Showing posts with label നിരൂപണം. Show all posts
Showing posts with label നിരൂപണം. Show all posts

Wednesday, October 5, 2011

വാഴ്ത്തപ്പെട്ടവളുടെ സുവിശേഷം

ഞങ്ങൾ, സാഹസം ശീലിക്കാത്തവർ
എല്ലാ ആഹ്ളാദങ്ങളിൽ നിന്നും ഭ്രഷ്ടരാക്കപ്പെട്ടവർ
എകാകിതയുടെ തോടിനുള്ളിൽ ചുരുണ്ടുകൂടിയവർ
വിശുദ്ധക്ഷേത്രം വെടിഞ്ഞെത്തിയ പ്രണയം
ദൃശ്യപ്പെടുമ്പോൾ
വിമോചിതരാവുന്നു,
ജീവിതത്തിലേയ്ക്ക്‌
...

(
Touched by An Angel by Maya Angelou)


വാക്കുകളിലൂടെ പരിപൂർണ്ണത നേടാൻ വളരെ ബുദ്ധിമുട്ടുള്ള ഒന്നാണ്‌, പ്രണയത്തിന്റെ സ്ഥലകാലാനുഭവങ്ങളുടെ ആവിഷ്കാരം .പ്രണയത്തിൽ വാക്കുകളേക്കാൾ വിവക്ഷക്കാണു പ്രസക്തി. അതുകൊണ്ടുതന്നെ പ്രണയം പ്രധാന വിഷയമാവുന്ന ദൃശ്യാനുഭവത്തിന്‌ എഴുത്തിനേക്കാള്‍ എളുപ്പത്തിൽ അനുവാചകമനസ്സിലേയ്ക്ക്‌ കയറിച്ചെല്ലാൻ കഴിയും. മണിലാലിന്റെ പ്രണയത്തിൽ ഒരുവൾ വാഴ്ത്തപ്പെടുംവിധം എന്ന ഹ്രസ്വചിത്രം പ്രണയക്കാഴ്ച്ചയുടെ അനുഭവമാണ്‌. പ്രണയത്തിൽ വാഴ്ത്തപ്പെടുന്നവളെ സംബന്ധിച്ചിടത്തോളം വിമോചനമാർഗ്ഗം തന്നെയാവുന്നു പ്രണയം . പക്ഷേ അത് പ്രണയിക്കുന്ന പുരുഷനിൽ നിന്നല്ല , അവളുടെ തന്നെ പ്രണയപരിസരങ്ങളിൽനിന്നാണെന്നും ഈ ചിത്രം പറഞ്ഞുവെയ്ക്കുന്നു‌.
പ്രേമിക്കുന്നവനോട്‌ 'എനിക്കിത്‌ ആദ്യാനുഭവം‌ 'എന്ന്‌ ഏതൊരുപെണ്ണും പറഞ്ഞേക്കാം .ഈ ചിത്രത്തിലെ പെൺകുട്ടിയും അതുതന്നെ പറയുന്നു. അതിൽ പക്ഷേ കാപട്യമില്ല. കാരണം പ്രണയം വന്നുതൊടുന്ന അവസ്ഥയിൽ ഓരോ അനുഭവവും അവള്‍ക്ക് ‌ അങ്ങേയറ്റം പുതിയതാണ്‌. അങ്ങിനെയൊരത്ഥത്തിൽ പ്രണയത്തിന്‌ ആവർത്തനങ്ങളില്ല . കണക്കെടുപ്പുകളും ആവശ്യമില്ല .അടുത്ത നിമിഷം തന്നെ അങ്ങനെയൊന്നില്ലായിരുന്നു എന്നുപോലും തോന്നിയ്ക്കുന്ന കാലത്തിലോ സമയത്തിലോ ആകട്ടെ , പെണ്ണിനെ പെണ്ണാക്കുന്ന ഇന്ദ്രജാലം അതിനുണ്ട്‌. . കാളിദാസന്റെ ഉപമയിലെ ദീപശിഖ പോലെ ഓരോ പ്രണയവും അവളിൽ അന്യാദൃശമായ ചൈതന്യവും പ്രകാശവും നിറയ്ക്കുന്നു. ഓരോന്നിലൂടെയും അവൾ തന്റെ അസ്ഥിത്വത്തിന്‌ സുന്ദരവും അസാധാരണവുമായ ആന്തരാർത്ഥം നൽകുന്നു . ആ നിമിഷങ്ങളിൽ പുഴുവിൽനിന്നു ശലഭമെന്നതുപോലെ അവൾ രൂപാന്തരപ്പെടുന്നു .കൂടുതൽ ചലനാത്മകത അനുവദിക്കുന്ന ആകാശത്തിന്റെ അതിരുകളില്ലായ്മയിലേയ്ക്ക്‌ അവളെത്തന്നെ അവൾ പറത്തിവിടുന്നു . ഒരോ പ്രണയനഷ്ടത്തിലും അഭാവത്തിന്റേയും അകലത്തിന്റേയും അപമാനത്തിന്റേയും തിരസ്കാരത്തിന്റേയും വഴികളിലിഴയുന്നു. വീണ്ടുമെപ്പൊഴോ ഉള്ളിലെ ശൂന്യസ്ഥലികളെ ശബ്ദമുഖരിതമാക്കിക്കൊണ്ട്‌ ആദ്യാനുഭവം പോലെ മറ്റൊരു പ്രണയം അവളെ തൊട്ടുവിളിക്കുന്നു.

`ജനമേജയൻ ,ഡയറക്റ്റ്‌ മാർക്കറ്റിംഗ്‌ എക്സിക്യൂട്ടീവ്‌' എന്നു പരിചയപ്പെടുത്തുന്ന ചെറുപ്പക്കാരന്റേയും `മേയ്ക്‌ മി ബാവുൽ `എന്ന ചാറ്റ് ബോക്സില്‍ പേരുള്ള പെൺകുട്ടിയുടേയും കൊച്ചുവർത്തമാനങ്ങളൂടെ തുടർച്ച തേടുന്ന ചാറ്റ്ജാലകത്തിന്റെ ദൃശ്യനിരയിലാണ്‌ പ്രണയത്തിലെത്തിച്ചേരുന്ന ആദ്യഭാഗം. അതിരുകളില്ലാതെ വികസിതമാകുന്ന സ്ത്രീപ്രണയത്തിന്റെ രണ്ടാം ഘട്ടവും ചേരുമ്പോൾ പ്രണയക്കാഴ്ച്ചയുടേ അനുഭവം പൂർണ്ണമാകുന്നു . പ്രണയത്തിന്റെ സ്ഥലരാശിയിൽ പക്ഷേ സൈബർലോകമില്ല. “അതിരുകളില്ലാത്ത മനുഷ്യപ്രകൃതികൾക്കായി“ സിനിമ സമർപ്പിക്കപ്പെടുന്നു ‌. കൊതുകുവലയ്ക്കുള്ളിലൂടെ വെളിപ്പെടുന്ന പുരുഷൻ. വിശ്രമവും വിനോദവും ഒരുമിച്ച്‌. സംഗീതവും സിനിമയും മദ്യവും ഇന്റെർനെറ്റ്‌ സല്ലാപവും കൂട്ടിന്‌. കട്ടിലിന്റെ ഇത്തിരിച്ചതുരത്തിൽ ഭാഗികമായി മാത്രം പ്രത്യക്ഷപ്പെടുന്ന സ്ത്രീ. ശബ്ദംകൊണ്ടും അറിവുകൊണ്ടും ശരീരചലനങ്ങൾകൊണ്ടും ഒക്കെ അവൾ കേവലമൊരു കൗമാരക്കാരി പെൺകുട്ടി മാത്രമാണ്‌. ഏകാകി. ദൈവഭയമുള്ളവൾ. എന്റെ മറവിക്കുട്ടീ, ബാവുൽ സംഗീതമേ .. എന്ന മട്ടിലുള്ള ജനമേജയന്റെ സംബോധനകൾ നൽകുന്ന കൗതുകക്കാഴ്ച്ചകൾക്കപ്പുറത്തേയ്ക്ക് ക്യാമറയുടെ ക്ളോസപ്ഷോട്ടുകൾ തരുന്ന ചില വിനിമയങ്ങളുണ്ട്. പ്രണയം വന്നുതൊടുന്ന നിമിഷത്തിൽ അവളിലുണ്ടാവുന്ന മാറ്റമാണത്‌ .ഉള്ളിലെ ദ്വന്ദവും പ്രതിസന്ധിയും കുളിരും പനിയുമായി അനുഭവിക്കുന്ന പുനർജ്ജനി നൂണ്‌ പുറത്തെത്തുമ്പോൾ ചിന്തകളിലും രൂപത്തിലും ശബ്ദം കൊണ്ടുപോലും അവളിലെ മാറ്റം നാം അറിയുന്നു. അവൾ പൂർണ്ണയാവുന്നു. സ്ക്രീനിൽ അവൾ പെണ്ണായി, പ്രണയമായി നിറയുന്നു.

പ്രണയമുഹൂർത്തവും പ്രകൃതിയും പൂരകമാകുന്ന ഹരിതാഭമായ ചില കാഴ്ച്ചകളുണ്ട് ‌. സ്ഫടികപ്പാത്രത്തിൽ നിറയുന്ന ജലവും പിന്നീടു പ്രത്യക്ഷപ്പെടുന്ന മത്സ്യവും അകപ്പെടലിന്റെ ഒരു കാഴ്ച്ചയാണ്‌. പാപബോധവും സദാചാരബോധവും ദൈവഭയവും ഒക്കെ പിറകോട്ടുവലിച്ചിട്ടും ചെറുത്തുനില്പ്പിനായി പ്രാർഥനാമന്ത്രങ്ങളെ കൂട്ടുപിടിച്ചിട്ടും പ്രണയത്തിൽ അകപ്പെടുക എന്നത്‌ അവളിലെ സ്ത്രീപ്രകൃതിയുടെ അനിവാര്യതയാകുന്നു. കൗതുകപൂർവ്വം ആ അനുഭവത്തിനുമുന്നിൽ അവൾ കീഴടങ്ങുന്നു. പ്രണയം ഭാരമില്ലായ്മയായി തന്നിൽ അമരുന്നതതറിയുന്ന വേളയിൽ. അവൾക്ക്‌ മുന്നിൽ രണ്ടു വഴികളാണുള്ളത്‌ .ഒഴുക്കില്ലാത്ത ഒരിടത്തിൽ ജീവസ്സില്ലാത്ത എന്തൊക്കെയോ അതിരുകൾ നിർണ്ണയിക്കുന്ന ഒരു പരിസരത്തിൽ , അതു പ്രണയമാണെങ്കിൽപ്പോലും, തളച്ചിടപ്പെടാൻ അവൾ തയ്യാറാകുന്നില്ല. പകരം തന്നിലെ സ്ത്രൈണസമ്പന്നതയുടെ നിബിഡവനങ്ങളിലേക്ക് അതിന്റെ നിത്യഹരിതത്തിലേയ്ക്ക്‌ ,സ്വന്തം പേരടക്കം എല്ലാ ആടയലങ്കാരങ്ങളും വെടിഞ്ഞ്‌ വിമോചനത്തിന്റെ അപാരതയിലേയ്ക്ക്‌ , പക്ഷിച്ചിറകുകൾ വിടര്‍ത്താനാണവൾ തീരുമാനമെടുക്കുന്നത്‌. വിമോചനത്തിന്റെ ആ വഴിയിൽ വഴികാട്ടിയാവേണ്ട പുരുഷൻ എവിടേ നില്ക്കുന്നു എന്നുള്ള ചിന്തയിലേയ്ക്ക് അപ്പോൾ നാമെത്തുന്നു.
പുരുഷാധികാരത്തിന്റെ അതിരുകളെച്ചൊല്ലിയാണ്‌ എല്ലായുദ്ധങ്ങളും. പ്രണയത്തിലും ചർച്ചചെയ്യുന്നത്‌ അതിരുകൾ തന്നെ . അതിരുകളില്ലാതാക്കാൻ ഒരു യുദ്ധത്തിനും കഴിയില്ല. പ്രണയത്തിനല്ലാതെ. കഥകളിലും കവിതകളിലുമൊക്കെ വാഴ്ത്തപ്പെടുന്ന പോലെയല്ല വർത്തമാനകാലപ്രണയം. പുരുഷന്റെ ഭൗതികാഭിവാഞ്ഛ ഒരിക്കലും അതിരുകളില്ല്ലാത്ത പ്രണയമായി വിവര്‍ത്തനം ചെയ്യപ്പെടുന്നില്ല . പലപ്പോഴും പുരുഷാധികാരത്തിന്റേയും, കമ്പോളരാഷ്ട്രീയത്തിന്റേയും പ്രയോജനവാദത്തിന്റേയും ഒക്കെ ഉപോല്പന്നം മാത്രമാണത്‌. അതിരുകളില്ലാത്ത മനുഷ്യപ്രകൃതിയുടേ ചിഹ്നമാകേണ്ടതാണ്‌ പ്രണയം. അവിടെയാണ്‌ പുരുഷൻ വഴിയും വഴികാട്ടിയും ഒക്കെയാവേണ്ടത്‌. ഷേക്സ്പിയറിന്റെ ഗീതകത്തിലേതുപോലെ` a star to every wandering bark . പകരം എനിക്കെന്തുപ്രയോജനം എന്നുചിന്തിക്കുന്നവന്റെ മുന്നിൽ പുതിയകാലത്തിന്റെ സ്ത്രീ കേവലം പേരില്ലാത്തൊരു സൈബർമണവാട്ടിയാകുന്നു. രതിയുടെ ചിഹ്നമായ ചുംബനം അവൾക്കു മനപുരട്ടലുണ്ടാക്കുന്നു. മണ്ണും പൊന്നുംപോലുള്ള ഭൗതികസമ്പദ്ചിഹ്നങ്ങളെ അവൾ പുച്ഛിച്ചുതള്ളുന്നു.പ്രണയത്തിന്റെ കൈക്കുമ്പിളിലെ ഇത്തിരി നിലാവിനുപോലും ചുങ്കം നല്കേണ്ടതുണ്ട്‌ എന്ന്‌ ഓർമ്മിപ്പിക്കുന്നു.ഒരോ പാർപ്പിടത്തിന്റേയും അടിയിൽ മാഞ്ഞുമറഞ്ഞില്ലാതായ ജലാശയങ്ങളുടേ ദു:ഖം അറിയുന്നു. ആഗോളതാപനമോ അധികാരരാഷ്ട്രീയമോ സിനിമയിലെ താരോദയങ്ങളോ സാഹിത്യമോ എന്തുമാവട്ടെ അവയിൽ അവൾ അജ്ഞയോ അതോ അജ്ഞത അഭിനയിക്കുന്നവളോ ആകുന്നു. അതിരുകളിലാത്ത പ്രണയത്തിന്റെ ഉയരങ്ങളിൽ അത്തരം ഒരു കനമില്ലായ്മയിലേയ്ക്ക്‌ അവളെത്തുന്നു.അവൾ വാഴ്ത്തപ്പെട്ടവളാകുന്നു.

പുരുഷകേന്ദ്രീകൃതമായ അധികാരവ്യവസ്ഥയോട്‌ സമരസപ്പെടാൻ കഴിയാത്ത വർത്തമാനകാല പെൺപ്രകൃതിയെ അതിനു ഏറ്റവും അനുയോജ്യമായ സങ്കേതം ഉപയോഗിച്ച്‌ കാണിച്ചുതരുന്നു മണിലാൽ. ആണായി പ്രതീഷും പെണ്ണായി സുരഭിയും അഭിനയിക്കുന്നു. പ്രണയത്തിന്റെ വിചാരസന്നിഭങ്ങളെ ആഴത്തില്‍ ചൂഴ്ന്നു നില്‍ക്കുന്നുണ്ട് ഈ സിനിമ.. പ്രണയത്തില്‍ അടിമുടി മാറുന്ന പെണ്ണിന്റെ ശബ്ദം മോര്‍ഫിംഗിലൂടെ പുതു ശബ്ദത്തിലേക്ക് മാറുന്നത് സിനിമക്ക് പുതിയൊരുമാനം നല്‍കുന്നു. വൈവിധ്യങ്ങളും വൈചിത്ര്യങ്ങളും നിറഞ്ഞ ശബ്ദമിശ്രണവും ക്യാമറയുടേ സമർത്ഥമായ ഉപയോഗവും കൃത്യമായി എഡിറ്റുചെയ്ത ഫ്രെയ്മുകളൂം സിനിമയെ വേറിട്ട അനുഭവമാക്കിമാറ്റുന്നു .

ബാനര്‍ :സജിത ക്രിയേഷന്‍സ്
നിര്‍മ്മാണം: സഞ്ജു മാധവ്
കാമറ : ഷെഹനാദ് ജലാല്‍
എഡിറ്റിംഗ് : ബി.അജിത് കുമാര്‍
സംഗീതം : ചന്ദ്രന്‍ വേയാട്ടുമ്മല്‍
അഭിനയം:സുരഭി,പ്രതീഷ്

Tuesday, September 27, 2011

മുണ്ടൂരിന്റെ വാങ്മയങ്ങള്‍





മുണ്ടൂര് (കഥകള്‍)

മുണ്ടൂര്‍ സേതുമാധവന്‍






'എന്നില്‍ ഭയവും വിസ്മയവും ഉന്മാദവും പ്രത്യാശയും നിറയ്ക്കുന്ന എന്റെ പ്രിയപ്പെട്ട കല്ലടിക്കോടന്‍ മലയ്ക്ക്‌'

ഈ വരികള്‍ ഒരു സമര്‍പ്പണത്തിന്റേതാണ്‌. പതിനെട്ടു കഥകളുടെ സമാഹാരമായ 'മുണ്ടൂര്‍' എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവായ മുണ്ടൂര്‍ സേതുമാധവന്‍ തന്റെ ഈ കൃതി എന്തുകൊണ്ടാണ്‍്‌ കല്ലടിക്കോടന്‍ മല എന്ന നിശ്ചലസാന്നിദ്ധ്യത്തിനു് സമര്‍പ്പിക്കുന്നത്‌ എന്ന സംശയം ഒരു സാധാരണ വായനക്കാരനുണ്ടാവുക സ്വാഭാവികം . സംശയനിവാരണം വരുത്താനായി സമാഹാരത്തിലെ കഥാപ്രകൃതിയിലൂടെ ഏറിയ യാത്രയൊന്നും നടത്തേണ്ടി വരുകില്ല. ഇളംനിലാവിറങ്ങി വരുന്ന ഒരു കുന്നിന്റെ ചിത്രം തെളിയുന്ന ആദ്യകഥയില്‍ത്തന്നെ അങ്ങേയറ്റം സചേതനമായ ഒരു ജൈവഭൂമികയിലേയ്ക്കുള്ള വഴിയില്‍ വായനക്കാരന്‍ എത്തുകയും ഇതു തന്നെയല്ലേ തുടക്കത്തില്‍ പരാമര്‍ശിക്കപ്പെട്ട, കല്ലടിക്കോടന്‍മലയിലേയ്ക്കുള്ള കഥയുടെ നിലാവിറങ്ങുന്ന വായനാവഴി എന്ന തിരിച്ചറിവ്‌ അവനുണ്ടാവുകയും ചെയ്യുന്നു. സേതുമാധവനെന്ന മുണ്ടൂര്‍ക്കാരനായ കഥാകൃത്തിനാകട്ടെ തന്റെ ഹിമാലയം തന്നെയാകുന്നു കല്ലടിക്കോടന്‍ മല .

ഓര്‍മ്മകളില്‍ എന്നോ മരിച്ചെന്നു കരുതിയ ഗ്രാമത്തിലേയ്ക്ക്‌ തിരിച്ചെത്തുന്ന നിമിഷം . കാലമെന്ന കഴായ ചാടാന്‍ ഏറെയൊന്നും ശ്രമപ്പെടേണ്ടിവരുന്നില്ല ഗോപിയ്ക്ക്‌. പുകച്ചില്ലിനപ്പുറത്ത്‌ തെളിയുന്ന അനേകം മുഖങ്ങളില്‍ മറക്കാന്‍ ശ്രമിച്ചവയായിരുന്നു ഏറെ . അമ്മ, പെങ്ങന്മാര്‍, ഏട്ടന്‍ കൂട്ടുകാരി. കാലം വലിച്ചിട്ട ഇല്ലാത്തിരക്കുകളുടേയും അകര്‍മ്മണ്യതയുടെയും മുഖമൂടിയില്‍ നിസ്സഹായന്റെ ഷണ്ഡത്വം പക്ഷേ സമര്‍ത്ഥമായി മറഞ്ഞിരുന്നു. പതിവുവരവിലെ പതിവുവിശേഷം പോലെ അമ്മയുടെ മരണവും ഏട്ടന്റേയും പെങ്ങന്മാരുടെയും പരിദേവനവും മനസ്സിനെ തൊട്ടേയില്ല എന്നു ഭാവിച്ചുകൊണ്ടുള്ള മടക്കയാത്ര. മറവിയുടെ ഏതു നാട്യത്തിനും മേലേ തെളിയുന്ന, തലോടുന്ന ഒന്നായി, അമ്മ ഇപ്പോഴും കൂടെ എന്ന ഭ്രമകല്പനയോടെ അവസാനിക്കുന്ന 'പണ്ടൊരിക്കലി'ല്‍ വെളിപ്പെടുന്നത്‌ നിസ്സഹായതയുടെ മുഖാവരണത്തിനുള്ളിലെ അമര്‍ത്താന്‍ മാത്രം വിധിക്കപ്പെട്ട സ്നേഹത്തിന്റേയും കടപ്പാടിന്റേയുമൊക്കെ ചില കടലിരമ്പങ്ങളേയാണ്‌.

ആരാണു രാമന്‍കുട്ടി? എന്താണയാള്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്‌? പറയാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌? മുണ്ടൂരിലെ രണ്ടാമത്തെ കഥ. രാമന്‍കുട്ടി പറഞ്ഞത്‌. രാമന്‍കുട്ടി ഒരു പ്രതീകമാണ്‌. ഏതൊരു ശരാശരി മനുഷ്യനുമുള്ളില്‍, ജീവിതത്തിലെ ഓരോ കാല്‍വെയ്പിന്നും താളമെന്നപോലെ നിരന്തരം പിറുപിറുക്കുന്ന, കലഹിക്കുന്ന, മുഖം വീര്‍പ്പിക്കുന്ന, ഉപദേശിക്കുന്ന, പിന്‍വിളിക്കുന്ന, വിമര്‍ശിക്കുന്ന ഒരു അപരനുണ്ട്. ഇവിടെ രാമന്‍കുട്ടി ആ മറ്റേയാളാകുന്നു.

ജീവിതത്തിന്റെ വരണ്ട വേനല്‍പ്പാതകള്‍ ആയാസത്തോടെ പിന്നിടുമ്പോഴും നമ്മെ മുന്നോട്ടു നടത്തുന്നത്‌ ചില പ്രത്യാശകളാണ്‌. ഏതോ തിരിവില്‍ കാത്തിരിക്കുന്ന വസന്തം, പിന്നിട്ട വഴികളില്‍ കൈവിട്ടുപോയെന്നു കരുതിയ ചില അപ്രതീക്ഷിതാഹ്ലാദങ്ങള്‍, സൌഭാഗ്യങ്ങള്‍. ബന്ധങ്ങളൊക്കേയും വെയിലില്‍ കരിഞ്ഞുവീഴുന്ന പൂക്കളെപ്പോലെയാണെന്നറിയുമ്പോഴും, ഇനിയൊരു തിരിഞ്ഞുനോട്ടമില്ലെന്ന് ഉള്ളിലുറയ്ക്കുമ്പോഴും, ചിലത് ഓര്‍മ്മകളില്‍ വൈരസ്യം നിറയ്ക്കുന്നവയാണെങ്കില്‍പ്പോലും ചിലതെങ്കിലും അഴിക്കാനാവാത്ത കടുംകെട്ടുകളാണെന്ന തളര്‍ത്തുന്ന തിരിച്ചറിവുകള്‍ തരുന്ന രണ്ടു് കഥകളാണ്‌ ഇടവഴിയിലെ വസന്തവും പുറപ്പാടും .

മനസ്സിനെ വന്നുതൊടുന്ന കഥാതന്തു, ആവിഷ്കാരലാളിത്യം, പുതുമ എന്നിവകൊണ്ടു് മികച്ചു നില്ക്കുന്ന കഥയാണ്‌ ഏട്ടന്‍ വന്നു. സ്നേഹനിധിയായ സഹോദരനെ കാണാനായി കാത്തിരുന്ന സഹോദരിയ്ക്കടുത്തേയ്ക്ക്‌ എത്തുന്നത്‌ ഏട്ടന്റെ ഭാര്യയാണ്‌. വളരെക്കുറച്ചു വരികളിലൂടെ വരച്ചിടുന്ന ഒരു ദുരന്തത്തിന്റെ സൂചന പരിണാമഗുപ്തിയില്‍ തെളിയുമ്പോള്‍ വായനക്കാരനിലേക്കും ഈ കഥയിലെ വിഷാദം പടരുന്നു.

ഇന്നലെയുടെ കലഹങ്ങളും കാലുഷ്യങ്ങളും, നാളെയെക്കുറിച്ചുള്ള ആകുലതകളും വിഹ്വലതകളൂം, ഇന്നിലേയ്ക്ക്‌ പ്രസന്നമായ വെളിച്ചത്തിന്റെ ഒരു കിരണം പോലും പ്രസരിക്കാനില്ലാത്തവിധം നിഴല്‍മൂടിയ ജീവിതപരിസരങ്ങള്‍, ഇതൊക്കെയാണ്‌ മുണ്ടൂരിലെ മിക്കവാറും കഥകളിലും കാണുന്നത്‌. ഈ കൂട്ടത്തില്‍ ചേരാതെ രണ്ടോ മൂന്നോ കഥകളെങ്കിലും പക്ഷേ മാറിനില്ക്കുന്നുമുണ്ട്. നാളെയ്ക്കു നീളുന്ന സ്വപ്നം ആണ്‌ ആദ്യത്തേത്‌ . സ്വത്വസന്നിഗ്ദ്ധതയാണു് വിഷയമെങ്കിലും കൈകാര്യംചെയ്ത രീതിയില്‍ പുതുമ അവകാശപ്പെടാവുന്നതാണ്‌ ഈ കഥ. മറ്റൊരു വേറിട്ട ആവിഷ്കാരമാണ്‌ മുണ്ടൂര്‍ എന്ന കഥ. സൃഷ്ടിയുടെ നോവിന്റെ പൊറുതികേടുകള്‍ - ഭാര്യയില്‍നിന്നും ആദ്യം പകരുന്നത്‌ ഭര്‍ത്താവിലേയ്ക്കുതന്നെ. നിവൃത്തികേടുകളുടെ ഘോഷയാത്രക്കിടയില്‍ അയാള്‍ക്കുനേരെ നീളുന്ന ഉദാരതയുടെ ഹസ്തങ്ങളും നന്മയുടെ സ്പര്‍ശങ്ങളും. കഥാന്ത്യത്തില്‍ വായനക്കാരനും ആശ്വാസത്തിന്റേതായ ഒരു തളര്‍ന്ന നെടുവീര്‍പ്പയക്കാനും ഒന്നു പുഞ്ചിരിക്കാനും വകുപ്പുണ്ട് ഈ കഥയില്‍ .

'രക്ഷിക്കുവാന്‍ കടപ്പെട്ടവനില്‍നിന്നും ഇക്ഷിതിഗര്‍ഭത്തില്‍ രക്ഷ തേടുന്നവള്‍' എന്നു പെണ്ണിനെ പെങ്ങള്‍- എന്ന കവിതയില്‍ ആവിഷ്കരിച്ചത്‌ ഒ. എന്‍. വിയാണ്‌. ഉണ്ണിയാര്‍ച്ച കരയുന്നു എന്ന മുണ്ടൂര്‍ക്കഥയിലെ ഉണ്ണിയാര്‍ച്ചയായവള്‍ കരയുന്നത്‌ അതുപോലെ രക്ഷകനെന്നു വിശ്വസിച്ചവന്റെ വിശ്വരൂപദര്‍ശനത്തിലാണ്‌. പക്ഷേ സീതയെപ്പോലെ ഒഴിഞ്ഞുപോകാനല്ല സ്വയം രക്ഷിക്കുന്ന ഉണ്ണിയാര്‍ച്ചയാവാനാണ്‌ അവള്‍ താല്പര്യപ്പെടുന്നത്‌.

തന്റെ പട്ടിണിയെക്കുറിച്ചോര്‍ക്കാതെ പോളണ്ടിന്റെ ജയാപജയങ്ങളെക്കുറിച്ചു വ്യാകുലപ്പെടുന്ന പാതപ്പണിക്കാരന്‍ രാമാണ്ടി, നമുക്ക്‌ മുണ്ടു മുറുക്കിയുടുക്കാം എന്ന കഥയിലെ ഹരിദാസന്‍മാഷ്‌, സൂര്യ, രാഘവന്‍ കുട്ടി.. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളുടെ നിര നീളുന്നു.

പൊള്ളുന്ന ജീവിതസമസ്യകളൊന്നും കൈകാര്യം ചെയ്യുന്നില്ല, വായനക്കാരന്റെ സംവേദനക്ഷമതയെ വെല്ലുവിളിക്കുന്നില്ല, എന്നാല്‍പ്പോലും പാരമ്പര്യത്തില്‍ നിന്നുള്ള ഒരു മാറിനടത്തം ഈ സമാഹാരത്തില്‍ സൂക്ഷ്മത്തില്‍ തിരിച്ചറിയാന്‍ കഴിയുന്നുണ്ട്‌. ഒപ്പം രചനയിലെ മുണ്ടൂര്‍വല്‍ക്കരണം ഏതാണ്ടു് എല്ലാ കഥകളിലും തന്നെ അനുഭവവേദ്യമാകുന്നുണ്ടു്. പാത്രമനസ്സുകളിലെ കലാപക്കാറ്റ്‌ വായനക്കാരനിലേയ്ക്കു വീശിയെത്തുണ്ടു്. പലപ്പോഴും വര്‍ത്തമാനം അവനവനോടുള്ളതാണെങ്കില്‍പ്പോലും ഇയാള്‍ എന്റെയുള്ളിലുമുണ്ടല്ലോ എന്ന തിരിച്ചറിവ്‌ വായനക്കാരനുണ്ടാവുന്നുണ്ടു്. മുണ്ടൂരും അതിലെ കഥകളൂം നമ്മുടെ തന്നെ കഥയോ നമുക്കുചുറ്റും സംഭവിച്ച സംഭവിച്ചുകൊണ്ടിരിക്കുന്ന കഥകളോ ഒക്കെയായി മാറുന്നുമുണ്ടു്.