Sunday, October 21, 2007

പിന്നെയും രാധ


അറിയാതെ ആത്മാവിലുണരുമേകാന്തത-
ക്കറിയുന്നതില്ല ഞാന്‍ വിടചൊല്‍വതെങ്ങിനെ!
പിരിയാത്ത നിഴലുകള്‍ പ്രണയാര്‍ദ്രമോര്‍മ്മകള്‍
ഒടുവില്‍ കരിഞ്ഞു പോം വിഫലപ്രതീക്ഷകള്‍ .

കാട്ടിലൂടെ കാറ്റുപാടുന്നുവോ കാത്തു -
കാതോര്‍ത്തിരിയ്ക്കുമെന്‍ കാതര ഗീതിക
കഥകളറിയും കാടുമിന്നു ചൊല്ലുന്നുവോ
അറിയുകീ കാത്തിരിപ്പര്‍ത്ഥശൂന്യം
കളിയായി കണ്‍ചിമ്മി നോക്കുന്ന താരകള്‍
പറയുന്നുവോ, 'രാധേ വരികില്ലവന്‍'
അകലെയെങ്ങോ ഗഗന വീഥിയില്‍ പുളയുമാ-
ച്ചിരി, (മിന്നലതുതന്നെ ചൊല്‍കയാണോ !)

പ്രിയനെ അറിയും രാധയെന്നൊരാ സങ്കല്‍പ്പം
പഴയൊരു നുണക്കഥ പ്രിയതരമതെങ്കിലും
അകലെ അടവിക്കുള്ളിലിളമുള മൂളവെ
മനമിന്നൊരശ്വമായ്‌ ചുരമാന്തിയുണരുന്നു .
അതിനെയടക്കുവാന്‍, അതിനെത്തളയ്ക്കുവാന്‍
അറിവെന്നും പറയുന്നു, ഹൃദയം വിലക്കുന്നു.

അവനിയിലിവള്‍ക്കു തണലേകുന്ന തരുവവന്‍
അവനില്ലയെങ്കിലീ രാധയില്ല.
അകമാകെ നീറ്റുമീയേകാന്തതക്കു ഞാന്‍
അറിയുന്നതില്ലിന്നു വിട ചൊല്‍വതെങ്ങനെ!

14 comments:

 1. ജ്യോതി...

  നന്നായിരിക്കുന്നു...കവിത

  നല്ല ചിട്ടയുള്ള വരികള്‍...കവിതക്ക്‌ ഭംഗികൂട്ടുന്നു...
  കാട്ടിലൂടെ കാറ്റുപാടുന്നുവോ
  കാത്തു കാതോര്‍ത്തിരിയ്ക്കുമെന്‍
  കാതര ഗീതിക
  കഥകളറിയും
  കാടുമിന്നു ചൊല്ലുന്നുവോ
  ...ഇവിടെ വാകുകള്‍ കാകരത്തില്‍ കൊണ്ടു വരാന്‍ ശ്രമം നടത്തിയോ എന്നൊരു സംശയം...
  കാട്ടിലൂടെ കാറ്റ്‌ പാടുന്നുവോ...എന്ത്‌..??
  പിന്നെ കാതോര്‍ത്തിരിക്കുന്നു....പാട്ടിനാണോ...
  അങ്ങിനെയെങ്കില്‍ പിന്നെ എന്തിന്നു കാട്‌ വീണ്ടും ചൊല്ലുന്നു എന്ന സംശയം മനസ്സില്‍ തോന്നി....
  അറിവില്ലാത്തവനാണ്‌....ഒരു സംശയം മാത്രം...
  ഇങ്ങിനെയും ചൊല്ലാമോ...

  ഇളംകാട്ടിലെ തെന്നലിന്‍ ഗീതം
  കാതോര്‍ത്തിരിക്കുമെന്‍ ....കാതര ഗീതികേ..
  കഥകളറിയും കാടുമതേറ്റു പാടുന്നുവോ...
  .......ഒന്നും അറിയില്ല എന്നാലും എന്തെങ്കിലുമൊക്കെ വിളിച്ചു പറയും ...അതാ ഈ മന്‍സൂരിന്റെ ഒരു കുഴപ്പം


  നന്‍മകള്‍ നേരുന്നു

  ReplyDelete
 2. കുഴപ്പമില്ല മന്‍സൂര്‍, പറയുന്നു എന്നതു തന്നെ വലിയ ഒരു കാര്യമല്ലെ . എതാണ്ട്‌ 15 വര്‍ഷം മുന്‍പെഴുതിയ കവിതയാണിത്‌. ഒരു വിധ editing ഉം ഇല്ലാതെയാണ്‌ പോസ്റ്റ്‌ ചെയ്തതും.
  കവിത വായിക്കുന്നതും വ്യാഖ്യാനിക്കുന്നതും വായനക്കാരനാണ്‌ . അതുകൊണ്ട്‌ താങ്കളുടെ സംശയത്തിനുള്ള മറുപടി മറ്റൊരുവായനക്കരന്റെ പിന്‍കുറിപ്പില്‍ കാണുമെന്നു പ്രത്യാശിക്കുന്നു.

  ReplyDelete
 3. പതിനഞ്ചു വര്‍ഷം ഉറങ്ങിക്കിടന്ന ഒരു കവിത - എന്തായാലും അത്‌ അതിന്റെ ലാളിത്വവും സൗന്ദര്യവും പക്വതയും വെളിവാക്കുമല്ലൊ. നന്നായി.

  ReplyDelete
 4. കാട്ടിലൂടെ കാറ്റുപാടുന്നുവോ കാത്തു -
  കാതോര്‍ത്തിരിയ്ക്കുമെന്‍ കാതര ഗീതിക
  കഥകളറിയും കാടുമിന്നു ചൊല്ലുന്നുവോ
  അറിയുകീ കാത്തിരിപ്പര്‍ത്ഥശൂന്യം

  മന്‍സൂര്‍,
  കാട്ടിലൂടെ കാറ്റ് താന്‍ കാതോര്‍ത്തിരിക്കുന്ന, പ്രതീക്ഷിക്കുന്ന പാട്ട് പാടുന്നതായി തോന്നുകയാണിവിടെ...കഥകളറിയാവുന്ന കാട് ചൊല്ലുന്നത് വ്യര്‍ഥമായ കാത്തിരിപ്പിനെ കുറിച്ചാണ്...ഇവിടെ കാറ്റും കാടും രണ്‍ട് വശത്താണ്..അതിനാല്‍ ഈ വരികളില്‍ അപാകത തോന്നിയില്ല....ഇതൊക്കെ എന്റെ മന്ദബുദ്ധിയിലെ തോന്നലുകള്‍...

  ഇങ്ങിനെയാണോ ചേച്ചീ..?

  ReplyDelete
 5. വിടചൊല്ലിയകലാ‍ന്‍ കൊതിക്കുന്നതെന്തിനീ-
  തളിരിളം മുളയിതു കാണ്മതില്ലെ?
  ഒരുവേള കാത്തിരിക്കില്ലെ, പ്രതീക്ഷകളൊ-
  രുമുളം തണ്ടായണിഞ്ഞൊരുങ്ങാന്‍ ?

  അനുഭൂതിയേകുന്നൊരാത്മഹര്‍ഷങ്ങളാ
  മുളയിലൂടെന്നുമൊഴുകിയെത്താം
  അതുകേട്ടുകോരിത്തരിച്ചു നീ പാടിയാല-
  കതാരിലിവനാത്മസൌഖ്യമെന്നും!!

  ക്ഷമിക്കണെ..ടീച്ചറെ.. ഒരു കുസൃതി..ശിശുവല്ലെ,ക്ഷമിക്കുക.

  ReplyDelete
 6. raadhakku milmayil joli kitty .
  krishnan kuzhalvittu thannimonthi .
  vrunthaavanathile kongannigopikal
  anjanam kaalindiyil kalakki !

  ReplyDelete
 7. ജ്യോതിച്ചേച്ചീ,

  കവിത നന്നായിരിക്കുന്നു... ഈ രാധയ്ക്കും അനുഭവവേദ്യമാണല്ലോ, ഏകാന്തത..!

  വരികളില്‍ ഒരു അപാകതയും തോന്നിയില്ല.. "കാത്തുകാതോര്‍ത്തിരിക്കുന്ന എന്റെ കാതരഗീതികള്‍ കാറ്റ്‌ പാടുന്നുവോ...? എന്റെ കഥകളെല്ലാമറിയുന്ന കാട്‌,' ഈ കാത്തിരിപ്പ്‌ അര്‍ഥശൂന്യ'മെന്നെന്നോടു ചൊല്ലുന്നുവോ..? " --- ഇവിടെ ഒരു സംശയം വരേണ്ട കാര്യമില്ല, ലളിതമായാണല്ലോ പറഞ്ഞു വെച്ചിരിക്കുന്നതു തന്നെ...

  ഞാന്‍ മനസ്സിലാക്കിയതില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തണേ ചേച്ചീ...!

  ReplyDelete
 8. നന്ദി . പദ്മ, ഷംസ്‌,ശിശു,ശ്രീകുമാര്‍നും ,സൂ പിന്നെ മന്‍സൂറിനും ആദിത്യനാഥിനും. പദ്മ, അതു ശരിയാണ്‌. നന്ദി

  ReplyDelete
 9. Jyothi Teacher,

  "അകലെയെങ്ങോ ഗഗന വീഥിയില്‍ പുളയുമാ-
  ച്ചിരി, (മിന്നലതുതന്നെ ചൊല്‍കയാണോ !)"

  കവിത ഇഷ്ടമായി, ഒരുപാട്‌.. കണ്ടില്ലായിരുന്നു ആദ്യം, ഇപ്പോള്‍ പറഞ്ഞുകേട്ടറിഞ്ഞു, കണ്ടു, ആസ്വദിച്ചു..

  പതിനഞ്ചുവര്‍ഷം മുന്നത്തെ "പിരിയാത്ത നിഴലുകള്‍ പ്രണയാര്‍ദ്രമോര്‍മ്മകള്‍...." ഇനിയും മയിപ്പീലിത്തുറുപോലെ ടീച്ചറുടെ നോട്ടുപുസ്തകത്തില്‍ ഉറങ്ങിക്കിടപ്പുണ്ടെങ്കില്‍ പോരട്ടെ, ഞങ്ങള്‍ ചിലരൊക്കെ ഇവിടെ നോക്കിയിരിപ്പുണ്ട്‌ വായിക്കാന്‍...!

  ReplyDelete
 10. ഞങ്ങടെ ജ്യൊതിസ്സാണെന്ന് ധരിച്ചു.വന്നപ്പോഴല്ലെ...ഇപ്പോള്‍ പാതിരാത്രിയായി.വായിക്കാന്‍ കണ്ണ് മുഴുവന്‍ തുറക്കുന്നില്ല.വരാം.നല്ല രാത്രി നേരുന്നു.മണിലാല്‍

  ReplyDelete
 11. ഏകാന്തതയ്ക്കു വിടചൊല്ലാന്‍ പ്രണയാര്‍ദ്ര ഓര്‍മ്മകളെ കൂട്ടുപിടിയ്ക്കുന്നു.പ്രതീക്ഷകള്‍ വിഫലമാകുന്നു.ചുരമാന്തിയുണരുന്ന ആശ്വത്തെ അടക്കാന്‍ അറിവ് [വിവേകം]പറയുന്നു.വിചാരം അവനിയലവള്‍ക്ക് തണലാകുന്നു.
  ചേച്ചീ ..അതീവഹൃദ്യം !

  ReplyDelete