Wednesday, October 5, 2011

വാഴ്ത്തപ്പെട്ടവളുടെ സുവിശേഷം

ഞങ്ങൾ, സാഹസം ശീലിക്കാത്തവർ
എല്ലാ ആഹ്ളാദങ്ങളിൽ നിന്നും ഭ്രഷ്ടരാക്കപ്പെട്ടവർ
എകാകിതയുടെ തോടിനുള്ളിൽ ചുരുണ്ടുകൂടിയവർ
വിശുദ്ധക്ഷേത്രം വെടിഞ്ഞെത്തിയ പ്രണയം
ദൃശ്യപ്പെടുമ്പോൾ
വിമോചിതരാവുന്നു,
ജീവിതത്തിലേയ്ക്ക്‌
...

(
Touched by An Angel by Maya Angelou)


വാക്കുകളിലൂടെ പരിപൂർണ്ണത നേടാൻ വളരെ ബുദ്ധിമുട്ടുള്ള ഒന്നാണ്‌, പ്രണയത്തിന്റെ സ്ഥലകാലാനുഭവങ്ങളുടെ ആവിഷ്കാരം .പ്രണയത്തിൽ വാക്കുകളേക്കാൾ വിവക്ഷക്കാണു പ്രസക്തി. അതുകൊണ്ടുതന്നെ പ്രണയം പ്രധാന വിഷയമാവുന്ന ദൃശ്യാനുഭവത്തിന്‌ എഴുത്തിനേക്കാള്‍ എളുപ്പത്തിൽ അനുവാചകമനസ്സിലേയ്ക്ക്‌ കയറിച്ചെല്ലാൻ കഴിയും. മണിലാലിന്റെ പ്രണയത്തിൽ ഒരുവൾ വാഴ്ത്തപ്പെടുംവിധം എന്ന ഹ്രസ്വചിത്രം പ്രണയക്കാഴ്ച്ചയുടെ അനുഭവമാണ്‌. പ്രണയത്തിൽ വാഴ്ത്തപ്പെടുന്നവളെ സംബന്ധിച്ചിടത്തോളം വിമോചനമാർഗ്ഗം തന്നെയാവുന്നു പ്രണയം . പക്ഷേ അത് പ്രണയിക്കുന്ന പുരുഷനിൽ നിന്നല്ല , അവളുടെ തന്നെ പ്രണയപരിസരങ്ങളിൽനിന്നാണെന്നും ഈ ചിത്രം പറഞ്ഞുവെയ്ക്കുന്നു‌.
പ്രേമിക്കുന്നവനോട്‌ 'എനിക്കിത്‌ ആദ്യാനുഭവം‌ 'എന്ന്‌ ഏതൊരുപെണ്ണും പറഞ്ഞേക്കാം .ഈ ചിത്രത്തിലെ പെൺകുട്ടിയും അതുതന്നെ പറയുന്നു. അതിൽ പക്ഷേ കാപട്യമില്ല. കാരണം പ്രണയം വന്നുതൊടുന്ന അവസ്ഥയിൽ ഓരോ അനുഭവവും അവള്‍ക്ക് ‌ അങ്ങേയറ്റം പുതിയതാണ്‌. അങ്ങിനെയൊരത്ഥത്തിൽ പ്രണയത്തിന്‌ ആവർത്തനങ്ങളില്ല . കണക്കെടുപ്പുകളും ആവശ്യമില്ല .അടുത്ത നിമിഷം തന്നെ അങ്ങനെയൊന്നില്ലായിരുന്നു എന്നുപോലും തോന്നിയ്ക്കുന്ന കാലത്തിലോ സമയത്തിലോ ആകട്ടെ , പെണ്ണിനെ പെണ്ണാക്കുന്ന ഇന്ദ്രജാലം അതിനുണ്ട്‌. . കാളിദാസന്റെ ഉപമയിലെ ദീപശിഖ പോലെ ഓരോ പ്രണയവും അവളിൽ അന്യാദൃശമായ ചൈതന്യവും പ്രകാശവും നിറയ്ക്കുന്നു. ഓരോന്നിലൂടെയും അവൾ തന്റെ അസ്ഥിത്വത്തിന്‌ സുന്ദരവും അസാധാരണവുമായ ആന്തരാർത്ഥം നൽകുന്നു . ആ നിമിഷങ്ങളിൽ പുഴുവിൽനിന്നു ശലഭമെന്നതുപോലെ അവൾ രൂപാന്തരപ്പെടുന്നു .കൂടുതൽ ചലനാത്മകത അനുവദിക്കുന്ന ആകാശത്തിന്റെ അതിരുകളില്ലായ്മയിലേയ്ക്ക്‌ അവളെത്തന്നെ അവൾ പറത്തിവിടുന്നു . ഒരോ പ്രണയനഷ്ടത്തിലും അഭാവത്തിന്റേയും അകലത്തിന്റേയും അപമാനത്തിന്റേയും തിരസ്കാരത്തിന്റേയും വഴികളിലിഴയുന്നു. വീണ്ടുമെപ്പൊഴോ ഉള്ളിലെ ശൂന്യസ്ഥലികളെ ശബ്ദമുഖരിതമാക്കിക്കൊണ്ട്‌ ആദ്യാനുഭവം പോലെ മറ്റൊരു പ്രണയം അവളെ തൊട്ടുവിളിക്കുന്നു.

`ജനമേജയൻ ,ഡയറക്റ്റ്‌ മാർക്കറ്റിംഗ്‌ എക്സിക്യൂട്ടീവ്‌' എന്നു പരിചയപ്പെടുത്തുന്ന ചെറുപ്പക്കാരന്റേയും `മേയ്ക്‌ മി ബാവുൽ `എന്ന ചാറ്റ് ബോക്സില്‍ പേരുള്ള പെൺകുട്ടിയുടേയും കൊച്ചുവർത്തമാനങ്ങളൂടെ തുടർച്ച തേടുന്ന ചാറ്റ്ജാലകത്തിന്റെ ദൃശ്യനിരയിലാണ്‌ പ്രണയത്തിലെത്തിച്ചേരുന്ന ആദ്യഭാഗം. അതിരുകളില്ലാതെ വികസിതമാകുന്ന സ്ത്രീപ്രണയത്തിന്റെ രണ്ടാം ഘട്ടവും ചേരുമ്പോൾ പ്രണയക്കാഴ്ച്ചയുടേ അനുഭവം പൂർണ്ണമാകുന്നു . പ്രണയത്തിന്റെ സ്ഥലരാശിയിൽ പക്ഷേ സൈബർലോകമില്ല. “അതിരുകളില്ലാത്ത മനുഷ്യപ്രകൃതികൾക്കായി“ സിനിമ സമർപ്പിക്കപ്പെടുന്നു ‌. കൊതുകുവലയ്ക്കുള്ളിലൂടെ വെളിപ്പെടുന്ന പുരുഷൻ. വിശ്രമവും വിനോദവും ഒരുമിച്ച്‌. സംഗീതവും സിനിമയും മദ്യവും ഇന്റെർനെറ്റ്‌ സല്ലാപവും കൂട്ടിന്‌. കട്ടിലിന്റെ ഇത്തിരിച്ചതുരത്തിൽ ഭാഗികമായി മാത്രം പ്രത്യക്ഷപ്പെടുന്ന സ്ത്രീ. ശബ്ദംകൊണ്ടും അറിവുകൊണ്ടും ശരീരചലനങ്ങൾകൊണ്ടും ഒക്കെ അവൾ കേവലമൊരു കൗമാരക്കാരി പെൺകുട്ടി മാത്രമാണ്‌. ഏകാകി. ദൈവഭയമുള്ളവൾ. എന്റെ മറവിക്കുട്ടീ, ബാവുൽ സംഗീതമേ .. എന്ന മട്ടിലുള്ള ജനമേജയന്റെ സംബോധനകൾ നൽകുന്ന കൗതുകക്കാഴ്ച്ചകൾക്കപ്പുറത്തേയ്ക്ക് ക്യാമറയുടെ ക്ളോസപ്ഷോട്ടുകൾ തരുന്ന ചില വിനിമയങ്ങളുണ്ട്. പ്രണയം വന്നുതൊടുന്ന നിമിഷത്തിൽ അവളിലുണ്ടാവുന്ന മാറ്റമാണത്‌ .ഉള്ളിലെ ദ്വന്ദവും പ്രതിസന്ധിയും കുളിരും പനിയുമായി അനുഭവിക്കുന്ന പുനർജ്ജനി നൂണ്‌ പുറത്തെത്തുമ്പോൾ ചിന്തകളിലും രൂപത്തിലും ശബ്ദം കൊണ്ടുപോലും അവളിലെ മാറ്റം നാം അറിയുന്നു. അവൾ പൂർണ്ണയാവുന്നു. സ്ക്രീനിൽ അവൾ പെണ്ണായി, പ്രണയമായി നിറയുന്നു.

പ്രണയമുഹൂർത്തവും പ്രകൃതിയും പൂരകമാകുന്ന ഹരിതാഭമായ ചില കാഴ്ച്ചകളുണ്ട് ‌. സ്ഫടികപ്പാത്രത്തിൽ നിറയുന്ന ജലവും പിന്നീടു പ്രത്യക്ഷപ്പെടുന്ന മത്സ്യവും അകപ്പെടലിന്റെ ഒരു കാഴ്ച്ചയാണ്‌. പാപബോധവും സദാചാരബോധവും ദൈവഭയവും ഒക്കെ പിറകോട്ടുവലിച്ചിട്ടും ചെറുത്തുനില്പ്പിനായി പ്രാർഥനാമന്ത്രങ്ങളെ കൂട്ടുപിടിച്ചിട്ടും പ്രണയത്തിൽ അകപ്പെടുക എന്നത്‌ അവളിലെ സ്ത്രീപ്രകൃതിയുടെ അനിവാര്യതയാകുന്നു. കൗതുകപൂർവ്വം ആ അനുഭവത്തിനുമുന്നിൽ അവൾ കീഴടങ്ങുന്നു. പ്രണയം ഭാരമില്ലായ്മയായി തന്നിൽ അമരുന്നതതറിയുന്ന വേളയിൽ. അവൾക്ക്‌ മുന്നിൽ രണ്ടു വഴികളാണുള്ളത്‌ .ഒഴുക്കില്ലാത്ത ഒരിടത്തിൽ ജീവസ്സില്ലാത്ത എന്തൊക്കെയോ അതിരുകൾ നിർണ്ണയിക്കുന്ന ഒരു പരിസരത്തിൽ , അതു പ്രണയമാണെങ്കിൽപ്പോലും, തളച്ചിടപ്പെടാൻ അവൾ തയ്യാറാകുന്നില്ല. പകരം തന്നിലെ സ്ത്രൈണസമ്പന്നതയുടെ നിബിഡവനങ്ങളിലേക്ക് അതിന്റെ നിത്യഹരിതത്തിലേയ്ക്ക്‌ ,സ്വന്തം പേരടക്കം എല്ലാ ആടയലങ്കാരങ്ങളും വെടിഞ്ഞ്‌ വിമോചനത്തിന്റെ അപാരതയിലേയ്ക്ക്‌ , പക്ഷിച്ചിറകുകൾ വിടര്‍ത്താനാണവൾ തീരുമാനമെടുക്കുന്നത്‌. വിമോചനത്തിന്റെ ആ വഴിയിൽ വഴികാട്ടിയാവേണ്ട പുരുഷൻ എവിടേ നില്ക്കുന്നു എന്നുള്ള ചിന്തയിലേയ്ക്ക് അപ്പോൾ നാമെത്തുന്നു.
പുരുഷാധികാരത്തിന്റെ അതിരുകളെച്ചൊല്ലിയാണ്‌ എല്ലായുദ്ധങ്ങളും. പ്രണയത്തിലും ചർച്ചചെയ്യുന്നത്‌ അതിരുകൾ തന്നെ . അതിരുകളില്ലാതാക്കാൻ ഒരു യുദ്ധത്തിനും കഴിയില്ല. പ്രണയത്തിനല്ലാതെ. കഥകളിലും കവിതകളിലുമൊക്കെ വാഴ്ത്തപ്പെടുന്ന പോലെയല്ല വർത്തമാനകാലപ്രണയം. പുരുഷന്റെ ഭൗതികാഭിവാഞ്ഛ ഒരിക്കലും അതിരുകളില്ല്ലാത്ത പ്രണയമായി വിവര്‍ത്തനം ചെയ്യപ്പെടുന്നില്ല . പലപ്പോഴും പുരുഷാധികാരത്തിന്റേയും, കമ്പോളരാഷ്ട്രീയത്തിന്റേയും പ്രയോജനവാദത്തിന്റേയും ഒക്കെ ഉപോല്പന്നം മാത്രമാണത്‌. അതിരുകളില്ലാത്ത മനുഷ്യപ്രകൃതിയുടേ ചിഹ്നമാകേണ്ടതാണ്‌ പ്രണയം. അവിടെയാണ്‌ പുരുഷൻ വഴിയും വഴികാട്ടിയും ഒക്കെയാവേണ്ടത്‌. ഷേക്സ്പിയറിന്റെ ഗീതകത്തിലേതുപോലെ` a star to every wandering bark . പകരം എനിക്കെന്തുപ്രയോജനം എന്നുചിന്തിക്കുന്നവന്റെ മുന്നിൽ പുതിയകാലത്തിന്റെ സ്ത്രീ കേവലം പേരില്ലാത്തൊരു സൈബർമണവാട്ടിയാകുന്നു. രതിയുടെ ചിഹ്നമായ ചുംബനം അവൾക്കു മനപുരട്ടലുണ്ടാക്കുന്നു. മണ്ണും പൊന്നുംപോലുള്ള ഭൗതികസമ്പദ്ചിഹ്നങ്ങളെ അവൾ പുച്ഛിച്ചുതള്ളുന്നു.പ്രണയത്തിന്റെ കൈക്കുമ്പിളിലെ ഇത്തിരി നിലാവിനുപോലും ചുങ്കം നല്കേണ്ടതുണ്ട്‌ എന്ന്‌ ഓർമ്മിപ്പിക്കുന്നു.ഒരോ പാർപ്പിടത്തിന്റേയും അടിയിൽ മാഞ്ഞുമറഞ്ഞില്ലാതായ ജലാശയങ്ങളുടേ ദു:ഖം അറിയുന്നു. ആഗോളതാപനമോ അധികാരരാഷ്ട്രീയമോ സിനിമയിലെ താരോദയങ്ങളോ സാഹിത്യമോ എന്തുമാവട്ടെ അവയിൽ അവൾ അജ്ഞയോ അതോ അജ്ഞത അഭിനയിക്കുന്നവളോ ആകുന്നു. അതിരുകളിലാത്ത പ്രണയത്തിന്റെ ഉയരങ്ങളിൽ അത്തരം ഒരു കനമില്ലായ്മയിലേയ്ക്ക്‌ അവളെത്തുന്നു.അവൾ വാഴ്ത്തപ്പെട്ടവളാകുന്നു.

പുരുഷകേന്ദ്രീകൃതമായ അധികാരവ്യവസ്ഥയോട്‌ സമരസപ്പെടാൻ കഴിയാത്ത വർത്തമാനകാല പെൺപ്രകൃതിയെ അതിനു ഏറ്റവും അനുയോജ്യമായ സങ്കേതം ഉപയോഗിച്ച്‌ കാണിച്ചുതരുന്നു മണിലാൽ. ആണായി പ്രതീഷും പെണ്ണായി സുരഭിയും അഭിനയിക്കുന്നു. പ്രണയത്തിന്റെ വിചാരസന്നിഭങ്ങളെ ആഴത്തില്‍ ചൂഴ്ന്നു നില്‍ക്കുന്നുണ്ട് ഈ സിനിമ.. പ്രണയത്തില്‍ അടിമുടി മാറുന്ന പെണ്ണിന്റെ ശബ്ദം മോര്‍ഫിംഗിലൂടെ പുതു ശബ്ദത്തിലേക്ക് മാറുന്നത് സിനിമക്ക് പുതിയൊരുമാനം നല്‍കുന്നു. വൈവിധ്യങ്ങളും വൈചിത്ര്യങ്ങളും നിറഞ്ഞ ശബ്ദമിശ്രണവും ക്യാമറയുടേ സമർത്ഥമായ ഉപയോഗവും കൃത്യമായി എഡിറ്റുചെയ്ത ഫ്രെയ്മുകളൂം സിനിമയെ വേറിട്ട അനുഭവമാക്കിമാറ്റുന്നു .

ബാനര്‍ :സജിത ക്രിയേഷന്‍സ്
നിര്‍മ്മാണം: സഞ്ജു മാധവ്
കാമറ : ഷെഹനാദ് ജലാല്‍
എഡിറ്റിംഗ് : ബി.അജിത് കുമാര്‍
സംഗീതം : ചന്ദ്രന്‍ വേയാട്ടുമ്മല്‍
അഭിനയം:സുരഭി,പ്രതീഷ്

5 comments:

  1. മണിലാലിന്റെ ചിത്രം എനിക്ക് കാണാൻ ആയില്ല. (കാണണം). നിരൂപണത്തിന്റെ രീതി പ്രൌഢം!

    ReplyDelete
  2. ഈ ഒരു ചിത്രത്തെ ഇത്രമാത്രം വാഴ്ത്താന്‍ കാരണം എന്തെന്ന് മനസ്സിലായില്ല.ഇത് ഞാന്‍ കണ്ടതാണ്.ഒരിക്കല്‍ പോലും സംസാരിക്കാത്ത അഭിനേതാക്കള്‍, പ്രതീകാത്മകമായി വിളക്കിച്ചേര്‍ത്ത കുറെ ദൃശ്യങ്ങള്‍...പ്രേക്ഷകര്‍ക്ക്‌ മനസ്സിലാവാത്തതാണ് നല്ല ചിത്രം എന്നാണോ ഈ നിരൂപക മനസ്സിലാക്കി വെച്ചിരിക്കുന്നത്? കഷ്ടം തന്നെ.
    നല്ല ഒരു ചെറുകഥ കുറെ ദൃശ്യങ്ങളോട് ചേര്‍ത്ത് വെച്ചാല്‍ സിനിമയാവുമെങ്കില്‍ എത്രയോ സിനിമകള്‍ ഇവിടെ പിറവിയെടുതെനെ....നല്ലതിനെ നല്ലതെന്നു പറയാന്‍ ഒട്ടും മടിക്കാതതിനാല്‍ ഒന്ന് കൂടി പറയട്ടെ , ഇതില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ അത് മനോഹരം തന്നെ.

    ReplyDelete
  3. ഈ സിനിമ എവിടുന്നുകിട്ടും കാണാന്‍? വളരെ ലളിതവും സുവ്യക്തവുമായ ഭാഷ.

    ReplyDelete
  4. സിനിമ ഒരു ദൃശ്യകലയാണ്‌.അതിനു ഭാഷ അത്യാവശ്യമല്ല.

    ReplyDelete