ഇപ്പൊഴിപ്പോഴിടയ്ക്കിടെ
വിളിയ്ക്കും അമ്മിണിക്കുട്ടി
'ചെറ്യോള'ന്നു വിളിപ്പേര്
വലിയോൾ. എന്റെ കൂട്ടവൾ .
തൊടിയിൽ പുളിമാഞ്ചോട്ടിൽ
പച്ചമേഞ്ഞൊരു പന്തലിൽ
പൂമാലയണിയി'ച്ചെന്റെ'-
' പെണ്ണെ'ന്നെന്നെ വരിച്ചവൾ
ഗോട്ടിയുന്നം പിഴക്കാതെ
മുഷ്ടിമേലെറ്റിനോവിച്ചോൾ
കുട്ടിയെ കോലിലാടിച്ചോൾ
നാട്ടനൂഴിച്ചു തോല്പിച്ചോൾ
കല്ലുകൊത്തും പെരുക്കത്തിൽ
കടം കേറ്റി മുടിച്ചവൾ
ഏറുപന്തേറു കൊള്ളിച്ചു
മാറും മെയ്യും മുറിച്ചവൾ
നീന്തുതോട്ടിന്റെ വേലിക്കൽ
നീങ്ങും നിഴലിരുട്ടിനെ
തെറിതേകി നനച്ചിട്ടു
പൊരിവെയ്ലത്തുണക്കിയോൾ
അവളാണെന്റെയമ്മിണി
നിഴൽ പോൽ കൂട്ടിരുന്നവൾ
ചെറിയോളെന്നു പേരെന്നാൽ
വലിയോൾ ; നിഴലന്നു ഞാൻ .
****
കരിമ്പടം ,വെള്ള ,കത്തും -
വിളക്കു സാക്ഷി ,യന്നെന്റെ
തിരണ്ട നെറ്റി ചുംബിക്കേ
കണ്‍നിറച്ചവളമ്മിണി.
(വായനോക്കികൾ ! കാണേണ്ട
വായനശ്ശാല നീയിനി .)
നടന്നു വിയർക്കേണ്ടെന്ന്
ചുമന്നൂ ഗ്രന്ഥമമ്മിണി.
'മോതിരം കൊണ്ടു നാവിന്മേൽ
കൈവിഷം തീണ്ടി പെണ്ണിന് '
എന്നെന്റെ കവിതപ്പേജിൽ
മുഖം പൂഴ്ത്തിയതമ്മിണി.
പരീക്ഷയ്ക്കുറക്കൊഴിഞ്ഞു
പാഠം നോക്കി മടുക്കവേ
രാമുറ്റത്ത് ,നിലാവത്ത്
ചേർത്തിരുത്തിയതമ്മിണി .
'മുടിയിൽ ജടയാണാകെ '
കോതിത്തന്നവളമ്മിണി
'നിറമൊത്തില്ല പൊട്ടെ 'ന്നു
കുത്തിത്തന്നവളമ്മിണി.
****
ഒടുവിൽ കണ്ടതാണന്ന് .
ഒരുക്കം തീർന്നിറങ്ങവേ
തണുത്ത വിരലിൻ തുമ്പാൽ
തലോടീയെന്നെയമ്മിണി.
നടത്തിയുമ്മറത്തേയ്ക്കു
കൈപിടിച്ചു നയിച്ചവൾ
അവളമ്മിണിയന്നെന്നെ
അങ്ങുവച്ചു മറന്നവൾ .
*****
"മമ്മിയ്ക്ക് ഫോണ്‍ കാൾ
ഏതോ അങ്കിളാ
അമ്മിണി എന്ന് !
ചെന്നെടുക്കവേ
പിന്നിൽ പുഞ്ചിരി
"ആരാ ?ബോയ്‌ഫ്രണ്ട് ? അതോ?...."
Ee Ammini katha Kollaallo Teachere!
ReplyDeleteThanks for sharing
Happy Mother's Day
~ Philip Ariel
Thank you
Deleteബാല്യകാലസഖി, അല്ലേ!
ReplyDeleteകവിത അതീവഹൃദ്യമായി
Thanks Ajith ji
Delete