Saturday, August 24, 2013

'താരാധിപാനനേ!താരേ! മനോഹരേ!

രാമായണത്തിൽ ഏറ്റവും അവമതിയ്ക്കപെട്ട സ്ത്രീ താരയാണെന്ന് തോന്നുന്നു . മുന്കൂട്ടി നിശ്ചയിക്കപ്പെട്ട സ്ക്രിപ്റ്റ് വെച്ച് ആടിത്തിമർക്കുന്ന നായകന്റെയും നായികയുടെയും മറ്റു പ്രധാനികളുടെയും ഇടയിൽ താരയെന്ന പെണ്ണിന്റെ വ്യക്തിത്വത്തെ ചവിട്ടിമെതിച്ചവർ അങ്ങേയറ്റം വേണ്ടപ്പെട്ടവർ തന്നെയാണ്. ഭീരുവായി ഓടിപ്പോയ സഹോദരൻ തിരികെ വെല്ലുവിളിയുമായി വന്നപ്പോൾ അവന്റെ പിന്നിൽ ശക്തനായ ഒരു മിത്രം ഉണ്ടെന്നു താര ഭർത്താവിനു മുന്നറിയിപ്പ് കൊടുത്തതാണ്. രാമനുമായി സഖ്യം ചെയ്ത് പുത്രനെയും രാജ്യത്തെയും കുലത്തെയും രക്ഷിക്കാനാണ് സ്വാർത്ഥലേശമില്ലാതെ അവനോട് അവൾ ആവശ്യപ്പെടുന്നത് . 'രാമപരമാത്മാ'വിൽ അന്ധമായി വിശ്വസിച്ച ബാലി പക്ഷേ സ്വയം മരണത്തിനു മുന്നിൽ കഴുത്ത് നീട്ടുകയായിരുന്നു. രാമന്റെ ചെയ്തികളെ ചോദ്യം ചെയ്യാനുള്ള തിരിച്ചറിവ് ഉണ്ടായപ്പോഴെയ്ക്കും . 'മോക്ഷ'മെന്നു അംഗീകരിയ്ക്കുകയല്ലാതെ വേറെ വഴിയില്ലാത്തവിധം മൃത്യു സുനിശ്ചിതമായിക്കഴിഞ്ഞിരുന്നു സഹോദരഭാര്യയെ പരിഗ്രഹിച്ചു എന്ന് വേദത്തിൽ വിലക്കപ്പെട്ട പാപം ബാലി ചെയ്തു എന്നതാണ് ബാലിയെ കൊല്ലുന്നതിനുള്ള പ്രധാനകാരണമായി രാമൻ പറയുന്നത് . . എന്നിട്ടോ, താരയെ, അതായത് അമ്മയായിക്കാണേണ്ട ജ്യേഷ്ഠത്തിയമ്മയെ തിരികെ സുഗ്രീവന്റെ അധീനത്തിൽ തന്നെ രാമൻ ഏൽപ്പിയ്ക്കുകയും ചെയ്യുന്നു . തിന്നും കുടിച്ചും ഭാര്യമാരുമായി ഒരുവര്ഷം കടന്നു പോയ സുഗ്രീവൻ സീതാന്വേഷണകാര്യം സൌകര്യപൂർവ്വം മറക്കുന്നു .ബാലി യ്ക്കുവേണ്ടി ഉപയോഗിച്ച അസ്ത്രത്തിനു ഇനിയും പണിയുണ്ടാക്കരുതെന്ന താക്കീതുമായി കിഷ്കിന്ധയിലെത്തുന്ന ലക്ഷ്മണനെ 'തണുപ്പി' യ്ക്കാനായി അനിയൻ നിയോഗിക്കുന്നതു സ്വന്ത ഭാര്യയെ അല്ല മറിച്ച് മാതൃസ്ഥാനീയയായ താരയെ ആണ് . ഭീരുവിന്ന്റെ ശൃംഗാരവചനങ്ങൾ ആകർഷമല്ല , അറപ്പാണ് ഉണ്ടാക്കുകയെന്നു തോന്നിപ്പോയി

'താരാധിപാനനേ! പോകണമാശു നീ
താരേ! മനോഹരേ! ലക്ഷ്മണൻ തന്നുടെ
ചാരത്തു ചെന്നു കോപത്തെശ്ശമിപ്പിക്ക
സാരസ്യസാരവാക്യങ്ങളാൽ പിന്നെ നീ
കൂട്ടിക്കൊണ്ടിങ്ങുപോന്നെന്നെയു
ം വേഗേന
കാട്ടിക്കലുഷഭാവത്തെയും നീക്കണം'

എന്ന് തുടങ്ങിയ സുഗ്രീവവചനങ്ങൾ വായിച്ചപ്പോൾ . ഈ കൂട്ടിക്കൊടുപ്പു ശ്രമത്തിനു പിന്നിൽ പിന്നെ ആരോക്കെയാണെന്നോ.. ഇതൊക്കെ കണ്ടു കേട്ടും ഒരക്ഷരം ഉരിയാടാതെ ചെറിയച്ഛന്റെ പ്രവൃത്തികൾക്ക്‌ കൂട്ട് നില്ക്കുന്ന മകൻ അംഗദനും രാമഭക്താഗ്രേസരനെന്നു പേരുകേട്ട ഹനൂമാനും . എന്ത് കൌശലപൂർവമാണ് ഹനൂമാൻ ലക്ഷ്മണനെ ക്ഷണിക്കുന്നതെന്ന് നോക്കൂ
'എന്തു പുറത്തുഭാഗേ നിന്നരുളുവാ-
നന്തഃപുരത്തിലാമ്മാറെഴുന്നള്ളണം
രാജദാരങ്ങളെയും നഗരാഭയും
രാജാവു സുഗ്രീവനെയും കനിവോടു
കണ്ടു പറഞ്ഞാലനന്തരം നാഥനെ-
ക്കണ്ടു വണങ്ങിയാൽ സാദ്ധ്യമെല്ലാം ദ്രുതം'
ഇത്രയൊക്കെ അനുഭവിച്ചവളായിട്ടും താരയുടെ പക്വമായ വ്യകതിത്വം അതിന്റെ സാകല്യാവസ്ഥയിൽ മിന്നിത്തിളങ്ങുന്നതാണ് പിന്നീടുള്ള വരികളിൽ നാം കാണുന്നത് .

'മന്ദസ്മിതം പൂണ്ടു ചൊന്നാളഹോ ‘തവ
മന്ദിരമായതിതെന്നറിഞ്ഞീലയോ?
ഭക്തനായെത്രയുമുത്തമനായ് തവ
ഭൃത്യനായോരു കപീന്ദ്രനോടിങ്ങനെ
കോപമുണ്ടായാലവനെന്തൊരു ഗതി?
ചാപല്യമേറുമിജ്ജാതികൾക്കോർക്കണം
മർക്കടവീരൻ ബഹുകാലമുണ്ടല്ലോ
ദുഃഖമനുഭവിച്ചീടുന്നു ദീനനായ്
ഇക്കാലമാശു ഭവൽകൃപയാ പരി-
രക്ഷിതനാകയാൽ സൌഖ്യം കലർന്നവൻ
വാണാനതും വിപരീതമാക്കീടായ്ക-
വേണം ദയാനിധേ! ഭക്തപരായണ!'
താരയുടെ മുഖത്തെ ശാന്തമായ ആ മന്ദസ്മിതം എനിക്ക് കാണാനാവുന്നുണ്ട് . ഒപ്പം ആ മനസ്സിലെ ഒട്ടും ശാന്തമല്ലാത്തെ സാഗരങ്ങളെയും .( യുഗങ്ങൾക്കിപ്പുറത്തെയ്ക്ക് വന്നു ഒരു പാട് താരമാർ മന്ദഹസിക്കുന്നു ) എത്രത്തോളം മുൻനിശ്ചയിയ്ക്കപ്പെട്ട തിരക്കഥയാണെങ്കിലും ചില നേരത്തെ വായനകളിൽ മനസ്സ് വല്ലാതെ കലുഷമാവുമ്പോൾ പറഞ്ഞുറപ്പിച്ച സംഭാഷണങ്ങളിൽ നിന്ന് ഒരാളെങ്കിലും ഒന്ന് മാറി ചിന്തിച്ചെങ്കിൽ എന്ന് വെറുതെ തോന്നിപ്പോകുന്നു.
എന്തിനു അല്ലെ.?. ഒരു പക്ഷെ ഈ തോന്നിപ്പിയ്ക്കലുകാണല്ലോ രാമായണത്തെ രാമായണമാക്കുന്നതും രാമായണ കാരനെ കവിയാക്കുന്നതും....