കാപ്പിത്തോട്ടങ്ങളില്‍ കാത്തുവെച്ചവ....
മലയാളിയുടെ എഴുത്തിടങ്ങളില്‍ ആവിഷ്കാരത്തിലെന്നപോലെ അനുഭവങ്ങള്‍ക്കും അനുഭൂതികള്‍ക്കും കോലം കാലത്തിനൊത്തുതന്നെ. എഴുത്തിന്റെ വഴികളില്‍ ,പ്രത്യേകിച്ച് കവിത കടന്നുപോന്ന വഴികളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ കുറേയെങ്കിലും സാര്‍ത്ഥകമായിത്തന്നെ ചരിത്രത്തില്‍ അടയാളപ്പെടുന്നുണ്ട് .അവനവനെ പ്രത്യേകമായി എഴുതിവയ്ക്കാന്‍ ഓരോ എഴുത്താളിയും അത്യധ്വാനം ചെയ്യുന്നുണ്ട്. സിന്ധു കെ വിയെന്ന എന്റെ സുഹൃത്തിന്റെയും ശ്രമം മറിച്ചൊന്നിനല്ല . സിന്ധുവിന്റെ ആദ്യകവിതാ സമാഹാരം 'കാപ്പിത്തോട്ടങ്ങളുടെ സൂക്ഷിപ്പുകാരി ' വായനക്കാര്‍ക്കായി പരിചയപ്പെടുത്തുന്നതില്‍ സന്തോഷമുണ്ട്. സിന്ധുവിനോടുള്ള അടുപ്പം സൈബര്‍ ലോകത്ത് സംഭവിച്ചതാണ് . സിന്ധുവിന്റെ കവിതകളെ ആദ്യം പരിചയപ്പെടുന്നതും അവിടെവെച്ചുതന്നെ.
ചിന്തകളുടെ ചൂടാറുമെന്നു ഭയത്താല്‍ വേവടുപ്പുതന്നെ വിളമ്പുകിണ്ണവുമാകുന്ന ,ചൂടും വേവുമുള്ള 'ലാസ്റ്റ്സപ്പര്‍' എന്ന ആദ്യ കവിതമുതല്‍ 'ഉച്ച' വരെ മുപ്പത്തിനാലുകവിതകളാണ് ഈ കാവ്യപുസ്തകത്തില്‍ ഉള്ളത്. ഏറെക്കുറേ സ്വതന്ത്രമായ രചനാശൈലിയാണ് സിന്ധുവിന്റേത് . അതിലളിതം അല്ല മിക്കവയും എന്നത് പൊതുവേ സിന്ധുവിന്റെ കവിതകളുടെ സവിശേഷഗുണം എന്ന് കരുതാമെങ്കിലും ചിലകവിതകളെങ്കിലും ആദ്യത്തെ ഒന്ന് രണ്ടു വായനയ്ക്ക് പിടിതരാതെ വഴുതിമാറി എന്ന കാര്യവും പറയാതെ വയ്യ . എങ്കിലും അതിസാധാരണമായ പതിവുകാഴ്ച്ചകളെയും ചിന്തകളെയും അങ്ങനെതന്നെ രേഖപ്പെടുത്തേണ്ട ഒന്നല്ല മറിച്ച് കവിയുടെ അതിസങ്കീര്‍ണ്ണമായ അന്തര്‍പ്രപഞ്ചങ്ങളിലേയ്ക്ക് ഒരു എത്തിനോട്ടം മാത്രം തരമാക്കുന്ന , ബാക്കി വായനയില്‍ പൂരിപ്പിയ്ക്കേണ്ടുന്ന, മുഴുവന്‍ തുറക്കാത്ത ഒരു കിളിവാതില്‍ പോലെയാവണം കവിത എന്ന് ചിന്തിയ്ക്കുന്നവര്‍ കൂടിവരുന്ന കാലമാണിത് . ധ്വന്യാത്മകസൌന്ദര്യവും ബഹുവ്വ്യാഖ്യാനസാധ്യതയും ഒട്ടു ദുര്‍ഗ്രഹം എന്നുതോന്നാവുന്ന ,ഈ കാലത്തിന്റെ കവിതയുടെ ഘടനാപരമായ സവിശേഷതായിത്തന്നെ പറയേണ്ടിയിരിയ്ക്കുന്നു.
നിശിതമായ ശാപോക്തിപോലെ 'ലാസ്റ്റ് സപ്പര്‍' , നിസ്സങ്കോചമുള്ള തുറന്നുപറച്ചിലായി വെഡ്ഡിംഗ് ആനിവേഴ്സറി, നിശ്ശബ്ദസഹനതിന്റെ ,മോഹത്തിന്റെ ഒക്കെ വെളിപ്പെടലുകള്‍ പോലെ ,'നിന്റെ ജടയിലെ അഴിയാക്കുരുക്കുകള്‍ക്ക് /ഇതിലുമേറെയെന്തു സ്വപ്നം തരാനാകും '
എന്നുള്ള തിരിച്ചറിവുകള്‍ പോലെ ഗംഗ ,കൊളാഷ് അഥവാ ഒരു സ്വപ്നം ,ആസക്തിയുടെ 'മഴവഴികള്‍ ', അനിവാര്യതകളുടെ 'നിന്നോട് ' ഏകാന്തതയുടെ 'നീണ്ടകഥപോലൊരു പകല്‍' ആര്‍ദ്രതയുടെ 'ഒരുക്കം ' ആത്മസമര്‍പ്പണത്തിന്റെ 'കല്‍വിളക്ക് ' അന്യോന്യം അറിയായ്മയുടെ അലച്ചില്‍ മാത്രം അവശേഷിപ്പിയ്ക്കുന്ന 'ഭാഷ' ,നഷ്ടപ്പെടലിന്റെ 'പ്രണയ' വും 'സ്വപന' വും . പ്രതീക്ഷകളുടെ 'പ്രതീക്ഷ ' കാത്തിരിപ്പിന്റെയും ,കാഴ്ചയൊരുക്കലിന്റേയും 'കാപ്പിത്തോട്ടങ്ങളുടെ സൂക്ഷിപ്പുകാരി ' 'ഇലകള്‍ കൊഴിയും കാലം ' ധ്യാനത്തിന്റേയും അമര്‍ത്തലുകളുടേയും ചാ ക്രികചലനമായി 'ഭ്രമണം ' ....
ഇക്കവിതകളിലൊക്കെ സിന്ധു എന്നെയും നിന്നേയും കോറിയിടുന്നുണ്ട്. പക്ഷെ ഈ എന്നേയും നിന്നേയും ചേര്‍ക്കുന്നത് മധുരോദാരപ്രണയത്ത്തിന്റെ സുവരര്‍ണ്ണതന്തുക്കള്‍കൊണ്ടു മാത്രമല്ല ; ഉരുകിയൊലിയ്ക്കുന്ന വൈരാഗ്യത്തിന്റെ കൊടുംചൂടും, ഉറഞ്ഞു കനക്കുന്ന നിരാസത്തിന്റെ കഠിനശൈത്യവും ,വിരക്തിയുടെ വീശിയടിയ്ക്കുന്ന പൊടിക്കാറ്റുകളും ഒക്കെ ഇവയില്‍ അനുഭവിയ്ക്കാനാവും. അമ്മ കടന്നുവരുന്ന രണ്ടു കവിതകളെന്കിലുമുണ്ട് ഈ പുസ്തകത്തില്‍. 'അകത്തള'വും 'ഉച്ച'യും. കളിക്കൂട്ടായും, പ്രണയിനിയായും,സ്നേഹിതയായും അമ്മയായും ഭാര്യയായുമൊക്കെ വേഷമഭിനയിച്ചൊടുവില്‍ കാത്തിരിക്കാന്‍ മാത്രം വിധിക്കപ്പെടുന്ന പെണ്‍ജീവിതങ്ങളെ വരച്ചിടുന്ന കവിതയാണ് അകത്തളം .
ഇനിയും കവിതകള്‍ ബാക്കിനില്‍ക്കുന്നു .ഒരു മുത്തശ്ശിക്കഥ ,കര്‍ക്കടകപ്പെണ്ണ് ,ചില ജാലകക്കാഴ്ചകള്‍ ,ഉദ്യാനപാലക, പാര്‍ക്കിംഗ് ,ഓണം പെയ്യുന്നത്,ദേശാടനപ്പക്ഷി ...
പില്‍ക്കാലത്ത് പ്രശസ്തരായ ഏതാണ്ടെല്ലാ കവികള്‍ക്കും അവരുടെ ആദ്യകാലരചനകളുടെ പുനര്‍വായന ഒട്ടും തൃപ്തിനല്കാത്ത ഒന്നായി മാറിയിരുന്നു എന്നത് സത്യം. സ്വയം വിശകലനവും വിമര്‍ശനവുമായി ആ വിധത്തില്‍ അത്യദ്ധ്വാനം ചെയ്തു കവിതയില്‍ സ്വയം അടയാളപ്പെടുന്ന കവിയ്ക്കേ വായനക്കാരന്റെ ലോകത്തില്‍ ലബ്ധപ്രതിഷ്ഠനാവാന്‍ കഴിയൂ എന്നത് നിസ്തര്‍ക്കമായ കാര്യമാണ്. അത്തരത്തില്‍ കാവ്യലോകത്ത് ഒരു പദവി നേടിയെടുക്കാന്‍ കവിയെന്ന നിലയില്‍ സിന്ധുവിനു കഴിയട്ടെ .
'നിന്നെ കോരാനെങ്കിലും
ചോര്‍ച്ചയില്ലാത്തൊരു പാത്രം
കരുതണം ഞാന്‍
എന്റെ കൈവിരല്‍ പഴുതിലൂടെ
അത്രമേല്‍ നീ ഊര്‍ന്നുപോകുന്നു'
ഇവ്വിധം സിന്ധു പ്രണയത്തെ എഴുതുന്നു.
കവിതയെ കോരാന്‍ പക്ഷെ ,സിന്ധുവിന് ഒട്ടും ചോര്‍ച്ചയില്ലാത്ത വിരലടുപ്പം ആശംസിക്കുന്നു .