Monday, November 2, 2009

വ്ലാദിമര്‍ മയക്കൊഫ്സ്കിയ് - ഓമനയായ 'അഹ'ത്തിന്‌ - വിവ‌ര്‍‌ത്തനം

ഓമനയായ 'അഹ'ത്തിന്‌


റഷ്യന്‍ കവി Vladimir Mayakovsky
യുടെ To his Own Belovedself
എന്ന കവിതയുടെ സ്വതന്ത്രവിവ‌ര്‍‌ത്തനം
(കവിതയുടെ ഇങ്ക്ലീഷ് പരിഭാഷ ഇവിടെ)

സ്ഥൂലവൈരസ്യമാര്‍‌‌ന്നേകതാളത്തി-
ലാറുവട്ടം മുഴങ്ങീ മണിസ്വനം
സീസറിന്നായി മാറ്റിയതും പിന്നെ-
യീശ്വരന്നു കൊടുക്കുവാനുള്ളതും
കപ്പമൊക്കെയൊടുക്കീ വഴിപോലെ
കപ്പൽ ഞാനെങ്ങു നങ്കൂരമിട്ടിടും?
എങ്ങെനിയ്ക്കുള്ള ശാന്തനൗകാശയം?
എങ്ങു മാളം? ഒളിക്കുവാൻ താവളം?

സാഗരങ്ങൾക്കു സാഗരമെന്നപോൽ
കേവലനായി ഞാൻ മരുവീടുകിൽ
ദൂരെ വാനിനെ നോക്കിയിരമ്പിടും
നീറുമുള്ളിലെ വേലിത്തിരകളെ
ഒട്ടു നീട്ടിയാത്തുമ്പത്തുയർന്നുചെ-
ന്നെത്രലാളിയ്ക്കുമമ്പിളിത്തെല്ലിനെ!
എങ്ങവൾ പ്രേമസാരൂപ്യമാണ്ടവൾ?
എങ്ങവളെയുൾക്കൊള്ളും അപാരത?
ഇല്ലയെന്നോ വിശാലതേ വാനമേ
നിന്റെ നീലപ്പരപ്പിലത്രയ്ക്കിടം!

ഉത്തരോത്തരം വർദ്ധിക്കുമാർത്തിയാൽ
സ്വത്തുചേർക്കും ധനാഢ്യനെപ്പോലെ ഞാൻ
ലക്ഷമെത്രയ്ക്കധീശനായീടിലും
അത്രമേൽ നിസ്വനായിടും മേൽക്കുമേൽ
കഷ്ടമെൻ സ്ഥിതിയത്രമേൽ ദുഷ്കരം
സ്വത്തിനാലെന്തു നേടിടാൻ ദേഹികൾ
കാലിഫോർണിയാ കാത്തുവെച്ചുള്ളതാം
കാഞ്ചനം പൂർണ്ണമായ്‌ ലഭിച്ചീടിലും
ആശ വറ്റില്ലടക്കമറ്റുള്ളിലെ
മോഷണക്കൂട്ടമന്നും കലമ്പിടും.

ഡാന്റെയെപ്പോലെ പെട്രാർക്കിനെപ്പോലെ
നാവടക്കം പഠിച്ചിരുന്നെങ്കിൽ ഞാൻ,
ചേലെഴും വാക്കു ചാലിച്ചുചേർത്തതാം
ശീലുകൾ നിറഞ്ഞോരു വെൺതാളിനാൽ
ആളുമഗ്നിപോൽ കാമിനീമാനസം
പ്രോജ്ജ്വലിപ്പിച്ചു ഭസ്മമായ്‌ തീർത്തേനേ!
എൻപ്രണയമെൻ വാക്കുകൾ ചേർന്നതി-
സുന്ദരം വഴിപ്പന്തൽ പണിഞ്ഞേനെ,
പല യുഗങ്ങൾക്കുമപ്പുറം നിന്നെൻ
പ്രണയിനീവൃന്ദഘോഷപ്രതാപം
ഒരുതരിയോർമ്മ ബാക്കി നിർത്താതെ
മഹിതമാവഴി പോയ്‌ മറഞ്ഞേനെ.

മേഘഗർജ്ജനം പോലെ ഞാൻ മൗനിയായ്‌
ദീനമാനസനായ്‌ വിലപിക്കുകിൽ
രോദനമൊന്നുപോരും അലച്ചതു
ചേര്‍‌ന്നടിച്ചീടുമെങ്കിൽ വിറച്ചിടും
വിണ്ടടർന്നുപൊടിഞ്ഞുടൻ വീണിടും
മന്നിതിന്റെ കന്യാശ്രമവാടങ്ങൾ.
ശ്വാസമെല്ലാം സമാർജ്ജിച്ചുറക്കെ ഞാ-
നാർത്തു ഗർജ്ജിച്ചിരുന്നുവെന്നാകിലോ
ആശയറ്റവരാധൂമകേതുക്കളാ-
ർത്തമാനസർ വിണ്ണിന്റെ മേലാപ്പു
തീർത്തുമേ വെടിഞ്ഞീടും കുതിച്ചവർ
യാത്രയായീടുമെങ്ങോ ജ്വരാർത്തരായ്‌

സൂര്യനൊപ്പം പ്രഭ കുറഞ്ഞെങ്കിൽ ഞാൻ
രാവിനെത്തുളച്ചേനെയെൻ കണ്ണിനാൽ
ദീപ്തമേകാന്തമന്റെ സ്വത്വത്തിനാൽ
ഞാൻ പടുത്തേനെ ഭൂമിതൻ മാർത്തടം.

ഏകനായ്‌ ഞാനുമെങ്ങോ കടന്നുപോം
മാമകപ്രണയത്തിൻ ചുമടുമായ്‌
ഏതുരാവിൻ ജ്വരാവേഗമൂർച്ഛയിൽ
ഏതൊരുന്മാദിയാം ഗോലിയാത്തിനാൽ
എന്തിനാർക്കൊട്ടഭിമതനായിടാ-
തിങ്ങുരുവായി ഞാനാം ബൃഹത്കൃതി?

9 comments:

  1. ഈ തർജ്ജിമ ഇമചിമ്മാതെയുള്ള
    പരകായപ്രവേശനം തന്നെ.താളബദ്ധത, അനർഗ്ഗളത എന്നൊക്കെ പറഞ്ഞാൽ ഇതിന്റെ സ്വാഭാവികതയെ ഹനിക്കുമോ എന്നു പേടിയുമുണ്ട്‌.
    എന്തായാലും
    ട്രാൻസിലേഷനിലെ കയ്യടക്കം എൻ.വി കൃഷ്ണ വാരിയരിൽപ്പോലും ENVY ഉണ്ടാക്കും.
    പിന്നെയാണൊ ഒരു നായർ ആയ എനിക്ക്‌ അസൂയാമേനോനെ ഉണ്ടാക്കാതെയിരിക്കുന്നത്‌.
    മയക്കമില്ലാതെ
    MayakO 'viski'യെ
    മൊഴിമാറ്റി ഞങ്ങൾ
    ക്കൊഴിച്ചുനൽകുക
    തുടുത്ത വിസ്കിയായ്‌
    കരിക്കിൻവെള്ളമായ്‌
    കിറുക്കു മാറ്റുന്ന
    ക്കവിതക്കണ്ണീരായ്‌ !

    ReplyDelete
  2. Nice
    Thanks very much Jyothichechi
    wish u all the best for future works

    ReplyDelete
  3. കൊള്ളാം ...ഈ കവിത പരിജയപ്പെടുത്തിയതിനു നന്ദി ....വിവര്‍ത്തനങ്ങള്‍ വീണ്ടും തുടരുക

    ReplyDelete
  4. നന്നായി കഷ്ടപ്പെട്ടു ചെയ്തിരിക്കുന്നു. പെർഫെക്റ്റ്.

    ReplyDelete
  5. നല്ല പരിഭാഷ..ഇപ്പോഴാണ് ഈ കവിത കണ്ണില്‍ പെടുന്നത്...
    ഇംഗ്ലീഷ് വേര്‍ഷനും വായിച്ചു..
    ആശംസകള്‍..

    ReplyDelete
  6. "Aham....??? "

    Manoharam, Ashamsakal...!!!!

    ReplyDelete
  7. Good translation will be another creation.Translator should spend his/her self in translation.Jyothi has realized that truth.

    ReplyDelete
  8. താളലയത്തോടെ തന്നെ നല്ല വിവർത്തനം...
    വളരെ നന്നായിരിക്കുന്നു ജ്യോതി .

    ReplyDelete