Wednesday, August 4, 2021

വെച്ചുമാറുന്ന പെൺ ജീവിതങ്ങൾ

 ( മനോരമയിലെ രാമായണ സന്ദേശം എന്ന കോളത്തിനു വേണ്ടിയാണ് ഇങ്ങനെ ഒന്നെഴുതാൻ മുതിർന്നത്.  സ്ഥല പരിമിതിയാൽ എഡിറ്റിംഗ് കഴിഞ്ഞ് ഒരു ചെറിയ ഭാഗമാണ് പ്രസിദ്ധീകരിച്ചു വന്നത്. യഥാർത്ഥത്തിൽ   പറയാനുദ്ദേശിച്ചത് അതിൽ പൂർണ്ണമായും വന്നില്ല എന്നതുകൊണ്ടാണ് ഈ കുറിപ്പ് ഇവിടെ ചേർക്കുന്നത്)


 


രാമയണകഥയുടെ അടിസ്ഥാന ആഖ്യാനം   നമ്മൾക്ക് വാൽമീകിരാമായണമാണ്  . ഈ കഥ ഭാഷാന്തരങ്ങളിലും ദേശാന്തരങ്ങളിലും കാലാന്തരത്തിലും പലതരത്തിലുള്ള ആഖ്യാനദേദങ്ങൾ വഹിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ വളരെ ഗഹനവുമായ പഠനങ്ങൾക്കും വ്യഖ്യാനങ്ങൾക്കും പാഠ നിർമ്മിതികൾക്കും ഈ കഥ കാരണമാകുന്നുണ്ട് .   വിവിധ കഥാ സന്ദർഭങ്ങൾ അതു പറഞ്ഞുപോകുന്ന സമൂഹങ്ങൾക്കും പ്രദേശങ്ങൾക്കുമനുസരിച്ച് പരിണാമവിധേയമാകുന്ന അനുഭവമാണ് പൊതുവേ കാണുന്നത്. കഥപറച്ചിലിലെ  ഇത്തരം വ്യതിയാനങ്ങളായിരിക്കണം അനവധി രാമായണങ്ങൾ ഉണ്ടാവാൻ കാരണവും. എല്ലാം വായിക്കാൻ ആയില്ലെങ്കിലും മലയാള കവിതയിലെ രാമായണങ്ങളിൽ രാമചരിതം മുതൽ അദ്ധ്യാത്മരാമായണം വരെയും വാൽമീകി രാമായണ ഭാഗങ്ങളോടൊപ്പം കമ്പരാമായണത്തിൽ നിന്നുള്ള ചില സന്ദർഭങ്ങളും വായിക്കാനായതിനെ മുൻനിർത്തി   നായകൻ - പ്രതിനായകൻ എന്ന പോലെ ഒരു നായിക പ്രതിനായിക ദ്വന്ദം ഉണ്ടോ രാമായണത്തിൽ എന്ന ഒരന്വേഷണത്തിനു ശ്രമം നടത്തിയതിലെ ചില നിരീക്ഷണങ്ങൾ പങ്കു വെയ്ക്കാം.  


ഈ വെവ്വേറെ രാമായണങ്ങളിൽ സീതയുടെ പാത്രനിർമ്മിതി ഏറെക്കുറെ സാമ്യപ്പെട്ടിരിക്കുന്നുവെങ്കിലും  മണ്ഡോദരി ഇവയോരോന്നിലും പെരുമാറ്റത്തിൽ വ്യത്യസ്തയായി കാണപ്പെടുന്നുണ്ട്.  വാൽമീകിരാമായണത്തിൽ കവി സൗന്ദര്യത്തിൽ  മണ്ഡോദരിയെ സീതയോട് സദൃശപ്പെടുത്തുന്ന ഒരു ശ്ലോകമുണ്ട്. (സുന്ദരകാണ്ഡം ശ്ലോകം 53)രാവണന്റെ അന്തപ്പുരത്തിൽ ഉറങ്ങിക്കിടക്കുന്ന സുന്ദരിയായ മണ്ഡോദരിയെ ക്കണ്ട് ഹനുമാൻ സീതയാണ് എന്നുറപ്പിച്ച് സന്തോഷിക്കുന്നതാണത്. ഗുണഭദ്രന്റെ ഉത്തരപുരാണത്തിൽ  മണ്ഡോദരിയെക്കുറിച്ചുള്ള ഒരു കഥയിൽ സീതയുടെ അഗ്നിശുദ്ധിപരീക്ഷണം പോലെ  മണ്ഡോദരിയുടെ അനുഭവത്തിനുള്ള ഒരു സാമ്യം ഫാദർ കാമിൽ ബുൽക്കേയുടെ രാമകഥ പറയുന്നുണ്ട്. ജാരസംസർഗ്ഗ ദോഷം ആരോപിച്ച് രാവണൻ മണ്ഡോദരിക്കുവേണ്ടിയും ശുദ്ധി പരീക്ഷയ്ക്കായി അഗ്നി ജ്വലിപ്പിച്ചു എന്നാണ് അത്.  


സൗന്ദര്യം, പാതിവ്രത്യം ഇതിലൊക്കെയും സീതയ്ക്കൊപ്പമാണ് താനെന്ന അഭിമാനത്തോടൊപ്പം പദവികൊണ്ടും ധനം കൊണ്ടും   സീതയിലും എത്രയയോ ഉയർന്നവളാണെന്ന അഹംബോധവും മണ്ഡോദരിക്കുണ്ടായിരുന്നു. അതേസമയം സീതയെ പുണ്യചരിതയെന്ന് മനസ്സുകൊണ്ട് മണ്ഡോദരി നമിക്കുന്നുമുണ്ട്. ഗുണമ്പൂർണ്ണയും ദേവീഭാവമുള്ളവളുമായ സീതയിൽ നിന്ന് മണ്ഡോദരി പിന്നെങ്ങനെയാണ് വ്യത്യസ്തയാവുന്നത്. ?ഭർത്താവിന്റെ യാതൊരു വിധത്തിലുള്ള ദുഷ് ചെയ്തികൾക്കും കൂട്ടുനില്ക്കാതെ അപഥത്തിലാണ് സഞ്ചാരം എന്നു തോന്നുന്ന മാത്രയിൽ    നീക്കങ്ങളിലെല്ലാം  മുന്നറിയിപ്പു കൊടുത്ത്  തിരുത്താൻ ശ്രമിച്ച്  അതു കൂടിയാണ്    ശരിയായ പത്നീധർമം എന്ന് വിശ്വസിക്കുന്നവളാണ് ഏതാണ്ട് എല്ലായിടത്തും. എങ്കിലും  സീതയെ ഭർത്താവിനായി പാട്ടിലാക്കാൻ ശ്രമിക്കുന്ന മണ്ഡോദരിയെയും ,ശൂർപ്പണഖ എന്ന ഭർതൃ സഹോദരിയിൽ  തന്റെ വൈധവ്യത്തിന്റെ കാരണം ആരോപിക്കുന്ന മണ്ഡോദരിയെയും  ചില  രാമായണങ്ങളിൽ വായിച്ചിട്ടുണ്ട് . തന്നെത്തന്നെയും തന്റെ  മക്കളേയും കുരുതികൊടുത്ത രാവണനോടുള്ള ക്രോധം ,ഭർത്തൃമതി ആയി ജീവിച്ച കാലത്തെ സൗഭാഗ്യങ്ങളെ ച്ചൊല്ലിയുള്ള നഷ്ടബോധം  സീതയോടു തോന്നുന്ന അലിവും, മതിപ്പും ഉള്ളപ്പോൾ തന്നെ തനിക്കുപ്പെട്ടതെല്ലാം സീതയ്ക്ക് ഇരട്ടിയായി തിരിച്ചു കിട്ടുന്നുവല്ലോ എന്ന അസൂയ കലർന്ന സങ്കടം ഇതൊക്കെ പ്രകടിപ്പിക്കുന്ന ഒരു സാധാരണ സ്ത്രീ മാത്രമാകുന്നു രാവണവധത്തിൽ വിലപിക്കുന്ന മണ്ഡോദരി. 


വാൽമീകിയും കണ്ണശ്ശനും കോവളം കവികളും എഴുത്തച്ഛനുമൊക്കെ വളരെ വിശദമായി വർണ്ണിച്ച മണ്ഡോദരീ വിലാപം എന്ന രാമായണഭാഗം വളരെ ചുരുക്കിയും എന്നാൽ ഒരു പെണ്ണ് മറ്റൊരു പെണ്ണിനോട് എങ്ങനെയാണ് ദു:ഖസന്ദർഭങ്ങളിൽ സാത്മ്യപ്പെടുന്നത് എന്നു കാണിക്കും വിധവുമാണ്  രാമചരിതകാരൻ ചീരാമകവി യുദ്ധകാണ്ഡം നൂറ്റിയാറാം പടലത്തിൽ പതിനൊന്നോളം പാട്ടുകളിൽ മണ്ഡോദരിയെ എഴുതിയിരിക്കുന്നത്. . 

എനിക്കിനി ഞാനുള്ളനാൾ മുറയേയിരാമനെയും പിരിഞ്ഞിന്നകരിൽ

തനിച്ചിരുന്നെവ്വണ്ണം മൈതിലി മാൽ തരത്തിതിതിർക്കുമുൻ തന്നളവും

കനത്തമനത്തനളായ് നിന്നുടൻ കഴിന്തനനാളടിയേനെങ്ങനേ

ഇനിപ്പമിരിന്തതതായ് ന്തതവൾക്കിരണ്ടുമെമ്മിൽപ്പകർന്നോമിരിവോം

 പകർന്നിതു കോലങ്ങൾ ചീലങ്ങളും പരമ്പരമായിനിയെങ്ങളിലെ 

വകന്തുതവൾക്കിതമായുള്ളവേ വളർന്തു വളർന്തു വരും പരിചേ

അകമ്മിയമായൊരു പുണ്ണിയഞാന വണ്ണമിയറ്റവല്ലായികയാൽ

തികന്തുതെനിക്കിതമായുള്ളതും തിറംകിളരും വിതിയൻ വിതിയാൽ -


(രാമനെയും പിരിഞ്ഞു സീത തനിച്ച്  ഈ നഗരത്തിൽ എത്രമേൽ ദുഃഖം അനുഭവിച്ചോ അത്രമേൽ കനത്ത ദു:ഖം തന്നെ ഇനി എനിക്കും. നിന്റെ കൂടെ കഴിഞ്ഞ് ഞാൻ സന്തോഷിച്ച ആ നാളുകൾ ഇനി അവളുടേതാവുന്നു . രണ്ടു പേരും പരസ്പരം വെച്ചു മാറുന്നു .കോലങ്ങളും ശീലങ്ങളുംഒക്കെയും ഞങ്ങൾ തമ്മിൽ എന്നേയ്ക്കുമായിവെച്ചു മാറുന്നു. അഗമ്യയായ ആ പുണ്യവതിയ്ക്ക് അവളുടെ പ്രിയപ്പെട്ടതെല്ലാം വീണ്ടും പെരുകി  വരുമ്പോൾ എനിയ്ക്ക് വിധി വൈപരീത്യം കൊണ്ട് വന്നു ഭവിച്ച വല്ലായയ്കയിൽ എന്റെ പ്രിയങ്ങളൊക്കെയും  ഒടുങ്ങിയുമിരിക്കുന്നു. )

നായികയും  പ്രതിനായികയും ആണുങ്ങളുടെ  അഹന്താ വിനോദങ്ങളിൽ ഇങ്ങനെ എന്നും തമ്മിൽ വെച്ചു മാറുന്ന പദവികളാണ്. ആത്യന്തികമായി ദുഃഖാനുഭവങ്ങളുടെ തീച്ചൂളകളിൽ ഉരുകിയെത്തിയവരാണ് ഐശ്വര്യം തിരിച്ച പിടിക്കുന്നവർ പോലും . യുദ്ധങ്ങൾ അവ ധർമ്മയുദ്ധങ്ങളാണെന്ന പ്രതീതി തരുമ്പോഴും നഷ്ടം അനുഭവിക്കുന്നത്. ഇതിലൊന്നും നേരിട്ടിട പെടാതെ യിരിക്കുന്ന സ്ത്രീകളടക്കുള്ള  നിർദ്ദോഷികളുമാണ്. ഇതിഹാസങ്ങളിലും പുരാണങ്ങളിലും വിവരിക്കുന്ന യുദ്ധങ്ങളുടെ കഥകൾ നൽകുന്ന സന്ദേശങ്ങൾ ഇതും കൂടിയാവണം.

(മലയാള മനോരമയിലെ രാമായണ സന്ദേശം എന്ന കോളത്തിനു വേണ്ടിയാണ് ഇങ്ങനെ ഒന്നെഴുതാൻ മുതിർന്നത്.  സ്ഥല പരിമിതിയാൽ എഡിറ്റിംഗ് കഴിഞ്ഞ് ഒരു ചെറിയ ഭാഗമാണ് പ്രസിദ്ധീകരിച്ചു വന്നത്. യഥാർത്ഥത്തിൽ   പറയാനുദ്ദേശിച്ചത് അതിൽ പൂർണ്ണമായും വന്നില്ല എന്നതുകൊണ്ടാണ് ഈ കുറിപ്പ് ഇവിടെ ചേർക്കുന്നത്)


വരയ്ക്ക് : പ്രസന്ന ആര്യനോട് കടപ്പാട്

No comments:

Post a Comment