Saturday, October 12, 2013

അഴിമുഖം

കൂരിരുട്ടില്ല
വെയിലും നിലാവുമില്ല,
മുകളില്‍
അനുസ്യൂതം ചലിയ്ക്കുന്ന
ഗോളപ്രപഞ്ചത്തിന്റെ
ആകര്‍ഷങ്ങളോ
അപഹാരങ്ങളോ ഇല്ല .

നമുക്ക്
ഓരോ മാത്രയിലും
ഓരോ കാഴ്ചയാവാം
ഓരോ ചേര്‍ച്ചയും
ഓരോ വേലിയേറ്റവും  .

അന്നേരം
ഒന്നിന് പിറകില്‍ ഒന്നായി
തിരകളൊക്കേയും
ലംബദൂരങ്ങള്‍ മാത്രം തേടും
ആലംബമില്ലെന്ന്
തീരത്തേയ്ക്ക്
ഒഴുകിപ്പതയും

അപ്പോഴൊക്കെ നീയും
ഒഴുകിയെത്തുന്നുണ്ടാവും
എന്റെ ഉപ്പില്‍
ഇഴുകി മായുന്നുണ്ടാവും
ഓരോ വരവും
ഓരോ നിനവിന്റെ
കട പുഴക്കുന്നുണ്ടാവും
ഓരോ ആലിംഗനവും
അപ്പോള്‍ തീര്‍ന്നതിനെ
നിര്‍വീര്യമാക്കുന്നുണ്ടാവും

എന്നാലും
നമ്മള്‍ മാത്രം
എന്നേയ്ക്കും ബാക്കിയാവും
ഏറ്റം മാത്രമുള്ള ഇരമ്പങ്ങളായി ,
ഞാനെന്നവളും
ആരവങ്ങളില്ലാത്ത ചേരലുകളായി
നീയെന്നവനും ..