ഏതോ ഒച്ച കാതു തുളച്ചപ്പോള്‍
ഉറക്കം ഞെട്ടി .
കമ്പനി സൈറണാവില്ല .
മെര്‍ക്കുറി പ്ലൈവുഡ്സ്
ചിതലരിച്ചുപോയിട്ടു കൊല്ലം നാലഞ്ചായി.
കറുത്ത-വെളുത്ത കുഞ്ഞാലിമാരുടെ
പങ്കുതീപ്പെട്ടിക്കമ്പനി പൂട്ടിപ്പോയിട്ടും .
*നിലാവില്‍ റാ...റാ..റീ..റീ .. എന്ന് തലയാട്ടി
കഥയിലെ കുരുമുളകുവള്ളിപ്പാട്ടാണോ?
ഏതിനും വണ്ടിച്ചൂളമാവില്ല
വീതികൂട്ടാനിട്ട റെയിലുവഴി
കന്നുപൂട്ടിയ പാടംപോലെ കിടപ്പാണ്.
ഹൈവേപ്പാതയിലെ ആംബുലന്‍സ്‌വണ്ടിയും
വെറുതേ ചങ്കിടിപ്പിക്കലാണു പതിവ് .
പുറത്ത്
നിലച്ച മഴയും നിറഞ്ഞ നിലാവും
അവസ്ഥകള്‍ വെച്ചുമാറിയിരിക്കുന്നു .
ചൂളമിട്ടത് കള്ളനോ കാറ്റോ?
അകത്ത്
മൂലയ്ക്കലെ മീന്‍കൂട്ടില്‍
മഞ്ഞവെളിച്ചത്തില്‍ കണ്ണു പുളിച്ച്
പൂഞ്ചെകിള പലവുരു തുറന്നടച്ച്
ശ്വാസം മാത്രം കുമളിപ്പിച്ച്
തുഴച്ചില്‍ നിര്‍ത്തി
മീനുകള്‍ നിശ്ചലരായി .
മൂളക്കത്തിന്റെ രണ്ടാമൂഴം .
വെളിച്ചം കെട്ടു.
അക്വേറിയത്തിന്റെമേല്‍മൂടി മലര്‍ന്നതും
കുത്തൊഴുക്കില്‍
കാല്‍ത്തണുവില്‍
വഴുവഴുത്തെന്തോപുളഞ്ഞതും
അറിഞ്ഞു .
അറിഞ്ഞു .
ഒരുവീര്‍പ്പ് കുമിള
ഇല്ലാച്ചെകിളയിലൂടെ
പുറംവഴി തേടി .
അതിരില്ലാപ്പരപ്പില്‍
അന്തേവാസികള്‍ നീന്തിപ്പുളച്ചു .
ഉറൂബിന്റെ 'മുളകുവള്ളി ' എന്ന കഥ
(ഗ്രന്ഥാലോകം മാര്‍ച്ച് -2012 )
ഉറൂബിന്റെ 'മുളകുവള്ളി ' എന്ന കഥ
(ഗ്രന്ഥാലോകം മാര്‍ച്ച് -2012 )