Saturday, October 15, 2022

ഇരിമ്പകത്തിൻ്റെ വിത്തുകൾ


നിനച്ചിരിക്കാതെ നഗരത്തിൽ 

പിന്നെയും കലാപം പൊട്ടി


കാലം തെറ്റി മഴ കോരിച്ചൊരിഞ്ഞ 

വൈകുന്നേരമായിരുന്നു

അപ്പോൾമാത്രം തോർന്ന തെരുവിൽ 

കാനകൾ കവിഞ്ഞൊഴുക്ക്  അവസാനിപ്പിക്കുകയും 

വീശിയടിച്ച കാറ്റിൽ 

അതിരിലെ ഇരിമ്പകം

അതിൻ്റെ കുഞ്ഞുപപ്പടക്കായ്‌കളെ 

പറത്തിവിടാനാരംഭിക്കുകയും ചെയ്തു

നനഞ്ഞ ചിറകുകൾ അടർത്തി

കുതിർന്ന വിത്തുകൾ സ്വാദോടെ ചവച്ച്

കുഞ്ഞുങ്ങൾ  ഒളിച്ചുകളി തുടങ്ങിയിരുന്നു 


അപ്പോഴാണ്  

ആദ്യത്തെ വെടിയൊച്ച ഉണ്ടായത്


നരച്ച കെട്ടിടങ്ങളുടെ 

ചാഞ്ഞ നിഴലുകളിൽ നിന്നകന്ന്

തെരുവിലെ ഒരേയൊരു ഡിസ്പെൻസറി

രാത്രിയുടെ മുന്നിരുട്ടിൽ വഴി തെറ്റിയ

പകച്ച യാത്രികനെ ഓർമിപ്പിച്ചു


നിലവിളികൾ, പരക്കംപാച്ചിലുകൾ , പുലഭ്യം, പ്രാക്ക്

എല്ലാം പതിവുപോലെ.


ധൃതിയിൽ സാക്ഷയിട്ട വാതിലിനു പിന്നിൽ

മരുന്നുകളുടെ  രൂക്ഷഗന്ധത്തിനു മേൽ

വൃദ്ധയായ പരിചാരിക

ഒടുക്കത്തെ ജന്നലും ചേർത്തടച്ചു

വയസ്സൻ അപ്പോത്തിക്കിരി

പരിശോധനാ മുറിയിൽ 

മഗരിബിന് പായ നിവർത്തി.


വൃദ്ധയാവട്ടെ 

ഏതു നേരവും മുഴങ്ങിയേക്കാവുന്ന

വിളിമണിയ്ക്ക് ചെവിയോർത്ത് 

എന്തൊക്കെയോ ഉരുവിട്ടുകൊണ്ട് 

ഉമ്മറത്തേക്കും   മുറിയ്ക്കകത്തേക്കും

പ്രാഞ്ചിത്തുഴഞ്ഞു..

ഒരു വേള  

വാതിൽപ്പൊളി  അല്പം തുറന്ന് 

തെരുവിലേയ്ക്കവർ പാളിനോക്കി.


തൊട്ടടുത്ത് ഉയർന്നകന്ന

കൂവിവിളിയ്‌ക്കൊപ്പം  

ഇരച്ചെത്തിയ ഒരു കാറ്റ് 

അവരേയും തട്ടിമറിച്ച് 

അകത്തേയ്ക്ക് കടന്നതും

ഒരു മോങ്ങലിൻെറ അകമ്പടിയോടെ

ഒട്ടും കനമില്ലാത്ത ഒന്നിനെ

തിടുക്കത്തിൽ 

കയറ്റുകട്ടിലിൽ നിക്ഷേപിച്ചതും

അതേ നേരത്തായിരുന്നു 


മങ്ങിയ ഇരുട്ടിൽ 

മുറിവേറ്റ ഏതോ ഓമനമൃഗം എന്ന്  

തൊട്ടറിഞ്ഞ  ശരീരത്തെ  ശാസിച്ചടക്കി

ജനാല ചൂണ്ടി വെപ്രാളത്തോടെ

ഡോക്ടർ മുരണ്ടു -'  തുറക്ക് ,തുറക്കാൻ....'


പാതി മാത്രം  തുറന്ന ജന്നൽ 

അകത്തിട്ട

നരച്ച വെളിച്ചത്തിൽ

കട്ടിലിൽ

അബോധത്തിൽ ഞെട്ടിത്തുറക്കുന്ന കാൽവണ്ണകൾ.

കീറിയ സൽവാറിൻ്റെ   ചരടഴിക്കാൻ ബദ്ധപ്പെടുന്ന 

വിറവിരലുകൾ 

ശ്വാസം വിലങ്ങിയ

അയാളുടെ വയസ്സൻകണ്ണുകൾ 

തുറിച്ചുന്തി. 


തെരുവിന്

അനക്കം വെച്ചുതുടങ്ങിയിരുന്നു 

സുബഹിവാങ്കിനൊപ്പം  

 പപ്പടക്കായ്‌കൾ

പരിശോധനാമുറിയിലേക്കും 

പറന്നെത്താൻ തുടങ്ങിയിരുന്നു


*  ഇരിമ്പകം elm tree 

വായനകൾ ഒഴിയാബാധകൾ ആവും ചിലപ്പോൾ. വായിച്ചു തുടരണമെങ്കിൽ അവയെ എഴുതിയൊഴിക്കണം എന്ന അവസ്ഥയിലേക്ക് എത്തും. അങ്ങനെ ഒരു വായനയാണ് ഈ എഴുത്തിന് ആധാരം. Wtplive ൽ പ്രസിദ്ധീകരിച്ചതാണ്    . ഒരു കൊല്ലത്തിൻ്റെ ഇടവേളയിൽ എഴുതിയത്. ഒരു രാത്രിയിൽ സാദത്ത് ഹസൻ മന്റോയുടെ  കഥയിലെ' ഖോൽ ദോ'  എന്ന താക്കോൽ വാക്കുകളിൽ ഒലിച്ചുപോയ ഞാൻ  പിറ്റേന്ന് രാവിലെ അടിഞ്ഞത് ഈ തീരത്തായിരുന്നു.  നാവിലപ്പോൾ കുട്ടിക്കാലത്തിൻ്റെ കാറ്റുമുറ്റത്ത് നിറയെ പറന്നിറങ്ങുന്ന പപ്പടക്കായയുടെ രുചി ബാക്കി നിൽക്കുന്നുണ്ടായിരുന്നു

No comments:

Post a Comment