Friday, October 11, 2013

ആത്മരതിയുടെ അശ്വവേഗങ്ങള്‍

കഥ തുടങ്ങാന്‍ ഒരു ഹേതു വേണം . കാണാവുന്നതും തൊടാവുന്നതുമായ ഒരു അനുഭവസമുച്ചയം. ഖസാക്കിന്റെ ഹേതു സമാനനാമമായ ഒരു പാലക്കാടന്‍ ഗ്രാമമാണ് . സാങ്കേതികപരിഗണനകളാല്‍ ഞാന്‍ ആ പേര് എടുത്തുപറയുന്നില്ല .എന്നാല്‍ ആ ഗ്രാമവും അതിന്റെ പേരും എന്നെ ഒരു കുരുക്കിലകപ്പെടുത്തിയിരുന്നു. ഇതിഹാസത്തിലെ ഗ്രാമത്തിനു പാഴുതറയെന്നോ തണ്ണീര്‍ക്കാവെന്നോ പേര് കൊടുത്താല്‍ മതിയാവാതെയല്ല .എന്നാല്‍ കുരുക്ക് എന്നെ മുറുകെപ്പിടിച്ചു . മൂലഗ്രാമം അതിന്റെ താളത്തെ ഇതിഹാസത്തിന്റെ ഗ്രാമത്തിലേക്ക് പകര്‍ത്തി.ഖസാക്ക്.ഖസാക്ക് ബംഗര്‍വാടിയാണെന്നും ഡോഗ്പാച്ച് ആണെന്നും വിശ്വസിക്കുന്ന സുഹൃത്തുക്കളുടെ ആത്മാര്‍ഥതയെ ചോദ്യം ചെയ്യാന്‍ എനിക്കാവില്ല . പാലക്കാട്ട് കിണാശ്ശേരിക്ക് സമീപമുള്ള മൂലഗ്രാമാത്തിലോളം ചെല്ലാനുള്ള സന്മനസ്സ് അവര്‍ക്കുണ്ടാവട്ടെ എന്ന് ആശിക്കാന്‍ മാത്രമേ എനിക്ക് കഴിയൂ. അവിടെച്ചെന്നാല്‍ അവര്‍ക്ക് അള്ളാപ്പിച്ച മൊല്ലാക്കയുടെ ശവകുടീരം കാണാം. അള്ളാപ്പിച്ചയെന്നുതന്നെയായിരുന്നു മൂലത്തിലെ വൈദികന്റെ പേര് . ആ ഗ്രാമാത്തിലൂടെ ചുറ്റിനടന്നാല്‍ അവര്‍ക്ക് എകാധ്യാപകവിദ്യാലയം കുടികൊണ്ടിരുന പീടികപ്പുര കാണാം . രാഘവന്‍ നായരെന്ന ശിവരാമാന്നായരുടെ കളപ്പുര നിന്നിരുന്ന സ്ഥാനം കാണാം .പള്ളിയും കുളങ്ങളും കാണാം ....(ഇതിഹാസത്തിന്റെ ഇതിഹാസം വി വിജയന്‍ )


ചുരം കടന്ന് പാലക്കാടന്‍ കരിമ്പനകളിലേയ്ക്ക് കാറ്റു വീശി. മാണിയന്റെ ചൂളം വിളിക്ക് കാതോര്‍ത്ത് മഴമേഘങ്ങള്‍ കിഴക്കന്‍മലകളില്‍ യാത്രയ്‌ക്കൊരുങ്ങി. ഇനിയും കെടുതി പറ്റിയിട്ടില്ലാത്ത അകലങ്ങള്‍ തേടി യാത്ര തുടരുന്ന ക്ഷീണിതനായ പഥികന്‍. വരുംവരായ്കകളുടെ ഓര്‍മ്മകളിലെവിടെയോ അയാള്‍ കണ്ടു ഹൃദിസ്ഥമാക്കിയിയ ഇടത്താവളം. ശകടങ്ങള്‍ അവസാനിക്കുകയും പാതകള്‍ തുടരുകയും ചെയ്യുമ്പോള്‍ വാഹനവും സഹയാത്രികരും വഴിയമ്പലവും എല്ലാം ചില മായക്കാഴ്ച്ചകളുടെ ഭാഗം മാത്രമാകുന്നു. അനന്തപഥങ്ങളിലൂടെയുള്ള യാത്രയാകട്ടെ ഒരു അനിവാര്യതയും.
ഡിസംബര്‍ 31 2010: പാലക്കാട് നഗരത്തില്‍നിന്നും എട്ടരക്കിലോമീറ്റര്‍ തെക്ക് തസ്രാക്കിലേക്കുള്ള യാത്രയിലായിരുന്നു ഞാന്‍. യാക്കരയും കിണാശ്ശേരിയും കഴിഞ്ഞ് ഇന്ദ്രജാലത്തിലെന്നപോലെ പേരുകൊണ്ടുതന്നെ ദാഹം മായ്ക്കുന്ന തണ്ണീര്‍പന്തല്‍. അതിനുമപ്പുറം കനാല്‍പ്പാലം. മലമ്പുഴയുടെ ജലസമൃദ്ധിയില്‍ പാലത്തിനടിയിലൂടെ അലസഗാമിനിയായി തോട്. തോട്ടുവക്കിലെ തളിര്‍ത്ത പേരാലിന്റെ ഇലകളില്‍ പതിഞ്ഞ കാറ്റുവീശി. പുതിയതായി ഉയര്‍ന്ന ബസ്സ് വെയ്റ്റിങ്ങ്‌ഷെഡ്, പെട്ടിപ്പീടിക. തണുപ്പിക്കാതെ തണുത്ത സര്‍വത്തിന്റേയും ഒളിച്ചു വിറ്റിരുന്ന അവണീശെന്ന ഔണ്‍സ് വെള്ളത്തിന്റേയും സ്ഥാനത്ത് പുതിയ സിന്തെറ്റിക് രുചിചേര്‍ന്ന നിറമുള്ള വെള്ളം നിറച്ച കുപ്പികള്‍, പാന്‍പരാഗിന്റെ പൊതിച്ചങ്ങലകള്‍..

ഓരോ തവണ വായിച്ചു തീരുമ്പോഴും ത്രസിപ്പിക്കുന്ന ആ അവസാനിപ്പിക്കലിനായി, പല്ലുകള്‍ മുളയ്ക്കുന്ന ഉണ്ണിക്കുട്ടന്റെ ചുംബനത്തിനായി കൊതിച്ചുപോയിട്ടുണ്ട്. രവിയുടെ ബസ്സ് യാത്ര അവസാനിപ്പിച്ചത് ഇവിടെയായിരുന്നോ? ജന്‍മത്തില്‍ നിന്നും ജന്മത്തിലേയ്ക്കു തലചായ്ക്കുന്ന അന്തിവെളിച്ചത്തില്‍ കടലോരത്തെ കാത്തുനിനില്‍പ്പിലെന്നപോലെ ഉന്മാദിയായി, ഇലകള്‍ തുന്നിച്ചേര്‍ത്ത കൂടു വിട്ട് ആകാശത്തേക്ക് പറന്നുയരാന്‍ കൊതിച്ച തുന്നക്കാരന്‍കിളിയെപ്പോലേ സ്വാതന്ത്ര്യമോഹിയായി ,വീണ്ടുമൊരിക്കല്‍ക്കൂടി അയാള്‍ കാത്തുകിടന്നതും ഇവിടെയായിരുന്നുവോ? ഇതിഹാസത്തീലെ കൂമങ്കാവ് ഇതാവുമോ? അറിയില്ല.
ഞെങ്ങ്ടാണ്? ചുമട്ടുകാരന്‍ ചോദിച്ചു ഇനി..? ഖാസാക്കിലിക്ക് രവി പറഞ്ഞു.

കാറ്റും മഴയും മഞ്ഞും വെയിലും ശ്രമിച്ചിട്ടും മായാന്‍ മടിച്ചുനില്‍ക്കുന്ന ബോര്‍ഡിലെ അക്ഷരങ്ങള്‍ . 'ഖസാക്കിന്റെ നാട്ടിലേക്ക് സ്വാഗതം'. ഒന്നര കിലോമീറ്റര്‍ ദൂരം കാണിച്ച് കൈചൂണ്ടിപ്പലക. കാട്ടുതുളസി മണക്കുന്ന വഴിപ്പൊന്തകള്‍ പുച്ചെടിപ്പൂക്കളൂം മഞ്ഞരളികളും മയിലാഞ്ചിയും ചിരിച്ചുനില്‍ക്കുന്ന തഴച്ച വേലികള്‍. നോക്കെത്താദൂരത്തോളം പരന്ന നെല്‍പച്ചകള്‍. കളപറിക്കുന്ന പെണ്ണുങ്ങള്‍. തെങ്ങുകള്‍ കരിമ്പനകള്‍.. എല്ലാം അതുപോലെ തന്നെ. വെട്ടുവഴിയുടെ സ്ഥാനത്ത് കുറച്ചുകൂടി വീതിയില്‍ പഞ്ചായത്ത് റോഡ്. പടിഞ്ഞാറ് കനാല്‍പ്പാലം, കിഴക്ക് കൊടുമ്പ് ഓലശ്ശേരി പാലത്തുള്ളി ദേശങ്ങളെ തൊട്ടൊഴുകുന്ന ശോകനാശിനി, തെക്ക് അപ്പളവും പെരുവെമ്പും, വടക്ക് കിണാശ്ശേരി ഇവയെല്ലാം അതിരിടുന്ന ഇതിഹാസഭൂമിക. ഓ.വി. വിജയന്റെ ഖസാക്ക്. തസ്രാക്ക്. മനസ്സില്‍ പച്ചപ്പു പടര്‍ത്തുന്ന സ്ഥലരാശി.
എങ്കിലും നോവലില്‍ വായിച്ച ഖസാക്കെന്ന ആ സ്വപ്നഭൂമിയെ നെഞ്ചേറ്റി ഇവിടെയെത്തുന്ന സഞ്ചാരി ഒരു പക്ഷേ നിരാശനായേക്കാം. കാരണം കഥയില്‍ വെളിപ്പെടുന്ന സ്വപ്നസന്നിഭമായ ആ ഗ്രാമമല്ല ഇവിടെ കാണുക. ഖസാക്കെന്ന പേരുപോലെ വിജയനിലെ ഭാവനാശാലിയായ കഥാകാരന്‍ ഇവിടെക്ക് പറിച്ചു നട്ട ഒരു പാടുകാര്യങ്ങളുണ്ട്. മിത്തുകളും യാഥാര്‍ത്ഥ്യങ്ങളുമായി. അവയിലൊന്നാണ് ചിതലിമല. അതീവസുന്ദരമായ ഒരു മിത്തായി ഖസാക്കിന്റെ ആത്മാവിനോട് ചേര്‍ന്നു കിടക്കുന്നതായി നാം കാണുന്ന ചിതലി സത്യത്തില്‍ റോഡിനും കിലോമീറ്ററുകള്‍ക്കപ്പുറത്ത് തൃശ്ശൂര്‍ റോഡില്‍ കുഴല്‍മന്ദത്തിനടുത്ത് തെക്കുപടിഞ്ഞാറായി കിടക്കുന്ന ഉയര്‍ന്ന ഭൂമിയാണ്. ഇടിഞ്ഞും പൊളിഞ്ഞും പണിതീരാതെയും കിടക്കുന്ന പള്ളികളും അവയെ ചുറ്റിപ്പറ്റിയുള്ള കഥകളും സമീപഗ്രാമങ്ങളിലെ ചില അമ്പലങ്ങളെച്ചുറ്റി പ്രചരിച്ചിട്ടുള്ള ഐതീഹ്യകഥകളില്‍നിന്നു കടം കൊണ്ടതാവാനാണ് സാദ്ധ്യത .തസ്രാക്കെന്ന ഈ പാലക്കാടന്‍ ഗ്രാമത്തെ ഖസാക്കെന്ന സുന്ദരസങ്കല്‍പഭൂമിയിലേക്ക് വിവര്‍ത്തനം ചെയ്‌തെടുത്ത വിജയന്‍ തികച്ചും യതാതഥമെന്നു തോന്നും വിധവും അതീവ ചാരുതയോടേയും നോവലില്‍ ഇവയെ സന്നിവേശിപ്പിച്ചിരിക്കുന്നു. ഞാറ്റുപുര. കര്‍മ്മബന്ധങ്ങളുടെ ചരടുകളില്‍ കുടുങ്ങി എകനായെത്തിയ പഥികന് ഇവിടെയാണ് കിടപ്പിടമൊരുങ്ങിയത്. ആരോടെന്നില്ലാത്ത പക തീര്‍ക്കാനായി തേവാരത്ത് ശിവരാമന്‍നായര്‍ കരുവാക്കിയ കലവറ. നെല്ലിന്റേയും ചേറിന്റേയും മദിപ്പിക്കുന്ന മണമകന്ന് അക്ഷരങ്ങളുടെ സുഗന്ധം പരന്നയിടം പിന്നീടെപ്പൊഴോ രതിയുടെ ശ്ലഥാക്ഷരങ്ങള്‍ നിലത്തെഴുത്തുകളായി ചിതറിവീണ നെല്ലറ.

'
ഞാറ്റുപുര തുറന്നു അകത്തു കടന്നപ്പോള്‍ ഒരു ജന്മം കഴിഞ്ഞതുപോലെ രവിയ്ക്കു തോന്നി.കടലാസും മഷിക്കുപ്പിയും ഷേവിങ്ങ്‌സെറ്റും ചായപ്പാത്രവുമെല്ലാം താന്‍ വെച്ചിടത്തു തന്നെയിരിക്കുന്നു. ദിവസങ്ങളിലത്രയും ഉതിര്‍ന്ന പൊടിമാത്രം അവയുടെ മേലെ തിണര്‍ത്തുനിന്നു..ഒരു മണം .അതെന്തെന്നു രവി ഓര്‍ത്തുനോക്കി . പ്രയാണത്തിന്റെ ഗന്ധമാണത്.കാലത്തിലൂടെ സ്ഥാവരങ്ങളുടെ പ്രയാണം. ചൂലെടുത്തു പൊടി തട്ടി രവി പ്രയാണം ഭഞ്ജിച്ചു
. '
വഴികാട്ടിയായി കൂടെ വന്ന മജീദ് പറഞ്ഞു ' ഓ.. നല്ല ഓര്‍മ്മയ്ണ്ട്. നാനോക്കെ കുട്ടിയായ്ര്‍ന്നൂ. മൂപ്പരിന്റെ ചേച്ചി സാന്തട്ടീച്ചറാണ് പടിപ്പിക്കാന്‍ വന്നത്. അവിര്‍ക്ക് തൊണക്കി വന്നതാണ് അനിസന്‍. ഒരു മൂന്ന് മൂന്നര മാസം തന്നെ ണ്ടായിര്‍ന്നുള്ളു ഇവ്‌ടേ. ദാ ഇവ്‌ടേ ഈ ചായിപ്പിലാണ് താമസം. പിന്നെ കൊറേക്കാലം കഴിഞ്ഞപ്പ കേട്ടു ഡല്‍കീലാണ് പുസ്തകം എഴ്തീന്നൊക്കെ. മരിക്കണേന് കൊറച്ച് മുമ്പിട്ട് ഇവ്‌ടെ വന്നിട്ട്ണ്ടായിര്‍ന്നൂ മൂപ്പര്.'

പെരുവെമ്പിലെ രാഘവന്‍നായരുടേതായിരുന്നു കളപ്പുര. മരുമകളുടെ മകന്‍ ശിവദാസാണിപ്പോള്‍ ഇതിന്റെ ഉടമസ്ഥന്‍. ശിവദാസിനുമുണ്ടായിരുന്നു കഥയില്‍ ശിവരാമന്നായരായ വല്യമ്മാന്‍ രാഘവന്‍നായരുടെ കാലത്തെക്കുറിച്ചും കളപ്പുരയെക്കുറിച്ചുമൊക്കെ ഏറെ പറയാന്‍. നെല്ലിക്കുന്നം കിട്ടയെക്കണ്ടു. അന്നത്തെ കളപ്പുര കാര്യസ്ഥന്‍ നാകുവിന്റെ മകന്‍. ഇരുപത്തൊന്നു ദിവസം മാത്രം കളപ്പുരയില്‍ താമസിച്ച ശാന്തടീച്ചറുടെ അനിയനെ നല്ല ഓര്‍മ്മയുണ്ട് കിട്ടമൂപ്പര്‍ക്ക് .. 'കത നല്ല കതേണ്, അതിലൊരു സംശയവും ഇല്ല .അപ്പൊ മുതല് ഞങ്ങളൊക്കെ വ്‌ടേള്ളതോണ്ട് ഞങ്ങക്ക് അദൊക്കെ അറിയും. ഇന്നത്തേപ്പോലെ വിദ്യാബ്യാസവും വിവരവും അന്നില്ലല്ലോ ണ്ടായിര്‍ന്നെങ്കില് മൂപ്പരിനോടന്നെ കതന്റെ എല്ല തുരുമ്പും കേട്ട് മനസ്സിലാക്ക്യന്നേ.. പഴയ സ്മരണകള്‍ പങ്കുവെക്കവേ മൂപ്പര്‍ വാചാലനായി. അയല്‍ക്കാരി നൂറുന്നീസ കളപ്പുരയിലെ വിരുന്നുകാര്‍ ആരെന്നറിയാന്‍ എത്തിനോക്കി. വിജയന്‍ മാഷ് പഠിപ്പിച്ച പാട്ടുപാടി പെരുവെമ്പ് ഇഷ്‌കോളി ല്‍ നിന്ന് സമ്മാനം വാങ്ങിയ കഥ പറഞ്ഞു നൂറുന്നീസ. എന്റെ അനിയനാണ് അപ്പുക്കിളി എന്ന അവകാശവാദവുമുണ്ടായി ഒപ്പം. അതു ശരിയല്ല, അപ്പുക്കിളി എന്നൊരാളേയില്ല എന്നായി കിട്ടമൂപ്പര്‍. വിജയന്‍ തന്നെ മാറ്റീം മറിച്ചുമാണ് കിളിയെക്കുറിച്ച് പറഞ്ഞത് എന്ന മൂപ്പരുടെ വാദത്തിലും കുറെശ്ശെ കഴമ്പില്ലാതില്ല എന്നു തോന്നി.

ഞാറ്റുപുരയുടെ മുന്നില്‍ വേലിക്കരികിലായി മുളങ്കൂട്ടം. നാട്ടുകാര്യസ്ഥന്‍മാരെപ്പോലെ ചവിട്ടടിപ്പാതകള്‍. കിഴക്ക് പള്ളിയും പള്ളിക്കുളവും. ദശലക്ഷക്കണക്കിനു അണുരൂപികളായ ആത്മാക്കളായി അര്‍ബുദം അള്ളാപ്പിച്ചമൊല്ലാക്കയുടെ ഉടലില്‍ ജൈത്രയാത്രയാരഭിച്ചപ്പോള്‍ നൈജാമലിയുടെ വാങ്ക് വിളിക്കായും വഴങ്ങിയ പള്ളി. പാതിരാവില്‍ കുളിര്‍മഞ്ഞില്‍ വിരിഞ്ഞ ജമന്തിമണം ചൂഴ്ന്ന ഉടലായി രവി കിടന്ന പള്ളി. കഥയിലെ രാജാവിന്റെ പള്ളി പുതുക്കിപ്പണിഞ്ഞിരിക്കുന്നു. പായല്‍ മൂടിക്കിടക്കുന്ന അറബിക്കുളം. മൈമൂനമാരും ആബിദമാരും കുളിച്ചു കയറിയ കടവ്. ഒരു മുങ്ങലിന്റെ ഇത്തിരി വട്ടം ഒഴിച്ചിട്ട് അടുത്തു മാറിനിന്നു ചിരിക്കുന്ന കുളവാഴകള്‍. ഞാറ്റുപുരയ്ക്കുമുന്നിലൂടെ കിഴക്കോട്ടു നീളുന്ന വഴി ഓലശ്ശേരിയിലേയ്ക്കും കൊടുമ്പിലേയ്ക്കും നീളുന്നു. ഷണ്‍മുഖാനന്ദന്മാര്‍ കാവടിയേന്തി പഴനിയാണ്ടവനെക്കാണാന്‍ യാത്ര തുടര്‍ന്ന വഴിത്താര. കിഴക്ക് പൊള്ളാച്ചി വഴി കൊങ്ങുനാട്ടിലേക്ക് കാടാറുമാസം പോയ പണ്ടാരച്ചെട്ടിയാന്‍മാര്‍ നാടുവിട്ട വഴി. അതിനുമപ്പുറം തോട്. വെയില്‍ ഇളം ചൂടേറ്റിയ വെള്ളത്തില്‍ ഒളിഞ്ഞുനോട്ടങ്ങളെ ഭയക്കാതെ ഖസാക്കിന്റെ യൗവനം തേച്ചു കുളിക്കുന്നു.

വെയിലിനു ചൂടേറി. ഈ പുള്ളിവെയിലില്‍ അവരുണ്ടാവണം. വെള്ളത്തിലും ചേറിലും നിഴലിക്കുന്ന സ്ഫടികസമാനമായ ആകാശത്തില്‍ തുമ്പികളായി പാറിനടക്കുന്ന തസ്രാക്കിലെ ആത്മാക്കള്‍. ചിറകുകടയുന്ന നാഗത്താന്‍മാര്‍ക്കായി കുരലില്‍ നേര്‍ച്ചക്കള്ളുമായി ആകാശത്തിന്റെ അനന്തവിശാലതയിലേക്ക് തലയുയര്‍ത്തിനില്‍ക്കുന്ന തസ്രാക്കിലെ കരിമ്പനകളെ കണ്ടു . പട്ടകളില്‍ ഇടിമിന്നലും കാറ്റും, ചെതുമ്പലുകളില്‍ തേളുകളേയും, ചപ്പിന്റെ അട്ടികളില്‍ വിഷത്താന്‍മാരേയും ഒളിപ്പിച്ച് . ചാരിത്രവതികളെ കാക്കുകയും പതിതകളോട് കനിയുകയും ചെയ്ത ദൈവത്തിന്റെ പ്രതിരൂപികള്‍. പട്ടകളില്‍ കാറ്റിന്റെ മൂളക്കം കേട്ടു. ഉള്ളുകൊണ്ട് ഖസാക്കിന്റെ ഈശ്വരമാരെയൊക്കെ ഒന്നു തൊട്ടു. സ്‌നിഗ്ദ്ധമായ വാള്‍മുനയുടെ ഇത്തിരി വേദനപോലെ പാപബോധം ഉള്ളില്‍ കറപടര്‍ത്തിയപ്പോള്‍ രവി അഭയം തേടാനാശിച്ച ദൈവപ്പുരകള്‍, പുളിമരത്തിലെ പോതി, ഷേയിക് തങ്ങളുടെ ജിന്ന്, നല്ലമ്മ, ജാതിമതഭേദമെന്യേ കൂട്ടമായി ചാത്തം കൊള്ളാനെത്തുന്ന ആത്മാക്കള്‍. ഇരുട്ടുകെട്ടിയ പള്ളിത്തളം പുളിങ്കൊമ്പ് , സര്‍പ്പശില, ചവിട്ടടിപ്പതകളുടെ വിജനത..എല്ലായിടത്തും ഖസാക്കിന്റെ കാവലാളുകളായി കുടികൊണ്ടവര്‍ .
തോടും പാടവും കടന്നു വരമ്പിലൂടെയുള്ള വഴിയോരത്ത് കുളക്കരയില്‍ അന്തിമഹാകളന്‍ കാവ്. മാസത്തിന്റെ ആദ്യ ദിവസം കിട്ടുന്ന വഴിപാടുകളും സ്പെഷല്‍ പൂജയും കാത്ത് അന്തിമഹാകാളന്‍. ഭജനപ്പുരയിലെ രാക്കൂട്ടുകാരുമായി സഹവര്‍ത്തിത്വത്തോടെ മാരിയമ്മ. തോട്ടുവക്കില്‍ രണ്ടൂപേരും മൗനികള്‍. നോവലില്‍ പറയുന്ന മിക്കവാറും എല്ലാവരുടെയും ആദിരൂപങ്ങള്‍ (പ്രോട്ടൊ ടൈപ്പുകള്‍) ഇവിടെ ജീവിച്ചിരുന്നവരാണ്. ഇതിഹാസത്തിന്റെ മലയോരങ്ങളിലൂടെ ഷൈക്കിന്റെ പുകള്‍ പാടി അലഞ്ഞ അള്ളാപ്പിച്ചമൊല്ലാക്ക, കുപ്പുവച്ചന്‍, കുട്ടാപ്പുനരി, വിജയനു പ്രിയപ്പെട്ട അപ്പുക്കിളി, കിണറ്റുവെള്ളത്തിന്റെ വില്ലീസു പടിയിലൂടെ കൈനീട്ടിവിളിച്ച പൊരുളിനെത്തേടി യാത്രയായ മുങ്ങാങ്കോഴി അങ്ങനെ പട്ടിക നീളുന്നു. മൈമൂനയൊഴിച്ച്. ..ഇവിടെ ജീവിച്ചിരിക്കാനുള്ള സാദ്ധ്യത തീരെയില്ലെന്നു വിജയന്‍ തന്നെ പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ സങ്കല്‍പ്പങ്ങളില്‍ ചുരമാന്തിയ മൈമുനയെന്ന യാഗാശ്വം ഖസാക്കിന്റെ ഒറ്റയടിപ്പാതകളിലും താഴ്‌വാരങ്ങളിലും തലയെടുപ്പോടെ ചുറ്റിനടന്നു. എന്നാലും മൈമൂനയെന്നു സ്വയം പരിചയപ്പെടുത്താനും ഒരാളുണ്ടായി. പള്ളിയിലെ മൊല്ലാക്കയായിരുന്നയാളുടെ മകള്‍ പാത്തഉമ്മ. കഥയില്‍ തന്റെ പേര് മൈമൂന എന്നാണെന്ന സന്തോഷച്ചിരിച്ചിരിച്ചു അവര്‍. കുപ്പാണ്ടി മകന്‍ (കഥയിലെ കുപ്പുവച്ചന്‍) ശിവനേയും കണ്ടു. കഥയില്‍ അച്ഛനെക്കുറിച്ചു പറഞ്ഞതൊക്കെ പരമാര്‍ത്ഥം എന്നു ശിവന്റെ സാക്ഷ്യം.
വെയില്‍ ചായാന്‍ തുടങ്ങി. പാലക്കാടുനിന്നും പെരുവെമ്പില്‍നിന്നും കിണാശ്ശേരിയില്‍നിന്നുമൊക്കെ പഠിത്തം കഴിഞ്ഞ് കുട്ടികളും പണിമാറിയ പെണ്ണുങ്ങളും തിരിച്ചെത്താന്‍ തുടങ്ങി. ഏകാദ്ധ്യാപകവിദ്യാലയം ആയിരുന്നില്ല ഇവിടത്തേത്. എങ്കിലും ഉണ്ടായിരുന്നു ഒരേയൊരു എല്‍പി സ്‌കൂള്‍ ഇന്നിവിടെ പ്രവര്‍ത്തിക്കുന്നില്ല. മടങ്ങുമ്പോള്‍ കൂട്ടമായി ചുറുചുറുക്കോടെ സ്‌കൂള്‍ വിട്ടു വരുന്ന തസ്രാക്കിന്റെ ബാല്യത്തെ നോക്കിനിന്നുപോയി . തിരഞ്ഞത് ആരെയായിരുന്നു...? പേനുകളായും ഊറാമ്പുലികളായും പുനര്‍ജനിക്കുന്ന ആത്മാക്കളെക്കുറിച്ച് വേവലാതികൊള്ളുന്ന, പരലോകം കണ്ട ചാത്തന്റേയും പുളിങ്കൊമ്പിലെ പോതിയുടെയും കഥകള്‍ മാഷ്ട്രേട്ടമ്മാര്‍ക്ക് പറഞ്ഞുകൊടുക്കുന്ന ആരെങ്കിലും ഉണ്ടാവുമോ ഇവര്‍ക്കിടയില്‍ ? ഒരുകുഞ്ഞാമിന,? തെക്കന്‍ വല്‍താവാന്‍ കാത്തിരിക്കുന്ന ഒരു ചാന്തുമുത്തു, .? ഇരുപതു വയസ്സിന്റെ കുട്ടിത്തമായി തൊട്ടിലിലാടുന്ന ..ഒരു ചെറിയവലിയ അപ്പുക്കിളി..?. കരുവ് എന്ന ഒരു പേരുകാരനെങ്കിലും... ഉണ്ടായിരിക്കും. ഉറപ്പ്. ജനിത്തുടര്‍ച്ചകളുടെ സത്യം ഖസാക്കിനെപ്പോലെ ഉള്‍ക്കൊണ്ട മറ്റൊരു ദേശമില്ല എന്നു ഇതിഹാസത്തിന്റെ വരികളിലൂടേയും വരികള്‍ക്കിടയിലൂടെയും കണ്ണിന്റെ കെട്ടഴിച്ചു വിടുമ്പോള്‍ ഓരോ വായനക്കാരനും അറിയുന്നു. ഇവിടെയെത്തുന്ന ഓരോ പഥികനും ഉണ്ടാവുന്നു അതേ തിരിച്ചറിവ്. അതെ ,എല്ലാം ആവര്‍ത്തിക്കുന്നു മഞ്ഞും പുല്ലും കരിമ്പനയും എല്ലാം.. അസ്തമയം പൂത്ത താഴവര കണ്ട് അതിശയിച്ചാഹ്ലാദിച്ച് വേരുപിടിച്ചുപോയ ചേച്ചിയും അനന്തപ്രയാണത്തിന്റെ മറ്റൊരിടവേളയില്‍ വീണ്ടും കണ്ടുമുട്ടിയിട്ടും തിരിച്ചറിയാതെ പോയ അനിയത്തിയും എല്ലാം. പുനര്‍ജനികള്‍. വേദനയില്ലാത്ത ആസക്തിയില്ലാത്ത ആവര്‍ത്തനങ്ങള്‍. എന്നിട്ടും കര്‍മചക്രത്തിന്റെ കറക്കത്തിന്റെ ഈ നൈരന്തര്യത്തില്‍ അവസാനമില്ലാത്തതുകൊണ്ടുമാത്രം ആവര്‍ത്തനവുമില്ലാഞ്ഞും എല്ലാ മാറ്റങ്ങളേയും അതിജീവിച്ചുകൊണ്ടും നിലകൊള്ളുമായിരിക്കാം ഈ ഖസാക്ക് .കാലാതിവര്‍ത്തിയായി ..... ഇത് തസ്രാക്കിലൂടെയല്ല മറിച്ച് ഖസാക്കിലൂടെ ക്കടന്നുപോകുന്ന എതൊരു പഥികന്റേയും സ്വപ്നം.
(കുപ്പാണ്ടി ശിവന്‍ ഈയിടെ (ജൂലൈ 2011 ) അന്തരിച്ചു. അറബിക്കുളവും ഞാറ്റുപുരയും ഓ വി വിജയന്‍ സ്മാരകസമിതി ഏറ്റെടുക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നു. അധികം താമസിയാതെ ജില്ല ടൂറിസം വികസനസമിതി തസ്രാക്കും അതിനോട് തൊട്ടു കിടക്കുന്ന പെരുവെമ്പും പൈതൃക ഗ്രാമമായി പ്രഖ്യാപിക്കും എന്നറിയുന്നു. )


you can watch the docufiction in this link