Wednesday, February 10, 2021

പറപ്പ്


പറപ്പ്

പണ്ടൊരു കൊയ്യക്കാരൻ

വന്നെടുക്കുവാനെന്നെ

മറന്നേ പൊയ്പോയവൻ.

 

വീണിടം കിടപ്പാണ്

കയ്യാലപ്പുറമാണ്

ഒഴിഞ്ഞ പറമ്പാണ്

 

വിളഞ്ഞകാലം  

താങ്ങും ഇലക്കൈയ്യുകൾ

ചേർക്കും ഞെട്ടിന്റെ

വായ്പ്പും ,പൊട്ടിച്ചടർന്നു

ഭാരം സർവം മറന്നു മെല്ലെ

പറന്നുയരാൻ തോന്നീ

(മണ്ണിൽ വീഴുമെന്നോർത്തേയില്ല)

 

ഒരുനാളൊരാൾ 

വന്നു തൊട്ടതേയുള്ളൂ

ചിറകുണ്ടെന്നേ തോന്നീ

പറന്നുയരാനാഞ്ഞൂ

പതിച്ചതിരിൽ

കയ്യാലയിൽ .

 

ഉണങ്ങിച്ചുരുങ്ങെന്നു

വരയുണ്ടാകാം  പിന്നെ

പ്പെറുക്കാൻ വന്നില്ലാരും

 

കാറു കൂടുന്നു മേലേ

നനഞ്ഞ കാറ്റ് ,ലേശം

ഇരുണ്ടു വരുന്നുണ്ട്.

അകത്തെയീർപ്പം 

വലിഞ്ഞൂറുന്നു

മധുരങ്ങൾ.

 

പടരുന്നുണ്ട്

കുഞ്ഞു വേരുകൾ

കൂമ്പിപ്പൊങ്ങുന്നു 

തളിരില.

വന്നു വീണേടം പിളർ-

ന്നൊഴിഞ്ഞു മാറുന്നുണ്ട്

മണ്ണിലേയ്ക്കുറപ്പിക്കാൻ

നൂറുകാൽ നീളുന്നുണ്ട്.

 

അതിരിന്നിരുപാടും

മരങ്ങൾ ,അടിക്കാട്

ഇടയിൽ പതുങ്ങുന്നോ

വിഷജന്തുക്കൾ,ഭയം.

 

ഒരു കൂമ്പിലത്തണ്ട്

വെറുമോരൊറ്റാം തടി

വായു ,ശൂന്യങ്ങൾ തുളച്ചേറെ-

യങ്ങുയരേയ്ക്ക്

പോകുന്നു

പറക്കുന്നു!

 

മുകളിൽ

തുറസ്സുകൾ

തെളിയും വെളിച്ചങ്ങൾ

ഇലപ്പീലികൾ മെല്ലെ 

നിവരുന്നുണ്ട്

അതേ!!!

പറക്കുന്നുണ്ട്.!


(മാതൃഭൂമിവാരിക

(മാതൃഭൂമിവാരിക ഏപ്രിൽ 2021 ) 

No comments:

Post a Comment