Tuesday, July 14, 2009

എന്റെ ബാദ്ധ്യതകള്‍‌ -Xhevahir spahiu-അല്‍ബേനിയ

((അല്‍ബേനിയന്‍ കവി Xhevahir spahiu ന്റെ My debts എന്ന കവിതയുടെ സ്വതന്ത്ര വിവര്‍ത്തനം)
(ഇങ്ക്ലീഷ് വിവര്‍‌ത്തനം ഇവിടെ വായിക്കാം)


മരിച്ചുപോകും ഞാന്‍
തീരാക്കടങ്ങളിലാണ്ട് തീര്‍‌ന്നുപോകും.
പുഴയൊഴുക്കിന്റെ ആഴങ്ങള്‍‌,
ഗ്യാസ്ചേം‍ബറുകള്‍‌,
ഇവിടൊന്നുമല്ല മരണം!

കുഴിമാടത്തില്‍‌ തലക്കല്ലിടാഞ്ഞതിന്‌
അമ്മയ്ക്കു ഞാന്‍ കടക്കാരന്‍‌
ഒരു മുന്തിരിത്തല പടര്‍‌ത്താതെ
ഓക്കുമരത്തിനോട്,
കഴിഞ്ഞ ഞായറില്‍‌ കവര്‍‌ന്നതിന്‌
പ്രണയത്തിനോട്,
പേര്‍ചൊല്ലി വിളിക്കാതെ
പാപത്തിനോട്.

മരിച്ചുപോകും ഞാന്‍
ഏറിയ ബാദ്ധ്യതകളിലൊടുങ്ങിപ്പോകും.

സ്വപ്നം കണ്ടില്ല,
വാക്കിനോടു കടം.
ചിറകില്‍‌ വെള്ളതേച്ചില്ല,
കാക്കയോടു കടം.
കടമാണ്‌, 1913 നോട്
തലോടിയില്ലഞാന്‍
അതിന്റെ മുറിവിലൊന്നും.
വാതില്‍‌പ്പടിയില്‍‌ വെച്ചുപോന്ന
വിദൂരഭൂതത്തിന്റെ കറുപ്പിന്‌
വരുംനാളിനോടാണു കടം.

കടങ്ങളില്‍‌മുങ്ങിയാവും എന്റെ ഉയിര്‍പോവുക..

കടക്കാരനാണുഞാന്‍‌
ജീവിച്ചിരിപ്പവരോട് ;
കടക്കാരന്‍‌തന്നെ
മരിച്ചവരോടും.

എല്ലാക്കടങ്ങളുമൊടുക്കാനായി
വില്‍ക്കും ഞാന്‍
കല്ലറയിലെ
എന്റെ ഓര്‍‌മ്മക്കല്ല്.


അത്രതന്നെ..
ഇനി
നീ പറയുക
നീയെനിക്കെന്തുമാത്രം കടപ്പെട്ടവനാണ്‌?

6 comments:

  1. കടങ്ങളൊന്നും ഒടുക്കിത്തീരാതെ ഒടുങ്ങേണ്ടവര്‍ നാമെല്ലാം.

    നല്ല കവിത. പരിചയപ്പെടുത്തിയതിന്‌ ഒരു പാട്‌ നന്ദി.

    ReplyDelete
  2. നല്ല കവിത. പരിചയപ്പെടുത്തിയതിന്‌ നന്ദി

    ReplyDelete
  3. കവിതയുടെ ശക്തി പ്രസരിക്കുന്ന കവിത.മൊഴിമാറ്റവും ഭേദപ്പെട്ടതായി. നന്ദി.

    ReplyDelete
  4. കടക്കാരനാണുഞാന്‍‌
    ജീവിച്ചിരിപ്പവരോട് ;
    കടക്കാരന്‍‌തന്നെ
    മരിച്ചവരോടും.
    Ellavarum ngineyalle...!!!

    Nalla Vivarthanm.... Ashamsakal...!!!

    ReplyDelete