Wednesday, January 4, 2012

കറുത്ത രാത്രി തന്ന കവിത

(ഇന്ന് മയിലമ്മയുടെ അഞ്ചാം ചരമവാര്‍ഷികദിനം)

2007 ജനുവരി 5 ശനിയാഴ്ച. അമ്പതില്‍ത്താഴെ കുടുംബങ്ങള്‍ ഒത്തുചേര്‍ന്നുണ്ടാക്കിയ ഞങ്ങളുടെ കുടുംബകൂട്ടായ്മ പുതുവത്സരം ആഘോഷിക്കാനായി തിരഞ്ഞെടുത്ത ദിവസമായിരുന്നു അന്ന്‌. ചെറിയതോതിലേ ഉള്ളൂ എങ്കിലും കലാപരിപാടികളുടെ കണ്‍വീനറായിരുന്നതുകൊണ്ട്‌ ഇല്ലാത്തിരക്കുകളില്‍ മുഴുകിയ പകല്‍ തീര്‍ന്നപ്പോള്‍ത്തന്നെ ക്ഷീണമായി. രാത്രി പരിപാടി കഴിഞ്ഞതോടെ സ്പീക്കറിന്റെ ഉയര്‍ന്ന വോള്യവും സ്റ്റേജിലെ മിന്നിമായുന്ന വെളിച്ചവും കാരണം പതിവുപോലെ മൈഗ്രേന്‍ തുടങ്ങി. പത്തുമണിയ്ക്ക്‌ വീടെത്തുമ്പോള്‍ തലക്കുള്ളില്‍ അവന്‍ പത്തിവിരിച്ചാടാന്‍ തുടങ്ങിയിരുന്നു. ഒരു ഗുളികയില്‍ അവനെ അടക്കാന്‍ ശ്രമിച്ച്‌ ഇരുട്ടുമുറിയില്‍ ഉറക്കം കാത്തു കിടക്കുമ്പോഴാണ്‌ മാതൃഭൂമിയില്‍ നിന്നും കൂട്ടുകാരി ബീനയുടെ വിളി വന്നത്‌. . 'മയിലമ്മ മരിച്ചു'.

അടഞ്ഞവാതിലുകളില്‍ ആഞ്ഞൊരു തട്ടുതട്ടി, ഒരു ഞെട്ടലിലേയ്ക്ക്‌ ഓര്‍മ്മകളെ ഉണര്‍ത്തി ഒരു മരണവാര്‍ത്തയെത്തുമ്പോള്‍ ആദ്യം തോന്നുന്ന വികാരമെന്താവും?

രണ്ടുതവണ മരിച്ചിരുന്നു അച്ഛന്‍. ഒന്നാം മരണത്തില്‍നിന്നും തിരികെ വിളിച്ച്‌ ഒരു വര്‍ഷത്തോളം അച്ഛനെ ജീവശ്ശവമായിക്കിടത്തിയത്‌ വൈദ്യശാസ്ത്രത്തിന്റെ തമാശയായിരുന്നു. ബോണസ്സായിക്കിട്ടിയ ഒരു വര്‍ഷത്തില്‍ ആ ഉയിരിന്റെ പിടച്ചിലും ഉടലിന്റെ പൊരിച്ചിലും കണ്ട്‌ കണ്ണീരെല്ലാം ഉള്ളില്‍ത്തന്നെ പെയ്തു വറ്റിയിരുന്നതിനാലാവണം രണ്ടാമതും അച്ഛന്‍ മരിച്ചെന്ന വാര്‍ത്ത ആദ്യം ഉണ്ടാക്കിയ വികാരം ആശ്വാസമായിരുന്നു. രണ്ടു മരണവാര്‍ത്തകളും സന്ധ്യയ്ക്കാണ്‌ പടികയറിവന്നത്‌. പിന്നെ ഒരേയൊരമ്മാവന്റെ മരണം. മകന്റെ വിവാഹക്ഷണത്തിനു ചെന്ന വീട്ടില്‍വെച്ച്‌ ഒരു ചിരിയോടൊപ്പം ആ ജീവന്‍ പറന്നു പോയ വാര്‍ത്ത ആരോ നുണ പറഞ്ഞ്‌ പറ്റിക്കാന്‍ നോക്കുംപോലെ അവിശ്വാസമാണുണ്ടാക്കിയത്‌. ചെറിയൊരു പരീക്ഷാ തോല്‍വിയില്‍ സ്വയം അഗ്നിയിലെരിഞ്ഞു തീര്‍ന്ന പ്രിയപ്പെട്ട കൂട്ടുകാരി - ഇന്നും പഴയ കുസൃതിച്ചിരിയോടെ സ്വപ്നത്തില്‍ വരാറുണ്ടവര്‍ - ഉണ്ടാക്കിയത്‌ ആഴത്തിലുള്ള ഒരു മുറിവാണ്‌. ഇടയ്ക്കോര്‍ക്കുമ്പോള്‍ നീറ്റലുണ്ടാക്കുമത്‌.

ഒടുവിലത്തെ രണ്ടു മരണവാര്‍ത്തകളും എത്തിയത്‌ രാത്രിയില്‍ത്തന്നെയായിരുന്നു. ഇതുപോലെ. എന്നാല്‍ ഇത്‌... ഓര്‍മ്മയില്‍ എന്തോ ഒന്നു ചിതറിപ്പൊട്ടി. സങ്കടമല്ലായിരുന്നു അത്‌. അപ്രതീക്ഷിതമായ ഒന്നു സൃഷ്ടിച്ച ആഘാതവുമല്ല. അതികഠിനമായ കുറ്റബോധം. കടമ ചെയ്യതെ ഒഴിഞ്ഞുമാറിയ മകളുടെ, അനിയത്തിയുടെ, ചങ്ങാതിയുടെ മനസ്സിലെ ഒടുങ്ങാത്ത കുറ്റബോധം. അതിന്റെ വിങ്ങല്‍ ആ രാത്രി എന്റെ ഉറക്കം കളഞ്ഞു.

മയിലമ്മയെ പരിചയപ്പെട്ടതുമുതല്‍ അവസാനമായി കണ്ടുപിരിയുന്നതു വരെയുള്ള ഒരോ രംഗവും ഒരു സ്ക്രീനിലെന്നപോലെ മനസ്സില്‍ തെളിഞ്ഞു. അവരുടെ ആത്മകഥ കേട്ടെഴുതാനുള്ള തീരുമാനം, അവരെ ആദ്യം കണ്ടത്‌, തീരെ സൗഹാര്‍ദ്ദപൂര്‍ണ്ണമല്ലാത്ത ആദ്യദിവസത്തെ കൂടിക്കാഴ്ച, പ്ലാച്ചിമടയിലെ സമരപ്പന്തലില്‍ ഒരുമിച്ചിരുന്നു ഭക്ഷണം പങ്കിട്ടു കഴിച്ചതു്, ജനിച്ച ഗ്രാമമായ മുതലമടയിലെ ആട്ടയാമ്പതിയിലേയ്ക്കുള്ള ഒരുമിച്ചുള്ള യാത്ര, ഗ്രാമത്തിലെ കൂട്ടുകാര്‍ക്കു് പരിചയപ്പെടുത്തിയപ്പോള്‍ മുഖത്തു തെളിഞ്ഞ സ്നേഹഭാവം, പുസ്തകപ്രകാശനത്തിനു ക്ഷണിക്കാന്‍ ചെന്നപ്പോള്‍ ശാരീരിക അവശതകള്‍ക്കൊപ്പം ഒറ്റപ്പെടലിന്റേയും അവഗണയുടേയും വിഷമം കടിച്ചു പിടിച്ച്‌ കുടിലിന്റെ തിണ്ണയിലിട്ട പായിലേയ്ക്കിരിക്കാന്‍ ചിരിയോടെ ക്ഷണിച്ച രൂപം, പുസ്തകപ്രകാശനസമയത്ത്‌ ചെയ്ത പ്രസംഗത്തിലെ ആദിവാസിയുടെ വീറും വാശിയും. എല്ലാം ഓര്‍മ്മയില്‍ തികട്ടി.

അതിനിടയില്‍ മാതൃഭൂമിയില്‍ നിന്നും വീണ്ടും വിളി. മയിലമ്മയുടെ ആത്മകഥയുടെ കേട്ടെഴുത്തുകാരി എന്ന നിലയിലുള്ള ഒരനുസ്മരണക്കുറിപ്പ്‌ ഫോണിലൂടെ പറഞ്ഞു കൊടുത്തു.

ചാനലുകളില്‍ മരണം ഫ്ലാഷ്‌ ന്യൂസായി വരാന്‍ തുടങ്ങിയിരുന്നു. സോറിയാസിന്റെ വ്രണങ്ങള്‍ നിറഞ്ഞ മുഖം സ്ക്രീനില്‍. കാണേണ്ടിയിരുന്നില്ലെന്നു തോന്നി. അവസാനമായി സംസാരിച്ചുപിരിഞ്ഞത്‌ ‍ 2006 ഒക്ടോബര്‍ 13 നു് ആകാശവാണി തൃശ്ശൂര്‍നിലയത്തില്‍ അവരുമായുള്ള അഭിമുഖം റെക്കോര്‍ഡ്‌ ചെയ്ത ദിവസമാണ്‌. അഭിമുഖം പ്രക്ഷേപണം ചെയ്തപ്പോള്‍ വീണ്ടും വിളിച്ചു. ആകെ ഒരു സുഖമില്ല എന്നു പറഞ്ഞു. ശബ്ദത്തില്‍ നല്ല ക്ഷീണം. മനസ്സിന്റെ ക്ഷീണം ശരീരത്തേയും ബാധിച്ചതായിരിക്കാം എന്നേ അപ്പോഴും വിചാരിച്ചുള്ളു. സോറിയാസിസ്‌ ആണെന്നും ചികിത്സ തുടങ്ങിയെന്നും കേട്ടപ്പോള്‍ അസുഖം അത്രയും കൂടിയിരിക്കുമെന്നും അത്‌ മരണകാരണമാവുമെന്നും ചിന്തിച്ചതേയില്ല.

പുസ്തകത്തിലെ ചില പരാമര്‍ശങ്ങളെച്ചൊല്ലി കൂട്ടുകാരികളില്‍ ചിലര്‍ വല്ലതെ കുറ്റപ്പെടുത്തുന്നുണ്ടെന്നും അവിടെവന്നു കാര്യങ്ങള്‍ ഒന്നു വിശദീകരിക്കണമെന്നും ആവശ്യപ്പെട്ട്‌ ഇടയ്ക്ക്‌ ഒന്നുരണ്ടുതവണ ഫോണ്‍ ചെയ്തു സംസാരിച്ചു. അതിനുള്ള അവസരം പക്ഷേ വന്നില്ല. കുളിമുറിയില്‍ തെന്നിവീണ്‌ കൈയ്യൊടിഞ്ഞ്‌ യാത്രചെയ്യാന്‍ പറ്റാതെയിരുന്ന ഒന്നര മാസം കൊണ്ട്‌ എല്ലാം മാറിമറിഞ്ഞു പത്രവാര്‍ത്തകളില്‍ മാത്രം അവരെ കണ്ടു . ഇടയില്‍ ഒരു നാള്‍ സ്ഥിരം വിളിക്കാറുണ്ടായിരുന്ന മുറുക്കാന്‍ കടയിയിലെ ടെലഫോണ്‍ ബൂത്തിലേയ്ക്ക്‌ വിളിച്ച്‌ നോക്കി. പുസ്തകത്തിന്റെ പേരില്‍ നിങ്ങള്‍ക്കുമുണ്ടു് ഭീഷണി, സൂക്ഷിക്കണം, ഇങ്ങോട്ട്‌ വരണ്ട എന്നു് മൂന്നറിയിപ്പ്‌. വീട്ടുകാരും ഭീരുതയും വിലക്കി. പിന്നെയാവട്ടെ എന്ന്‌ നീട്ടി‍. അന്ന്‌ മകന്‍ രാഹുലിന്റെ സ്കൂട്ടറിനു പിന്നില്‍ സന്ധ്യാസമയത്തെ പൊടിക്കാറ്റില്‍ പറക്കുന്ന പച്ച ചേലത്തുമ്പ്‌ ഇടത്തുകൈകൊണ്ട്‌ ഒതുക്കിപ്പിടിച്ച്‌ വലതു കൈവീശി നിറഞ്ഞുചിരിച്ച മുഖം . പകലിനോടൊപ്പം ഓര്‍മ്മയില്‍ നിന്നും പതുക്കെ മായുകയായിരുന്നുവോ അത്‌..?

രാത്രി അവസാനിക്കുകയായിരുന്നു. ഉള്ളാകെ നനച്ചുകൊണ്ട്‌ ഒരു കവിത ഉറന്നത്‌ ആ നേരത്താണ്‌. വര്‍ഷങ്ങള്‍ക്കു ശേഷം ഒരു കവിത. അല്ല ജീവിതം . ഒരുപാടു് മയിലമ്മമാരുടെ ജീവിതം. അപ്പോഴും അവരെത്തന്നെ കേട്ടെഴുതുകയായിരുന്നോ ഞാന്‍? അറിയില്ല. വാക്കുകളും വരികളും വാര്‍ന്നു വീഴുകയായിരുന്നു. ഉദയത്തിനു മുമ്പ്‌ അവസാനത്തെ കുറച്ചുവരികളൊഴിച്ച്‌ എല്ലാം എഴുതി. അതുപൂര്‍ത്തിയായത്‌ അന്നു വൈകീട്ട്‌ ശവസംസ്കാരം കഴിഞ്ഞെത്തിയപ്പോഴാണ്‌. ഒടുവിലത്തെ കാഴ്ച. അടഞ്ഞ കണ്ണുകളില്‍ ഒരു നോട്ടം പതിയിരുപ്പുണ്ടെന്നു ഞാനറിഞ്ഞു. മയില്‍പ്പീലിക്കണ്ണിന്റെ ഞാനെന്നും ഭയക്കുന്ന തുറിച്ചുനോട്ടമായിരുന്നു അത്‌. കവിതയ്ക്കുള്ള തലക്കെട്ടും അതുതന്നെയായി. മയില്‍പ്പീലിത്തുറുകണ്ണ്‌.

5 comments:

  1. ഉള്ളില്‍ തട്ടി..

    ReplyDelete
  2. ദുരിതം പേറുന്ന മൈലമ്മമാര്‍ നമുക്കിനി വേണ്ട.
    നമുക്ക് വേണ്ടത് സമരവിര്യമുള്ള മൈലമ്മമാരെയാണ്.
    ഒരിക്കല്‍ സമരപ്പന്തലില്‍ അവരുമൊത്ത് ഇരിക്കാന്‍ ഭാഗ്യം കിട്ടിയുട്ടുണ്ട് ഈയുള്ളവന് .

    ReplyDelete
  3. കുറിപ്പും കവിതയും മനസ്സിൽ പതിഞ്ഞു, നന്ദി.

    ReplyDelete
  4. ഓര്‍മ്മകളുടെ മുറിവുകള്‍ . എന്നും നീറ്റലുണ്ടാക്കുന്നവയാണ്‌..ഇത് വായിച്ചു എവിടെയോ ഒരു നീറ്റല്‍..

    ReplyDelete