പഴനീരാണ്ടി(കവിതകള്‍ )
ശിവകുമാര്‍ അമ്പലപ്പുഴ
ശിവകുമാര്‍ അമ്പലപ്പുഴ
വായനയുടെ രസാനുഭൂതി അർത്ഥത്തിനും മുൻപേ ഉള്ളിലെത്തുകയും അതുവഴി ആവർത്തിച്ചുള്ള വായനയിലേയ്ക്കും ആഴത്തിലുള്ള ആസ്വാദനത്തിലേയ്ക്കും വായനക്കാരനെ കൊണ്ടുപോവുകയും ചെയ്യുന്നുവെങ്കിൽ ആ എഴുത്തിനെ കലർപ്പില്ലാത്ത ഒന്നായി വ്യാഖ്യാനിക്കാം.
ഇത്തരത്തിൽ ഒറ്റവായനയ്ക്കു വഴങ്ങിത്തരുന്ന ഒന്നായിരിക്കെത്തന്നെ വാക്കുകളുടെ ശബ്ദാർത്ഥങ്ങൾക്കുമപ്പുറത്തുള്ള , അല്ലെങ്കിൽ ആശയപരമായി അതിലും കവിഞ്ഞ ഒരു സംവേദനാനുഭവം പകരുന്ന തരത്തിലുള്ള കവിതകളാണ് ശിവകുമാർ അമ്പലപ്പുഴയുടേത്.
സ്ഥൂലമായ വർണ്ണനകളും ആവർത്തനങ്ങളൂം കൊണ്ട് വായനക്കാരനെ ഒട്ടും ചെടിപ്പിക്കാതെ കൃത്യമായ പദസന്നിവേശങ്ങളാൽ അങ്ങേയറ്റം സൂക്ഷ്മതയോടെ മെനഞ്ഞെടുക്കുന്ന ശിവകുമാറിന്റെ കവിതകൾ മിക്കവയും സാങ്കേതികമായും ലാവണ്യപരമായും മികച്ച രൂപശിൽപ്പങ്ങൾതന്നെയാണ്. സമൂഹത്തോടും പ്രകൃതിയോടും സ്വന്തം ജീവിതാനുഭവങ്ങളിലൂന്നിയുള്ള സർഗ്ഗാത്മകപ്രതികരണമാണ് ശിവകുമാറിന്റെ രണ്ടാമത്തെ കവിതാസമാഹാരമായ 'പഴനീരാണ്ടി'.
പുതിയ കാലത്തിനനുഗുണമാവും വിധം കവിതയിൽ പുതിയസങ്കേതങ്ങൾ ഉപയോഗപ്പെടുത്തുകയും ഒപ്പം തന്നെ പഴമയുടെ ലാവണ്യദർശനത്തേയും വാങ്മയങ്ങളെയും കൈവിട്ടുകളയാതെ സന്ദർഭാനുസാരിയായി ഇണക്കിച്ചേർക്കുകയും ചെയ്തുകൊണ്ടുള്ള കാവ്യനിർമ്മാണശൈലിയാണ് ശിവകുമാർ ഈ സമാഹാരത്തിൽ അവലംബിച്ചിരിക്കുന്നത്. ആദ്യവായനയിൽത്തന്നെ ശ്രവണസംബന്ധിയായ ഒരു സംവേദനം പകരുന്ന രചനകൾ എന്നു വ്യാഖ്യാനിക്കാവുന്ന വായനാനുഭവമാണ് പഴനീരാണ്ടിയിലെ ഭൂരിഭാഗം കവിതകളിൽ നിന്നും ലഭിക്കുന്നത്.
കർമ്മമോ കർത്തവ്യമോ അല്ലെങ്കിൽപോലും കവിതയെ ലാളിച്ച് കൂടെ നടത്തുകയും കവിതയില്ലാത്ത ലോകം കലുഷവും മനസ്സ് പ്രക്ഷുബ്ധവും ആണെന്നു തിരിച്ചറിയുകയും ചെയ്യുന്ന തന്നെ സംബന്ധിച്ചിടത്തോളം സ്വന്തം ജീർണ്ണതയുടെ ചിതൽമണ്ണ് നിശ്ശബ്ദം അടരുന്നതിന്റെ അനുഭൂതിപ്പകർച്ചയാണ് കവിതയെഴുത്തെന്ന് ശിവകുമാർ 'വാഴപ്പൂത്തുമ്പത്തെ തേൻതുള്ളി ' എന്ന മുഖക്കുറിപ്പിൽ സ്വയം പരിചയപ്പെടുത്തുന്നു.
`രാവുണ്ണി`മുതൽ `പുല്ലിംഗം ` വരെ (9 ക്യാപ്സൂൾ- കവിതകൾ കൊള്ളിച്ച മൈക്രോക്കൂടടക്കം) ഇരുപത്താറു കവിതകളാണ് പഴനീരാണ്ടിയിൽ ഉള്ളത്. സ്വാനുഭവച്ചേരുവകൾ ഏകദേശം എല്ലാ കവിതകളേയും സമ്പുഷ്ടമാക്കുന്നുവെങ്കിലും രാവുണ്ണി, അധോലോകം, പഴനീരാണ്ടി, പുനർജ്ജനി, കണ്ണുകൾ എന്നിവയുടെ ആഖ്യാനത്തിൽ ഈ അനുഭവച്ചേർച്ച കവിതയുടെ കരുത്തായി മാറുന്നത് കാണാം. , പ്രവാസജീവിതത്തിന്റെ ചര്യകൾക്കു തികച്ചും യോജിക്കുന്ന ലളിതമായ ഉപമകളിലൂടെ ഉരുത്തിരിയുന്ന ,ഒരുപ്രവാസിയുടെ ജീവിതത്തിലെ ആവർത്തനവിരസതയും അയാൾ അനുഭവിക്കുന്ന ഗൃഹാതുരതയും, നഷ്ടബോധവും നാട്ടിൽ ബാക്കിവെച്ചുപോകുന്ന സൗഹൃദവും ഒക്കെ വരച്ചുകാട്ടുന്ന രാവുണ്ണി എന്ന ഒറ്റകവിതയുടെ വായനയിൽനിന്നുതന്നെ ആശയത്തിന്റെ അനുക്രമമായ വികാസപരിണാമങ്ങളുടെ ആവിഷ്കാരത്തിലും പദങ്ങളുടേ സന്നിവേശത്തിലും കവി പ്രകടിപ്പിക്കുന്ന അസാമാന്യമായ കൈയ്യടക്കം മനസ്സിലാക്കാൻ സാധിക്കും. അധികമായിപ്പറയുന്ന ഒറ്റ വാക്കുമില്ലെങ്കില്ക്കൂടിയും വിവരണാത്മകമായി അനുഭവപ്പെടുന്ന കവിതയാണിത് .പുഴയുടെ മണൽപ്പരപ്പിൽ പതിഞ്ഞുകിടന്ന കൂർമുനയുള്ള അസ്ഥിത്തുണ്ടൂകളിൽ അനാഥപിതൃത്വങ്ങളെ കാണിച്ചുതരുന്ന `നിമജ്ജനം` എന്ന കവിതയിൽ കുത്തിമുറിവേല്പ്പിച്ചിട്ടും , വലിച്ചെറിഞ്ഞിട്ടാണെങ്കിൽപ്പോലും മോക്ഷവഴിയിലേയ്ക്ക് എത്തിയ്ക്കപ്പെട്ട സഫലപിതൃത്വവും ,മാതൃവാത്സല്യത്തിന്റെ കരുതലും ,പുത്രസ്നേഹത്തിന്റെ കരുത്തും തികച്ചും സ്വാഭാവികമായിത്തന്നെ വെളിപ്പെടുന്നുണ്ട്. ഇടമുറിയാതെ പെയ്യുന്ന മഴയുടെ ഇടമുറിഞ്ഞ നാനാർത്ഥങ്ങൾ തേടുന്ന മഴനീര്‍സംഭരണി , മകൾക്കയച്ച ഇ-മെയിൽ, അധോലോകം, കേഴളം, മുല്ലപ്പെരിയാർ, റോയൽട്ടി, പിഴ എന്നീ കവിതകളീൽ ആദ്യന്തം ഒരു കറുത്ത ചിരിയുടെ അടിയൊഴുക്കുകൾ കാണാം. ഈ ചിരി അതിന്റെ ആവിഷ്കാരസാകല്യത്തിലെത്തുന്നകവിതയാണ് അധോലോകം.
ചിലപ്പോൾ പുഷ്പിതാഗ്ര
ചിലപ്പോൾ ഇന്ദ്രവജ്രയുടെ കാഠിന്യം
നിത്യയാതനയുടേ അനുഷ്ഠിപ്പ്
എന്റെയാണെന്റെയാണീ കടുനൊമ്പരം
എന്നു തന്റെ അന്തർലോകനൊമ്പരങ്ങളെ തന്നിൽത്തന്നെ പടരാനനുവദിക്കുകയും ജീവിതചര്യയുടെ ഭാഗമായ പ്രതിവിധിയില്ലാത ആത്മപീഡനാനുഭവതിന്റെ പരിസമാപ്തി തിരിച്ചറിയുകയും ചെയ്യുന്നതോടൊപ്പം തന്നെ സമകാലീന സാഹിത്യാന്തരീക്ഷത്തിന്റെ അധോലോകമാലിന്യപ്പടർച്ചകളുടെ മൂക്കുചുളിപ്പിക്കുന്ന ചീഞ്ഞഗന്ധം വായനക്കാരനെ അനുഭവിപ്പിക്കുകയും ചെയ്യുന്നുണ്ട് ഈ കവിത . ഇരട്ടത്തലച്ചി, വെട്ടുംതോറും ,സാങ്ങ്ഗായി എന്നീ കവിതകൾ പെണ്ണിനേയും പ്രകൃതിയേയും ചേർത്തുവായിക്കാവുന്നവയാണ്. മുത്ത്ശ്ശിച്ചൊല്ലിലെ ജീവിതസ്പന്ദങ്ങളെ വർത്തമാനകാലത്തിന്റെ പെൺപരിസ്ഥിതിയുമായി സമന്വയിപ്പിക്കുന്ന കവിതയാണ് ഇരട്ടത്തലച്ചി. പ്രണയാനുഭവങ്ങളുടെ വ്യത്യസ്തമായ വിനിമയങ്ങളാണ് കണ്ണുകൾ,പുനർജ്ജനി, പ്രണയത്തോറ്റം, പേരില്ലാക്കവിത,തേറ്റ എന്നീ കവിതകൾ. ഉറങ്ങുവാനാണെന്നാല്പ്പോലും കാമുകിയുടേ കണ്ണുകൾ ഒരിക്കലും അടയാതിരിയക്കട്ടെ എന്നു ചിന്തിക്കുന്ന കാമുകനും(കണ്ണുകൾ), ,നുണകൾ കൊണ്ടു തീർത്ത കാട്ടിൽ നേരിന്റെ തീപ്പൊരിപടർന്ന് പ്രണയം വെണ്ണീറായിട്ടും പ്രതികാരത്തിന്റെ തേറ്റമുന രാകി കാത്തിരിക്കുന്ന കാമുകിയും (തേറ്റ)തീവ്രപ്രണയത്തിന്റെ രണ്ടു വിരുദ്ധമുഖങ്ങളാണ് കാണിച്ചുതരുന്നത്. തികച്ചും ഗ്രാമീണമായ പദശൈലീപ്രയോഗങ്ങൾ കൊണ്ടു പ്രണയത്തിന്റെ ഒരു ആവഹനക്കളം തീർക്കുന്ന പ്രണയത്തോറ്റം വ്യതസ്തമായ വായനാനുഭവം നൽകുന്ന കവിതയാണ് . പുനർജ്ജനി എന്നകവിത ആശയപരമായും ഘടനാപരമായും തികച്ചും വേറിട്ടുനിൽക്കുന്ന ഒന്നാണ്. ന്യൂസ് റിപ്പോർട്ടിംഗിന്റെ ശൈലിയിൽ എഴുതപ്പെട്ട പുനർജനിയിലെ അന്ത:സ്പന്ദിതതാളമായി വർത്തിക്കുന്നത് അതിലെ പ്രകടമായ വൈരുദ്ധ്യാത്മകതയാണ് പ്രണയവും നിരാസവും, ശാപവും മോക്ഷവും , നാമജപവും പുലയാട്ടും പുനർജ്ജനിനൂഴലും തിരികെയുള്ളയാത്രയും ,അവസാനത്തെ ചൊറിച്ചുമല്ലലിന്റെ സൂചനയിൽ വരെ ഈ വൈരുദ്ധ്യം പ്രകടമാണ്.
സൂര്യശുദ്ധി രാകിയ
കൽച്ചീള്‍ മുനകളിൽ
രക്തബലിയാകണോ
ഉപേക്ഷിച്ച വിഴുപ്പുചുറ്റി
തുടക്കത്തിലേയ്ക്കു മടങ്ങണോ..
എന്ന മട്ടിൽ സന്ദേഹിയായ ഒരു മനസ്സിന്റെ വിരുദ്ധാത്മകദ്വന്ദഭാവം ഈകവിതയിലുടനീളം പ്രതിഫലിക്കുന്നു.
ആവിഷ്കാരഭംഗിയും സംവേദനക്ഷമതയും ഒത്തിണങ്ങിയ കവിതയാണ് പഴനീരാണ്ടി
കാലമടർന്നമുള്ളിലവിൽ
നാളേയ്ക്കുനീണ്ട നടുക്കൊമ്പിൽ
എനിക്കു തൊട്ടിൽ ഞാൻ തന്നെ
എനിക്കു ചിറകും ഞാൻ തന്നെ
എന്ന് കവിയുടേ സ്വത്വത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും പ്രഖ്യാപനമാണ് `ഈ കവിത .
അനുഭവങ്ങൾ മനസ്സിന്റെ ബോധാബോധതലങ്ങളിൽ സൃഷ്ടിക്കുന്ന അനുരണനങ്ങൾ എപ്പോഴും സമാനമാവണമെന്നില്ല. സ്വാനുഭവങ്ങളെ കാവ്യഭാഷയിലേയ്ക്ക് വിവർത്തനം ചെയ്യുമ്പോൾ സൃഷ്ടാവിന്റെ ഭൗതികസ്വത്വം മിക്കപ്പോഴും സൃഷ്ടിയിൽ പ്രകടമാവാനുള്ള സാധ്യത ഏറെയുണ്ട് എന്നത് എല്ലാക്കാലത്തും എല്ലാദേശത്തും എല്ലാ ഭാഷയിലേയും എഴുത്തുകാർ നേരിടുന്ന വെല്ലുവിളിയാണ്. ഈ വെല്ലുവിളിയെ മറികടക്കാനുള്ള കാര്യമായ ശ്രമം ഒന്നും `പഴനീരാണ്ടി` യുടെ കവിയിൽനിന്നും ഉണ്ടായതായി കാണുന്നില്ല. മറിച്ച് കവിയെസംബന്ധിച്ച് പഥ്യമെന്നുറപ്പുള്ള സുരക്ഷിതമായ ഒളിയിടത്തേക്കാൾ വായനയ്ക്കു ഹിതകരമായി വെളിപ്പെടുന്നതിന്റെ സത്യസന്ധവും അരക്ഷിതവുമായ തുറസ്സിടങ്ങളിൽ വിഹരിക്കാനിഷ്ടപ്പെടുന്നയാളാണു താൻ എന്നു പഴനീരാണ്ടിയിലെ കവിതകളിലൂടേ ശിവകുമാർ പറഞ്ഞുവെയ്ക്കുന്നുണ്ട്. കവിയുടെ സത്യസന്ധതയായി അതിനെ വ്യാഖ്യാനിക്കുന്നു . കവിതയുടേയും.
(തോര്‍ച്ച മാസിക)
സ്ഥൂലമായ വർണ്ണനകളും ആവർത്തനങ്ങളൂം കൊണ്ട് വായനക്കാരനെ ഒട്ടും ചെടിപ്പിക്കാതെ കൃത്യമായ പദസന്നിവേശങ്ങളാൽ അങ്ങേയറ്റം സൂക്ഷ്മതയോടെ മെനഞ്ഞെടുക്കുന്ന ശിവകുമാറിന്റെ കവിതകൾ മിക്കവയും സാങ്കേതികമായും ലാവണ്യപരമായും മികച്ച രൂപശിൽപ്പങ്ങൾതന്നെയാണ്. സമൂഹത്തോടും പ്രകൃതിയോടും സ്വന്തം ജീവിതാനുഭവങ്ങളിലൂന്നിയുള്ള സർഗ്ഗാത്മകപ്രതികരണമാണ് ശിവകുമാറിന്റെ രണ്ടാമത്തെ കവിതാസമാഹാരമായ 'പഴനീരാണ്ടി'.
പുതിയ കാലത്തിനനുഗുണമാവും വിധം കവിതയിൽ പുതിയസങ്കേതങ്ങൾ ഉപയോഗപ്പെടുത്തുകയും ഒപ്പം തന്നെ പഴമയുടെ ലാവണ്യദർശനത്തേയും വാങ്മയങ്ങളെയും കൈവിട്ടുകളയാതെ സന്ദർഭാനുസാരിയായി ഇണക്കിച്ചേർക്കുകയും ചെയ്തുകൊണ്ടുള്ള കാവ്യനിർമ്മാണശൈലിയാണ് ശിവകുമാർ ഈ സമാഹാരത്തിൽ അവലംബിച്ചിരിക്കുന്നത്. ആദ്യവായനയിൽത്തന്നെ ശ്രവണസംബന്ധിയായ ഒരു സംവേദനം പകരുന്ന രചനകൾ എന്നു വ്യാഖ്യാനിക്കാവുന്ന വായനാനുഭവമാണ് പഴനീരാണ്ടിയിലെ ഭൂരിഭാഗം കവിതകളിൽ നിന്നും ലഭിക്കുന്നത്.
കർമ്മമോ കർത്തവ്യമോ അല്ലെങ്കിൽപോലും കവിതയെ ലാളിച്ച് കൂടെ നടത്തുകയും കവിതയില്ലാത്ത ലോകം കലുഷവും മനസ്സ് പ്രക്ഷുബ്ധവും ആണെന്നു തിരിച്ചറിയുകയും ചെയ്യുന്ന തന്നെ സംബന്ധിച്ചിടത്തോളം സ്വന്തം ജീർണ്ണതയുടെ ചിതൽമണ്ണ് നിശ്ശബ്ദം അടരുന്നതിന്റെ അനുഭൂതിപ്പകർച്ചയാണ് കവിതയെഴുത്തെന്ന് ശിവകുമാർ 'വാഴപ്പൂത്തുമ്പത്തെ തേൻതുള്ളി ' എന്ന മുഖക്കുറിപ്പിൽ സ്വയം പരിചയപ്പെടുത്തുന്നു.
`രാവുണ്ണി`മുതൽ `പുല്ലിംഗം ` വരെ (9 ക്യാപ്സൂൾ- കവിതകൾ കൊള്ളിച്ച മൈക്രോക്കൂടടക്കം) ഇരുപത്താറു കവിതകളാണ് പഴനീരാണ്ടിയിൽ ഉള്ളത്. സ്വാനുഭവച്ചേരുവകൾ ഏകദേശം എല്ലാ കവിതകളേയും സമ്പുഷ്ടമാക്കുന്നുവെങ്കിലും രാവുണ്ണി, അധോലോകം, പഴനീരാണ്ടി, പുനർജ്ജനി, കണ്ണുകൾ എന്നിവയുടെ ആഖ്യാനത്തിൽ ഈ അനുഭവച്ചേർച്ച കവിതയുടെ കരുത്തായി മാറുന്നത് കാണാം. , പ്രവാസജീവിതത്തിന്റെ ചര്യകൾക്കു തികച്ചും യോജിക്കുന്ന ലളിതമായ ഉപമകളിലൂടെ ഉരുത്തിരിയുന്ന ,ഒരുപ്രവാസിയുടെ ജീവിതത്തിലെ ആവർത്തനവിരസതയും അയാൾ അനുഭവിക്കുന്ന ഗൃഹാതുരതയും, നഷ്ടബോധവും നാട്ടിൽ ബാക്കിവെച്ചുപോകുന്ന സൗഹൃദവും ഒക്കെ വരച്ചുകാട്ടുന്ന രാവുണ്ണി എന്ന ഒറ്റകവിതയുടെ വായനയിൽനിന്നുതന്നെ ആശയത്തിന്റെ അനുക്രമമായ വികാസപരിണാമങ്ങളുടെ ആവിഷ്കാരത്തിലും പദങ്ങളുടേ സന്നിവേശത്തിലും കവി പ്രകടിപ്പിക്കുന്ന അസാമാന്യമായ കൈയ്യടക്കം മനസ്സിലാക്കാൻ സാധിക്കും. അധികമായിപ്പറയുന്ന ഒറ്റ വാക്കുമില്ലെങ്കില്ക്കൂടിയും വിവരണാത്മകമായി അനുഭവപ്പെടുന്ന കവിതയാണിത് .പുഴയുടെ മണൽപ്പരപ്പിൽ പതിഞ്ഞുകിടന്ന കൂർമുനയുള്ള അസ്ഥിത്തുണ്ടൂകളിൽ അനാഥപിതൃത്വങ്ങളെ കാണിച്ചുതരുന്ന `നിമജ്ജനം` എന്ന കവിതയിൽ കുത്തിമുറിവേല്പ്പിച്ചിട്ടും , വലിച്ചെറിഞ്ഞിട്ടാണെങ്കിൽപ്പോലു
ചിലപ്പോൾ പുഷ്പിതാഗ്ര
ചിലപ്പോൾ ഇന്ദ്രവജ്രയുടെ കാഠിന്യം
നിത്യയാതനയുടേ അനുഷ്ഠിപ്പ്
എന്റെയാണെന്റെയാണീ കടുനൊമ്പരം
എന്നു തന്റെ അന്തർലോകനൊമ്പരങ്ങളെ തന്നിൽത്തന്നെ പടരാനനുവദിക്കുകയും ജീവിതചര്യയുടെ ഭാഗമായ പ്രതിവിധിയില്ലാത ആത്മപീഡനാനുഭവതിന്റെ പരിസമാപ്തി തിരിച്ചറിയുകയും ചെയ്യുന്നതോടൊപ്പം തന്നെ സമകാലീന സാഹിത്യാന്തരീക്ഷത്തിന്റെ അധോലോകമാലിന്യപ്പടർച്ചകളുടെ മൂക്കുചുളിപ്പിക്കുന്ന ചീഞ്ഞഗന്ധം വായനക്കാരനെ അനുഭവിപ്പിക്കുകയും ചെയ്യുന്നുണ്ട് ഈ കവിത . ഇരട്ടത്തലച്ചി, വെട്ടുംതോറും ,സാങ്ങ്ഗായി എന്നീ കവിതകൾ പെണ്ണിനേയും പ്രകൃതിയേയും ചേർത്തുവായിക്കാവുന്നവയാണ്. മുത്ത്ശ്ശിച്ചൊല്ലിലെ ജീവിതസ്പന്ദങ്ങളെ വർത്തമാനകാലത്തിന്റെ പെൺപരിസ്ഥിതിയുമായി സമന്വയിപ്പിക്കുന്ന കവിതയാണ് ഇരട്ടത്തലച്ചി. പ്രണയാനുഭവങ്ങളുടെ വ്യത്യസ്തമായ വിനിമയങ്ങളാണ് കണ്ണുകൾ,പുനർജ്ജനി, പ്രണയത്തോറ്റം, പേരില്ലാക്കവിത,തേറ്റ എന്നീ കവിതകൾ. ഉറങ്ങുവാനാണെന്നാല്പ്പോലും കാമുകിയുടേ കണ്ണുകൾ ഒരിക്കലും അടയാതിരിയക്കട്ടെ എന്നു ചിന്തിക്കുന്ന കാമുകനും(കണ്ണുകൾ), ,നുണകൾ കൊണ്ടു തീർത്ത കാട്ടിൽ നേരിന്റെ തീപ്പൊരിപടർന്ന് പ്രണയം വെണ്ണീറായിട്ടും പ്രതികാരത്തിന്റെ തേറ്റമുന രാകി കാത്തിരിക്കുന്ന കാമുകിയും (തേറ്റ)തീവ്രപ്രണയത്തിന്റെ രണ്ടു വിരുദ്ധമുഖങ്ങളാണ് കാണിച്ചുതരുന്നത്. തികച്ചും ഗ്രാമീണമായ പദശൈലീപ്രയോഗങ്ങൾ കൊണ്ടു പ്രണയത്തിന്റെ ഒരു ആവഹനക്കളം തീർക്കുന്ന പ്രണയത്തോറ്റം വ്യതസ്തമായ വായനാനുഭവം നൽകുന്ന കവിതയാണ് . പുനർജ്ജനി എന്നകവിത ആശയപരമായും ഘടനാപരമായും തികച്ചും വേറിട്ടുനിൽക്കുന്ന ഒന്നാണ്. ന്യൂസ് റിപ്പോർട്ടിംഗിന്റെ ശൈലിയിൽ എഴുതപ്പെട്ട പുനർജനിയിലെ അന്ത:സ്പന്ദിതതാളമായി വർത്തിക്കുന്നത് അതിലെ പ്രകടമായ വൈരുദ്ധ്യാത്മകതയാണ് പ്രണയവും നിരാസവും, ശാപവും മോക്ഷവും , നാമജപവും പുലയാട്ടും പുനർജ്ജനിനൂഴലും തിരികെയുള്ളയാത്രയും ,അവസാനത്തെ ചൊറിച്ചുമല്ലലിന്റെ സൂചനയിൽ വരെ ഈ വൈരുദ്ധ്യം പ്രകടമാണ്.
സൂര്യശുദ്ധി രാകിയ
കൽച്ചീള്‍ മുനകളിൽ
രക്തബലിയാകണോ
ഉപേക്ഷിച്ച വിഴുപ്പുചുറ്റി
തുടക്കത്തിലേയ്ക്കു മടങ്ങണോ..
എന്ന മട്ടിൽ സന്ദേഹിയായ ഒരു മനസ്സിന്റെ വിരുദ്ധാത്മകദ്വന്ദഭാവം ഈകവിതയിലുടനീളം പ്രതിഫലിക്കുന്നു.
ആവിഷ്കാരഭംഗിയും സംവേദനക്ഷമതയും ഒത്തിണങ്ങിയ കവിതയാണ് പഴനീരാണ്ടി
കാലമടർന്നമുള്ളിലവിൽ
നാളേയ്ക്കുനീണ്ട നടുക്കൊമ്പിൽ
എനിക്കു തൊട്ടിൽ ഞാൻ തന്നെ
എനിക്കു ചിറകും ഞാൻ തന്നെ
എന്ന് കവിയുടേ സ്വത്വത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും പ്രഖ്യാപനമാണ് `ഈ കവിത .
അനുഭവങ്ങൾ മനസ്സിന്റെ ബോധാബോധതലങ്ങളിൽ സൃഷ്ടിക്കുന്ന അനുരണനങ്ങൾ എപ്പോഴും സമാനമാവണമെന്നില്ല. സ്വാനുഭവങ്ങളെ കാവ്യഭാഷയിലേയ്ക്ക് വിവർത്തനം ചെയ്യുമ്പോൾ സൃഷ്ടാവിന്റെ ഭൗതികസ്വത്വം മിക്കപ്പോഴും സൃഷ്ടിയിൽ പ്രകടമാവാനുള്ള സാധ്യത ഏറെയുണ്ട് എന്നത് എല്ലാക്കാലത്തും എല്ലാദേശത്തും എല്ലാ ഭാഷയിലേയും എഴുത്തുകാർ നേരിടുന്ന വെല്ലുവിളിയാണ്. ഈ വെല്ലുവിളിയെ മറികടക്കാനുള്ള കാര്യമായ ശ്രമം ഒന്നും `പഴനീരാണ്ടി` യുടെ കവിയിൽനിന്നും ഉണ്ടായതായി കാണുന്നില്ല. മറിച്ച് കവിയെസംബന്ധിച്ച് പഥ്യമെന്നുറപ്പുള്ള സുരക്ഷിതമായ ഒളിയിടത്തേക്കാൾ വായനയ്ക്കു ഹിതകരമായി വെളിപ്പെടുന്നതിന്റെ സത്യസന്ധവും അരക്ഷിതവുമായ തുറസ്സിടങ്ങളിൽ വിഹരിക്കാനിഷ്ടപ്പെടുന്നയാളാണു താൻ എന്നു പഴനീരാണ്ടിയിലെ കവിതകളിലൂടേ ശിവകുമാർ പറഞ്ഞുവെയ്ക്കുന്നുണ്ട്. കവിയുടെ സത്യസന്ധതയായി അതിനെ വ്യാഖ്യാനിക്കുന്നു . കവിതയുടേയും.
(തോര്‍ച്ച മാസിക)
Nannayittundu
ReplyDelete