Showing posts with label പുസ്തകം. Show all posts
Showing posts with label പുസ്തകം. Show all posts

Saturday, September 12, 2015

കെ വി മോഹൻകുമാർ -പ്രണയത്തിന്റെ മൂന്നാം കണ്ണ്


രു കാലത്ത് ഇന്ത്യയിലും ഇപ്പോൾ ചില ഏഷ്യൻ   രാജ്യങ്ങളിലും വളരെ പ്രചാരത്തിലുള്ള മതമാണ്‌ ബുദ്ധമതമെങ്കിലും   ബുദ്ധിസ്റ്റ് ആശയങ്ങളെ പിൻ പറ്റിയുള്ള കൃതികൾ  ഇന്ത്യൻ ഭാഷകളിൽ  കുറവാണ്. അവയിൽത്ത ന്നെ ഹെർമൻ ഹെസ്സെയുടെ 'സിദ്ധാർത്ഥ'  പോലുള്ള   കൃതികൾ മാത്രമേ വളരെ പ്രാമുഖ്യം നേടിയവയുള്ളൂ.   മലയാളത്തിൽ പ്രത്യേകിച്ച് ബുദ്ധമാർഗ്ഗത്തിന്റെ ആശയങ്ങളെ സ്വാംശീകരിച്ചുള്ള   സർഗ്ഗാത്മകരചനകൾ ഇനിയും വളരെ കുറവാണ് .അത്തരത്തിൽ നോക്കുമ്പോൾ  'പ്രണയത്തിന്റെ മൂന്നാം കണ്ണ്എന്ന  ഈ നോവൽ ആ വഴിയിലെ  ഒരു അപൂർവശ്രമം എന്ന നിലയിൽ  പ്രസക്തമാവുന്നു. .നോവലിസ്റ്റ് കെ വി മോഹൻകുമാറിന്റെ  പ്രയത്നം ആ അർത്ഥത്തിൽ സാർത്ഥകം  തന്നെ
സ്വത്വസന്ദേഹങ്ങൾ ,ലക്ഷ്യ-മാരഗ്ഗങ്ങളെക്കുറിച്ചുള്ള ബോധ്യ-ധ്യാനക്കുറവുകൾ ജീവിതത്തിന്റെ നിരർർത്ഥകതയെ  ചൂണ്ടിയുള്ള അകക്കലമ്പലുകൾ അസ്തിത്വത്തെ ചൊല്ലിയുള്ള  ആകുലതകൾ ഇവയിലൂടെയാണ്   പലപ്പോഴും സന്ദേഹിയുടെ ജീവിതം പുലരുന്നത്. കേവലം ഇന്ദ്രിയഗോചരമായ നേർപ്രകൃതിയുടെ മനോമോഹനങ്ങളായ വെളിപ്പെടലുകളിൽ മാത്രം അഭിരമിയ്ക്കുന്ന  ജീവന് ജനിച്ചു ജീവിച്ചു മരിയ്ക്കുക എന്ന നിയോഗം മാത്രമേയുള്ളൂ . ചേതനാപൂർണ്ണമായ   ഓരോ  ജീവകോശത്തിന്റെയും പൊരുളറിയാനും  അചേതനം   എന്ന് കരുതുന്ന ഓരോ കണികയുടേയും ഉൾക്കമ്പനങ്ങൾ  തിരിച്ചറിയാനുമുള്ള അന്വേഷണത്വരയും അതിനുള്ള ആത്മീയശക്തിയും ചിന്താശേഷിയും  ഉള്ളവനാണ് യഥാർത്ഥ സന്യാസി. .അന്വേഷണത്തിന്റെ   പാതകൾ വിഭിന്നങ്ങളാണെന്നു വരികിലും  അന്വേഷികളുടെയെല്ലാം  ലക്‌ഷ്യം ഒന്നുതന്നെ.

മോക്ഷംനിർവാണം  ഇവയിലേയ്ക്കെത്താനുള്ള     മാരഗ്ഗങ്ങളിൽ ബുദ്ധമതത്തിന്റെ  ത്രിവിധയാനങ്ങളിൽ ഏറ്റവും കുറച്ചു പ്രചാരത്തിലിരുന്നതും  മതബോധനങ്ങളുടെ  കഠിനമായ  നിഷ്ഠകൾക്കും  ചര്യകൾക്കും അപ്പുറത്ത്  കേവലനിർവചനങ്ങൾക്കു   വഴങ്ങാൻ കൂട്ടാക്കാത്തവയും  എന്നാൽ   ഓരോ കാൽവെയ്പ്പിലും സദാ കൂടെത്തന്നെയുണ്ട്  എന്ന് നാം അറിയുന്നതുമായ ചില  ജീവിതസമസ്യകളെ വിശകലനം  ചെയ്യുന്നതുമായ വജ്രയാനപരികല്പനകളെ  പിൻപറ്റിയാണ്‌ പ്രധാനമായും നോവൽ മുന്നോട്ടു നീങ്ങുന്നത്‌.
അതുകൊണ്ടുതന്നെ   മതപ്രചരണം എന്നതല്ല  ഈ കൃതിയുടെ രചനാലക്ഷ്യം    എന്ന് വ്യകതമാവുന്നു. ആമുഖത്തിൽ  നോവലിസ്റ്റ് തന്നെ പറഞ്ഞിട്ടുള്ളത് പോലെ ബുദ്ധിസവുമായി ബന്ധപ്പെട്ട  ഒരു കഥാതന്തു ,പ്രത്യേകിച്ച് മധ്യമാർഗ്ഗം  എന്ന ബുദ്ധമാർഗ്ഗ  ചിന്താസരണിയിലെ ഏറ്റവും പ്രധാനപ്പെട്ട ആശയം അനവധിയിടങ്ങളിൽ കയറിവരുന്ന ഒരു കഥ .ബുദ്ധമത നൈതികതെയെ അനുസരിച്ചുള്ള ജീവിതം മറ്റു സാധാരണ ജീവിതങ്ങളിൽ നിന്നും എങ്ങനെ വഴിമാറി സഞ്ചരിക്കുന്നു എന്നതിന്  ഒരു  വ്യാഖ്യാനം കൂടിയാണീ  നോവൽ .

സദാസമയവും സ്വാതന്ത്ര്യത്തെക്കുറിച്ചും വിമോചനത്തെക്കുറിച്ചും മാത്രം ചിന്തിയ്ക്കുകയും അതിനായി പണിയെടുക്കുകയും ചെയ്യുമ്പോഴും കൂടുതൽ കൂടുതൽ ബന്ധങ്ങളുടെയും കടമകളുടെയും കടപ്പാടുകളുടെയും ചങ്ങലപ്പൂട്ടുകളിൽ ബന്ധിതമാവുന്ന  ജീവിതാവസ്ഥകളാണ് മനുഷ്യന്റെത് . അവയെ ഭേദിച്ച് പുറത്തു കടക്കാനുള്ള ശ്രമം നിർവാണം തേടിയുള്ള അവന്റെ യാത്ര തന്നെയാവുന്നു. കഥയിൽ രാഹുലന്റെ ജീവിതവും ഇതിൽ നിന്ന് ഭിന്നമല്ല . ഉള്ളിൽ നിരന്തരം ചോദ്യങ്ങൾ ഉണ്ടാവുകയും ചിരന്തനമായ സത്യത്തെ അറിയാനുള്ള അന്വേഷണത്തിനായി മനസ്സു നിമിഷംതോറും  സമ്മർദ്ദം  ചെലുത്തുകയും ചെയ്യുന്നിടത്താണ് രാഹുലന്റെയും യാത്ര ആരംഭിയ്ക്കുന്നത്. പൂർണ്ണത  എന്നാൽ എല്ലാതരം കെട്ടുപാടുകളിൽനിന്നുള്ള വിമോചനമാണെന്നും അവിടേയ്ക്ക് എത്തിച്ചേരാനുള്ള വഴി  നിരുപാധിക പ്രണയത്തിന്റെതു മാത്രമാണെന്നും പ്രണയത്തിന്റെ മൂന്നാം കണ്ണ് പറഞ്ഞു വെയ്ക്കുന്നു. നിർവാണമെന്ന പുഷ്പം കരഗതമാക്കാനുള്ള രാഹുലന്റെ യാത്രയുടെ അന്ത്യം പ്രണയാർദ്രമായ ഒരു കൂടിച്ചേരലായിരുന്നു . പൂർണ്ണത എന്നാൽ ആകാശപ്പരപ്പോളം നിരഞ്ഞുതുളുമ്പുന്ന പ്രണയമാണെന്ന് രാഹുലൻ തിരിച്ചറിയുന്നു . ഒരു സന്ദേഹിയായല്ല  മറിച്ച് കൃത്യമായ ലക്ഷ്യബോധമുള്ള ഒരു അന്വേഷി ആയിട്ടാണ്  രാഹുലനെ ഇവിടെ  അവതരിപ്പിയ്ക്കുന്നത് . അതുകൊണ്ടുതന്നെ രാഹുലന്റെ സഞ്ചാരപഥങ്ങളിലെ ഓരോ കാഴ്ചകൾക്കും  സൂക്ഷ്മവും തെളിവുള്ളതും വിശദവുമായ അർത്ഥങ്ങളുണ്ട് .     കഥപോകുന്ന വഴികളിൽ അവയെ കൃത്യമായും ഒഴുക്കോടെയും സന്നിവേശിപ്പിയ്ക്കുന്നതിൽ നോവലിസ്റ്റ് സഫലമായ ശ്രമമാണ് നടത്തിയിരിക്കുന്നത്.


ധ്യാനഗുരുവും 
,കാമനകളുടെ കഴുതക്കരച്ചിലുകളും , കന്യകമാരുടെ വിപണനച്ചന്തകളും, സാർത്ഥയാനങ്ങളും അമ്മയും ജാബാലയും കാത്തിരിക്കുന്ന മുചിരിയുടെ മായാൻ മടിയ്ക്കുന്ന ഓർമ്മകളും,  , നീരാടുന്ന കന്യകമാരും, പണ്ടകശാലയിലെ കുശിനിക്കാരനും , വൃദ്ധതാപസനും ഒടുവിൽ ലോഹപ്പണിക്കാരിപ്പെണ്ണും എല്ലാം നിർവാണത്തിലെയ്ക്കുള്ള രാഹുലന്റെ യാത്ര കൂടുതൽ സുഗമമാക്കുകയായിരുന്നു. സത്യമോ മിഥ്യയോ ഓർമ്മയോ എന്തായാലും ഓരോ കാഴ്ചയും ഓരോ കണ്ടുമുട്ടലുകളും നിർവാണപദപ്രാപ്തിയ്ക്കു മുൻപുള്ള മനസ്സിന്റെ വിമലീകരണത്തിനുള്ള ഉപകരണങ്ങളായിരുന്നു.

മതാത്മകമായ രീതിയിൽ ജീവിതത്തെ വ്യാഖ്യാനിയ്ക്കാനുള്ള ശ്രമം നടത്തുന്ന ഒരു കൃതി എന്ന നിലയിൽക്കൂടി ഈ നോവലിനെ കാണാവുന്നതാണ്. മതാത്മകത   എന്നാൽ വെറും അധ്യാത്മികതയല്ല മറിച്ച് സർഗ്ഗാത്മകമായ ജീവിതം തന്നെയാണെന്നും  അതിൽ സമൂഹം 
,വ്യക്തി ,കുടുംബം  സ്ത്രീപുരുഷ ബന്ധങ്ങൾ  ഇവയുടെയൊക്കെ വിമർശനവും കൂടി  കടന്നു വരുന്നു എന്നും  ഈ നോവൽ നമുക്ക് കാണിച്ചു തരുന്നു  .Dr  Paul Carcus ന്റെ The  Gospel  of  Budha  എന്ന കൃതിയിൽ നിന്ന്    യിൽ നിന്ന് ആശയം ഉൾക്കൊണ്ടാണ് കരുണയും(കരുണ ഒന്നാം പതിപ്പ്, മുഖവുര ,ദേവി ബുക്സ്റ്റാൾ കൊടുങ്ങല്ലൂർ ) Edwin  Arnold  ന്റെLight  of  Asia യിൽ നിന്ന് ശ്രീ ബുദ്ധ ചരിതവും(പേജ് 175, ആശാന്റെ പദ്യകൃതികൾ , ഡി സി ബുക്സ്)  രചിച്ചത് എന്ന് കുമാരനാശാൻ പറയുന്നുണ്ട് .ആ ഒരു പാരമ്പര്യം അന്യം നിന്ന് പോയില്ല എന്ന് തന്നെ തെളിയിക്കുന്നതോടൊപ്പം  സ്ത്രീപുരുഷബന്ധങ്ങളിൽ ഇതൾ വിരിയുന്ന നിരുപാധികപ്രണയം തന്നെയാണ് മതാത്മകനൈതികതജീവിതത്തിന്റെ അടിസ്ഥാനതത്വവും   എന്നും വ്യക്തമാക്കിത്തരുന്നു  ഈ നോവൽ

Monday, August 26, 2013

കാപ്പിത്തോട്ടങ്ങളില്‍ കാത്തുവെച്ചവ....



സിന്ധു കെ. വി. യുടെ  ആദ്യകവിതാ സമാഹാരം 'കാപ്പിത്തോട്ടങ്ങളുടെ സൂക്ഷിപ്പുകാരി' യുടെ അവതാരിക. സിന്ധു സ്നേഹത്തോടെ ആവശ്യപ്പെട്ടു, ഞാന്‍ സന്തോഷത്തോടെ എഴുതി. ഒരു വായനക്കാരിയുടെ ആസ്വാദനമായി കാണുക:


കാപ്പിത്തോട്ടങ്ങളില്‍ കാത്തുവെച്ചവ....

മലയാളിയുടെ എഴുത്തിടങ്ങളില്‍ ആവിഷ്കാരത്തിലെന്നപോലെ അനുഭവങ്ങള്‍ക്കും അനുഭൂതികള്‍ക്കും കോലം കാലത്തിനൊത്തുതന്നെ. എഴുത്തിന്റെ വഴികളില്‍ ,പ്രത്യേകിച്ച് കവിത കടന്നുപോന്ന വഴികളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ കുറേയെങ്കിലും സാര്‍ത്ഥകമായിത്തന്നെ ചരിത്രത്തില്‍ അടയാളപ്പെടുന്നുണ്ട് .അവനവനെ പ്രത്യേകമായി എഴുതിവയ്ക്കാന്‍ ഓരോ എഴുത്താളിയും അത്യധ്വാനം ചെയ്യുന്നുണ്ട്. സിന്ധു കെ വിയെന്ന എന്റെ സുഹൃത്തിന്റെയും ശ്രമം മറിച്ചൊന്നിനല്ല . സിന്ധുവിന്റെ ആദ്യകവിതാ സമാഹാരം 'കാപ്പിത്തോട്ടങ്ങളുടെ സൂക്ഷിപ്പുകാരി ' വായനക്കാര്‍ക്കായി പരിചയപ്പെടുത്തുന്നതില്‍ സന്തോഷമുണ്ട്. സിന്ധുവിനോടുള്ള അടുപ്പം സൈബര്‍ ലോകത്ത് സംഭവിച്ചതാണ് . സിന്ധുവിന്റെ കവിതകളെ ആദ്യം പരിചയപ്പെടുന്നതും അവിടെവെച്ചുതന്നെ.

ചിന്തകളുടെ ചൂടാറുമെന്നു ഭയത്താല്‍ വേവടുപ്പുതന്നെ വിളമ്പുകിണ്ണവുമാകുന്ന ,ചൂടും വേവുമുള്ള 'ലാസ്റ്റ്സപ്പര്‍' എന്ന ആദ്യ കവിതമുതല്‍ 'ഉച്ച' വരെ മുപ്പത്തിനാലുകവിതകളാണ് ഈ കാവ്യപുസ്തകത്തില്‍ ഉള്ളത്. ഏറെക്കുറേ സ്വതന്ത്രമായ രചനാശൈലിയാണ് സിന്ധുവിന്റേത് . അതിലളിതം അല്ല മിക്കവയും എന്നത് പൊതുവേ സിന്ധുവിന്റെ കവിതകളുടെ സവിശേഷഗുണം എന്ന് കരുതാമെങ്കിലും ചിലകവിതകളെങ്കിലും ആദ്യത്തെ ഒന്ന് രണ്ടു വായനയ്ക്ക് പിടിതരാതെ വഴുതിമാറി എന്ന കാര്യവും പറയാതെ വയ്യ . എങ്കിലും അതിസാധാരണമായ പതിവുകാഴ്ച്ചകളെയും ചിന്തകളെയും അങ്ങനെതന്നെ രേഖപ്പെടുത്തേണ്ട ഒന്നല്ല മറിച്ച് കവിയുടെ അതിസങ്കീര്‍ണ്ണമായ അന്തര്‍പ്രപഞ്ചങ്ങളിലേയ്ക്ക് ഒരു എത്തിനോട്ടം മാത്രം തരമാക്കുന്ന , ബാക്കി വായനയില്‍ പൂരിപ്പിയ്ക്കേണ്ടുന്ന, മുഴുവന്‍ തുറക്കാത്ത ഒരു കിളിവാതില്‍ പോലെയാവണം കവിത എന്ന് ചിന്തിയ്ക്കുന്നവര്‍ കൂടിവരുന്ന കാലമാണിത് . ധ്വന്യാത്മകസൌന്ദര്യവും ബഹുവ്വ്യാഖ്യാനസാധ്യതയും ഒട്ടു ദുര്‍ഗ്രഹം എന്നുതോന്നാവുന്ന ,ഈ കാലത്തിന്റെ കവിതയുടെ ഘടനാപരമായ സവിശേഷതായിത്തന്നെ പറയേണ്ടിയിരിയ്ക്കുന്നു.
നിശിതമായ ശാപോക്തിപോലെ 'ലാസ്റ്റ്‌ സപ്പര്‍' , നിസ്സങ്കോചമുള്ള തുറന്നുപറച്ചിലായി വെഡ്ഡിംഗ് ആനിവേഴ്സറി, നിശ്ശബ്ദസഹനതിന്റെ ,മോഹത്തിന്റെ ഒക്കെ വെളിപ്പെടലുകള്‍ പോലെ ,'നിന്റെ ജടയിലെ അഴിയാക്കുരുക്കുകള്‍ക്ക് /ഇതിലുമേറെയെന്തു സ്വപ്നം തരാനാകും '
എന്നുള്ള തിരിച്ചറിവുകള്‍ പോലെ ഗംഗ ,കൊളാഷ് അഥവാ ഒരു സ്വപ്നം ,ആസക്തിയുടെ 'മഴവഴികള്‍ ', അനിവാര്യതകളുടെ 'നിന്നോട് ' ഏകാന്തതയുടെ 'നീണ്ടകഥപോലൊരു പകല്‍' ആര്‍ദ്രതയുടെ 'ഒരുക്കം ' ആത്മസമര്‍പ്പണത്തിന്റെ 'കല്‍വിളക്ക്‌ ' അന്യോന്യം അറിയായ്മയുടെ അലച്ചില്‍ മാത്രം അവശേഷിപ്പിയ്ക്കുന്ന 'ഭാഷ' ,നഷ്ടപ്പെടലിന്റെ 'പ്രണയ' വും 'സ്വപന' വും . പ്രതീക്ഷകളുടെ 'പ്രതീക്ഷ ' കാത്തിരിപ്പിന്റെയും ,കാഴ്ചയൊരുക്കലിന്റേയും 'കാപ്പിത്തോട്ടങ്ങളുടെ സൂക്ഷിപ്പുകാരി ' 'ഇലകള്‍ കൊഴിയും കാലം ' ധ്യാനത്തിന്റേയും അമര്‍ത്തലുകളുടേയും ചാ ക്രികചലനമായി 'ഭ്രമണം ' ....
ഇക്കവിതകളിലൊക്കെ സിന്ധു എന്നെയും നിന്നേയും കോറിയിടുന്നുണ്ട്. പക്ഷെ ഈ എന്നേയും നിന്നേയും ചേര്‍ക്കുന്നത് മധുരോദാരപ്രണയത്ത്തിന്റെ സുവരര്‍ണ്ണതന്തുക്കള്‍കൊണ്ടു മാത്രമല്ല ; ഉരുകിയൊലിയ്ക്കുന്ന വൈരാഗ്യത്തിന്റെ കൊടുംചൂടും, ഉറഞ്ഞു കനക്കുന്ന നിരാസത്തിന്റെ കഠിനശൈത്യവും ,വിരക്തിയുടെ വീശിയടിയ്ക്കുന്ന പൊടിക്കാറ്റുകളും ഒക്കെ ഇവയില്‍ അനുഭവിയ്ക്കാനാവും. അമ്മ കടന്നുവരുന്ന രണ്ടു കവിതകളെന്കിലുമുണ്ട് ഈ പുസ്തകത്തില്‍. 'അകത്തള'വും 'ഉച്ച'യും. കളിക്കൂട്ടായും, പ്രണയിനിയായും,സ്നേഹിതയായും അമ്മയായും ഭാര്യയായുമൊക്കെ വേഷമഭിനയിച്ചൊടുവില്‍ കാത്തിരിക്കാന്‍ മാത്രം വിധിക്കപ്പെടുന്ന പെണ്‍ജീവിതങ്ങളെ വരച്ചിടുന്ന കവിതയാണ് അകത്തളം .
ഇനിയും കവിതകള്‍ ബാക്കിനില്‍ക്കുന്നു .ഒരു മുത്തശ്ശിക്കഥ ,കര്‍ക്കടകപ്പെണ്ണ് ,ചില ജാലകക്കാഴ്ചകള്‍ ,ഉദ്യാനപാലക, പാര്‍ക്കിംഗ് ,ഓണം പെയ്യുന്നത്,ദേശാടനപ്പക്ഷി ...
പില്‍ക്കാലത്ത് പ്രശസ്തരായ ഏതാണ്ടെല്ലാ കവികള്‍ക്കും അവരുടെ ആദ്യകാലരചനകളുടെ പുനര്‍വായന ഒട്ടും തൃപ്തിനല്കാത്ത ഒന്നായി മാറിയിരുന്നു എന്നത് സത്യം. സ്വയം വിശകലനവും വിമര്‍ശനവുമായി ആ വിധത്തില്‍ അത്യദ്ധ്വാനം ചെയ്തു കവിതയില്‍ സ്വയം അടയാളപ്പെടുന്ന കവിയ്ക്കേ വായനക്കാരന്റെ ലോകത്തില്‍ ലബ്ധപ്രതിഷ്ഠനാവാന്‍ കഴിയൂ എന്നത് നിസ്തര്‍ക്കമായ കാര്യമാണ്. അത്തരത്തില്‍ കാവ്യലോകത്ത് ഒരു പദവി നേടിയെടുക്കാന്‍ കവിയെന്ന നിലയില്‍ സിന്ധുവിനു കഴിയട്ടെ .
'നിന്നെ കോരാനെങ്കിലും
ചോര്‍ച്ചയില്ലാത്തൊരു പാത്രം
കരുതണം ഞാന്‍
എന്റെ കൈവിരല്‍ പഴുതിലൂടെ
അത്രമേല്‍ നീ ഊര്‍ന്നുപോകുന്നു'
ഇവ്വിധം സിന്ധു പ്രണയത്തെ എഴുതുന്നു.

കവിതയെ കോരാന്‍ പക്ഷെ ,സിന്ധുവിന് ഒട്ടും ചോര്‍ച്ചയില്ലാത്ത വിരലടുപ്പം ആശംസിക്കുന്നു .

Thursday, April 11, 2013

കൂടെ വന്ന മഴകള്‍ (മറന്നു വെച്ച കുടകള്‍ -സുല്‍ഫിക്കര്‍-)



എഴുത്തുകാരുടെ സര്‍ഗ്ഗചേതനയെ അരോഗപ്പെടുത്താന്‍ മാത്രമല്ല പോഷകമൂട്ടാനും കെല്‍പ്പുള്ളവയാകണം അവര്‍ അന്വേഷിക്കുന്നതും ആര്‍ജ്ജിക്കുന്നതുമായ അനുഭവങ്ങള്‍. ആ അര്‍ത്ഥത്തില്‍ അവരുടെ  ഉള്ളും ഉടലും പുതുമയുള്ള ആശയങ്ങളുടേയും വേറിട്ട അനുഭവങ്ങളുടേയും തേടലിലായിരിക്കണം എന്നും വ്യാപരിയ്ക്കേണ്ടതും. ഭൂരിപക്ഷം ആശായാനുഭവങ്ങളുടെ ആവിഷ്കാരത്തിലും എതെഴുത്തുകാരും  അനുവര്‍ത്തിയ്ക്കേണ്ട ശീലം തന്നെയാണിത്‌. എന്നിരുന്നാല്‍ത്തന്നെ  ചില വികാരപ്പകര്‍ച്ചകളും ഋതുപരിണാമങ്ങളുമുണ്ട്‌. എത്ര ആവര്‍ത്തിച്ചെഴുതിയാലും വായിച്ചാലും മടുപ്പനുഭവപ്പെടാത്തവ. പ്രണയവും മഴയും ഉദാഹരണങ്ങള്‍. ഏതു ദേശത്തും ഏതു കാലത്തും എന്നെന്നും സര്‍ഗ്ഗചേതനയെ ഉദ്ദീപിപ്പിച്ചിട്ടുള്ളവയാണു എല്ലാ ഋതുപ്പകര്‍ച്ചകളും . എങ്കിലും കവിഭാവനയെ സംബന്ധിച്ചിടത്തോളം കൂടുതല്‍ വളക്കൂറുള്ള അനുഭവങ്ങള്‍ കാഴ്ചവെയ്ക്കുവ എന്ന  പരിഗണനയില്‍ വസന്തവും വര്‍ഷവുമൊഴിച്ചു മറ്റു നാലെണ്ണത്തേയും മാറ്റിനിറുത്താമെന്നു തോന്നുന്നു . സുന്ദരവും അതേസമയം ജീവിതോന്‍മുഖവുമായ വാങ്മയചിത്രങ്ങള്‍ക്കുള്ള സാധ്യതകള്‍ ഈ രണ്ടു കാലങ്ങള്‍ വിഷയമാക്കുമ്പോഴും ഉണ്ട്‌. എന്നാലും വസന്തര്‍ത്തുവിനുമുണ്ട്‌ പോരായ്മ . നിശ്ചിതമായ ചില ലാവണ്യദര്‍ശനങ്ങള്‍  അതിന്റെ  ആവിഷ്കാരസാധ്യതകളെ പരിമിതപ്പെടുത്തുന്നു എന്നുള്ളതാണത്‌ . എഴുത്തിന്റെ  ഏതു തലങ്ങളിലും എതു ജൈവപരിസരങ്ങളിലും ഉപകരണമാക്കാവുന്ന  ഋതു ഒന്നേയുള്ളൂ. അതു വര്‍ഷമാണ്‌.ഏതു ഓര്‍മ്മച്ചുറ്റിലും ഇഴചേര്‍ക്കാവുതും ഒരു പക്ഷേ ഏതു വിഷയത്തോടൊപ്പവും മിശ്രപ്പെട്ട്‌ ഏകാത്മകമായി വെളിപ്പെടുന്നതുമായ പ്രതിഭാസമാണ്‌ മഴ . മഴയെ വരച്ചിടാത്ത കവികള്‍ ചുരുക്കം. അവരുടെ കൂട്ടത്തിലേയ്ക്കു ആദ്യകവിതാസമാഹാരവുമായി 'സുള്‍ഫിക്കര്‍' എത്തുന്നു. സുള്‍ഫിക്കറിന്റെ  'മറന്നു വെച്ച കുടകള്‍' മഴക്കവിതകളുടെ കൂട്ടത്തില്‍ വേറിറ്റൊരു  പെയ്ത്തിടം കണ്ടെത്തുന്ന ഒന്നാണെന്നു പറയാതെ വയ്യ . അഗാധ(ഗാധവും)മായ വായനയില്‍ കേവലം മഴയെഴുത്ത്‌ എന്ന്   വെറുതേ താളുകള്‍ മറിച്ചുപോകേണ്ട പുസ്തകമല്ല ഇത്‌. മഴയെ മാത്രമല്ല സുള്‍ഫിക്കര്‍ എഴുതുന്നത്‌ എന്നതുതന്നെയാണു അതിനു കാരണം.
മഴയ്ക്കറിയില്ലെങ്കിലും
നനഞ്ഞൊട്ടിയ പുല്‍പ്പായിലേയ്ക്ക്‌
ചോരയോടെ ഇറ്റുവീണ നാള്‍ തൊട്ടേയറിയാം
എന്ന് സ്വന്തം പിറവിയോടൊപ്പം കവിയുടെ ഓര്‍മ്മയിലെ മഴപ്പിറവിയും അടയാളപ്പെടുന്നുണ്ട്‌. അന്നുതൊട്ട് യാത്രയിലെ ഓരോ പിരിവുകളിലും മഴയെന്ന  സഹയാത്രിക(ന്‍)പിരിയാക്കൂട്ടായുണ്ട്‌ എന്നും സുള്‍ഫിക്കറിന്റെ  വരികള്‍ തന്നെ  സാക്ഷ്യപ്പെടുത്തുന്നു. മഴമണത്തിനൊപ്പം ചേരുന്ന  വാത്സല്യത്തിന്റെ , സ്നേഹത്തിന്റെ  ,പ്രണയത്തിന്‍റെ  ഒക്കെ സുഗന്ധങ്ങള്‍ വളര്‍ച്ചയുടെ ഓരോ സന്ധികളിലും തന്നെ  വന്നുചൂഴുന്നതായും ,അവയത്രയും ചില അടുപ്പങ്ങളിലേയ്ക്കു നീളുന്ന  തൊടുവിരലുകളിലെ നനവായി മാറുന്നതായുമുള്ള തിരിച്ചറിവ്‌ തെളിയുന്ന , കവിയുടെ കുറിപ്പു തന്നെയാണ്‌ 'മറന്നു വെച്ച കുടക'ളിലെ ആദ്യ കവിത. സ്നേഹമണം പരത്തുന്ന  മഴയും ഉപ്പുപ്പായും. ഉപ്പുപ്പായുടെ കടയില്‍ ആരെല്ലാമോ മറന്നുവെച്ച പലതരം കുടകള്‍ ചൂടിനടന്ന  ബാല്യം. എഴുതിയതെല്ലാം പകര്‍ത്തി എല്ലാ പുസ്തകങ്ങളെയും ചേര്‍ത്ത്‌ ഒറ്റപ്പുസ്തകമാക്കിയ മഴയുടെ ഓര്‍മ്മനൂലുകള്‍ക്കു നീളമേറുമ്പോള്‍ കൌമാരത്തിന്റെ  നിര്‍വേദകുതുകങ്ങള്‍, യൌവനത്തിണ്റ്റെ പ്രണയപ്രസാദങ്ങള്‍ , സ്വപ്നസഞ്ചാരങ്ങള്‍, സ്നേഹശാഠ്യങ്ങള്‍ ,വറുതിക്കലമ്പലുകള്‍ ,യാത്രാജന്നലുകളില്‍  ചാറിയെത്തുന്ന  തുള്ളിയീര്‍പ്പങ്ങള്‍ ..അവനവന്റേതായ എല്ലാം മഴയോടു ചേര്‍ത്തുമെടയുന്നു. കവിത മേഞ്ഞ കുടിലിന്റെ  ഈര്‍പ്പം വീണ ഇറയത്തെ ഇരിപ്പില്‍, രാവിലെ നല്ല ചൂടോടെ വക്കുപൊട്ടിയ ഒരുകപ്പു മഴ ആസ്വദിയ്ക്കുമ്പോള്‍ ഈര്‍പ്പം മുറ്റിയ പരിസരപ്രകൃതിയിലേയ്ക്കും അവനവന്റെ ഉള്ളിലേയ്ക്കും ഒരുപോലെ കവിയുടെ മഴനോട്ടമെത്തുന്നുണ്ട്‌.

ജൂതകവി പാള്‍ സെലാന്റെ  ഒരു കവിതയില്‍ 'മഴ പുഷ്പിച്ചിരിക്കുന്നു' എന്നൊരു പരാമര്‍ശമുണ്ട്‌. അത്തരത്തിലുള്ള ഒരു വര്‍ഷവസന്തത്തെ വിരിയിച്ചെടുക്കുന്നവയാണ്‌ തുടര്‍ന്നു വരുന്ന  എഴുപത്തിയാറോളം കവിതാഖണ്ഡങ്ങളില്‍ മിക്കതും. തുടക്കത്തില്‍ പൂച്ചയെപ്പോലെ ചുരുണ്ടുറങ്ങുന്ന  നനവിന്റെ  മഴനിനവ്‌ (ചുരുണ്ടുകൂടിക്കിടപ്പുണ്ട്‌/പൂച്ചയെപ്പോലെ/ഒരു മഴയുടെ നനവെന്റെ   നിനവില്‍) ഒടുക്കം കിതച്ചുതളര്‍ന്നിട്ടും   കാറ്റിനുകൊടുക്കാതെ ഈര്‍പ്പവും ഹരിതവും നെഞ്ചില്‍ ചേര്‍ത്ത 'കായിദ' (മതപാഠശാലയിലെ പുസ്തകം)പോലെ പവിത്രപ്പെടുന്ന  കാഴ്ച മറന്നുവെച്ച കുടകളില്‍ നമുക്കു കാണാം.
'പള്ളിപ്പുരയിലേയ്ക്കുള്ള വഴിയിലെവിടെയോ
വീണുപോയ്‌ കായിദ
പുല്ല്‌ ഇളം നെഞ്ചിനോടതു ചേര്‍ത്തു വെച്ചു
മഴത്തുള്ളി കുഞ്ഞിക്കൈ ചേര്‍ത്തുപിടിച്ചു
ഒരു കാറ്റിനും കൊടുക്കാതെ '

 മഴയുടെ പ്രണയഭാവങ്ങള്‍ ,കവിതകളില്‍ ഒട്ടു മിക്കതിലും സുന്ദരമായി ആവിഷ്കരിക്കപ്പെടുന്നുണ്ട്‌ .

'വാരിയില്‍നി്‌ന്ന്
ഇറയത്തേയ്ക്കു വീണ മഴത്തുള്ളിയില്‍
ഒരു കയം. മുങ്ങിമരിക്കാനല്ല
കോരിക്കുടിയ്ക്കാനുമല്ല
നമുക്കീവിധം കണ്ടിരിക്കാന്‍ .. '

മഴയുടെ ഹാസം ഇങ്ങനെ..(ആര്‍ക്കു വേണം സ്വാതന്ത്യ്രം /ജയില്‍മുറ്റത്തൊരു പെരുംപെയ്ത്ത്‌. )
മഴയുടെ ദൈന്യം..(നിലച്ചതേയില്ല മഴ/അടുക്കളപുകഞ്ഞതേയില്ല/വീടു ജപ്തിയായതൊരാളും /അറിഞ്ഞതുമില്ല .) പരിഹാസം ,പരാതി, കിണുക്കം , കുണുക്കം, കുസൃതി, വറുതി, പ്‌രാക്ക്‌,പ്രാര്‍ത്ഥന , ദുരന്തം ,മരണം ,രതി വിരക്തി.. സുള്‍ഫിക്കറിന്റെ മഴക്കവിതകളില്‍ എന്തും മഴയോടു താദാത്മ്യപ്പെട്ടുതന്നെ  നില്‍ക്കുന്നു.

 'ഗഗനത്തിലെ മേഘച്ചിറയിപ്പൊഴേപൊട്ടി -
ഗ്ഗതികെട്ടിനിയും നാം തിരിയുമെന്നോര്‍ത്താലും'
 എന്ന മട്ടില്‍ മഴയോടുള്ള ഉല്‍ക്കണ്ഠയും ആകുലതയും കലര്‍ന്ന  കണ്ണീര്‍പ്പാടത്തിലെ സമീപനമല്ല മറിച്ച്‌ '
ഇത്തിരിക്കൂടെ നടന്നവ
കിന്നാരമിത്തിരിച്ചൊന്നവ
കണ്ണീരുറക്കെച്ചിരിച്ചു കവിളുതുടിച്ചവ
ഏറെക്കരഞ്ഞു കണ്‍പോള കനത്തവ .. 'എന്ന മട്ടില്‍ ;സഫലമീയാത്രയിലെ; ആതിരവരവുകളാണ്‌ സുള്‍ഫിക്കറിന്‌ ഓരോ മഴപ്പെയ്ത്തും.

എല്ലാ  കവിതകളും ഉള്‍പ്പെടുത്തേണ്ടിയിരുന്നോ  എന്നൊരു സംശയം വായനയ്ക്കു ശേഷം ബാക്കിനില്‍ക്കുന്നുണ്ട്‌. എങ്കില്‍പ്പോലും ചുണ്ടില്‍ ഒരു പുഞ്ചിരി വിരിയിക്കാനോ, ഉള്ളില്‍ ഒരു നെടുവീര്‍പ്പുണര്‍ത്തുവാനോ, നെഞ്ചില്‍ ഒരു മിടിപ്പു കൂട്ടാനോ തക്കവണ്ണം സംവേദനക്ഷമവുമാണു 'മറന്നുവെച്ച കുടക'ളിലെ വരികള്‍ എന്നതും ഉറപ്പ്‌ .

Friday, February 24, 2012

ഭാസ്കരദ്യുതി

പി ഭാസ്കരന്റെ കാവ്യമുദ്രകള്‍
-ശ്രീകുമാരന്‍തമ്പി


കവിതയുടേയും സംഗീതത്തിന്റെയും ലോകത്ത്‌ തന്റേതായ ഒരിടം നേടിയെടുത്ത കവി പി ഭാസ്കരനെക്കുറിച്ച്‌, അദ്ദേഹത്തെ തന്റെ ഗുരുവായി അംഗീകരിച്ചാദരിക്കുന കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍തമ്പി രചിച്ച പുസ്തകം പി ഭാസ്കരന്റെ കാവ്യമുദ്രകള്‍ ലളിതമായ ആഖ്യാനശൈലികൊണ്ടും സമഗ്രത കൊണ്ടും ശ്രദ്ധേയമാണ്‌. ശ്രീകുമാരന്‍ തമ്പിയ്ക്കും ഭാസ്കരന്‍ മാഷിനും തങ്ങള്‍ വിഹരിച്ച മേഖലകളില്‍ ഒട്ടേറെ സമാനതകള്‍ ഉള്ളതായി കാണാം. കാവ്യരംഗത്തും ഗാനരചനാരംഗത്തും ഒരു പോലെ മൌലികത കാത്തുസൂക്ഷിക്കാന്‍ രണ്ടുപേര്‍ക്കും കഴിഞ്ഞിട്ടുണ്ട് എന്നത് അവയില്‍ എടുത്തു പറയേണ്ട ഒന്നാണ് . ഭാസ്കരന്‍ മാഷെപ്പോലെ മനുഷ്യമനസ്സുകളേയും ബന്ധങ്ങളേയും അപഗ്രഥിച്ചെഴുതിയ അനേകം കവികളില്ല .ശ്രീകുമാരന്‍തമ്പിയും ആ വഴിയിലൂടെ തന്നെയാണ്‌ തന്റെ ഗാനസപര്യ തുടര്‍ന്നത്‌. പി ഭാസ്കരന്റെ കാവ്യജീവിതത്തിലൂടെയും ചലചിത്രജീവിതത്തിലൂടെയും ശ്രീകുമാരന്‍ തമ്പി നടത്തു തീര്‍ഥാടനമാണ്‌ ഈ പുസ്തകംഎന്ന് പ്രസാധകരായ ഗ്രീന്‍ബുക്സ്‌ പുസ്തകത്തെക്കുറിച്ചുള്ള കുറിപ്പില്‍ പറയുന്നു. ദീര്‍ഘമായ മുഖവുര പോലുള്ള ആടോപങ്ങളൊന്നുമില്ലാതെ പ്രതിപാദ്യവിഷയത്തിലേയ്ക്ക്‌ നേരിട്ട് എത്തു രീതിയിലാണു തമ്പിയുടെ എഴുത്തു തുടങ്ങുന്നത്‌ എന്നത്‌ എടുത്തു പറയേണ്ട ഒന്നായി തോന്നുന്നു. മനുഷ്യസ്നേഹത്തിന്റെ പാട്ടുകാരന്‍ എന്ന ഒന്നാം അദ്ധ്യായത്തില്‍ തുടങ്ങി കവിയും ക്യാമറയും എന്ന പതിനാലാം അധ്യായം വരെ ഒറ്റയിരിപ്പില്‍ വായിച്ചുപോകാവുന്നത്രയും ലളിതവും തുടര്‍ച്ചയുള്ളതുമായ എഴുത്തുരീതിയാണ്‌ തമ്പിയുടേത്‌.

വില്ലാളിയാണു ഞാന്‍
ജീവിത സൌന്ദര്യ വല്ലകിമീട്ടലല്ലെന്റെ ലക്ഷ്യം

എന്ന മട്ടില്‍ കവിയെന്ന നിലയില്‍ സമൂഹത്തോടുള്ള തന്റെ പ്രതിബദ്ധത എപ്രകാരമെന്നു തുറന്നു പ്രഖ്യാപിക്കുന്ന ഭാസ്കരന്‍ മാഷുടെ കാവ്യവഴികളിലൂടെയുള്ള ഋജുവായ ഒരു സഞ്ചാരത്തില്‍ നിന്നാണ്‌ തുടക്കം. പ്രണയവും വിപ്ളവവും സമ്മേളിക്കുന്ന കവിതാശകലങ്ങള്‍ ഉദ്ധരിച്ചുകൊണ്ട്‌ കാല്‍പനികതയിലും അതേസമയം വിപ്ളവത്തിലും അഭിരമിക്കുന്ന ഭാസ്കരന്‍മാഷിന്റെ കവിസ്വത്വം ഈ അധ്യായത്തില്‍ അനാവരണം ചെയ്യപ്പെടുന്നു. യൌവ്വനകാലത്തെ തീപ്പന്തം പക്വതയാര്‍ന്നു വാര്‍ദ്ധകത്തില്‍ ദീപനാളത്തിന്റെ സൌമ്യശോഭ കൈവരിച്ചെങ്കിലും പഴയ പന്തത്തിന്റെ യൌവ്വനതീക്ഷ്ണത തന്റെ ഉള്ളിലെന്നും ജാജ്വല്യമാണെന്ന കവിയുടെ വെളിപ്പെടുത്തല്‍ ,ഉത്തരം ലഭിക്കാത്ത ചോദ്യം,ഒരേ വെളിച്ചം എന്നീ കവിതകള്‍ സമര്‍ത്ഥമായി ഉദാഹരിച്ചുകൊണ്ട്‌ ശ്രീകുമാരന്‍ തമ്പി വ്യക്തമാക്കുന്നു. കവിതകളിലേയും ഗാനങ്ങളിലേയും വരികള്‍ ഉദാഹരിച്ചുകൊണ്ടുള്ള ഇത്തരത്തിലുള്ള ആഴമുള്ള വിശകലനങ്ങള്‍ ഈ പുസ്തകത്തില്‍ അങ്ങോളമിങ്ങോളമുണ്ട്‌. ശ്രീകുമാരന്‍ തമ്പി എന്ന കവിയ്ക്കുള്ളിലെ നിരൂപകനെയാണ്‌ ഇത്തരം വിശകലനങ്ങള്‍ അടയാളപ്പെടുത്തുന്നത്‌ . വയലാര്‍ ഗര്‍ജ്ജിക്കുന്നു എന്ന ഭാസ്കരന്‍ മാഷിന്റെ ആദ്യസമാഹാരം മുതല്‍ ഓടക്കുഴല്‍ പുരസ്കാരം നേടിയ ഒറ്റക്കമ്പിയുള്ള തംബുരു വരെ പ്രതിപാദിക്കപ്പെടുന്നുണ്ടെങ്കി
ലും ചില നല്ല കവിതകളെല്ലാം വെറും പരാമര്‍ശങ്ങള്‍ മാത്രമായി ഒതുങ്ങിപ്പോയോ എന്ന ഒരു കുറവ്‌ തോന്നി എന്നത്‌ പറയാതെവയ്യ .സത്യത്തിന്റെ സൂര്യന്‍ എന്ന രണ്ടാമത്തെ അധ്യായത്തില്‍ ജനനം ,വിദ്യാഭ്യാസ വിപ്ളവ കാവ്യജീവിതത്തിന്റെ ആരംഭകാലങ്ങള്‍ എന്നിവയൊക്കെയാണ്‌ ആണ്‌ പ്രതിപാദ്യം. ചെങ്കാളിയപ്പന്‍ , ജോര്‍ജ്ജ്ചടയന്‍മുറി എ ന്നിങ്ങനെയുള്ള സുന്ദരങ്ങളായ കാവ്യചിത്രങ്ങള്‍ കവിയുടെ വിപ്ളവജീവിതവുമായി കൂട്ടിയിണക്കി ചര്‍ച്ചചെയ്തത്‌ തികച്ചും ഉചിതമായി.

പുതിയ തലമുറയുടെ മഹാകവി എന്നാണ് ഗോവിന്ദന്‍ പി ഭാസ്കരന്‍ മാഷിനെ വിശേഷിപ്പിച്ചത്‌ .കവി മാത്രമല്ല നല്ലൊരു നടനും ഗായകനും കൂടിയായിരുന്നു അദ്ദേഹം എന്നത്‌ മഹാകവി എന്ന വിശേഷണത്തിന്‌ അദ്ദേഹത്തെ സര്‍വഥാ അനുയോജ്യനാക്കിമാറ്റുതായി തമ്പി കണ്ടെത്തുന്നു. കവിയുടെ ക്രാന്തദര്‍ശിത്വത്തെപ്പറ്റി ' മ്യൂസിയം' എ കവിത ഉദാഹരിച്ചുകൊണ്ട്‌ ഇവിടെ തമ്പി വിശദീകരിക്കുകയും ചെയ്യുന്നുണ്ട്‌ . തുടര്‍ന്നുവരുന്ന പത്തോളം അദ്ധ്യായങ്ങളില്‍ കൂടുതലും ചര്‍ച്ച ചെയ്യുന്നത്‌ പി ഭാസ്കരന്‍ എന്ന ഗാനരചയിതാവിനെക്കുറിച്ചാണ്‌. ശ്രീകുമാരന്‍ തമ്പിയുടെ കാവ്യഭംഗി തുളുമ്പുന്ന ഗദ്യവും ഭാസ്കരന്‍ മാഷിന്റെ ഗൃഹാതുരതയുണര്‍ത്തുന്ന സിനിമാഗാനശകലങ്ങളും ഇണക്കിയൊരുക്കിയ ഈ ഭാഗങ്ങളെല്ലാം തികച്ചും സംവേദനക്ഷമവും ആസ്വദനീയവുമാണ്‌ .അപൂര്‍വ്വസഹോദരര്‍കള്‍ എന്ന തമിഴ്‌ സിനിമയ്ക്കായി രചിച്ച ആദ്യഗാനത്തില്‍ത്തുടങ്ങി ചന്ദ്രിക ,നവലോകം, അമ്മ, ആശാദീപം എന്നീ ചിത്രങ്ങളിലൂടെയുള്ള സഞ്ചാരങ്ങള്‍ നീലക്കുയിലിലെ സംവിധായകനും നടനും പ്രണയം, ഗൃഹാതുരത, നര്‍മ്മം, മാപ്പിളശീലുകള്‍, ദാമ്പത്യജീവിതത്തിന്റെ പത്തരമാറ്റ്‌ ,അപൂര്‍വ്വതയുടെ ചാരുതയും കാവ്യഭംഗിയും തുളുമ്പുന്ന പ്രശസ്തഗാനശകലങ്ങള്‍ ഉദ്ധരിച്ചുകൊണ്ട്‌ തമ്പി നടത്തുന്ന തീര്‍ഥയാത്രയ്ക്കൊപ്പം വായനക്കാരനും സഞ്ചരിക്കാതെ വയ്യ.
ഈ പുസ്തകത്തിലെ പന്ത്രണ്ടാം അദ്ധ്യായം 'തൂലികാചിത്രങ്ങള്‍ ' തികച്ചും പ്രാധാന്യം അര്‍ഹിക്കുന്നു. എന്‍ ബാലകൃഷ്ണപ്പിള്ള , ബാബുരാജ്‌ തുടങ്ങി പദ്മരാജനെ വരെ കവിതയിലാക്കുന്ന കാവ്യസൌകുമാര്യം തുളുമ്പുന്ന ചില സ്മൃതിചിത്രങ്ങളെക്കുറിച്ചാണ്‌ ശ്രീകുമാരന്‍ തമ്പി എഴുതുന്നത്‌. തുടര്‍ന്നു വരുന്ന അദ്ധ്യായത്തില്‍ ഒറ്റക്കമ്പിയുള്ള തംബുരു വേറിട്ട് ചര്‍ച്ച ചെയ്തത്‌ ഉചിതമായി. കവിയും ക്യാമറയും എന്ന അദ്ധ്യായത്തോടെ തീര്‍ത്ഥാടനം അവസാനിക്കുന്നുവെങ്കിലും അങ്ങേയറ്റം ഗൃഹാതുരമായ ഒരുപക്ഷേ പുതിയ തലമുറയെ സംബന്ധിച്ചിടത്തോളം കേള്വിയിളില്ലാത്ത, മുതിര്‍ന്ന തലമുറ വിസ്മൃതിയിലെറിയാന്‍ സാദ്ധ്യതയുള്ള ഒരു പിടി നല്ല ഗാനങ്ങള്‍ തികച്ചും വ്യതിരിക്തമായ, കാവ്യഗുണം തികഞ്ഞ കവിതകള്‍ ഇവയൊക്കെ ചിലര്‍ക്കു പരിചയപ്പെടാനും ചിലര്‍ക്ക്‌ ഓര്‍മ്മപുതുക്കാനും ഈ പുസ്തകം സഹായകമാവും അതുറപ്പ്‌.

Friday, February 10, 2012

കാഴ്ചയുടെ കമ്പനങ്ങൾ

പഴനീരാണ്ടി(കവിതകള്‍ )
ശിവകുമാര്‍ അമ്പലപ്പുഴ

വാനയുടെ രസാനുഭൂതി അർത്ഥത്തിനും മുൻപേ ഉള്ളിലെത്തുകയും അതുവഴി ആവർത്തിച്ചുള്ള വായനയിലേയ്ക്കും ആഴത്തിലുള്ള ആസ്വാദനത്തിലേയ്ക്കും വായനക്കാരനെ കൊണ്ടുപോവുകയും ചെയ്യുന്നുവെങ്കിൽ ആ എഴുത്തിനെ കലർപ്പില്ലാത്ത ഒന്നായി വ്യാഖ്യാനിക്കാം.

ഇത്തരത്തിൽ ഒറ്റവായനയ്ക്കു വഴങ്ങിത്തരുന്ന ഒന്നായിരിക്കെത്തന്നെ വാക്കുകളുടെ ശബ്ദാർത്ഥങ്ങൾക്കുമപ്പുറത്തുള്ള , അല്ലെങ്കിൽ ആശയപരമായി അതിലും കവിഞ്ഞ ഒരു സംവേദനാനുഭവം പകരുന്ന തരത്തിലുള്ള കവിതകളാണ്‌ ശിവകുമാർ അമ്പലപ്പുഴയുടേത്‌.
സ്ഥൂലമായ വർണ്ണനകളും ആവർത്തനങ്ങളൂം കൊണ്ട്‌ വായനക്കാരനെ ഒട്ടും ചെടിപ്പിക്കാതെ കൃത്യമായ പദസന്നിവേശങ്ങളാൽ അങ്ങേയറ്റം സൂക്ഷ്മതയോടെ മെനഞ്ഞെടുക്കുന്ന ശിവകുമാറിന്റെ കവിതകൾ മിക്കവയും സാങ്കേതികമായും ലാവണ്യപരമായും മികച്ച രൂപശിൽപ്പങ്ങൾതന്നെയാണ്‌. സമൂഹത്തോടും പ്രകൃതിയോടും സ്വന്തം ജീവിതാനുഭവങ്ങളിലൂന്നിയുള്ള സർഗ്ഗാത്മകപ്രതികരണമാണ്‌ ശിവകുമാറിന്റെ രണ്ടാമത്തെ കവിതാസമാഹാരമായ 'പഴനീരാണ്ടി'.

പുതിയ കാലത്തിനനുഗുണമാവും വിധം കവിതയിൽ പുതിയസങ്കേതങ്ങൾ ഉപയോഗപ്പെടുത്തുകയും ഒപ്പം തന്നെ പഴമയുടെ ലാവണ്യദർശനത്തേയും വാങ്മയങ്ങളെയും കൈവിട്ടുകളയാതെ സന്ദർഭാനുസാരിയായി ഇണക്കിച്ചേർക്കുകയും ചെയ്തുകൊണ്ടുള്ള കാവ്യനിർമ്മാണശൈലിയാണ്‌ ശിവകുമാർ ഈ സമാഹാരത്തിൽ അവലംബിച്ചിരിക്കുന്നത്‌. ആദ്യവായനയിൽത്തന്നെ ശ്രവണസംബന്ധിയായ ഒരു സംവേദനം പകരുന്ന രചനകൾ എന്നു വ്യാഖ്യാനിക്കാവുന്ന വായനാനുഭവമാണ്‌ പഴനീരാണ്ടിയിലെ ഭൂരിഭാഗം കവിതകളിൽ നിന്നും ലഭിക്കുന്നത്‌.

കർമ്മമോ കർത്തവ്യമോ അല്ലെങ്കിൽപോലും കവിതയെ ലാളിച്ച്‌ കൂടെ നടത്തുകയും കവിതയില്ലാത്ത ലോകം കലുഷവും മനസ്സ്‌ പ്രക്ഷുബ്ധവും ആണെന്നു തിരിച്ചറിയുകയും ചെയ്യുന്ന തന്നെ സംബന്ധിച്ചിടത്തോളം സ്വന്തം ജീർണ്ണതയുടെ ചിതൽമണ്ണ്‌ നിശ്ശബ്ദം അടരുന്നതിന്റെ അനുഭൂതിപ്പകർച്ചയാണ്‌ കവിതയെഴുത്തെന്ന്‌ ശിവകുമാർ 'വാഴപ്പൂത്തുമ്പത്തെ തേൻതുള്ളി ' എന്ന മുഖക്കുറിപ്പിൽ സ്വയം പരിചയപ്പെടുത്തുന്നു.

`രാവുണ്ണി`മുതൽ `പുല്ലിംഗം ` വരെ (9 ക്യാപ്സൂൾ- കവിതകൾ കൊള്ളിച്ച മൈക്രോക്കൂടടക്കം) ഇരുപത്താറു കവിതകളാണ്‌ പഴനീരാണ്ടിയിൽ ഉള്ളത്‌. സ്വാനുഭവച്ചേരുവകൾ ഏകദേശം എല്ലാ കവിതകളേയും സമ്പുഷ്ടമാക്കുന്നുവെങ്കിലും രാവുണ്ണി, അധോലോകം, പഴനീരാണ്ടി, പുനർജ്ജനി, കണ്ണുകൾ എന്നിവയുടെ ആഖ്യാനത്തിൽ ഈ അനുഭവച്ചേർച്ച കവിതയുടെ കരുത്തായി മാറുന്നത്‌ കാണാം. , പ്രവാസജീവിതത്തിന്റെ ചര്യകൾക്കു തികച്ചും യോജിക്കുന്ന ലളിതമായ ഉപമകളിലൂടെ ഉരുത്തിരിയുന്ന ,ഒരുപ്രവാസിയുടെ ജീവിതത്തിലെ ആവർത്തനവിരസതയും അയാൾ അനുഭവിക്കുന്ന ഗൃഹാതുരതയും, നഷ്ടബോധവും നാട്ടിൽ ബാക്കിവെച്ചുപോകുന്ന സൗഹൃദവും ഒക്കെ വരച്ചുകാട്ടുന്ന രാവുണ്ണി എന്ന ഒറ്റകവിതയുടെ വായനയിൽനിന്നുതന്നെ ആശയത്തിന്റെ അനുക്രമമായ വികാസപരിണാമങ്ങളുടെ ആവിഷ്കാരത്തിലും പദങ്ങളുടേ സന്നിവേശത്തിലും കവി പ്രകടിപ്പിക്കുന്ന അസാമാന്യമായ കൈയ്യടക്കം മനസ്സിലാക്കാൻ സാധിക്കും. അധികമായിപ്പറയുന്ന ഒറ്റ വാക്കുമില്ലെങ്കില്ക്കൂടിയും വിവരണാത്മകമായി അനുഭവപ്പെടുന്ന കവിതയാണിത് .പുഴയുടെ മണൽപ്പരപ്പിൽ പതിഞ്ഞുകിടന്ന കൂർമുനയുള്ള അസ്ഥിത്തുണ്ടൂകളിൽ അനാഥപിതൃത്വങ്ങളെ കാണിച്ചുതരുന്ന `നിമജ്ജനം` എന്ന കവിതയിൽ കുത്തിമുറിവേല്പ്പിച്ചിട്ടും , വലിച്ചെറിഞ്ഞിട്ടാണെങ്കിൽപ്പോലും മോക്ഷവഴിയിലേയ്ക്ക്‌ എത്തിയ്ക്കപ്പെട്ട സഫലപിതൃത്വവും ,മാതൃവാത്സല്യത്തിന്റെ കരുതലും ,പുത്രസ്നേഹത്തിന്റെ കരുത്തും തികച്ചും സ്വാഭാവികമായിത്തന്നെ വെളിപ്പെടുന്നുണ്ട്‌. ഇടമുറിയാതെ പെയ്യുന്ന മഴയുടെ ഇടമുറിഞ്ഞ നാനാർത്ഥങ്ങൾ തേടുന്ന മഴനീര്‍സംഭരണി , മകൾക്കയച്ച -മെയിൽ, അധോലോകം, കേഴളം, മുല്ലപ്പെരിയാർ, റോയൽട്ടി, പിഴ എന്നീ കവിതകളീൽ ആദ്യന്തം ഒരു കറുത്ത ചിരിയുടെ അടിയൊഴുക്കുകൾ കാണാം. ഈ ചിരി അതിന്റെ ആവിഷ്കാരസാകല്യത്തിലെത്തുന്നകവിതയാണ്‌ അധോലോകം.

ചിലപ്പോൾ പുഷ്പിതാഗ്ര
ചിലപ്പോൾ ഇന്ദ്രവജ്രയുടെ കാഠിന്യം
നിത്യയാതനയുടേ അനുഷ്ഠിപ്പ്‌
എന്റെയാണെന്റെയാണീ കടുനൊമ്പരം

എന്നു തന്റെ അന്തർലോകനൊമ്പരങ്ങളെ തന്നിൽത്തന്നെ പടരാനനുവദിക്കുകയും ജീവിതചര്യയുടെ ഭാഗമായ പ്രതിവിധിയില്ലാത ആത്മപീഡനാനുഭവതിന്റെ പരിസമാപ്തി തിരിച്ചറിയുകയും ചെയ്യുന്നതോടൊപ്പം തന്നെ സമകാലീന സാഹിത്യാന്തരീക്ഷത്തിന്റെ അധോലോകമാലിന്യപ്പടർച്ചകളുടെ മൂക്കുചുളിപ്പിക്കുന്ന ചീഞ്ഞഗന്ധം വായനക്കാരനെ അനുഭവിപ്പിക്കുകയും ചെയ്യുന്നുണ്ട്‌ ഈ കവിത . ഇരട്ടത്തലച്ചി, വെട്ടുംതോറും ,സാങ്ങ്ഗായി എന്നീ കവിതകൾ പെണ്ണിനേയും പ്രകൃതിയേയും ചേർത്തുവായിക്കാവുന്നവയാണ്‌. മുത്ത്ശ്ശിച്ചൊല്ലിലെ ജീവിതസ്പന്ദങ്ങളെ വർത്തമാനകാലത്തിന്റെ പെൺപരിസ്ഥിതിയുമായി സമന്വയിപ്പിക്കുന്ന കവിതയാണ്‌ ഇരട്ടത്തലച്ചി. പ്രണയാനുഭവങ്ങളുടെ വ്യത്യസ്തമായ വിനിമയങ്ങളാണ്‌ കണ്ണുകൾ,പുനർജ്ജനി, പ്രണയത്തോറ്റം, പേരില്ലാക്കവിത,തേറ്റ എന്നീ കവിതകൾ. ഉറങ്ങുവാനാണെന്നാല്പ്പോലും കാമുകിയുടേ കണ്ണുകൾ ഒരിക്കലും അടയാതിരിയക്കട്ടെ എന്നു ചിന്തിക്കുന്ന കാമുകനും(കണ്ണുകൾ), ,നുണകൾ കൊണ്ടു തീർത്ത കാട്ടിൽ നേരിന്റെ തീപ്പൊരിപടർന്ന്‌ പ്രണയം വെണ്ണീറായിട്ടും പ്രതികാരത്തിന്റെ തേറ്റമുന രാകി കാത്തിരിക്കുന്ന കാമുകിയും (തേറ്റ)തീവ്രപ്രണയത്തിന്റെ രണ്ടു വിരുദ്ധമുഖങ്ങളാണ്‌ കാണിച്ചുതരുന്നത്‌. തികച്ചും ഗ്രാമീണമായ പദശൈലീപ്രയോഗങ്ങൾ കൊണ്ടു പ്രണയത്തിന്റെ ഒരു ആവഹനക്കളം തീർക്കുന്ന പ്രണയത്തോറ്റം വ്യതസ്തമായ വായനാനുഭവം നൽകുന്ന കവിതയാണ്‌ ‌. പുനർജ്ജനി എന്നകവിത ആശയപരമായും ഘടനാപരമായും തികച്ചും വേറിട്ടുനിൽക്കുന്ന ഒന്നാണ്‌. ന്യൂസ്‌ റിപ്പോർട്ടിംഗിന്റെ ശൈലിയിൽ എഴുതപ്പെട്ട പുനർജനിയിലെ അന്ത:സ്പന്ദിതതാളമായി വർത്തിക്കുന്നത്‌ അതിലെ പ്രകടമായ വൈരുദ്ധ്യാത്മകതയാണ്‌ പ്രണയവും നിരാസവും, ശാപവും മോക്ഷവും , നാമജപവും പുലയാട്ടും പുനർജ്ജനിനൂഴലും തിരികെയുള്ളയാത്രയും ,അവസാനത്തെ ചൊറിച്ചുമല്ലലിന്റെ സൂചനയിൽ വരെ ഈ വൈരുദ്ധ്യം പ്രകടമാണ്‌.

സൂര്യശുദ്ധി രാകിയ
കൽച്ചീള്‍ മുനകളിൽ
രക്തബലിയാകണോ
ഉപേക്ഷിച്ച വിഴുപ്പുചുറ്റി
തുടക്കത്തിലേയ്ക്കു മടങ്ങണോ..

എന്ന മട്ടിൽ സന്ദേഹിയായ ഒരു മനസ്സിന്റെ വിരുദ്ധാത്മകദ്വന്ദഭാവം ഈകവിതയിലുടനീളം പ്രതിഫലിക്കുന്നു.

ആവിഷ്കാരഭംഗിയും സംവേദനക്ഷമതയും ഒത്തിണങ്ങിയ കവിതയാണ്‌ പഴനീരാണ്ടി
കാലമടർന്നമുള്ളിലവിൽ
നാളേയ്ക്കുനീണ്ട നടുക്കൊമ്പിൽ
എനിക്കു തൊട്ടിൽ ഞാൻ തന്നെ
എനിക്കു ചിറകും ഞാൻ തന്നെ
എന്ന്‌ കവിയുടേ സ്വത്വത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും പ്രഖ്യാപനമാണ്‌ `ഈ കവിത .

അനുഭവങ്ങൾ മനസ്സിന്റെ ബോധാബോധതലങ്ങളിൽ സൃഷ്ടിക്കുന്ന അനുരണനങ്ങൾ എപ്പോഴും സമാനമാവണമെന്നില്ല. സ്വാനുഭവങ്ങളെ കാവ്യഭാഷയിലേയ്ക്ക്‌ വിവർത്തനം ചെയ്യുമ്പോൾ സൃഷ്ടാവിന്റെ ഭൗതികസ്വത്വം മിക്കപ്പോഴും സൃഷ്ടിയിൽ പ്രകടമാവാനുള്ള സാധ്യത ഏറെയുണ്ട്‌ എന്നത്‌ എല്ലാക്കാലത്തും എല്ലാദേശത്തും എല്ലാ ഭാഷയിലേയും എഴുത്തുകാർ നേരിടുന്ന വെല്ലുവിളിയാണ്‌. ഈ വെല്ലുവിളിയെ മറികടക്കാനുള്ള കാര്യമായ ശ്രമം ഒന്നും `പഴനീരാണ്ടി` യുടെ കവിയിൽനിന്നും ഉണ്ടായതായി കാണുന്നില്ല. മറിച്ച്‌ കവിയെസംബന്ധിച്ച്‌ പഥ്യമെന്നുറപ്പുള്ള സുരക്ഷിതമായ ഒളിയിടത്തേക്കാൾ വായനയ്ക്കു ഹിതകരമായി വെളിപ്പെടുന്നതിന്റെ സത്യസന്ധവും അരക്ഷിതവുമായ തുറസ്സിടങ്ങളിൽ വിഹരിക്കാനിഷ്ടപ്പെടുന്നയാളാണു താൻ എന്നു പഴനീരാണ്ടിയിലെ കവിതകളിലൂടേ ശിവകുമാർ പറഞ്ഞുവെയ്ക്കുന്നുണ്ട്‌. കവിയുടെ സത്യസന്ധതയായി അതിനെ വ്യാഖ്യാനിക്കുന്നു . കവിതയുടേയും.

(തോര്‍ച്ച മാസിക)