Friday, December 12, 2008

നീഗ്രോ പറയുന്നു, നദികളെക്കുറിച്ച്‌

(അമേരിക്കന്‍ കവി Langston Hughes ന്റെ The Negro Speaks Of Rivers )


അറിയാമെനിയ്ക്കുനദികളെ .
ഭൂമിയോളം പ്രാചീനവും
മര്‍ത്ത്യസിരയിലെ ചോരപ്പാച്ചിലിനെക്കാളും
പഴക്കവുമുള്ള നദികളെ
എനിയ്ക്കറിയാം .

നദികളെപ്പോലെ
എന്റെ ഉള്ളും
ആഴമുള്ളതായിത്തീര്‍ന്നിരിക്കുന്നു .

ഇളയപുലരികളില്‍
യൂഫ്രട്ടീസില്‍ കുളിച്ചിട്ടുണ്ട്‌ ഞാന്‍ ,
അരികത്തെ എന്റെ കുടിലില്‍
എന്നെ കോംഗോ താരാട്ടിയുറക്കിയിട്ടുണ്ട്‌ ,
നൈലിനെ നോക്കി ,
അതിനും മേലെ
പിരമിഡുകള്‍ പണിഞ്ഞിരിക്കുന്നൂ ഞാന്‍
ലിങ്കണ്‍ ന്യൂഓര്‍ലിയന്‍സ് പോയ കാലം
മിസ്സിസ്സിപ്പി പാടുന്നത്‌ കേട്ടിട്ടുണ്ട്‌ ,
അസ്തമയവേളയില്‍
അതിന്റെ കലങ്ങിയ മാര്‍ത്തടം
സ്വര്‍ണ്ണാഭമാവുന്നതും കണ്ടിട്ടുണ്ട്‌ .

നദികളെ എനിക്കറിയാം
പ്രാചീനമായ ,
ഇരുണ്ട നദികളെ .

അവയെപ്പോലെ തന്നെ
ആഴത്തില്‍ വളര്‍ന്നിരിക്കുന്നു
ഞാനും.