Saturday, January 9, 2021

പാലത്തിൽ

മാറിടം തുള,ച്ചാറിൻ  കയത്തിൽ
വേരു പാകി നീ ചോടുറപ്പിയ്ക്കെ
മണ്ണിൽ മണ്ണിന്റെ  പുണ്ണുണങ്ങുന്നു
വെള്ള,മെല്ലാംതലോടിയാറ്റുന്നു 

വീതിയെ മുറിച്ചുന്മത്തവർഷം
കാലമെത്താപ്രളയങ്ങ,ളൊക്കെ
മാറിവന്നെത്തിയൊന്നായി നിന്നെ
നൂണു പോയി പുനർജനി നേടി

വേറെയാകൃതി വെവ്വേറെ വേഗം
വാഹനം നിന്നിലൂടെത്ര പാഞ്ഞു.
ആറഗാധമാവേശിച്ച,തിന്റെ
മാറിലേയ്ക്കെത്ര പേർ ചാഞ്ഞു ചെന്നു

പാലമേ  പ്രകാശിപ്പിച്ചു രണ്ടു
ജീവിതത്തിൻ അകന്ന കരയെ
വന്യതയെ വരൾച്ചയെ ഗ്രാമ
ധന്യതയെ  നഗരജാഡ്യത്തെ

പാലമേ!പാതി നിൻ വഴിയെത്തി
പാതയിൽ ഞാനുമിന്നു നിൽക്കുന്നു
ആഴമുണ്ടെന്നുമില്ലെന്നുമെന്നീ -
യാറൊഴുകുന്നു കീഴെ നിസ്സംഗം

പിൻവിളി നാഗരീകം ,നിറങ്ങൾ
ഗന്ധമൊക്കെച്ചുമക്കുന്ന വായു
വന്നിടം  ദൂരെയല്ല  ,നഗരം
നിന്നു നോക്കുന്നു കാണാം നിറങ്ങൾ

നിൻ വഴിയറ്റമെത്തുകയെന്നോ?
ചെല്ലുക  തിരിച്ചത്രയുമെന്നോ!
എത്തിയേടം വരിക്കുന്നു,മുന്നിൽ
മറ്റിടം. മങ്ങിമായുന്നു വെട്ടം

***
പാലമല്ല തുടരുന്നതിപ്പോൾ
കൂടെ നീങ്ങുന്നദൃശ്യമായെന്തോ
ആറു കീറിയോ നീന്തിയെത്തുന്നൂ
താങ്ങുമേതിനെത്തട്ടിമാറ്റുന്നു

ആ രവങ്ങൾ പതിഞ്ഞടങ്ങുന്നോ!
കാലവും മാഞ്ഞു മായമാകുന്നോ!
പാലമേയിനിപ്പോക്കട്ടെ നിന്നെ
ശൂന്യമെന്നു  തുടങ്ങട്ടെ എന്നെ!

Sunday, September 27, 2020

തെറിത്താരാവലി@വൈറൽ.കോം

 കുട്ടിത്തെറികളിൽ മുഴുത്തു നിന്നത്

'ചെറ്റ' യെന്ന്

പിന്നറിഞ്ഞു 

അതു പാവത്തുങ്ങളുടെ പെരയെന്ന്.

മുതിർന്നപ്പോൾ നായിന്റെ സന്താനങ്ങളുടെ പേരിൽ

അതു പുതുക്കപ്പെട്ടു.

പിന്നറിഞ്ഞു അതാപ്പാവങ്ങൾക്ക്

അവമാനമെന്ന്.

'തെണ്ടി' തെണ്ടിയും

'തെമ്മാടി' തെമ്മാടിയും

തെറിയെന്നെതിർത്തു.

വാത്സല്യത്തോടെ ഒരു 'അമ്മത്തെറി കോദണ്ഡരാമാ എന്നു സഭ്യപ്പെട്ടു

കള്ളത്തിരുമാലി എന്നു മറ്റൊന്ന് പ്രണയപ്പെട്ടു 

തെറ്റിയെടുത്ത 

ഫോണിൽ 

മകന്റെ പേരിൽ കിട്ടി

മുഴുത്തൊരു ചങ്ങാതിത്തെറി 

പൂരത്തെറിക്കൊടുവിൽ

ആളുമാറി എന്നു 

കൂട്ടുകാരന്റെ പെണ്ണ് 

തെറിയേക്കാളും

തെറിപ്പെട്ട

ക്ഷമ ചോദിച്ചു.


വാക്കൊക്കെത്തെറിയാകുന്ന

തെറിച്ചകാലത്തിന്റെ

മധുരത്തെറികൾ 

ഗവേഷിക്കുകയാണിപ്പോൾ.


തരക്കേടില്ലാത്തൊരു

ബാലൻസ് ആയിട്ടുണ്ട്

ഒരു താരാവലിയാണ് ഉന്നം 

ഒരു വൈറൽ ഒന്ന്‌.

Friday, September 25, 2020

ജ്വരം


മർമ്മരം,  മുഴക്കങ്ങൾ .
തെളിഞ്ഞും മാഞ്ഞും പെയ്യും   
തിരിയാ  മൂളക്കങ്ങൾ 
നിശ്ശബ്ദനിശ്വാസങ്ങൾ  

കച്ചുപോകുന്നു  നാവ്.
ഉച്ചിതൊട്ടുള്ളം കാലും
പൊള്ളി വിങ്ങുന്നു  കോശം
കമ്പനം തുടങ്ങുന്നു.

തൊണ്ടയോ  പെരുക്കുന്നു 
തീദാഹം    കൺപോളകൾ 
കനമേറ്റുന്നു  കടും -
നിറങ്ങൾ മെനയുന്നു . 

കാറ്റിന്റെ  കൈ പായുമ്പോൾ   
വിറയുന്നസ്വാസ്ഥ്യമു- 
ണ്ടുച്ഛ്വാസവേഗങ്ങളിൽ   
പ്രാവുണ്ട്  കുറുകുന്നു .

കിനാവിലെന്നോ   കരം
കവിളിൽ തലോടുന്നു 
വരണ്ട നെറ്റിത്തട്ടിൽ
ചുണ്ടുകൾ ! കുളിരുന്നു

അഴിയുന്നെല്ലാം   മെല്ലെ .
പടരുന്നേതോ രാഗം  
ശ്രുതിശുദ്ധമായ് താള-
ബദ്ധമായ്! കവിതയായ് 

ലേപനസുഗന്ധങ്ങൾ
വിയർപ്പിൻ രുചിലീനം
ആയതി ചുരുങ്ങുന്നു
സാവധാനമായ്  ...നിദ്ര !

Tuesday, September 22, 2020

ബധിരവിലാപം

 .


എല്ലാരും  പറയുന്നുണ്ട്

കരയുന്നുണ്ട്

ആരും കേൾക്കുന്നില്ലല്ലോ

കേൾക്കാതെ

എങ്ങനെ നോക്കാൻ,

കാണാൻ!


ക്രമേണ 

ചുണ്ടനക്കങ്ങൾ നിൽക്കുമായിരിക്കും


അപ്പോൾ ,

അപ്പോഴെങ്കിലും

കേൾവിയുടെ ദൈവമേ

എന്റെ രുചിയും 

മണവുമെങ്കിലും 

തിരികെത്തരാൻ

നിന്റെ കൂട്ടരോട് പറയണം

പിന്നെ

എന്റെ സ്പര്ശിനികളും


ഇരുട്ടിൽ 

നിശ്ശബ്ദതയിൽ

അവരുടെ മണംപിടിച്ചെത്തി

അവരെ നക്കിതോർത്തി

അവരുടെ

മരവിപ്പുകളിൽ

തൊട്ടുണരണം

ഒരിക്കൽ മാത്രം

കേൾക്കണം

കാണണം

പറയണം


പറഞ്ഞുകൊണ്ടേയിരിക്കണം.

മിണ്ടാതെ....

മാസ്‌ക്ട്

 എവിടേയ്ക്കു രക്ഷപ്പെടാൻ!

ഒളിക്കാൻ ആൾക്കൂട്ടങ്ങളില്ല

അദൃശ്യപ്പെടാൻ തുറസ്സുകളും

എതിരെ ഇടയ്ക്കാരോ

മുഖം മൂടി മനുഷ്യർ.

കനപ്പിച്ച ഭാഷ

കാലത്തിനപ്പുറം നോട്ടം 

ഇന്നലെ ക്കണ്ടവരാവാം

നോക്കിയാൽ 

ഒക്കെയും കണ്ണിലുണ്ട്

മൗനങ്ങളുടെയും?

പരിഹാസങ്ങളുടെയും

പരദൂഷണങ്ങളുടെയും...

ചിരിക്കുന്നോ

അതോ!

കടപ്പല്ലു ഞെരിയ്ക്കുന്നോ

കണ്ണിന്റെ ഭാഷ 

പഠിപ്പിക്കുന്ന

ഓൺലൈൻ പള്ളിക്കൂടം

ഏതു ചാനലിൽ വരും?


കണ്ണാടി

 തോളോട് തോളല്ലാതെങ്ങുമില്ല

കയ്യീന്ന് കൈവിട്ടു ശീലമില്ല

അന്യോന്യം നോക്കി

മുഖം മിനുക്കും

ഞങ്ങള് രണ്ടാളും ചങ്ങാതി


ഒറ്റപ്പാത്രത്തിൽ 

വിളമ്പിയുണ്ണും

ഒറ്റപ്പായിന്മേൽ

കിടന്നുറങ്ങും

അത്രമേൽസ്നേഹിതർ ഞങ്ങളെന്നു

ചുറ്റിലെല്ലാർക്കും കുശുമ്പ് കൂട്ടും


പൊട്ടക്കല്ലേറിലറിഞ്ഞു പൊട്ടി

മറ്റുള്ളോർ മുന്നിലെ കണ്ണാടി

ചോറിട്ട കിണ്ണത്തിൽ

വേലികെട്ടി

പങ്കിട്ട പായിലതിർത്തികെട്ടി

കണ്ടിട്ടൊന്നും

പിന്നെ മിണ്ടീട്ടില്ല

ചോദിച്ചിട്ടൊന്നും

പറഞ്ഞിട്ടില്ല 


എൻറെയാപ്പണ്ടത്തെക്കണ്ണാടി

എന്നാലുമിപ്പോഴും 

ചങ്ങാതി.


ഞങ്ങള്

രണ്ടാളാ

ചങ്ങാതി.

Monday, September 21, 2020

ഒറ്റമുലച്ചി

 

'മറ്റതു  ഛീഛീ' 

എന്നു  കിണുങ്ങി 

ചുണ്ടിൻമുനകൾ കോട്ടുന്നു

തള്ളിയൊതുക്കീ- 

ട്ടൊരു  കൈകൊണ്ടെൻ

ചേലത്തുമ്പു വലിച്ചു

മറച്ചിട്ടിങ്ങു 

മുഖം പൂഴ്ത്തുന്നു


എപ്പൊഴുമെപ്പൊഴുമിങ്ങനെ

മറ്റതു കയ്ക്കും മട്ടിൽ

മുഖത്തൊരുകൊട്ട-

ച്ചുളിവും വെച്ചിട്ടിങ്ങേ  

മുലതൻ  മധുരം നുകരും 

നിറയും ഒഴിയും

വീണ്ടും നിറയും


ഒന്നേ പാകം

ഒന്നേ സൗമ്യം

ഒന്നേ മധുരം

മൃദുലം മസൃണം

മറ്റതുകാണാ-

തറിയാതെ

മറ്റൊരു രുചിയും 

നോക്കാതെ

കണ്ണുമടച്ചാ-

ണൊക്കേയും


അങ്ങനെ

ചിലതോ 

മുറിയുന്നു

വിങ്ങി വിതുമ്പി-

പ്പലവട്ടം  

നിലകിട്ടാതങ്ങു 

തുളുമ്പിത്തൂവി

പിന്നെസ്സർവ്വം വറ്റീ- 

ട്ടൊറ്റക്കണ്ണിൻ

പോളകൾ കൂട്ടി

ഗ്രന്ഥികൾ പൂട്ടി

ച്ചേലക്കുള്ളിൽ

മറ്റതൊതുങ്ങീ

നിശ്ശബ്ദം

അതു കല്ലിക്കുന്നു


ഒറ്റമുലച്ചി പിറക്കുന്നു