Wednesday, October 5, 2011

നവരാത്രിയും ഭാരതത്തിന്റെ നാരീസങ്കല്‍പവും

( 2009 ദുര്‍ഗ്ഗാഷ്ടമി നാളില്‍ കൊച്ചി FM പ്രക്ഷേപണം ചെയ്ത പ്രഭാഷണം )

ഉത്കണ്ഠ നല്‍കുന്ന പരിതസ്ഥിതികളുടെ സമ്മര്‍ദ്ദത്തിലാണ്‌ ആധുനികമനുഷ്യന്‍ .മറ്റെന്തിലുമുപരി സംശയവും ഭയവുമാണ്‌ അവനെ ഭരിക്കുന്ന വികാരങ്ങള്‍. ചില യാദൃശ്ചികതകളുടെ നിരര്‍ത്ഥകവും നിര്‍ലക്ഷ്യവുമായ സൃഷ്ടി മാത്രമാണ്‌ താന്‍ എന്ന്‌ ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിലെങ്കിലും ചിന്തിച്ചു പോവാത്ത മനുഷ്യര്‍ ഉണ്ടാവുമെന്നു തോന്നുന്നില്ല. സ്വന്തം ജീവിതവും ചുറ്റുപാടുകളുമായുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയെക്കുറിച്ച്‌ അവന്‍ പരാതിപ്പെടാന്‍ തുടങ്ങുന്ന ഘട്ടമാണിത്‌. ചേര്‍ച്ച ഉണ്ടാക്കിയെടുക്കാനായുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ ഭൂരിപക്ഷം ആളുകളും ഈശ്വരനിലേക്ക്‌ തിരിയുന്നത്‌.

സമയത്ത്‌ ഒരു കൂട്ടര്‍ സ്വന്തം പ്രശ്നങ്ങളുടെ ചുമട്‌ ഇറക്കിവെയ്ക്കാനുള്ള അത്താണിയായി മാത്രമായും മറ്റൊരു കൂട്ടര്‍ എല്ലാ പ്രശ്നങ്ങളുടേയും കാരകനായിത്തന്നെയും ആയിട്ടാണ്‌ ഈശ്വരനെ സമീപിക്കുന്നത്‌. ശരിക്കും തന്റെ തന്നെ ചിന്തകളുടേയും വാക്കിന്റെയും പ്രവൃത്തിയുടെയും ഏകോപനത്തെക്കുറിച്ച്‌ മനുഷ്യന്‍ ചിന്തിച്ചു തുടങ്ങേണ്ട അവസരമാണിത്‌. അതു സാധിച്ചെടുക്കാന്‍ സഹായിക്കുന്ന ശക്തിയാണ്‌ ഈശ്വരന്‍ . പരമമായ ശക്തിചൈതന്യം നമ്മില്‍ത്തന്നെ കുടികൊള്ളുന്നു എന്നതാണ്‌ സത്യം . എല്ല ധര്‍മ്മവും ഉദ്ഘോഷിക്കുന്ന തത്വവും അതു തന്നെ . സദ്ചിന്തകളും സദ്‌വാക്കും സദ്പ്രവൃത്തിയും മൂലം നമുക്ക്‌ ലഭ്യമാവുന്ന ആനന്ദത്തിന്റെ പ്രഭവകേന്ദ്രവും മറ്റൊന്നുമല്ലതന്നെ. മിക്കപ്പോഴും വെളിപ്പെടാതെ പോകുന്ന ആത്മശക്തിയെക്കുറിച്ച്‌ അധികം പേരും മനസ്സിലാക്കുന്നില്ല എന്നതാണ്‌ വാസ്തവം. വിവിധ പേരുകളിലും രൂപങ്ങളിലും മൂര്‍ത്തവും, അമൂര്‍ത്തവും ആയി താന്‍ആരാധിക്കുന്ന ശക്തി തന്നില്‍ തന്നെയാണ്‌ എന്നു മനുഷ്യന്‍ തിരിച്ചറിയുന്നതോടെ ഈശ്വരാരാധനയ്ക്ക്‌ പുതിയ മാനം കൈവരികയാണ്‌ ചെയ്യുന്നത്‌.

ഭക്തിയുടേയും ഉപാസനയുടെയും വഴികളില്‍ നാം ഭാരതീയരെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം പ്രസക്തമാകുന്ന ഒന്നുണ്ട്‌. പ്രപഞ്ചോല്‍പത്തിയുടെ തത്വം മുതല്‍ മനുഷ്യസത്തയുടേ സ്വാതന്ത്യ്രമാര്‍ഗ്ഗം വരെ ദ്യോതിപ്പിക്കുന്നതും ആത്മീയശക്തിയെ പ്രോജ്വലിപ്പിക്കുന്നതുമായ ഒന്ന്‌. കാലാകാലങ്ങളായുള്ള ഉപാസനാരീതി ഭാരതീയ തത്വചിന്തയില്‍ അധിഷ്ഠിതമായിരിക്കുന്നു. മാതൃരൂപത്തിലുള്ള ദേവിയുടെ ആരാധനയാണിത്‌. സ്ത്രീരൂപം ശക്തിയുടെ പ്രതീകമാണ്‌ നമുക്ക്‌. ബോധാത്മകവും യാന്ത്രികവുമായ എല്ലാ പ്രാപഞ്ചികപ്രതിഭാസങ്ങളുടേയും പരമോന്നതകാരണമായാണ്‌ ദേവി വാഴ്ത്തപ്പെടുന്നത്‌. ആദിമകാലത്ത്‌ അഗ്നിയും സൂര്യനും വായുവും മരണവും ഒക്കെയായിരുന്നു ഉപാസനാമൂര്‍ത്തികള്‍. നിഗൂഢങ്ങളായ എല്ലാ പ്രപഞ്ചസത്യങ്ങള്‍ക്കും ദൈവീകപരിവേഷം നല്‍കി ആരാധിക്കുന്നതുവഴി അവയോടുള്ള ഭയത്തില്‍നിന്നുള്ള രക്ഷയായിരുന്നു മനുഷ്യന്‍ കാംക്ഷിച്ചത്‌. പിന്നീട്‌ വളര്‍ച്ചയുടെ വഴികളിലെവിടെയോവെച്ച്‌ സ്നേഹമാണ്‌ ദൈവം അഥവാ ദൈവമാണ്‌ സ്നേഹം എന്ന സത്യത്തെ അവന്‍ ഉള്‍ക്കൊണ്ടു. സ്നേഹത്തിന്റെ മൂര്‍ത്തിമദ്ഭാവമെന്ന നിലയില്‍ സ്വന്തം അമ്മയെന്ന സത്യത്തെ അവനറിഞ്ഞു. ഒട്ടും നിഗൂഢതകളില്ലാതെ അവനു മുന്‍പിലെത്തിയ ആദ്യത്തെ സത്യമായി അവന്‍ അമ്മയെ ആരാധിച്ചു. ഒരു പടികൂടി മുന്നോട്ടു കടന്ന്‌ പ്രപഞ്ചത്തെത്തന്നെ മാതൃരൂപത്തില്‍ ദര്‍ശിക്കനാരംഭിക്കുകയും ചെയ്തു. അങ്ങനെ എല്ലാ പ്രാപഞ്ചികപ്രതിഭാസങ്ങളുടെയും കാര്യവും കാരണവുമായി അവന്‍ ലോകജനനിയെ കണക്കാക്കി. അമ്മയുടെ അപ്രമേയ ശക്തിയുടെ സര്‍വഭാവങ്ങളും ആരാധിക്കപ്പെടേണ്ടവയാണെന്ന്‌ അവന്‍ കണ്ടെത്തി. വിശ്വപ്രകൃതി വിശ്വജനനീസങ്കല്‍പത്തിന്റെ മൂര്‍ത്തരൂപം തന്നെയായി. അവളില്‍ ശക്തിയില്‍ മനസ്സ്‌ കേന്ദ്രീകരിക്കുമ്പോള്‍ സ്വന്തം ബോധമണ്ഡലത്തിണ്റ്റെ അതീതമാനങ്ങള്‍ വിടരുകയും വികാസത്തിനനുസരിച്ച്‌ സ്വന്തം മനസ്സിന്റെ യും തദ്വാരാ ചുറ്റുപാടുകളുടേയും പ്രപഞ്ചത്തിന്റെതന്നെയും അധീശത്വം കൈവരുന്നതായും അവനറിഞ്ഞു.

സ്ഥൂലരൂപത്തിലുള്ള ആരാധനയിലും അഭിലഷണീയം സൂക്ഷ്മരൂപമാണ്‌ എന്ന തോന്നലില്‍നിന്നാവണം ഒരു രൂപം സങ്കല്‍പ്പിച്ച്‌ മാതൃശക്തിയെ മനുഷ്യന്‍ വിധിയാം വണ്ണം ആദരിക്കാനും ആരാധിക്കാനും ആരംഭിച്ചത്‌. ആധുനിക ഭൌതികശാസ്ത്രം ചൂണ്ടിക്കാണിക്കുന്ന ഊര്‍ജ്ജരൂപത്തിന്റെ മൂര്‍ത്തഭാവം തന്നെയാണ്‌ ഭാരതീയ ഋഷികള്‍ വര്‍ണ്ണിക്കുന്ന പരാശക്തിയും. കലാരൂപങ്ങളായി, ശാസ്ത്രതത്വങ്ങളായി, ജഡാത്മകവും ചൈതന്യാത്മകവുമായ വിവിധപ്രതിഭാസങ്ങളായി ശക്തിയെ ഭാരതീയര്‍ പല പേരുകളിലും രൂപങ്ങളിലും ഭാവങ്ങളിലും ആവിഷകരിച്ചു.

യാ ദേവി സര്‍വഭൂതേഷു
ശക്തിരൂപേണ സംസ്ഥിതാ
നമസ്തസ്സൈ നമസ്തസ്സൈ
നമസ്തസ്സൈ നമോനമ:

എന്ന ധ്യാനശ്ളോകത്തില്‍ ശക്തി, ബുദ്ധി ,നിദ്ര, ക്ഷുധ ,ഛായാ, തൃഷ്ണാ, ക്ഷാന്തി, കാന്തി, ലജ്ജാ ,ശാന്തി, ശ്രദ്ധാ ,സ്മൃതി, വൃത്തി, ദയാ,തുഷ്ടി, മാതൃ.. എന്നിങ്ങനെ ഇരുപത്തിമൂന്നു വിവിധ ഭാവങ്ങളില്‍ ദേവിയെ സ്തുതിക്കുന്നുണ്ട്‌. മാതൃരൂപിണിയായ സ്ത്രീയുടെ സര്‍വഭാവങ്ങളും വികാരങ്ങളും വിചാരങ്ങളും പൂജിക്കപ്പെടേണ്ടതുതന്നെയാണെന്ന വിസ്തൃതാര്‍ഥം ശ്ളോകത്തിനുണ്ട്‌.

ശ്രീനാരായണ ഗുരു രചിച്ച പ്രശസ്തമായ കാളിനാടകം ദണ്ഡകത്തില്‍ സൃഷ്ടി സ്ഥിതി സംഹാരകാരിണിയായി അവതരിപ്പിക്കപ്പെടുന്ന ദേവിയുടെ അമേയമഹിമ അനാവരണം ചെയ്യപ്പെടുന്നുണ്ട്‌. ലളിതവും സൌമ്യവും അതേസമയം കരാളവും ഉഗ്രവുമായ ദേവീഭാവങ്ങള്‍ ഇതില്‍ അതീവസുന്ദരമായി ആവിഷകരിച്ചിരിക്കുന്നു . നാദബിന്ദു സ്വരൂപമായും നാശരഹിതമായും വിശ്വം നിറഞ്ഞുനില്‍ക്കുന്ന ശക്തിസ്വരൂപിണിയായ സ്ത്രീതന്നെയാണ്‌ ശ്രീനാരായണഗുരുവിന്റെ കാളി.. ശക്തിചൈതന്യസ്വരൂപമെന്ന നിലയില്‍ സ്ത്രീയുടെ ഉദാത്തഭാവങ്ങളുടെ മൂര്‍ത്തിമദ്‌രൂപം തന്നെയാണവള്‍.

സമസ്തപ്രപഞ്ചം സൃജിച്ചും ഭരിച്ചും
മുദാ സംഹരിച്ചും രസിച്ചും രമിച്ചും
കളിച്ചും പുളച്ചും മഹാഘോരഘോരം
വിളിച്ചും മമാനന്ദദേശേ വസിച്ചും
തെളിഞ്ഞും പറഞ്ഞും തുളുമ്പും പ്രപഞ്ചം
തുളഞ്ഞുള്ളിലെള്ളോളമുള്ളായിരുന്നും..

(കാളിനാടകം കവിത കേള്‍ക്കുക)

എന്നിങ്ങനെ താന്‍ സൃഷ്ടിച്ച പ്രപഞ്ചത്തില്‍ എള്ളില്‍ എണ്ണപോലെ വസിക്കുന്ന ശക്തിയുടെ സമസ്തഭാവങ്ങളും അതുപോലെത്തന്നെ അനന്യദുര്‍ലഭമായ ലാവണ്യവും ഇതില്‍ ആവിഷകരിക്കപ്പെടുന്നുണ്ട്‌‌. അങ്ങനെ നമ്മില്‍തന്നെ നിറഞ്ഞുനിലക്കുന്ന മാതൃചൈതന്യത്തെ പ്രത്യേകം ഉപാസിക്കാനായി വര്‍ഷത്തിലെ ഒന്‍പതു ദിനരാത്രങ്ങള്‍ മാറ്റിവെയ്ക്കപ്പെട്ടിരിക്കുകയാണ്‌. ഒരു വിധത്തില്‍ ആത്മപൂജക്കുതന്നെയാണ്‌ നവരാത്ര്യാരാധനയില്‍ പ്രാധാന്യം എന്നു പറയാം. എല്ലാ മാനുഷികഭാവങ്ങളുടേയും ചിന്തകളുടേയും സമന്വയരൂപങ്ങളായ ശക്തി, വാക്ക്‌, ആനന്ദം അഥവാ ഐശ്വര്യം എന്നിവയുടെ അധിദേവതമാരെ ദുര്‍ഗ്ഗ, സരസ്വതി,ലക്ഷ്മി എന്നീ പേരുകളിലും അതിന്നനുഗുണമായ രൂപങ്ങളിലും സങ്കല്‍പിച്ച്‌ നവരാത്ര്യാരാധന അവര്‍ക്കായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു.
ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്നിവ ആര്‍ജ്ജിക്കാനുള്ള ഉപാസനതന്നെയാണ്‌ ദിനങ്ങളില്‍ നാം അനുവര്‍ത്തിക്കുന്നത്‌. ഇവ മൂന്നും നേടുകയും വളര്‍ത്തിയെടുക്കുകയും ചെയ്യുന്നതു വഴി നമ്മില്‍ത്തന്നെ അന്തര്‍ലീനമായ പരമമായ ആത്മശക്തിയെ നാം തിരിച്ചറിയുക തന്നെയാണ്‌ ചെയ്യുന്നതും. ജ്ഞാനദായിനിയായി, വിമലമതി തരുന്നവളായി, ജാഡ്യാന്ധകാരത്തെ നീക്കി പ്രജ്ഞയില്‍ പുതിയ വെളിച്ചം പരത്തുന്നവളായി, അഹങ്കാരത്തിന്റെ മാലിന്യങ്ങള്‍ പോക്കി അഹംബോധത്തിന്റെയും ആത്മാഭിമാനത്തിന്റെയും സുഗന്ധം നിറയ്ക്കുന്നവളായി നമ്മില്‍ത്തന്നെ നാമറിയാതെ വര്‍ത്തിക്കുന്ന അമേയമായ ശക്തിചൈതന്യത്തിന്റെ സാന്നിദ്ധ്യം നാം തിരിച്ചറിയുമ്പോള്‍ മാത്രമാണ്‌ ഉപാസനാദിനങ്ങള്‍ അര്‍ഥസംപൂര്‍ത്തി കൈവരിക്കുന്നത്‌.

5 comments: