ജ്യോതിബായ്
പരിയാടത്ത്
കൺകെട്ട്
അന്നും അഖിലാണ്ഡമ്മാൾ
ഉച്ചമയക്കത്തിൽ ഞെട്ടിയുണർന്നു
രാമാ !എൻ കൊഴന്തൈ ...
തണ്ണിയിലെ കുതിച്ചിട്ടയേ
അവർ പൊട്ടിക്കരഞ്ഞു.
**
1തെരുവത്ത് പള്ളിനേർച്ചയന്നു 2വിടിയക്കാലേ
ഗോവിന്ദാപുരം ചെക്പോസ്റ്റിലെ ഇഡ്ഡലിക്കടയിലാണ്
മുപ്പതുകാരനായ അളഗപ്പകൗണ്ടർ
പതിനെട്ടുകാരിയായ അഖിലാണ്ഡമ്മാളെ
ആദ്യം കാണുക
കൊല്ലാകൊല്ലം
അളവിലും വിളഞ്ഞ
കൊള്ളും കടലയൂം മൂട്ട കെട്ടി
സൂഫിത്തങ്ങളുടെ
നേർച്ച കൊള്ളാൻ
മൈലൻമാരെ തെളിച്ച്
പല്ലൻചാത്തനൂർക്ക്
പോകലുണ്ട്.
അതു 3പാട്ടനാർ കാലപ്പതിവ്.
തെരുവത്ത് പള്ളിയിൽ
ആന കുതിരപ്പുറങ്ങളിലും
ആൾച്ചുമടായും വരും
പുതുമണം മാറാത്ത
ഓലവട്ടികളിൽ
മദ് മദ്ക്കനെ വാസനിക്കും
നേർച്ച അപ്പങ്ങൾ.
കൊങ്ങ്നാടൻ കാളവണ്ടികൾ
വാളയാറും മീനാക്ഷിപുരവും
ഗോവിന്ദാപുരവും താണ്ടി
കഞ്ചിക്കോടും കൊഴിഞ്ഞാമ്പാറയൂം
കൊല്ലങ്കോടും കടന്നു
പല്ലൻചാത്തനൂരേയ്ക്ക് വരിയിട്ടൊഴുകും
നെല്ലും പയറും പലവകയും
ആടും കോഴിയുമായി
നേർച്ചപ്പണ്ടങ്ങൾ കുമിയും .
വണ്ടിത്താരയിൽ
കാളക്കുടമണികൾ കിലുങ്ങും.
സൂഫി മുഹമ്മദിൻ്റെ ഊന്നു വടിയിൽ
കിളർന്ന കാഞ്ഞിരത്തിലകൾ
അന്നേയ്ക്കൊരുനാൾ മാത്രം ഇനിക്കും.
അപ്പം പങ്കിട്ട്
4പൂമണ്ണും മണവും
പ്രസാദമായി രുചിച്ചും
കാളന്മാരെ തീറ്റിച്ചും
അടുത്ത വിളവിനു മുമ്പുള്ള
വയലിൻ്റെ പങ്ക് കിഴി കെട്ടിയെടുത്തും
അവർ നിറവിൽ മടങ്ങും.
അന്ന്
തിരികെ വണ്ടി കെട്ടിയ നേരം
കാളൻമാർക്ക് 5കാലാറാൻ നിർത്തി
വെളളം കാട്ടുമ്പോൾ
കൌണ്ടർ
അഖിലാണ്ഡത്തെ ഒന്നുകൂടി കണ്ടു.
തുണിത്തട്ടിലെ ചൂട് ഇഡ്ഡലികൾ
ചുറുചുറുക്കിൽ അടർത്തിയിടുമ്പോൾ
സാമോവറിൻ്റെ കനൽ വെട്ടം
അവളുടെ മൂക്കത്തിയിൽ തട്ടിച്ചിന്നി.
ഇഡ്ഡലിയുടെ ആവിമണം
ഇറുകെ മെടഞ്ഞ മുടിയിലെ മുല്ലമണം
സന്ധ്യയുടെ അകിൽ മണം
പൊള്ളാച്ചിക്ക് അവളെ
പൊണ്ടാട്ടിയായി കൂടെ കൂട്ടാൻ
ആ നിമിഷത്തിൽ ആശ മുറ്റി.
**
പുള്ള പെറാ വാഴ്വിന്റെ
പുളിച്ചു വറ്റിയ പതിനാല്
നേർച്ച വീടലുകൾ പറന്നു പോയി.
ഒടുവിലത്തെ വട്ടം മടങ്ങുമ്പോൾ
കച്ചേരിപ്പടിക്കലെ 6കിളിജോസിയം
കട്ടായം പറഞ്ഞു.
" വടക്ക് വടക്കൂരിലെ
പള്ളിമേൽകോയിൽ7ചെലൈ
കൺമുഴിച്ച് പാത്തിര്ക്കാര്
കുമ്പിട്ങ്കെ
കൂടവേ വന്തിടപ്പോറാര് !
"
വടക്ക് വെളിയൂരെത്തി
കോയിൽ 8വേണ്ടുതലൊക്കെയും
കച്ചിതമായ് തീര്ത്ത്
മടങ്ങുമ്പോൾ
പിള്ളക്കൈവിരൽത്തുമ്പത്ത്
ഒരു പിള്ളക്കൈ തൊട്ടെന്ന് തോന്നി അളഗപ്പന്
തിരികെ
തീവണ്ടിയിൽ
അഖിലാണ്ഡമ്മാൾക്ക്
കരുമാടി മയങ്ങും മട്ട് മടിത്തട്ട് കനത്തു
അവനാകട്ടെ
അവരുടെ കണ്ണ് കെട്ടി
കാറ്റാടിപ്പാടങ്ങൾക്കിടയിൽ
മണ്ണട്ടയായി ഒളിഞ്ഞു
കൊക്കർണികളുടെ നീലിമയിലേക്ക്
വലിയൊരു മീനായി ഊളിയിട്ടു മറഞ്ഞു
കലവറയിലെ പണിയാരച്ചട്ടി പൂച്ചയായി തട്ടിയിട്ടും
കെട്ടഴിഞ്ഞ പൈക്കിടാവായി പാൽ മൊത്തം കട്ടുകുടിച്ചും
എരുതിനു ജോഡിയായി ചക്കിനു ചുറ്റും കറങ്ങിയും
അഖിലാണ്ഡത്തിൻ്റെ ഉച്ചമയക്കങ്ങളെ മുറിച്ചു.
ആ തൈമാസത്തിൽ
പൗർണ്ണമിത്തലേന്നാൾ
കരിമ്പും കമ്പും കടലയുമായി
നേർച്ചക്കാളവണ്ടി
അകിടിൽ റാന്തലും കുടമണിയും കെട്ടി
ഉരുണ്ടു തുടങ്ങുമ്പോൾ
ഒരു ഞൊടി
അളഗപ്പനും തോന്നി
വണ്ടിക്കൈയിൽ തൻ്റെ ചൂടുപറ്റി
അവനിരുപ്പുണ്ടെന്ന്
വഴിയിലങ്ങോളം
വാതോരാതെ അവൻ്റെ പാട്ട് കേട്ട്
മയങ്ങുകയായിരുന്നു അഖിലാണ്ഡമ്മാൾ .
എൻ കൊഴന്തൈ...
എൻ കണ്ണ്....
എൻ രാശാ....
എന്നൊക്കെ അവൾ പിറുപിറുത്തു
കാളത്താരയിൽ വഴി നടത്തുമ്പോൾ
ചൂട്ടനു മേൽ കൈകുത്തി മറിഞ്ഞ്
തങ്ങളിൻ്റെ മഖ്ബറയും
നേർച്ചക്കൂമ്പാരങ്ങളും
അപ്പച്ചുമടുകളും താണ്ടി
പള്ളിയ്ക്കകത്തേക്ക്
എന്തോ മറഞ്ഞത്
അവസാന നോട്ടത്തിൽ
അഖിലാണ്ഡം കണ്ടു.
**
തൈമാസ പൗർണ്ണമി
മൂത്തും പഴുത്തും
നിലാവ് പെയ്ത ആ രാത്രിയിൽ
കൊങ്ങു വഴിയിലൂടെ
തിരികെ നിശ്ശബ്ദം
തുഴഞ്ഞ
വണ്ടിയിൽ
യാത്രികർ ആരുമുണ്ടായിരുന്നില്ല.
1 സൂഫി മുഹമ്മദിൻ്റെ മഖ്ബറയിലെ അപ്പം നേർച്ച. കൃഷിയിടങ്ങളി ൽ നല്ല വിളവി നും വളർത്തുമൃഗങ്ങളുടെ രോഗശാന്തിക്കും സന്താനലാഭത്തിനും നാനാജാതി മതസ്ഥർ ഇവിടെ വന്ന് പ്രാർത്ഥിക്കാറുണ്ട്. 2 . വെളുപ്പാൻകാലത്ത് 3 അപ്പനപ്പൂപ്പന്മാർ 4. പള്ളിയിലെ പ്രസാദം 'ചീരണി' എന്നു കൂടി അറിയപ്പെടുന്ന മണ്ണ് ആണ് കൃഷിസ്ഥലങ്ങളിൽ സമൃദ്ധിക്കായി ഇത് വിതറാറുണ്ട്. 5 .വിശ്രമിക്കാൻ 6. പക്ഷിശാസ്ത്രം 7. വിഗ്രഹം
8. വഴിപാട്