Showing posts with label വിവര്‍ത്തനം. Show all posts
Showing posts with label വിവര്‍ത്തനം. Show all posts

Saturday, December 23, 2017

വിവര്‍ത്തനം,


ഗീത ജാനകിയുടെ കവിതയുടെ  മലയാളം

വിച്ഛേദിക്കുക നക്ഷത്രാഭ
പ്രണയദ്യുതിപ്രസരിക്കവേ
ഇരവും പകലായിടും.
ഹേമന്തമെന്നായാലുംപൂക്കൾ 
ചിരിക്കും സ്വന്തമിച്ഛയിൽ 
തുള്ളിവെള്ളം പെരും കടൽ
മന്ദഹാസം ശരരാന്തലും
ഒറ്റ വാക്കു തീപറ്റിക്കും
ഉള്ളിലെ വെടിക്കെട്ടിന് 
സിംഫണിയൊന്നുയർന്നിടും
ഒറ്റക്കാലടിയൊച്ചയിൽ
ലോകം ദർപ്പണമെന്നു നിൻ
ഉള്ളാകെ പ്രതിഫലിച്ചിടും
സ്പർശമോ?! പോരും
സ്പർശമൊന്നേയൊ-
ന്നതു മാരകമായിടും!!!




ഗീത ജാനകിയുടെ കവിത

Switch off the stars,
when love radiates from someone,
night becomes day,
flowers volunteer in winter,
a drop of water becomes the sea,
a smile becomes a chandelier,
a word sparks up a whole firework,
a footstep sets off a symphony.
The world becomes a mirror,
reflecting back your heart.
A touch,
becomes catastrophic.

Wednesday, August 23, 2017

ഒരു കവിത രണ്ടു വിവർത്തനശ്രമം The Arrow and the Song (Henry Wadsworth Longfellow


1. അമ്പും പാട്ടും

ആകാശം ഉന്നമാക്കിയത്
ഭൂമിയെത്തുരന്നുപോയി
എങ്ങോട്ടെന്നറിയില്ല
പിന്തുടരാനാകാതെ
അമ്പിന്റെ ഗതികം

.
മാനത്തേക്കു നിശ്വസിച്ചതും
മണ്ണിലേക്കുു പടർന്നേറി
അറിയില്ലെങ്ങോട്ടെന്ന്
സൂക്ഷ്മത്തിലും ശക്തിയിലും
ഒരുപാട്ടിനെ പിൻചെല്ലാൻ
കെൽപ്പുള്ള കണ്ണോ!

കാലമേറെക്കഴിഞ്ഞു
വീണ്ടും ഞാൻ കണ്ടു
മുനയൊടിയാത്ത ഒരമ്പിനെ
ഒരു ഓക്കുമരത്തിൽ....
ഒരു മുഴുവൻ പാട്ടിനെ
പ്രിയസുഹൃത്തിന്റെ ഉൾനെഞ്ചിൽ !

2. അമ്പും പാട്ടും

അമ്പൊന്നു കാറ്റിലൂടെയ്‌തു
മണ്ണിൽ വീണതു പാഞ്ഞുപോയ്
അത്ര വേഗം അഗോചരം
അത്രമേൽ അറിയാഗതി
പാട്ടൊന്നു കാറ്റിലേയ്‌ക്കൂതി
മണ്ണിlലൂടതു മാഞ്ഞുപോയ്
ആരുണ്ട് സുദൃഢം സൂക്ഷ്മം
പാട്ടിൻ പാത തുടരുവോർ !
കാലംകഴിഞ്ഞു കണ്ടൂഞാൻ
ഒടിയാ, തമ്പൊ,രോക്കിന്മേൽ
ആദ്യന്തം പാട്ടിനെക്കണ്ടു
കൂട്ടിന്റെ ഹൃദയത്തിലും!

The Arrow and the Song (Henry Wadsworth Longfellow)

I shot an arrow into the air,
It fell to earth, I knew not where;
For, so swiftly it flew, the sight
Could not follow it in its flight.
I breathed a song into the air,
It fell to earth, I knew not where;
For who has sight so keen and strong,
That it can follow the flight of song?
Long, long afterward, in an oak
I found the arrow, still unbroke;
And the song, from beginning to end,
I found again in the heart of a friend.
Jyothibai Pariyadath shared a link to 

Tuesday, July 1, 2014

പ്രതിഭാസപ്പെട്ട പെണ്ണ്

 വിവര്‍ത്തനം

Phenomenal Woman

 Maya Angelou

ഉടലഴകിയല്ലഞാ,നഴകുള്ള മുഖമില്ല
എവിടെയാണിവളുടെ രഹസ്യമെന്നിങ്ങനെ
എവിടേയുമുള്ള കൊച്ചമ്മമാർക്കതിശയം
ഒടുവിൽ വെളിപ്പെടുത്താൻ ഞാനൊരുങ്ങിയാൽ
ഉടനെ ധരിക്കുമവർ 'ഇവൾ നുണച്ചി'   

പറയട്ടെ 'ഞാ'-നെന്റെ പിടിയിയിലുണ്ടെപ്പൊഴും
എന്റെ ഇച്ഛക്കൊത്ത് നിൽക്കുമെൻ സർവ്വവും   
എന്റെ വാക്കില്ലാതെ  നീങ്ങില്ല പാദം
ഞാനുറയ്ക്കാതൊന്നു   വളയുകില്ലധരം
ആടും നിതംബമെന്നാഗ്രഹം പോലെ

ഞാന,സാമാന്യ യായുള്ള   പെണ്ണ്
ഞാനൊരു പ്രത്യേകപ്പെട്ട  പെണ്ണ്  

ആരുമാശിക്കും പ്രസന്നഭാവത്തിൽ ഞാൻ
ആളുകൾക്കിടയിൽ തിളങ്ങും
ആർത്തിരമ്പുന്ന കൂട്ടങ്ങൾ
തേനീച്ചകൾ
ആണുങ്ങൾ ,
ചുറ്റും തിരക്കും
അവരന്റെ മുന്നിൽ നമിയ്ക്കും

എന്റെ കണ്ണാളും വെളിച്ചം
എന്റെ വെണ്‍പല്ലിൻ തിളക്കം
എന്നരക്കെട്ടിന്റെയോളം
എന്റെ കാൽവെയ്പ്പിന്റെ താളം
എന്ന് ഞാൻ കാരണം പറയും
ഞാന,സാമാന്യ യാം   പെണ്ണ്
ഞാനാണനന്യയായുള്ള പെണ്ണ് 

ആണുങ്ങൾപോലുമൊന്നതിശയിക്കും
ഇവളെന്തു പെണ്ണാണീ പ്പെണ്ണ്  !
ഏറെ ശ്രമിക്കുമവർ
എന്നാലുമാവില്ല
ഗൂഢമെന്നുള്ളിന്റെ നേര് കാണാൻ
സ്വയമേവ ഞാൻ വെളിപ്പെടുകിലോ
ഹാ കഷ്ടം !
ആരുകാണാൻ ?ആരുകേൾക്കാൻ!!

പറയും ഞാൻ കാരണം
എന്റെ പിൻ വടിവെന്നു  
ചിരിയിലെ വെയിലെന്നു
തുള്ളുന്ന മാറെന്ന്
ഉടയെന്ന്  നടയെന്ന്
ഞാനൊരു പെണ്ണ്
വേറിട്ട പെണ്ണ്
ഞാൻ നിങ്ങൾക്കാശ്ചാര്യമാവും പെണ്ണ്   

കേട്ടുവോ കൂട്ടരേ ? കാര്യം തിരിഞ്ഞുവോ ?
എന്റെ തല കുനിയാത്തതെന്തെന്നതും
വിലകെട്ടു ഞാനൊന്നും മിണ്ടാത്തതും
നില വിട്ടു ശബ്ദ മൊന്നുയരാത്തതും??

എന്നെ നിങ്ങൾ കാണും
ഏറെയഭിമാനിയ്ക്കും .
എൻ കാൽമടമ്പടിച്ചെത്തമെന്ന്
അഴകുറ്റ മുടിയുടെയൊടിവാണെന്നു
മൃദുമൃദുലമെന്റെ കൈവെള്ളയെന്ന്
എന്റെ താലോലിപ്പിനാശയെന്ന്
എന്നെല്ലാം കാരണം ഞാൻ പറയും

എന്തുകൊണ്ടെന്നോ ?
ഞാനൊരു പെണ്ണ്
ഞാനെന്ന പെണ്ണ്
ഞാൻ വിശേഷപ്പെട്ട പെണ്ണ്

Monday, February 18, 2013

സൂര്യകിരണം -അന്ന അഖ് മതോവ









ജനാലയ്ക്കലെത്തിയ
സൂര്യകിരണത്തോട് ഞാന്‍ പ്രാര്‍ത്ഥിയ്ക്കുകയാണ്
അത് വിളര്‍ത്തു‍മെലിഞ്ഞും നിവര്‍ന്നുമിരിയ്ക്കുന്നു
പ്രഭാതം മുതല്‍ ഞാന്‍ നിശ്ശബ്ദയായിരുന്നു
എന്റെ ഹൃദയമോ പിളര്‍ന്നുമിരുന്നു.

എന്റെ തൊട്ടിയുടെ ചെമ്പില്‍
ക്ലാവ് പച്ചനിറം പൂശിയിരിക്കുന്നു
എങ്കിലും
സായന്തനശാന്തതയിലെ
ഈ കിരണം
അതിനെ മനോജ്ഞമാക്കുന്നു
എത്ര നിഷ്കളങ്കവും ലളിതവുമാണത് ..

എന്നാല്‍
പരിത്യക്തമായ ഈ ദേവാലയത്തില്‍
എനിയ്ക്കിതൊരു സൌവര്‍ണ്ണോത്സവമാണ്
ഒരു സാന്ത്വനവും. .

Friday, December 7, 2012

Christina Rossetti

ഞാന്‍ മരിച്ചാല്‍ ,പ്രിയനേ
എനിക്കായി ശോകഗീതങ്ങള്‍ പാടരുത്
എന്റെ തലയ്ക്കല്‍ പനിനീര് പടര്‍ത്തരുത്
തണല്‍മരം വെയ്ക്കരുത് .
എനിക്കുമേല്‍

മഞ്ഞും മഴയും ഈറനാക്കിയ
പുല്‍നാമ്പാവുക
ആവുമെന്കില്‍
എന്നെ ഓര്‍ക്കുക
ആവുമെങ്കില്‍ ...
മറക്കുക .

മുകളിലെ നിഴല്‍ രൂപങ്ങള്‍ ഞാന്‍ കണ്ടെന്നുവരില്ല
ജലപ്പെയ്ത്തുകള്‍ ഞാന്‍ അറിഞ്ഞെന്നുവരില്ല
മുറിവേറ്റെമട്ടില്‍ പാടുന്ന
വാനമ്പാടിയെ ഞാന്‍ കേട്ടെന്നു വരില്ല
ഉദിക്കാത്ത , അസ്തമിയ്ക്കാത്ത
സായാഹ്നവെളിച്ചതില്‍ കുളിച്ച
കിനാവുപോലങ്ങനെ
ആനന്ദം നിറയ്ക്കുന്ന ഓരോര്‍മ്മ,
ഒരു മറവി..
അതാവും ഞാന്‍.

Thursday, February 4, 2010

അങ്ങനെയാണ്‌ ഞാനൊരു പട്ടിയായത്‌..


റഷ്യന്‍ കവി Vladimir Mayakovsky യുടെ
THE WAY I BECAME A DOG എന്ന കവിതയുടെ വിവര്‍ത്തനം
(കവിതയുടെ ഇങ്ക്ലീഷ് പരിഭാഷ ഇവിടെ)



ഹോ, കേട്ടുകേൾവിയുള്ള കാര്യമാണോ !
കലി കയറുന്നുണ്ടെനിക്ക്‌.
അതു പക്ഷേ നിങ്ങളെപ്പോലെ
കേവലം മുഞ്ഞി ചുളിക്കലല്ല,
എന്തിനോടും ഏതിനോടും കുരയ്ക്കും ഞാൻ.
അമ്പിളിമാമനെ നോക്കി
ഓളിയിടുന്ന പട്ടിയെപ്പോലെ.

പിരിമുറുക്കം കൊണ്ടാവും.
ഒന്നു നടന്നു വന്നേക്കാം.
എന്നിട്ടെന്താ,
തെരുവിലാരിരിക്കുന്നു
എന്നെ സമാശ്വസിപ്പിക്കാൻ.

'ശുഭസായാഹ്നം ' ആശംസിച്ച്‌
ഒരു മാന്യവനിത,
കടന്നുപോയി
പരിചയക്കാരിയാണ്‌
തിരിച്ചെന്തെങ്കിലും പറയേണ്ടതാണ്‌
പറയണമെന്നു കരുതിയതുമാണ്‌
പക്ഷേ കഴിഞ്ഞില്ല.
ഛേ! മഹാനാണക്കേടായിപ്പോയി
ഒരു വേള
നിദ്രാടനത്തിലാണോ ഞാൻ?
ആകെയൊരു കുഴമറിച്ചിൽ..
സംശയമില്ല .ഇതു ഞാൻ തന്നെ.
ഓഹ്‌, എന്റെ ചുണ്ട്‌..
ഹേയ്‌,
ഇതെന്ത്‌!​
തേറ്റയോ!

പോയേക്കാംപെട്ടെന്ന്
ഇരട്ടിവേഗത്തിൽ.
വീട്ടുവഴി ശരണം.

മുഖം പൊത്തിയേക്കാം
തുമ്മുന്നപോലെ നടിക്കാം
തേറ്റ ആരും കാണരുതല്ലോ,
പ്രത്യേകിച്ച്‌ പോലീസുകാർ.
ചതിച്ചു!
ചെകിടടയ്ക്കും മട്ടിൽ
ആരോ
വിളിച്ചു കൂവുന്നല്ലോ;
"വാൽ, വാലേയ്‌ "
തറഞ്ഞു നിന്നു ഞാൻ
തപ്പിനോക്കി ഞാൻ
തരിച്ചു പോയീ ഞാൻ!

ദംഷ്ട്ര കൊണ്ട്‌ കുഴപ്പമില്ലായിരുന്നു
ഇതിപ്പോൾ..
ഈ വാൽ
കുപ്പായത്തിനടിയിലൂടെ
വാലങ്ങിനെ സമൃദ്ധമായി വളർന്നതും
പുറത്തേക്കിഴഞ്ഞതും
ഞാൻ അറിഞ്ഞതേയില്ലല്ലോ...
വെളിപ്പെട്ടുപോയ എന്റെ പട്ടിത്തം
ഞാൻ കണ്ടതേയില്ലല്ലോ!

ഇനിയിപ്പഴോ?
ആരോ കൂവി
രണ്ട്‌, മൂന്ന്‌ നാല്‌
ജനം കൂടി വന്നു
തിരക്കിൽ ഒരമ്മൂമ്മ
പാതയോരത്ത്‌ തട്ടിവീണു

പിന്നീടെപ്പൊഴോ
ചൂലുപോലുള്ള ഒട്ടുമീശകളുമായി
ജനമെന്റെ മോന്തയ്ക്ക്‌
പെരുമാറാൻ തുടങ്ങി
മടിക്കാതെ
നാണിക്കാതെ
നാലുകാലും കുത്തിനിന്ന്‌
ഞാൻ ആരംഭിച്ചു
ബൗ ​ഗർ'ർ ബ്ബൗ വ്വൗ...

Tuesday, January 19, 2010

വ്ലാദിമര്‍ മയക്കൊഫ്സ്കിയ്- ഒരു മണികഴിഞ്ഞ്‌- വിവര്‍ത്തനം

റഷ്യന്‍ കവി Vladimir Mayakovsky യുടെ Past One O' Clock
എന്ന കവിതയുടെ വിവര്‍ത്തനം

(കവിതയുടെ ഇങ്ക്ലീഷ് പരിഭാഷ ഇവിടെ)



(ഈ കവിതയ്ക്ക്‌ Dr അയ്യപ്പപ്പണിക്കരുടേയും Dr.K.സച്ചിദാനന്ദന്റേയും വിവർത്തനങ്ങൾ വായിക്കുക (click the links))

ഒരു മണി കഴിഞ്ഞ്‌

മണിയൊന്നു കഴിഞ്ഞൂ,
നീയുറങ്ങുവാന്‍ ചെന്നിരിക്കും
രാത്രിവാനില്‍ ക്ഷീരപഥമൊരു
രജതനദിപോലെ.
ധൃതിയില്ല,നടുക്കുന്ന
കമ്പിസന്ദേശത്തിനാൽ നിൻ
സുഖനിദ്ര മുറിയ്ക്കാൻ
ഞാനൊരുക്കമല്ല
അതുമല്ല, തീര്‍ന്നു സര്‍വ്വം
വിരസജീവിതച്ചിട്ട
തകർത്തൂ നാം തുഴഞ്ഞേപോം
പരസ്പരപ്രണയത്തിൻ
കളിച്ചങ്ങാടം.
ഇനി നമ്മൾക്കിടയ്ക്കെന്ത്‌?
നമ്മൾരണ്ടുതുരുത്തുകൾ
കുറിക്കില്ല കണക്കുകൾ
ഇനിയലക്കില്ല വിഴുപ്പുകൾ
പങ്കിടേണ്ടാ വിങ്ങൽ,
വേദന,നെഞ്ചിലെത്തേങ്ങൽ.
നോക്കുകെത്ര നിശബ്ദരാത്രി,
ചുറ്റുമെന്തൊരു ശാന്തി
താരകൾ പട്ടുചാർത്തിയ രാത്രി
വിണ്ണിനു പുതപ്പാകുന്നു.

ഇല്ലെനിയ്ക്കിനിയൊരു മുഹൂര്‍ത്തം
ഈ വിനാഴിക നല്ലതൊരുവനു
പഴയകാലങ്ങൾ, ചരിത്രം,ജന്തുജാലങ്ങൾ
സകല ചരമചരങ്ങളേയും
അഭിവദിച്ചീടാൻ !

Monday, November 2, 2009

വ്ലാദിമര്‍ മയക്കൊഫ്സ്കിയ് - ഓമനയായ 'അഹ'ത്തിന്‌ - വിവ‌ര്‍‌ത്തനം

ഓമനയായ 'അഹ'ത്തിന്‌


റഷ്യന്‍ കവി Vladimir Mayakovsky
യുടെ To his Own Belovedself
എന്ന കവിതയുടെ സ്വതന്ത്രവിവ‌ര്‍‌ത്തനം
(കവിതയുടെ ഇങ്ക്ലീഷ് പരിഭാഷ ഇവിടെ)

സ്ഥൂലവൈരസ്യമാര്‍‌‌ന്നേകതാളത്തി-
ലാറുവട്ടം മുഴങ്ങീ മണിസ്വനം
സീസറിന്നായി മാറ്റിയതും പിന്നെ-
യീശ്വരന്നു കൊടുക്കുവാനുള്ളതും
കപ്പമൊക്കെയൊടുക്കീ വഴിപോലെ
കപ്പൽ ഞാനെങ്ങു നങ്കൂരമിട്ടിടും?
എങ്ങെനിയ്ക്കുള്ള ശാന്തനൗകാശയം?
എങ്ങു മാളം? ഒളിക്കുവാൻ താവളം?

സാഗരങ്ങൾക്കു സാഗരമെന്നപോൽ
കേവലനായി ഞാൻ മരുവീടുകിൽ
ദൂരെ വാനിനെ നോക്കിയിരമ്പിടും
നീറുമുള്ളിലെ വേലിത്തിരകളെ
ഒട്ടു നീട്ടിയാത്തുമ്പത്തുയർന്നുചെ-
ന്നെത്രലാളിയ്ക്കുമമ്പിളിത്തെല്ലിനെ!
എങ്ങവൾ പ്രേമസാരൂപ്യമാണ്ടവൾ?
എങ്ങവളെയുൾക്കൊള്ളും അപാരത?
ഇല്ലയെന്നോ വിശാലതേ വാനമേ
നിന്റെ നീലപ്പരപ്പിലത്രയ്ക്കിടം!

ഉത്തരോത്തരം വർദ്ധിക്കുമാർത്തിയാൽ
സ്വത്തുചേർക്കും ധനാഢ്യനെപ്പോലെ ഞാൻ
ലക്ഷമെത്രയ്ക്കധീശനായീടിലും
അത്രമേൽ നിസ്വനായിടും മേൽക്കുമേൽ
കഷ്ടമെൻ സ്ഥിതിയത്രമേൽ ദുഷ്കരം
സ്വത്തിനാലെന്തു നേടിടാൻ ദേഹികൾ
കാലിഫോർണിയാ കാത്തുവെച്ചുള്ളതാം
കാഞ്ചനം പൂർണ്ണമായ്‌ ലഭിച്ചീടിലും
ആശ വറ്റില്ലടക്കമറ്റുള്ളിലെ
മോഷണക്കൂട്ടമന്നും കലമ്പിടും.

ഡാന്റെയെപ്പോലെ പെട്രാർക്കിനെപ്പോലെ
നാവടക്കം പഠിച്ചിരുന്നെങ്കിൽ ഞാൻ,
ചേലെഴും വാക്കു ചാലിച്ചുചേർത്തതാം
ശീലുകൾ നിറഞ്ഞോരു വെൺതാളിനാൽ
ആളുമഗ്നിപോൽ കാമിനീമാനസം
പ്രോജ്ജ്വലിപ്പിച്ചു ഭസ്മമായ്‌ തീർത്തേനേ!
എൻപ്രണയമെൻ വാക്കുകൾ ചേർന്നതി-
സുന്ദരം വഴിപ്പന്തൽ പണിഞ്ഞേനെ,
പല യുഗങ്ങൾക്കുമപ്പുറം നിന്നെൻ
പ്രണയിനീവൃന്ദഘോഷപ്രതാപം
ഒരുതരിയോർമ്മ ബാക്കി നിർത്താതെ
മഹിതമാവഴി പോയ്‌ മറഞ്ഞേനെ.

മേഘഗർജ്ജനം പോലെ ഞാൻ മൗനിയായ്‌
ദീനമാനസനായ്‌ വിലപിക്കുകിൽ
രോദനമൊന്നുപോരും അലച്ചതു
ചേര്‍‌ന്നടിച്ചീടുമെങ്കിൽ വിറച്ചിടും
വിണ്ടടർന്നുപൊടിഞ്ഞുടൻ വീണിടും
മന്നിതിന്റെ കന്യാശ്രമവാടങ്ങൾ.
ശ്വാസമെല്ലാം സമാർജ്ജിച്ചുറക്കെ ഞാ-
നാർത്തു ഗർജ്ജിച്ചിരുന്നുവെന്നാകിലോ
ആശയറ്റവരാധൂമകേതുക്കളാ-
ർത്തമാനസർ വിണ്ണിന്റെ മേലാപ്പു
തീർത്തുമേ വെടിഞ്ഞീടും കുതിച്ചവർ
യാത്രയായീടുമെങ്ങോ ജ്വരാർത്തരായ്‌

സൂര്യനൊപ്പം പ്രഭ കുറഞ്ഞെങ്കിൽ ഞാൻ
രാവിനെത്തുളച്ചേനെയെൻ കണ്ണിനാൽ
ദീപ്തമേകാന്തമന്റെ സ്വത്വത്തിനാൽ
ഞാൻ പടുത്തേനെ ഭൂമിതൻ മാർത്തടം.

ഏകനായ്‌ ഞാനുമെങ്ങോ കടന്നുപോം
മാമകപ്രണയത്തിൻ ചുമടുമായ്‌
ഏതുരാവിൻ ജ്വരാവേഗമൂർച്ഛയിൽ
ഏതൊരുന്മാദിയാം ഗോലിയാത്തിനാൽ
എന്തിനാർക്കൊട്ടഭിമതനായിടാ-
തിങ്ങുരുവായി ഞാനാം ബൃഹത്കൃതി?

Tuesday, July 14, 2009

എന്റെ ബാദ്ധ്യതകള്‍‌ -Xhevahir spahiu-അല്‍ബേനിയ

((അല്‍ബേനിയന്‍ കവി Xhevahir spahiu ന്റെ My debts എന്ന കവിതയുടെ സ്വതന്ത്ര വിവര്‍ത്തനം)
(ഇങ്ക്ലീഷ് വിവര്‍‌ത്തനം ഇവിടെ വായിക്കാം)


മരിച്ചുപോകും ഞാന്‍
തീരാക്കടങ്ങളിലാണ്ട് തീര്‍‌ന്നുപോകും.
പുഴയൊഴുക്കിന്റെ ആഴങ്ങള്‍‌,
ഗ്യാസ്ചേം‍ബറുകള്‍‌,
ഇവിടൊന്നുമല്ല മരണം!

കുഴിമാടത്തില്‍‌ തലക്കല്ലിടാഞ്ഞതിന്‌
അമ്മയ്ക്കു ഞാന്‍ കടക്കാരന്‍‌
ഒരു മുന്തിരിത്തല പടര്‍‌ത്താതെ
ഓക്കുമരത്തിനോട്,
കഴിഞ്ഞ ഞായറില്‍‌ കവര്‍‌ന്നതിന്‌
പ്രണയത്തിനോട്,
പേര്‍ചൊല്ലി വിളിക്കാതെ
പാപത്തിനോട്.

മരിച്ചുപോകും ഞാന്‍
ഏറിയ ബാദ്ധ്യതകളിലൊടുങ്ങിപ്പോകും.

സ്വപ്നം കണ്ടില്ല,
വാക്കിനോടു കടം.
ചിറകില്‍‌ വെള്ളതേച്ചില്ല,
കാക്കയോടു കടം.
കടമാണ്‌, 1913 നോട്
തലോടിയില്ലഞാന്‍
അതിന്റെ മുറിവിലൊന്നും.
വാതില്‍‌പ്പടിയില്‍‌ വെച്ചുപോന്ന
വിദൂരഭൂതത്തിന്റെ കറുപ്പിന്‌
വരുംനാളിനോടാണു കടം.

കടങ്ങളില്‍‌മുങ്ങിയാവും എന്റെ ഉയിര്‍പോവുക..

കടക്കാരനാണുഞാന്‍‌
ജീവിച്ചിരിപ്പവരോട് ;
കടക്കാരന്‍‌തന്നെ
മരിച്ചവരോടും.

എല്ലാക്കടങ്ങളുമൊടുക്കാനായി
വില്‍ക്കും ഞാന്‍
കല്ലറയിലെ
എന്റെ ഓര്‍‌മ്മക്കല്ല്.


അത്രതന്നെ..
ഇനി
നീ പറയുക
നീയെനിക്കെന്തുമാത്രം കടപ്പെട്ടവനാണ്‌?

Sunday, July 12, 2009

നദിയെ വിവര്‍ത്തനം ചെയ്യുമ്പോള്‍‌


(അല്‍ബേനിയന്‍ കവി Xhevahir spahiu ന്റെ Translating The River എന്ന കവിതയുടെ സ്വതന്ത്ര വിവര്‍ത്തനം)


(ഇങ്ക്ലീഷ് വിവര്‍‌ത്തനം ഇവിടെ വായിക്കാം)

കുത്തിയിരിപ്പുഞാന്‍‌
നദിയെ വിവര്‍‌ത്തനം ചെയ്യുവാന്‍
കഠിനാമാണുദ്യമം
ജലമിതിന്‍‌പരിഭാഷയെങ്കിലും

വാക്കസാധാരണം
ശൈലി,വ്യവസ്ഥിതം
കാലാനുവര്‍ത്തിയല്ലീത്താളമെങ്കിലും
ഉറവിടങ്ങള്‍ നൂറുനൂറാകിലും
ഒറ്റശബ്ദത്തിലുച്ചത്തിലെന്നുമിതു
ഘോഷിപ്പതെല്ലാം
പഴങ്കഥകള്‍ മാത്രമാണെങ്കിലും
നിത്യവും രാവില്‍ വിവര്‍ത്തനം ചെയ്യുന്നു
പുത്തന്‍പ്രഭാതത്തില്‍‌ മാഞ്ഞുപോയീടുന്നു

Friday, December 12, 2008

നീഗ്രോ പറയുന്നു, നദികളെക്കുറിച്ച്‌

(അമേരിക്കന്‍ കവി Langston Hughes ന്റെ The Negro Speaks Of Rivers )


അറിയാമെനിയ്ക്കുനദികളെ .
ഭൂമിയോളം പ്രാചീനവും
മര്‍ത്ത്യസിരയിലെ ചോരപ്പാച്ചിലിനെക്കാളും
പഴക്കവുമുള്ള നദികളെ
എനിയ്ക്കറിയാം .

നദികളെപ്പോലെ
എന്റെ ഉള്ളും
ആഴമുള്ളതായിത്തീര്‍ന്നിരിക്കുന്നു .

ഇളയപുലരികളില്‍
യൂഫ്രട്ടീസില്‍ കുളിച്ചിട്ടുണ്ട്‌ ഞാന്‍ ,
അരികത്തെ എന്റെ കുടിലില്‍
എന്നെ കോംഗോ താരാട്ടിയുറക്കിയിട്ടുണ്ട്‌ ,
നൈലിനെ നോക്കി ,
അതിനും മേലെ
പിരമിഡുകള്‍ പണിഞ്ഞിരിക്കുന്നൂ ഞാന്‍
ലിങ്കണ്‍ ന്യൂഓര്‍ലിയന്‍സ് പോയ കാലം
മിസ്സിസ്സിപ്പി പാടുന്നത്‌ കേട്ടിട്ടുണ്ട്‌ ,
അസ്തമയവേളയില്‍
അതിന്റെ കലങ്ങിയ മാര്‍ത്തടം
സ്വര്‍ണ്ണാഭമാവുന്നതും കണ്ടിട്ടുണ്ട്‌ .

നദികളെ എനിക്കറിയാം
പ്രാചീനമായ ,
ഇരുണ്ട നദികളെ .

അവയെപ്പോലെ തന്നെ
ആഴത്തില്‍ വളര്‍ന്നിരിക്കുന്നു
ഞാനും.

Friday, November 28, 2008

പരിഭാഷ - വിളംബിതസ്വപ്നം, സൌമ്യയായ പെണ്‍കുട്ടി, ഇവിടെ ഇപ്പോഴും- Langston hughes



അമേരിക്കന്‍ കവി
Langston hughes~ ന്റെ മൂന്നുകവിതകള്‍


Dream deferred
വിളംബിതസ്വപ്നം

നീട്ടിവെച്ച ഒരു കിനാവിന്‌ എന്തു സംഭവിക്കാം?
വെയിലില്‍ ചുരുണ്ട മുന്തിരിപോലെ വരളുകയോ?
വ്രണം പോലെ പഴുത്തളിഞ്ഞ്‌ ഓടിപ്പോവുകയോ?
ചീഞ്ഞ മാംസം പോലെ ദുര്‍ഗന്ധം പരത്തുകയോ?
പാവൊട്ടും പലഹാരംപോലെ മധുരം പൊറ്റകെട്ടുകയോ?
പെരുതാകും ചുമടേന്തി ചിലപ്പോള്‍ അതിനു നടു കുനിഞ്ഞേക്കാം
അതോ പൊട്ടിത്തെറിക്കുമോ?


Quiet Girl
സൌമ്യയായ പെണ്‍കുട്ടി
നിന്റെ കണ്ണുകളില്ലായിരുന്നെങ്കില്‍
നിന്നെ ഞാന്‍
താരകളില്ലാത്ത രാവിനോട്‌
ഉപമിക്കുമായിരുന്നു
നീ പാടിയില്ലായിരുന്നെങ്കില്‍
നിന്നെ ഞാന്‍
സ്വപ്നങ്ങളില്ലാത്ത നിദ്രയോട്‌
ഉപമിക്കുമായിരുന്നു



Still Here
ഇവിടെ, ഇപ്പോഴും

വിരട്ടിയോടിയ്ക്കപ്പെട്ട്‌
അടിച്ചു തകര്‍ക്കപ്പെട്ട്‌
ഞാന്‍
എന്റെ പ്രതീക്ഷകളെ
കാറ്റ്‌ ചിതറിച്ചു
മഞ്ഞെന്നെ ചുരുട്ടി
വെയില്‍ പൊരിച്ചെടുത്തു

ഞാന്‍ ചിരിക്കുന്നത്‌,
സ്നേഹിക്കുന്നത്‌,
ജീവിക്കുന്നതു തന്നെയും നിറുത്താനാവുമോ
എന്നോടവര്‍ ഇത്രയും ചെയ്തത്‌?

കൂസലൊട്ടുമില്ലെനിക്കെന്നിട്ടും
ഞാനുണ്ട്‌ ഇപ്പൊഴും
ഇവിടെത്തന്നെ

Tuesday, October 28, 2008

പരിഭാഷ- കടലിന്റെ പകല്‍വാര്‍പ്പ്‌ ,ബീച്ച്‌ -Sophia de Mello Breyner Andresen

Sophia de Mello Breyner Andresen ന്റെ Dia do mar no ar -(Portuguese )- Day of the Sea in the Air എന്ന കവിതയുടെ പരിഭാഷ


കടലിന്റെ പകല്‍വാര്‍പ്പ്‌

നിഴലുകളെക്കൊണ്ടും
കുതിരകളെക്കൊണ്ടും
പീലികള്‍ കൊണ്ടും
അന്തരീക്ഷത്തില്‍
കടലിന്റെ പകല്‍വാര്‍പ്പ്‌

പുഷ്പത്തിനും മൃഗത്തിനുമിടയില്‍
മെഡുസയേപ്പോലെ തെന്നിപ്പോകുന്ന
ന്റെ നിദ്രാടകച്ചുവടുകള്‍ .
ന്റെയറയുടെ സമഘനതയില്‍
കടലിന്റെ പകല്‍വാര്‍പ്പ്‌

കടലില്‍
കടലിന്റെ പകല്‍വാര്‍പ്പ്‌.
പകലേറ്റം.
തിരനുരമുകളില്‍
മേഘങ്ങള്‍ക്കുമുയരെ
വളഞ്ഞും പുളഞ്ഞും
അപ്രത്യക്ഷമാവുന്ന
കടല്‍കൊക്കുകളായി
ന്റെ ചേഷ്ടകള്‍

ഇങ്ക്‌ളീഷ്‌ പരിഭാഷ ഇവിടെ


ബീച്ച്‌ -Beech-Sophia de Mello Breyner Andresen

വീശിയ കാറ്റില്‍ പൈന്‍മരങ്ങള്‍ ഞരങ്ങി
സൂര്യതാഡനമേറ്റ്‌
മണ്ണിനുമേല്‍ കല്ലുകള്‍ എരിഞ്ഞു
ഉപ്പില്‍പൊതിഞ്ഞ ,
മത്സ്യതേജസ്സുള്ള
വിചിത്രരൂപികളായ സമുദ്രദേവന്‍മാര്‍
ഭൂമിയുടെ വിളുമ്പില്‍
ഉലാത്താനിറങ്ങി .
വെളിച്ചത്തിനെതിരേ
കാട്ടുപറവകള്‍ പൊടുന്നനെ
കല്ലുകളെന്നപോലെ ചുഴറ്റിയെറിയപ്പെട്ടു .
ശകലിതമായി ഉയര്‍ന്ന
അവയുടെ ഉടലുകള്‍ ശുന്യതയെടുത്തു .
ശിരോപ്രഹരത്താല്‍
വെളിച്ചത്തെ ഇടിച്ചുടക്കാന്‍ നോക്കിയ
തിരകളുടെ നെറ്റിത്തടം
ജലച്ചുരുളുകളാല്‍ അലംകൃതമായി .
പാമരങ്ങളൂടെ
പൌരാണികമായ ഗൃഹാതുരത
പൈനുകളെ ആലോലമാട്ടി.

Thursday, October 2, 2008

എന്റെ സഞ്ചാരങ്ങള്‍ - വിവര്‍ത്തനം

(അല്‍ബേനിയന്‍ കവി Xhevahir spahiu ന്റെ My Travels എന്ന കവിതയുടെ സ്വതന്ത്ര വിവര്‍ത്തനം)


മേഘമൊന്നിന്നു ഞാന്‍ കോപ്പണിയിയ്ക്കണം
മാമല മേലേ സവാരിക്കു പോകണം
വാടിവരണ്ടവര്‍ നീരിന്നു കേഴുകില്‍
ധാരയാര്‍ന്നശ്രുവാലാകെക്കുതിര്‍ക്കണം

കുതിരയൊന്നിന്നു ഞാന്‍ ചമയമൊരുക്കണം
ദ്രുതമതിന്‍മേലേക്കരേറി ഞാന്‍ പായണം
കാറ്റിന്റെതനിരുചിയേറ്റുവാങ്ങീടണം
കാക്കുന്ന പ്രണയത്തിനരികിലെത്തീടണം

കടലിന്റെ മടിയിലേക്കെന്നെ നയിക്കുവാന്‍
പുഴകളിലൊന്നിനെ പതിയെ മെരുക്കണം
ഒഴുകേണമങ്ങനെയൊഴുകുന്ന നേരമെന്‍
തനുവിലൂടായിരം ചെറുവഞ്ചി നീങ്ങണം

ഒരുനാളിലെന്നെയെനിയ്ക്കൊരുക്കീടണം
നിറയെ ഫലം തിങ്ങുമൊരു മരമാവണം
കിളിയൊച്ചയെവിടെന്നു പരിതാപമേലാതെ
ധരതന്നഗാധത്തില്‍ ജട പടര്‍ത്തമരണം

സ്വപ്നമൊന്നിന്നിനിജീനിയിടുവിയ്ക്കണം
സംയതവേഗക്കടിഞ്ഞാണയക്കണം
സ്വാസ്ഥ്യമണയ്ക്കുന്ന വളയങ്ങള്‍ മാറ്റണം
സാഹസി, നാളെയിലേയ്ക്കു കുതിക്കണം

മധുഗാനമൊന്നിന്റെ ലഹരിയില്‍ മുഴുകണം
സുഖദമാലാപനശ്രുതിയെന്നില്‍ നിറയണം
അതിനിശ്ചലത്തിലുംഗതികമുദ്ഘോഷിക്കു-
മതുമൂളവേയതിന്നടിമ ഞാ-നുടമയും

(മൂലകവിതയും ഇങ്ക്‌ളീഷ്‌ വിവര്‍ത്തനവും കാണാന്‍ താഴേയുള്ള ലിങ്ക്‌ കാണുക)

http://international.poetryinternationalweb.org/piw_cms/cms/cms_module/index.php?cwolk_id=16420&x=1

Wednesday, September 10, 2008

ജയന്തമഹാപത്രയുടെ കവിതകള്‍(വിവര്‍ത്തനം)









(A summer poem)
ഒരു ഗ്രീഷ്മകാല കവിത

മ്‌ളാനമാം കാറ്‌റിന്റെ
മര്‍മ്മരത്തിനും മേലെയായി
എന്നത്തേതിലും ഉച്ചത്തില്‍
പുരോഹിതന്‍മാരുടെ മന്ത്രോച്ചാരണം.
വായ്‌ തുറക്കുന്ന ഭാരതം.

ജലാശയങ്ങളുടെ അഗാധതയിലേക്ക്‌
ഊളിയിടുന്ന മുതലകള്‍.
സൂര്യനുകീഴെ
തീയിട്ട ചാണകച്ചപ്പില്‍
പുകയുയരുന്ന പ്രഭാതങ്ങള്‍.

പട്ടടകളിലെ അമര്‍ന്ന മുഴക്കം
തെല്ലും തളര്‍ത്താതെ
ഈ നീണ്ട മദ്ധ്യാഹ്നം മുഴുവന്‍
സ്വപ്നത്തില്‍ മുഴുകി
നല്ലവളായ ഭാര്യ
എന്റെ ശയ്യയില്‍.

(The main temple street ,Puri)
പുരിയിലെ പ്രധാന ക്ഷേത്രവീഥി

ഞൊണ്ടികളേയും
ഇണചേരുന്ന ജന്തുസങ്കരങ്ങളേയും നോക്കി
മണ്ണിന്റെ ചെമ്പന്‍നിറമാര്‍ന്ന കുഞ്ഞുങ്ങള്‍
ചിരിച്ചുകോണ്ടേയിരിക്കുന്നു
ആരും അവരെച്ചൊല്ലി വ്യാകുലരല്ല .

അനന്തതാളസൂചകമായി ക്ഷേത്രം.

പൊടിയണിഞ്ഞ തെരുവിന്‌
തൊലിയുരിച്ച കപാലവര്‍ണ്ണം.
എല്ലാം സദാ ചലിക്കുന്നു
എങ്കിലും എപ്പോഴും ഗോചരം.

ചൂടിന്റെ ആലസ്യമാര്‍ന്ന്‌ പരിക്കുകള്‍.

തന്റെ തന്നെ മൌനത്തിന്റെ താങ്ങില്‍തൂങ്ങി
അവികലമായ അധികാരം
ഉദ്ഘോഷിച്ചുകൊണ്ട്‌
ആകാശമുണ്ട്‌,
അവിടെത്തന്നെ.

(Taste for tomorrow)
നാളേയ്ക്കുള്ള രുചി

പുരിയില്‍ കാക്കകള്‍.

ഇടുങ്ങിയതല്ലാത്ത തെരുവ്‌
ഒരു ഭീമന്‍ നാവു പോലെ
അലസം കിടക്കുന്നു.
അഞ്ചു കുഷ്ഠരോഗികള്‍
വൈദികനൊരുവന്‌ വഴിമാറുന്നു.

തെരുവിനറ്‌റം
ക്ഷേത്രവാതില്‍ക്കല്‍ ജനം തിങ്ങി.

ബൃഹത്തായ വിശുദ്ധപുഷ്പമൊന്ന്‌
മഹത്വമേറും ന്യായങ്ങളുടെ കാററിലാടുന്നു.

Tuesday, November 20, 2007

വിത്ത്‌

(വിവര്‍ത്തനം)

(അജിത്‌ പോളക്കുളത്തിന്റെ THE SEED എന്ന കവിത . http://muziriz.blogspot.com/2007/05/blog-post_31.html ഇംഗ്ലീഷില്‍ വായിക്കുക )

നിന്നിലമര്‍ന്ന്‌
നിന്നിലേയ്ക്കാഴ്ന്ന്‌
വിണ്‍കനിവില്‍ നനഞ്ഞും
നീ പകരും ജീവവായു
സുപ്തകോശങ്ങളില്‍ നിറച്ചും
നിന്‍ മൃദുമെയ്യില്‍ പാദം പടര്‍ത്തി
വെളീച്ചം തേടുന്നു

വെളിയട മാറ്റി
നിവരുവാന്‍ ഉയരുവാന്‍
ഈരിലക്കൈ നീട്ടി
ഇടമാകെ നിറയുവാന്‍
ഇളവേറ്റിടാന്‍ കുളിര്‍ തണലാകുവാന്‍
തളിരായി പൂവായി കായായ്‌
കനിയായ്‌ ക്കനിയ്ക്കുള്ളിലൊളിയുന്ന ബീജമായ്‌
തിരികെയെത്തീടുവാന്‍
സമയമെന്ന്‌? ചക്രചലനമെന്ന്‌?

എങ്കിലും..
വെറുതെയോര്‍ക്കു‍ന്നു
വിധിയെഴുത്ത്‌

തലചായ്ച്ച തണലും
പശിതീര്‍ത്ത പഴവും
മറവിയിലടിഞ്ഞേക്കാം
ഇലപ്പച്ചയില്‍ കണ്ണും
തണല്‍ത്തണുവില്‍ കരളും
പഴനീരിനിപ്പില്‍
രസനയും ഉണരുമ്പോള്‍
കാരണബീജത്തെ
ആരോര്‍ക്കുവാന്‍ ..
കനിമധുരമൂറ്റിയോന്‍
കുരുവെറിഞ്ഞകലും
പലമരം തേടും
പുതുരുചികള്‍ നുണയും

പതുപതുത്തീറനാവേണ്ട
വളരേണ്ട, വേണ്ട
ഈ ഇരുളേ സുഖം

ഒരു വിത്ത്‌
നിന്നില്‍ അമര്‍ന്ന്‌
നിന്നിലേക്കാഴ്ന്ന്‌....

Sunday, October 21, 2007

സുന്ദരം ജീവിതം

(വിവര്‍ത്തനം)

(P.S. മനോജ്‌ കുമാര്‍ എഴുതിയ life is beautiful എന്ന കവിതയുടെ വിവര്‍ത്തനം )

തെരുവോരത്തകരച്ചെണ്ടയില്‍
‍അലമുറ.
ബധിരന്റെ കേള്‍വി.

നോവിന്റെ വെയില്‍മിഴികള്‍‍
നോക്കാതെ നിന്നും
നില്‍ക്കാതെ കണ്ടും
വഴിപോക്കര്‍ചുറ്റിനും

ഇരുകോലുകള്‍
‍ഉള്ളിലിടിമുഴക്കം
ഉരുകുന്നുഗിരിതന്‍ വിഷാദം
അലറുന്നു കടലിന്റെ മൗനം
ഇതു തുടര്‍വാഴ്‌വിന്‍നിലക്കാത്ത ചെത്തം

ആകെച്ചുളുങ്ങിചിലമ്പുമീ ചെണ്ടയില്‍
ജീവിത സ്പ്ന്ദമായ്‌
നീ സ്വയം നിറയവേ
കനവിനു വിലങ്ങുമായ്‌കാറ്റൊന്നുവരുമൊ?
കനിവിന്‍ തലോടലായ്‌മഴയുതിരുമോ..
വെയില്‍മായുമോ?
നിലാത്തിരിവെട്ടയണയുമൊ?
മണ്ണിന്റെയുടല്‍ പിളര്‍-
ന്നെല്ലാമൊടൂങ്ങുമൊ?
ഒന്നായ്ച്ചിതറുമോ താരജാലം !

ആളും കാലാപക്കൊടുംതീ
നിലവിളിച്ചെത്തങ്ങള്‍ ,
തേങ്ങലുകള‍ട്ടഹാസങ്ങള്‍
അലര്‍ച്ചകളമര്‍ച്ചകള്‍
‍ഒന്നാകെയൊരുനാള്‍
കീഴ്മേലില്‍ മറിയുമോ
ജീവിതം സുന്ദരമെന്നോ?

ചുവടൂവെയ്പിടറിടാം
വീഥിയില്‍ വീണിടാം
യാത്രയ്ക്കു കൂട്ടിവയുമെന്നോ?
ജീവിതം സുന്ദരമെന്നോ?

നാവിന്നു പഴനീരിനിപ്പുമതിയെന്നോ?
വനികയില്‍ പൂക്കാലം മാത്രമെന്നോ?
വാഴ്‌വതിമോഹനമെന്നോ?
ദു:ഖങ്ങള്‍വാടും ഹൃദയത്തില്‍മാത്രമെന്നോ !

പഥിക മുളപൊട്ടുമീ
കന്യാവിചിന്തനം
തുടരുന്നു പിന്നിലായ്‌
ചെണ്ടതന്‍ നിസ്വനം