വെട്ടിയും തിരുത്തിയും
കടലാസ്സിൽ
കവിതയെന്നു തുടങ്ങിയതായിരുന്നു
കുട്ടി .
കവിതയ്കാവട്ടെ
ചിത്രമാവണമെന്നും.
നിന്റെ ഇഷ്ടമെന്നവൻ
വെളുപ്പിലേയ്ക്
വീണ്ടും കമിഴ്ന്നു .
അങ്ങനെയാണ്
കുത്തിയും കിറുക്കിയും
കറുത്ത തുളകളായി
ഒരു ഏറെച്ചിത്രം
പരുവപ്പെടുന്നത്.
കവിഞ്ഞതൊന്നും കവിതയാവാഞ്ഞോ
വരഞ്ഞതേയല്ല വരയെന്നറിഞ്ഞോ
കുട്ടിയും കടലാസ്സും ഒപ്പം മുഷിഞ്ഞു .
വലിയ കവിയായും
അതിലും വലിയ വരപ്പുകാരനായും
അഭിനയിച്ചു മടുത്ത അവൻ
അപ്പോൾ കണ്ട കാറ്റിനു
കൈമാറിയത്
നൂൽബന്ധമില്ലാത്ത
ഒരു പട്ടമായിരുന്നു .
കാറ്റോ ,
കാണാച്ചരടിൽ കുരുക്കി
പിന്നെയും പറത്തി.
ഉയരം കാട്ടി കണ്ണുരുട്ടി
പടികൾചൂണ്ടി ചാട്ടവീശി.
മഴയിൽ നനഞ്ഞു താണും
വെയിലിൽ മൊരിഞ്ഞുയർന്നും
പറന്നു പറന്ന്
കറുപ്പിന്റെ തുളകളിൽ
വെളുപ്പിന്റെ വക്കുകൾ
ഇടിഞ്ഞു മറഞ്ഞു .
വെട്ടും കുത്തും
കിറുക്കലും തിരുത്തലും
തുളകളുടെ ഒഴിവിൽ ഒളിഞ്ഞു.
ഇപ്പോഴത് ഒരു അതിരില്ലാച്ചതുരം.
കാറ്റുകൾക്കും
കയറിടാനാവാത്ത ശൂന്യത .
ഇപ്പോഴതിന്
എവിടെയും പതിയാം
എവിടന്നും പറിയാം
എങ്ങോട്ടും പറക്കാം .
.
കുട്ടികൾ വരയുന്ന കവിതകൾ
ReplyDeleteപട്ടങ്ങളായാൽ ....
ഇഷ്ടമായി
Thanks James Sunny
Delete