയുമോ?
നാലാൾ നല്ലതു പറയാൻ
നീ തന്നെ വിയർക്കണം.
വിയർക്ക്.
എന്റെ നല്ലപേരൊഴികേ
എന്തും അപ്പമാക്ക്.
പ്രണയക്കോമരമേ,
കള്ളക്കാമത്തിന്റെ
തുരുമ്പുവാൾ
ദൂരെക്കളയ്.
ഇനി വയ്യ നോവുകൾ.
വിമോചകവേഷധാരീ ,
വർഗ്ഗശത്രൂ
വലിച്ചുനീറ്റാതെ
വാക്കൊഴിച്ചെന്തും
ആയുധമാക്ക്.
എന്തും ചോദിക്ക്
എന്നെയൊന്നു കൊല്ല്.