Sunday, October 24, 2021

ശലഭപ്പൊടിപ്പും ശ്മശാനപ്പാതയും


 ശലഭപ്പൊടിപ്പും ശ്മശാനപ്പാതയും 

ഇടയ്ക്ക്

ചാരിയ വാതിലിടയിലൂടെ

ചില  നിശ്ശബ്ദനടത്തങ്ങളിലേക്ക്

അമ്മ കാണാതെ

കുട്ടി കണ്ണയക്കാറുണ്ട്.

ഉമ്മറപ്പാതവഴിയിലൂടെ പടിഞ്ഞാട്ട് പോവുന്നവ.

അടിയളന്നു മാത്രം നീങ്ങുന്ന മൗനങ്ങളാണവ.

ഒരു മഞ്ചൽ

തുഴയുന്ന പോലെ . 

അതിനു മുന്നിൽ

നിറയെ കൊതുമ്പും തെങ്ങോലയും

കീറിയടുക്കിയ വിറകുമായി

ഒരു വണ്ടി മുടന്തുന്നപോലെ

കാളകൾ ,വണ്ടിക്കാരൻ

അവരും  അത്രമേൽ മൗനികൾ .

 

വണ്ടി അമ്മയ്ക്കുള്ള സൂചനയാണ്

അമ്മയപ്പോൾ കുട്ടിയെ ഇടനാഴിയിലാക്കി വാതിൽ ചാരും

കോലായിൽ ചെന്ന് നിശ്ശബ്ദം കാക്കും

അപ്പോഴാണ് അവർ കടന്നുപോവുക.

കുട്ടിക്ക്  നിശ്ശബ്ദത അസഹ്യമായിരുന്നു.

കുട്ടി പുറകിലെ തൊടിയിലേയ്ക്ക് ഓടും

പിന്നേയും കുറച്ചായാൽ

അസഹ്യമായൊരു ഗന്ധം പരക്കും

കുട്ടി ചെണ്ടുമല്ലി  പറിച്ച കൈ മണത്തു നിൽക്കും 

മുകളിലേയ്ക്കുയരുന്ന കറുത്ത ചുരുൾപ്പുകയിൽ

രൂപങ്ങൾ മെനഞ്ഞു രസിക്കും

"ഇവിടെ നിന്നു പോയാൽ മതിയായിരുന്നു"

പിറുപിറുത്ത്  അമ്മ

ജനലുകൾ അടക്കാൻ തുടങ്ങും

അപ്പോൾ മാത്രം കുട്ടി അകത്തില്ല എന്ന്

അമ്മയ്ക്ക് ദേഷ്യം വരും.

 

ആ വഴിയിലെ അവസാനത്തെ വീടാണത്

ശ്മശാനം അടുത്ത്

അതിനാൽ വാടക കുറഞ്ഞത്.

 

കുട്ടിയുടെ ഏട്ടന് എന്തൊക്കെ അറിയാമെന്നോ!

കുട്ടിക്ക് അസൂയ തോന്നും

എത്ര കൂട്ടുകാരാണ്!

അവധി ദിവസങ്ങളിൽ

പടിഞ്ഞാറേ വഴി

പോവാറുണ്ടത്രേ

"അവന്റെ പോക്കത്ര ശരിയല്ല"

 അമ്മ  അച്ഛനോട് .

പിശുക്കനാണ് ഏട്ടൻ

കാണാൻ തരാതെ

പൂട്ടിവെയ്ക്കുന്ന

എന്തോരം ചിത്രപുസ്തകങ്ങൾ !

ഏട്ടന്റെ ചുമരലമാരയുടെ നമ്പർപൂട്ട്

കുട്ടിക്ക് എത്തിപ്പിടിക്കാനാവാത്ത

സംഖ്യകളിൽ

 എന്നും  വഴങ്ങാതെ നിന്നു .

 

മഴയത്ത് കിളച്ചിടുന്ന തെങ്ങിൻ തടങ്ങൾ .

പുല്ലാനിത്തൂപ്പും ശീമക്കൊന്നയും.

കുട്ടിക്ക് ഇഷ്ടമുള്ള മണങ്ങളാണൊക്കെയും

വരുന്നോ ?

നാറ്റപ്പൂച്ചെടിക്കാട്ടിൽ

എപ്പഴും പൂക്കുന്ന മുല്ലമണങ്ങൾ

തീച്ചുവപ്പുള്ള  കാട്ടുപൂക്കൾ

പല നിറത്തിൽ

വേലിപ്പൂവുകൾ ,തെററികൾ

എന്തൊക്കെത്തരം  പക്ഷികൾ

മുയലുകൾ, മയിലുകൾ

എന്തു ഭംഗിയാണെന്നോ!

ഏട്ടൻ കുട്ടിയെ കൊതിപ്പിക്കും.

 

"പുല്ലാനിപ്പൊന്തയിലൊക്കെ  അപ്പടി

വെഷത്താന്മാരാ കുഞ്ഞീ

സൂക്ഷിക്കണം"

മുറ്റമടിക്കുന്ന പാറുവമ്മ .

 

പടിഞ്ഞാറ്റു വഴി   കുട്ടിക്ക്    വിലക്കിയത്.

സ്കൂളും ഒരേയൊരു ചങ്ങാതിയുടെ വീടും

അമ്പലം ,ആശുപത്രിയും ഒക്കെ

എതിർ ദിശയിലേയ്ക്കാണല്ലോ

**

വഴിയിൽ

വേലികളിൽ ഉച്ചയ്ക്കും

നീലൂരിപ്പൂക്കൾ വാസനിച്ചു

നീലൂരിപ്പഴം തിന്നു വയലറ്റ് ആയ നാവുനീട്ടി

കുട്ടി  ഏട്ടന്റെ കൂട്ടുകാരെ  പേടിപ്പിച്ചു.

ഇറുങ്ങനെ പൂത്ത മുല്ലയും

തീച്ചുവപ്പൻ കാട്ടു പൂവും തെറ്റിയും

കയ്യെത്തിപ്പറിച്ചു.

കമ്യൂണിസ്റ്റ് പച്ച  തിരുമ്മി നാറ്റി നോക്കി .

ചെമ്മണ്ണ് ചുമപ്പിച്ച കുട്ടിയുടെ ദേഹമാസകലം

ഇക്കിളിയിട്ട് ഏട്ടനും കൂട്ടുകാരും  ചിരിച്ചു.

 

പുല്ലാനിപ്പടർപ്പിനടുത്ത്

മണ്ണിൽ പടിഞ്ഞിരുന്ന് 

ഇപ്പോൾ ഒരു കുട്ടി

പൂക്കൾ കോർക്കുന്നു

തലേന്നു പഠിച്ച ആംഗ്യപ്പാട്ട്

ആംഗ്യങ്ങളില്ലാതെ പാടി നോക്കുന്നു.

പൊന്തയിൽ നിന്ന്

നിവരുന്ന പത്തിയോടെ

ചില ഇഴച്ചിലുകൾ

പുറത്തേക്ക് നീളുന്നത്

കുട്ടി കാണുന്നേയില്ല.

കുട്ടിയ്ക്കപ്പോൾ ശീമക്കൊന്ന വാസനിച്ചു

അറ്റം  പിരിഞ്ഞ വയലറ്റ്  നാവുകൾ

കുട്ടിയെ തൊട്ടുഴിയുന്നത്

കുട്ടി അറിയുന്നേയില്ല

നഴ്സറി റൈമിന്റെ ലഹരിയിലാണ്  കുട്ടി .

പുഴു പുമ്പാററയാവുന്ന ഒരു പാട്ടാണ് അത്.

 

ചെമ്മണ്ണിൽ കുളിച്ച പുഴു

"പുഴു ജന്മത്തെ പാടേ മറന്ന പൂമ്പാറ്റ"

എന്നു പരിണമിച്ച

 ഒരു കുട്ടിപ്പാട്ട്.


Thursday, September 16, 2021

വിർച്വൽ

 അസഹിഷ്ണുതേ, വന്നെൻ

പുലരിച്ചായക്കപ്പിൽ

ചവർക്കും വാക്കാൽ  നിന്റെ

വിഷം നീ തുളിച്ചല്ലോ

സുഹൃത്താണെന്നോ നീയെ-

ന്നടുത്താളെന്നോ! കൊള്ളാം

ഇറക്കാൻ നിന്നെ? കച്ചു,

തുപ്പണം; വയ്യെങ്കിലും.

 

 

Monday, August 30, 2021

ഏകീഭവിക്കിലും 'ബഹു'വായിരിക്കുന്ന 

 ഏകീഭവിക്കിലും  'ബഹു'വായിരിക്കുന്നപൊതുവെന്നു പലതുള്ള

 ഒരുമകൾ പലതുള്ള

 ഒരു ദിശയിൽ നീളു -

 ന്നനാദിയന്തങ്ങൾ

 സമാന്തരങ്ങൾ

 സംഗമം എങ്ങെന്ന

 സങ്കടങ്ങൾ

 

 കടലാസ്സുചതുരത്തി-

 നതിരിൻ പുറത്തേക്ക്

 അകലക്രമങ്ങൾ

 ചരിവുകൾ ശരിപോലെ

 തുടരുമെങ്കിൽ  വരകൾ

 അവിടെവിടെയോ

 കണ്ടു ചേരുമെന്നും

 ജ്യാമിതീഗണിതങ്ങൾ

 പൊളിയല്ലയെന്നും

 വരയാൻ പഠിച്ചു തുടങ്ങുന്ന

 ദൈവക്കിടാങ്ങളോടിന്നലെ

 (പതിവു നുണ) പിന്നേയു -

 മുരുവിട്ടതാണു  ഞാൻ

 

 ആവർത്തനങ്ങൾ ബലം ചേർക്കു-

 മൗഷധച്ചേരുവകൾ പോലെന്ന്

 അങ്ങനന്തത്തിൽ

 നമുക്കുമായൊരു ബിന്ദു

 മിന്നി നിൽപ്പെന്ന് 

 നേരായി മാറുമെല്ലാമെന്നു

 കേവലം മായപ്രതീക്ഷകൾ

 ഊതിപ്പെരുപ്പിച്ച്

 നാമിരിക്കുന്നൊരേ

 ജാലകച്ചതുരത്തിൽ

 

വന്നു തുരുമ്പു കയ്യേറുന്നതിൻ   മുൻപ്‌

 ഒന്നൊരു വണ്ടി കുതിച്ചു കൂകിപ്പാഞ്ഞു

 നമ്മളെ ബന്ധിച്ചു പോയേക്കുമെ-

 ന്നൊരു സംഭവ്യമുള്ളിൽ

 കെടാതെയൊളിപ്പിച്ച്

 എങ്കിലും

 മുന്നോട്ടു നീളുന്നു

 തെറ്റാതളന്നു നാം

 അന്തരം പാലിച്ചു

 പോരുന്നു പിന്നെയും  

 സമമേ....

 ഇല്ലെന്നു ഭാവിക്കയല്ലോ

 വ്യസനങ്ങൾ

 അല്ല നിരാശകൾ !

 

 

 


ഋതുപാകം

  

കാലമറിയാതെ ,

പെയ്തതെല്ലാം കുടിച്ചു ചീർത്ത

ഒരു പെരും പോക്കാച്ചി

നീണ്ടുനിവർന്നും

കമഴ്ന്നുമലർന്നും

അക്ഷമം

ഉറക്കമില്ലായ്മ പോക്കുന്നു .

 

ചടവുള്ള മുഖം നിറയെ

ആലസ്യത്തിന്റെ കോട്ടുവാച്ചിരിയണിഞ്ഞ്

ആദ്യം ഇളംവെയിലെത്തുന്നു

ചെറുചൂടിന്റെ

സ്നേഹകം തേച്ചു തിരുമ്മി നിൽക്കുന്നു

പിന്നാലെ

പച്ചയുടെ പര്യായങ്ങൾ ഒക്കെയും

തെറുത്തുകൂട്ടി

ഇലക്കിഴി മുറുക്കി

പാട്ടും മൂളി

വസന്തമെത്തുന്നു

മേദിനിപ്പരപ്പാകെ

അവളുടെ

വിരലടക്കങ്ങൾ

പടരുന്നു

 

വലിഞ്ഞ നീരിടങ്ങളിൽ

വിരുന്നെത്തുന്നു

വണ്ടുകൾ ,പൂമ്പാറ്റകൾ, തേനീച്ചകൾ