Saturday, September 14, 2019

പാർത്തിടം



ആകെത്തിരക്കിട്ടു

പായും വഴിയിത്,

ആളുകൾ ,വണ്ടികൾ.

 

പൂട്ടിയ ഗേറ്റാണ്.

താക്കോൽ തുലഞ്ഞെന്നു

താഴിൽ തുരുമ്പുണ്ട്.

 

കേറുന്നതെങ്ങനെ

എന്നു വിഷണ്ണിച്ചു

പാതയിൽ നിൽപ്പാണ്.

 

വെള്ളകൾ പൊള്ളിയ

വന്മതിൽ ചുറ്റിനും

വിണ്ടു നിൽക്കുന്നുണ്ട്.

 

മുറ്റം പരത്തുന്നു

പത്രങ്ങൾ ,ജീർണ്ണങ്ങൾ

പച്ച -പഴുപ്പുകൾ.

 

കത്തുപെട്ടിക്കുള്ളിൽ

മഞ്ഞിച്ച തുണ്ടുകൾ,

മൺകൂട് ,വേട്ടാളൻ.

 

ചായവും കാലവും

ചാലിച്ചു തീർത്തുള്ള

കോലങ്ങളിൽ ചുമർ.

 

ഒറ്റയ്ക്കൊരാണിയിൽ

മാഞ്ഞേതോ ലിഖിതം,

തൂങ്ങുന്ന ഫലകം .

 

ആരായിരുന്നതിൽ?

ഏതെഴുത്ത്? പേര്?

എന്തായിരുന്നു ഞാൻ?

 

ദൂരേയ്ക്ക് ദൂരേയ്ക്കൊ

രാറും കടത്തിയു-

പേക്ഷിച്ച നായ്ക്കുട്ടി

വീടിൻ മണം പിടി

ച്ചെത്തിയെൻ പ്രജ്ഞയിൽ

വാലാട്ടി നിൽക്കുന്നു.

 

വീടോർമ്മ തീരുന്നു

വെറുതെ നോക്കുന്നു.

വഴിയൊടുങ്ങുന്നു.

 

(ദേശാഭിമാനി വാരിക)


(ദേശാഭിമാനി ഓണപ്പതിപ്പ് 2019)

1 comment: