Wednesday, June 6, 2018

തായ്‌ക്കുലം


മുതുമുത്തശ്ശിയെ കണ്ടിട്ടുണ്ട്    

കുറിയ ദേഹം ഇരുണ്ടനിറം

മലർന്നകിടപ്പിൽ

വശങ്ങളിലേക്ക് തൂങ്ങിയ അമ്മിഞ്ഞകൾ

പല്ലുകളുണ്ടായിരുന്നോ

ഓർമ്മയില്ല

ഒരു തിരുവോണത്തന്ന്  മരിച്ചു

അതിനും മുൻപ്

നാലുകെട്ടിന്റെ തെക്കെചായ്പ്പിലെ കുടുസ്സുമുറിയിൽ 

 
മാസങ്ങളോളം കിടന്നു

പ്ലാസ്റ്റിക് കളിമണ്ണിൽ കുഞ്ഞുങ്ങളെന്നപോലെ

ഉറച്ച മലത്തിൽ

ചുമരിലാകെ

വാസനാശില്പങ്ങൾ മെനഞ്ഞു


മുതിർന്ന തായ്ത്തലകളുടെ

എണ്ണൽക്കണക്കിൽ

ആന്റിമാരെന്നല്ല

മുത്തി,മുത്തശ്ശി,അമ്മമ്മ,അമ്മ എന്നിങ്ങനെ

കുട്ടികൾ   കാലങ്ങളായി    വിളി ശീലിച്ചു

അവരുടെ ചാർച്ചാശാഖകളെ

ചെറിയമുത്തി

വലിയമുത്തശ്ശി

കുഞ്ഞമ്മമ്മ

വലിയമ്മ

ചെറിയമ്മ

എന്നിങ്ങനെ

അടയാളമിട്ടു തന്നെ വായിച്ചു.

അതേ വിധത്തിൽ

തന്തവഴിപ്പേരുകളും

സന്ധ്യാനാമപെരുക്കപ്പട്ടിക കണക്ക്

ഞങ്ങൾക്കു പച്ചവെള്ളമായി.



മുത്തിയുടെ മകൾ   മുത്തശ്ശിക്ക്

സ്വന്തം ശബ്ദകോശങ്ങളിലെ ശേഖരം

വളരെ നേരത്തെ തീർന്നുപോയിരിക്കണം

അവർ ആംഗ്യങ്ങളിലൂടെയും

അർത്ഥമില്ലാത്ത (എന്നു ഞങ്ങൾ കരുതിയ)

ചിരിയിലും കരച്ചിലിലും

കോമാളിത്തം എന്നു

മറ്റുള്ളവർ പരിഭാഷിച്ച ഒച്ചകളിലും

ഒടുവിൽ എല്ലാം തോറ്റ്

ദൈവപ്പടങ്ങൾക്കുമുന്നിൽ

നിരന്തരം മാറത്തടിച്ചും

വിനിമയങ്ങൾ നടത്തി

കൈയൂക്കുള്ള ആണുങ്ങളും

വാക്കുകല്ലിച്ച പെണ്ണുങ്ങളും

അവരെ

അമർത്തി നിർത്തി.

ഓരോ അടക്കത്തിനും

അടുക്കളയിൽ പതുങ്ങിച്ചെന്ന്

ഉച്ചിനിറച്ചച്ചെണ്ണ (കട്ടു)പൊത്തി

കുളിക്കടവിലേയ്ക്കുള്ള വേലിചാടി

സ്വന്തം മുൾ നോവുകളെ

സ്നാനം ചെയ്യിച്ചു .

ഒടുവിൽ ഒരൊറ്റച്ചാട്ടത്തിന്

വർത്തമാനത്തിന്റെ വേലികടന്ന ദിവസമാണ്

അവരുടെ
  മകൾ,എന്റെ അമ്മമ്മ

ഇടയ്ക്കിടെ

ചില വിളികൾ കേട്ടുതുടങ്ങുന്നത്.


അക്കാലം

തെക്കോറച്ചായ്പ്പിലെ

മുത്തിയറയിൽ
 
എണ്ണക്കരിപിടിച്ച ഒരു വിളക്കും

ചില്ലിലിട്ട ഒന്നോരണ്ടോ

ശിവകാശിദൈവങ്ങളും

പാർപ്പു തുടങ്ങിയിരുന്നു

ചുമരിലെ കുമ്മായപ്പൂശലിൽ

മുത്തിയുടെ കൈയൊപ്പുകൾ

സൂക്ഷ്മത്തിൽ മാത്രം

നിറപ്പെട്ടു.

ഇടകലർന്ന വാസനകളിൽ

വിളക്കിലെ കരിന്തിരിമണം മുന്തിനിന്നു.


കേൾപ്പോർക്കും
കാണ്മോർക്കും

തന്നോടെന്നുതന്നെ തോന്നും മട്ടിലാണ്,

അമ്മമ്മ

സദാസമയവും 1കൂട്ടം കൂടിത്തുടങ്ങി.

ഏതു മൂലയിൽ നിന്നും

പറമ്പിലും പാടത്തും
 

പുഴയിലും ആകാശത്തുനിന്നും

ദിക്കുകളെട്ടിൽ നിന്നും

ത്രികാലങ്ങളിൽ നിന്നും

പഞ്ചഭൂതങ്ങളിൽ നിന്നും

വിളികളെത്തിക്കൊണ്ടേയിരുന്നു

വിളികൾ ..വിളികൾ...

വിളി കേട്ട്

ചെവിരണ്ടും

മുഷിയാതെ മുഷിഞ്ഞു

കാൽ രണ്ടും

2
ചലിക്കാതെ ചലിച്ചു

ഒടുവിൽ എപ്പോഴോ

വിളിയൊക്കെയും നിലച്ചു

കേൾവി പോയ  അങ്കലാപ്പിൽ അമ്മമ്മയും .


ഇപ്പോൾ

അമ്മയുടെ

ചെറിയ വെളുത്ത മിനുത്ത കാലടികൾ

നിറംപാഞ്ഞു തഴമ്പിക്കാൻ തുടങ്ങുന്നുണ്ട്

വേലിമുള്ളുകൾ ചിലത്

അമ്മയ്ക്കായി മുന പൊഴിക്കുകയും

അമർത്തിയതും

അമർത്താൻ വരുന്നതുമായ

കരുത്തൊച്ചകൾ

അവരിൽ തടഞ്ഞമരുകയും ചെയ്യുന്നുണ്ട്

എന്നാലും

ചില കേൾവിശീലങ്ങളാവണം

ചിലപ്പോൾ മാത്രം 

സംശയിച്ചും ഉറപ്പില്ലാതെയും

ചിലതിലേയ്ക്ക് അവർ തുടരുന്നുണ്ട്


അരൂപി മൂന്നും

 
പിന്നെ

അമ്മ

ഞാൻ.

അവളുമുണ്ട്

എന്റെ മകൾ

വിളികൾക്കിപ്പോൾ ചെവി പൂട്ടുന്നു

അടിയളന്നു തുടങ്ങി

ആയവും ആവൃത്തിയും കൂട്ടി

ആയാസപ്പെടാതെ നടക്കുന്നു

3.'
മുൾവേലി തിളങ്ങുന്നു'



'.
1.
കൂട്ടം കൂടുക-വർത്തമാനം പറയുക
2.
ചലിക്കുക-ക്ഷീണിക്കുക
3.
മുൾവേലി തിളങ്ങുന്നു ബാലാമണിയമ്മയുടെ വിളി എന്ന കവിത

(ദേശാഭിമാനി വാരിക 2018  ജൂൺ  )

 

No comments:

Post a Comment