Thursday, February 4, 2010
അങ്ങനെയാണ് ഞാനൊരു പട്ടിയായത്..
റഷ്യന്‍ കവി Vladimir Mayakovsky യുടെ
THE WAY I BECAME A DOG എന്ന കവിതയുടെ വിവര്‍ത്തനം
(കവിതയുടെ ഇങ്ക്ലീഷ് പരിഭാഷ ഇവിടെ)
ഹോ, കേട്ടുകേൾവിയുള്ള കാര്യമാണോ !
കലി കയറുന്നുണ്ടെനിക്ക്.
അതു പക്ഷേ നിങ്ങളെപ്പോലെ
കേവലം മുഞ്ഞി ചുളിക്കലല്ല,
എന്തിനോടും ഏതിനോടും കുരയ്ക്കും ഞാൻ.
അമ്പിളിമാമനെ നോക്കി
ഓളിയിടുന്ന പട്ടിയെപ്പോലെ.
പിരിമുറുക്കം കൊണ്ടാവും.
ഒന്നു നടന്നു വന്നേക്കാം.
എന്നിട്ടെന്താ,
തെരുവിലാരിരിക്കുന്നു
എന്നെ സമാശ്വസിപ്പിക്കാൻ.
'ശുഭസായാഹ്നം ' ആശംസിച്ച്
ഒരു മാന്യവനിത,
കടന്നുപോയി
പരിചയക്കാരിയാണ്
തിരിച്ചെന്തെങ്കിലും പറയേണ്ടതാണ്
പറയണമെന്നു കരുതിയതുമാണ്
പക്ഷേ കഴിഞ്ഞില്ല.
ഛേ! മഹാനാണക്കേടായിപ്പോയി
ഒരു വേള
നിദ്രാടനത്തിലാണോ ഞാൻ?
ആകെയൊരു കുഴമറിച്ചിൽ..
സംശയമില്ല .ഇതു ഞാൻ തന്നെ.
ഓഹ്, എന്റെ ചുണ്ട്..
ഹേയ്,
ഇതെന്ത്!
തേറ്റയോ!
പോയേക്കാംപെട്ടെന്ന്
ഇരട്ടിവേഗത്തിൽ.
വീട്ടുവഴി ശരണം.
മുഖം പൊത്തിയേക്കാം
തുമ്മുന്നപോലെ നടിക്കാം
തേറ്റ ആരും കാണരുതല്ലോ,
പ്രത്യേകിച്ച് പോലീസുകാർ.
ചതിച്ചു!
ചെകിടടയ്ക്കും മട്ടിൽ
ആരോ
വിളിച്ചു കൂവുന്നല്ലോ;
"വാൽ, വാലേയ് "
തറഞ്ഞു നിന്നു ഞാൻ
തപ്പിനോക്കി ഞാൻ
തരിച്ചു പോയീ ഞാൻ!
ദംഷ്ട്ര കൊണ്ട് കുഴപ്പമില്ലായിരുന്നു
ഇതിപ്പോൾ..
ഈ വാൽ
കുപ്പായത്തിനടിയിലൂടെ
വാലങ്ങിനെ സമൃദ്ധമായി വളർന്നതും
പുറത്തേക്കിഴഞ്ഞതും
ഞാൻ അറിഞ്ഞതേയില്ലല്ലോ...
വെളിപ്പെട്ടുപോയ എന്റെ പട്ടിത്തം
ഞാൻ കണ്ടതേയില്ലല്ലോ!
ഇനിയിപ്പഴോ?
ആരോ കൂവി
രണ്ട്, മൂന്ന് നാല്
ജനം കൂടി വന്നു
തിരക്കിൽ ഒരമ്മൂമ്മ
പാതയോരത്ത് തട്ടിവീണു
പിന്നീടെപ്പൊഴോ
ചൂലുപോലുള്ള ഒട്ടുമീശകളുമായി
ജനമെന്റെ മോന്തയ്ക്ക്
പെരുമാറാൻ തുടങ്ങി
മടിക്കാതെ
നാണിക്കാതെ
നാലുകാലും കുത്തിനിന്ന്
ഞാൻ ആരംഭിച്ചു
ബൗ ഗർ'ർ ബ്ബൗ വ്വൗ...
Labels:
Vladimir Mayakovsky,
കവിത,
വിവര്‍ത്തനം
Subscribe to:
Post Comments (Atom)
ഇവിടെ ബൂലോകത്തും ചിലരുണ്ട്.. പട്ടിത്തം ഒളിച്ചു വെച്ച് വാചകമടിക്കുന്ന വീരന്മാർ.. എത്രയൊക്കെ ഒളിച്ചു വെച്ചാലും അവരുടെയൊക്കെ വാലും ദംഷ്ട്രയുമൊക്കെ പോസ്റ്റായും കമന്റായുമൊക്കെ പുറത്തേക്ക് നീളും..
ReplyDeleteവളരെ നന്നായിട്ടുണ്ട്...ചിന്തിപ്പിക്കുന്ന ഒന്ന്.
ReplyDeleteഒ:ടൊ - കുരയ്ക്കും പട്ടി കടിക്കില്ല എന്നൊരു ചൊല്ലുണ്ട്. അത് കൊണ്ട് പേടിക്കേണ്ട കാര്യമില്ല.
സ്വയം പട്ടിത്വത്തിലേക്ക്
ReplyDeleteകൂടുമാറുന്നവര്‍ക്ക് മാനവികതയിലേക്കും,ദൈവികതയിലേക്കും
വളരുകയും പട്ടിത്വത്തിലേക്ക് തിരിച്ചുവരികയും ചെയ്യാം.
എന്നാല്‍,ഇരുകാലില്‍ നടന്ന്
മനുഷ്യരെന്ന് സ്വയം ബോധ്യപ്പെടാന്‍ ശ്രമിക്കുന്ന
പട്ടികളെക്കുറിച്ച് സഹതപിക്കുകയല്ലാതെ
നമുക്ക് എന്തുചെയ്യാനാകും !!!
ഈ കവിത വായിക്കാന്‍ അവസരം നല്‍കിയതിനു നന്ദി.
നന്ദി,ജ്യോതി വിവര്ത്ത്നം നന്നായി.
ReplyDelete