Sunday, September 13, 2015

ഗുരുദേവ ദശകങ്ങൾ


(ഗുരുദേവ കൃതികൾ കേൾക്കാനും വായിക്കാനും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക )

കവി എന്ന നിലയിൽ   മാത്രം വിലയിരുത്തേണ്ട വ്യക്തിയല്ല ശ്രീനാരായണഗുരുദേവൻ  എന്ന് അറിയാത്തവരില്ല .എങ്കിലും ഈ ലേഖനത്തിൽ അദ്ദേഹത്തിന്റെ കാവ്യസംബന്ധിയായ സംഭാവനകളുടെ പരിവൃത്തത്തിൽ നിന്നുകൊണ്ടുള്ള  ഒരു ലഘുചർച്ചയാണ് ഉദ്ദേശിക്കുന്നത് . കവി എന്ന നിലയിൽ  ഭാഷയ്ക്കും സാഹിത്യത്തിനും അദ്ദേഹം നല്കിയ സംഭാവനകൾ വിലയിരുത്തുന്നത് മറ്റുകവികളുടെ എഴുത്തിനെ വിലയിരുത്തുന്ന മാനദണ്ഡം വെച്ചാവരുത് എന്ന് തോന്നുന്നു.തന്റെ അദ്വൈത ആത്മീയ ചിന്തകളെയും ദർശനങ്ങളേയും മനുഷ്യ- ദൈവ -സത്യസങ്കല്പങ്ങളേയും ഒക്കെ കൃത്യമായും  വ്യക്തമായും സമൂഹത്തിലേയ്ക്ക് എത്തിയ്ക്കുന്ന കാര്യത്തിൽ കവിത എന്ന  മാധ്യമം അങ്ങേയറ്റം സാർത്ഥകമായി ഉപയോഗിച്ച കവി എന്ന് വേണം അദ്ദേഹത്തെ കാവ്യചരിത്രത്തിൽ അടയാളപ്പെടുത്താൻ .  .അന്യാദൃശമായ പദസ്വാധീനവും ആശയഗരിമയും ഒഴുക്കും അപൂർവവൃത്തങ്ങൾ ഏറെ ഉപയോഗിച്ചുള്ള കാവ്യരചാനാശൈലിയും ഒക്കെക്കൊണ്ട് ഏറ്റവും  മൌലികത  കൈവരിച്ച കവിതകൾ തന്നെയാണ് അദേഹത്തിന്റെ കവിതകൾ എന്ന് നിസ്സംശയം പറയാം . 
  
മലയാളം   സംസ്കൃതം തമിഴ് എന്നീ മൂന്നുഭാഷകളിലും ഒരു പോലെ നാരായണഗുരു തന്റെ കാവ്യ വ്യുല്പത്തി തെളിയിച്ചിട്ടുണ്ട് . ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന് എകത്വദർശനത്തെ ഏറ്റവും ലളിതമായി നിർവചിക്കുക    വഴി അദ്വൈതത്തിന്റെ അനുഭാവാധിഷ്ടിതമാർഗ്ഗത്തെക്കുറിച്ചാണ്  അദ്ദേഹം പറഞ്ഞത്. ആധുനിക സമൂഹത്തിന്റെ ജനാധിപത്യ സംസ്കാരങ്ങളെ ഖണ്ഡിക്കുന്ന തരത്തിൽ മതം ഈശ്വരൻ എന്നീ കല്പനകൾ ശ്രേണീഘടനകൾ സൃഷിക്കുന്നതിനെ ചെറുക്കുന്ന ഏകതാസങ്കല്പം ആയിരുന്നു അദ്ദേഹത്തിന്റേത് .  
മൂന്നുഭാഷകളിലായി മൗലികവും വിവർത്തിതവുമായി അറുപതോളം കവിതകൾ ഗുരു രചിച്ചിട്ടുണ്ട്  . ഈ കവിതകളുടെ തുടക്കം മുതൽ വായിച്ചു പോവുന്ന ശരിയായ കാവ്യാനുശീലനമുള്ള ഒരു വായനക്കാരനെ സംബന്ധിച്ചിടത്തോളം വായന അവസാനിപ്പി യ്ക്കുമ്പോൾ അദ്ദേഹത്തിന്റെ കവിത്വത്തെക്കുറിച്ചു കൂടി  അനല്പമായ ആദരവു തോന്നും എന്നത്  തികച്ചും സ്വാഭാവികം.
നാരായണഗുരുവിന്റെ കൃതികളിലൂടെ കടന്നുപോകുമ്പോൾ   ഞാൻ  ശ്രദ്ധിച്ച ഒരു കാര്യം പത്തു എന്നസംഖ്യക്ക് അദ്ദേഹം കൊടുത്തിരിക്കുന്ന പ്രാധാന്യമാണ് . ദശകം  എന്ന്  തന്നെ   തലക്കെട്ടിൽ പേരുചേർത്തുള്ള  നാല് കവിതകൾ ഷണ്മുഖദശകം, ഗുരുവിന്റെ കൃതികളിൽ ഏറ്റവും ജനകീയം എന്ന് വിളിക്കാവുന്ന ദൈവദശകം ,സകല ചരാചരങ്ങളോടും   അനുകമ്പ കാണിക്കേണ്ടതിന്റെ    ആവശ്യകതയെക്കുറിച്ച്  പറയുന്ന അനുകമ്പാദശകം ,   മനനാതീതം എന്ന് കൂടി പേരുള്ള വൈരാഗ്യദശകം  എന്നിവ കൂടാതെ പത്തു ശ്ലോകങ്ങൾ  വീതം ഉള്ള ദേവീസ്തവം,ശിവസ്തവം,സദാശിവദർശനം, കോലാതിരേശസ്തവം ,ചിജ്ജടചിന്തനം, ഇന്ദ്രിയവൈരാഗ്യം,ജാതിലക്ഷണം  ഇവയും പത്തുവീതം ശ്ലോകങ്ങൾ ഉൾക്കൊള്ളുന്ന  പത്തു ഖണ്ഡങ്ങളിലായി  രചിച്ച ദർശനമാല  ,പത്തു ശ്ലോകങ്ങൾ വീതമുള്ള അഞ്ചു ഖണ്ഡങ്ങൾ  അടങ്ങിയ തേവാരപ്പതികങ്ങൾ പത്തിന്റെ പത്താം പെരുക്കമായ നൂറു ശ്ലോകങ്ങൾ അടങ്ങിയ , ഗുരുവിന്റെ ഏറ്റവും പ്രധാനപ്പെട്ട കൃതികളായി കരുതുന്ന ആത്മോപദേശശതകം ,ശിവശതകം എന്നിവയാണ്   ഈ കൃതികൾ .

1887 നും 1897 നും ഇടയ്ക്ക് നടരാജഗുരു രചനാകാലം കണക്കാക്കിയിട്ടുള്ള ഷന്മുഖദശകമാണ്    ഇവയിൽ ആദ്യത്തേത്.ഗുരുവിന്റെ മറ്റു സ്തോത്രകൃതികളിൽ   ഉള്ളതുപോലെ തന്നെ ആരാധനാമൂർത്തിയുടെ ആപാദചൂഡവർണ്ണന  ഈ പദ്യത്തിലും കാണാം .

ജ്ഞാനച്ചെന്തീയെഴുപ്പിത്തെളുതെളെ വിലസും  ചില്ലിവല്ലിക്കൊടിയ്ക്കുൾ
മൌനപ്പൂന്തിങ്കളുടുരുകുമമൃതൊഴുക്കുണ്ടിരുന്നുള്ളലിഞ്ഞും
ഞാനും നീയും ഞെരുക്കെക്കലരുവതിന്നരുൾത്തന്മയാം നിന്നടിത്താർ -
ത്തേനുൾത്തൂകുന്ന മുത്തുക്കുടമടിയനടക്കീടുമ,ച്ചിൽക്കൊഴുന്തേ .

എന്ന് തുടങ്ങുന്ന ഈ ദശകത്തിൽ ഉപാസകനും മൂർത്തിയും  ഒന്നാവണം എന്ന് തന്നെയാണ് പ്രധാന പ്രാർത്ഥന .മനുഷ്യൻ ദൈവത്വം പ്രാപിയ്ക്കുന്നത് തന്നെയാണ്  ജ്ഞാന മാർഗ്ഗത്തിന്റെ  പരമകാഷ്ഠ  എന്ന് ആവർത്തിച്ചു വിശദമാക്കുന്ന കവിതകളാണ് തുടർന്നുള്ളവയിൽ ഭൂരിപക്ഷവും. ഷണ്മുഖദശകത്തിന്റെ  അതേസമയത്തുതന്നെ എഴുതപ്പെട്ടതു എന്ന് കരുതുന്ന ദേവീ സ്തവത്തിലും കൈകാര്യം  ചെയ്തിരിക്കുന്ന വിഷയം വേറൊന്നല്ല. . 
'പഥ്യാ' വൃത്തത്തിലാണ് ഇതിന്റെ രചന  നിർവഹിച്ചിരിക്കുന്നത് .(cntd)
'ഇതു  പഥ്യവൃത്തമിടരില്ല പാടുന്നവർ -
ക്കിതിനിന്നു നിന്നടിയെടുത്തു തന്നീടുനീ '

എന്നിങ്ങനെ  അവസാന ശ്ലോകത്തിലെ ആദ്യപാദത്തിൽ ഈ സ്തവം ചൊല്ലി ദേവിയെ ഭജിയ്ക്കുന്നവർക്ക് ദുഃഖം ഉണ്ടാവുന്നില്ല എന്നും അതേ സമയം പദ്യത്തിന്റെ വൃത്തത്തെക്കുറിച്ചുള്ള സൂചന നല്കുകയും ചെയ്യുന്നുണ്ട് ഗുരു  . തമിഴിൽ ‘അന്താദി’ എന്ന് വിളിക്കുന്ന അന്ത്യപ്രാസഘടനയുള്ള പദ്യങ്ങളിൽ ഒന്നാണിത്. ഒരു ശ്ലോകം അവസാനിപ്പിക്കുന്ന വാക്കിലോ ഉച്ചാരണസാമ്യതയുള്ള മറ്റൊരു വാക്കിലോ ആണ് അടുത്ത ശ്ലോകം തുടങ്ങുന്നത് . അതുപോലെ തന്നെ ഒരേ വാക്കുതന്നെ അതിന്റെ പ്രകടാർത്ഥത്തിലല്ലാതെ   വ്യത്യസ്ത അർത്ഥങ്ങളിൽ ഉപയോഗിക്കുക എന്നതും  ഗുരുവിന്റെ കാവ്യനിർമാണശൈലിയുടെ സവിശേഷതയാണ്. ഇതിനു  ഉദാഹരണം  ദേവീസ്തവത്തിൽ കാണാനുണ്ട് . 'ഊതുക ' എന്ന വാക്ക് അതിന്റെ പ്രത്യക്ഷാർഥം കൂടാതെ അഞ്ചു അപരാർത്ഥങ്ങളിൽ ഈ കവിതയിൽ ഗുരു ഉപയോഗിച്ചിട്ടുണ്ട് . ഉദാഹരണം 

അല പൊങ്ങിവന്നു നുരതള്ളിയുള്ളാഴി  നി -
ന്നലയുന്നു പെണ്കുതിരയല്ലി  മല്ലിന്നു നീ 
നില പെറ്റു നിന്നിതു നുറുക്കി നീരാടു നീ-
രലയുന്നതില്ല തണലെന്നറിഞ്ഞൂതു നീ 

അന്താദി യുള്ള മറ്റു രണ്ടു ദശശ്ലോകികളാണ്   ശിവസ്തവം എന്നുകൂടി പേരുള്ള പ്രപഞ്ചസൃഷ്ടിയും , സദാശിവദർശനവും .നർക്കുടകം എന്ന അപൂർവ വൃത്തമാണ് പ്രപഞ്ചസൃഷ്ടിയുടെ രചനയ്ക്ക് ഉപയോഗിചിരിക്കുന്നതെങ്കിൽ മനോഹരമായ പഞ്ചചാമരത്തിന്റെ ഇന്ദ്രജാലം അനുഭവിപ്പിക്കുന്ന കവിതയാണ് സദാശിവദർശനം .

ഗുരുവിനെ സംബന്ധിച്ച് വൃത്തം പ്രാസം എന്നിങ്ങനെയുള്ള കാവ്യനിർമ്മാണ സങ്കേതങ്ങൾ കേവലം സങ്കേതങ്ങൾ മാത്രമല്ല . പഥ്യ എന്ന വൃത്തനാമം ദേവീസ്തവത്തിൽ എങ്ങനെയാണോ ദ്വയാർത്ഥത്തിൽ ഉപയോഗിച്ചത് അത് പോലെ പ്രപഞ്ചസൃഷ്ടിയിൽ  അന്താദി എന്ന പ്രാസരൂപത്തെ  മൊത്തം കവിതയുടെ ആശയഘടന വ്യകതമാക്കാൻ വേണ്ടി കവിഉപയോഗിച്ചിരിക്കുന്നതായി കാണാം   .പ്രപഞ്ചഘടനയുടെ ആദിയും അന്തവുമായ സത്യാർത്ഥപ്രബോധകമാണ് ഈ കവിത . 'ശിവൻ'  എന്നാ ദൈവനാമമോ സങ്കല്പമോ പോലും കേവലമായ വിഗ്രഹസങ്കല്പം എന്ന വ്യഷ്ടിബോധത്തിനപ്പുറം സമഷ്ടിയുടെ വികസിതാർത്ഥത്തിലേയ്ക്ക് എത്തിച്ചേരുന്നതായി   കാണാം .  

മണംതുടങ്ങിയെണ്ണീ മണ്ണിലുണ്ണുമെണ്ണമൊക്കെയ-
റ്റിണങ്ങിനില്‍ക്കുമുള്‍ക്കുരുന്നുരുക്കിനെക്കിനക്കിടും
ഗുണംനിറഞ്ഞ കോമളക്കുടത്തിലന്നുമിന്നുമി-
ന്നിണങ്ങളങ്ങുമിങ്ങുമെങ്ങുമില്ല നല്ലമങ്ഗളം.

കളം കറുത്ത കൊണ്ടലുണ്ടിരുണ്ട കൊണ്ടകണ്ടെഴും
കളങ്കമുണ്ട കണ്ടനെങ്കിലും കനിഞ്ഞുകൊള്ളുവാന്‍
ഇളംപിറക്കൊഴുന്നിരുന്നു മിന്നുമുന്നതത്തല-
ക്കുളംകവിഞ്ഞ കോമളക്കുടംചുമന്ന കുഞ്ജരം. 


അരം തിളച്ചു പൊങ്ങു മാടലാഴി നീന്തിയേറി-
യക്കരെക്കടന്നു കണ്ടപോതഴിഞ്ഞൊഴിഞ്ഞു നിന്ന നീ 
ചുരന്നു ചൂഴവും ചൊരിഞ്ഞിടുന്ന സുക്തികണ്ടു ക-
ണ്ടിരന്നു നിന്നിടുന്നിതെൻ മുടിക്കു ചൂടുമീശനേ  

 ജ്ഞാനമാർഗ്ഗത്തിലൂടെ ലഭിക്കുന്ന വിവേക-വിജ്ഞാന ലബ്ധിയോടെ എല്ലാ സങ്കടങ്ങളേയും   സന്ദേഹങ്ങളേയും  മറികടന്ന്   ഉപാസകനും അതിനു കരുത്താവുന്ന ഉപാസനാമൂർത്തിയും ഒന്നാവുന്ന അവസ്ഥയെക്കുറിച്ച് തന്നെയാണ് സദാശിവദർശനത്തിലും ഗുരു പറയുന്നത് .അറിവ് തന്നെയാണ്  ഈശ്വരൻ എന്നും അദ്ദേഹം  പറഞ്ഞു വെയ്ക്കുന്നുണ്ട്  .

കുളത്തൂർ  കോലത്തുകര ക്ഷേത്രത്തിലെ മൂർത്തിയെ സ്തുതിയ്ക്കുന്ന ,'മദനാർത്ത'  എന്ന വൃത്തത്തിൽ രചിച്ച  'കോലാതിരേശസ്തവം ' ആണ് പത്തു ശ്ലോകങ്ങൾ കൊണ്ട് നിര്മ്മിച്ച അടുത്ത ഗുരുദേവ കൃതി . ഇന്ദ്രിയവൈരാഗ്യം വസന്തതിലകം  ഉപയോഗിച്ച് രചിച്ചിരിക്കുന്നു   .പ്രാപഞ്ചികമായ  ആസക്തികൾക്ക്   പ്രേരകമാകുന്ന കര്മ്മേന്ദ്രിയങ്ങളെയും ജ്ഞാനേ ന്ദ്രിയങ്ങളെയും അടക്കാൻ  സഹായിച് സത്യാന്വേഷണത്തിന്റെ പാതയിൽ നയിക്കണേ പ്രാർത്ഥനയാണ്  ഈ കൃതിയിൽ  ഉള്ളത് . രചനാസൌഷ്ഠവവും ലാളിത്യവും അതേ  സമയം ആശയഗഭീരതയും  തികഞ്ഞ  കവിതയാണ് ചിജ്ജഡചിന്തനം .തോടക വൃത്തത്തിലാണ് ഇതിന്റെ രചന . ‘കുണ്ഡലിനിപ്പാട്ട്’  പോലെ പച്ചമലയാളത്തിലാണ് രചനയെങ്കിലും 

ഒരു കോടി ദിവാകരരൊത്തുയരും 
പടി  പാരൊടു നീരനലാദികളും 
കെടുമാറു കിളർന്നു വരുന്നൊരു നിൻ 
വടിവെന്നുമിരുന്നു വിളങ്ങിടണം 


ഇടണേയിരുകണ്‍മുനയെന്നിലതി-

ന്നടിയന്നഭിലാഷമുമാപതിയേ!
ജഡമിന്നിതുകൊണ്ടു ജയിക്കുമിതി-
ന്നിടയില്ലയിരിപ്പതിലൊന്നിലുമേ.

നിലമോടു നെരുപ്പു നിരന്നൊഴുകും
ജലമാശുഗനംബരമഞ്ചിലുമേ
അലയാതെയടിക്കടി നല്‍കുക നി‍ന്‍-
നിലയിന്നിതുതന്നെ നമുക്കു മതി.


എന്ന് തുടങ്ങുന്ന പത്തു ശ്ലോകങ്ങളിൽ ഭാരതീയ വേദാന്ത സങ്കല്പനങ്ങളിൽ പരാമർശിക്കപ്പെടുന്ന  ചിത് -ജഡം എന്നീ സങ്കീർണ്ണവും ആഴത്തിലുള്ള വിശദീകരണങ്ങൾ വേണ്ടതുമായ അവസ്ഥകളെക്കുറിച്ചാണ്  ഗുരു ചർച്ച ചെയ്യുന്നത്  .  

മതിതൊട്ടു മണം മുതലഞ്ചുമുണർ -
ന്നരുളോളവുമുള്ളതു ചിന്മയമാം 
ക്ഷിതിതൊട്ടിരുളോളമഹോ ജഡമാ -
മിതു രണ്ടിലു മായമരുന്നഖിലം  

എന്ന് പ്രപഞ്ചസത്തയെ ഒന്നാകെ ചിത് -ജഡ ങ്ങളിലായി കാണാൻ ശ്രമിയ്ക്കുന്നത് ഭൌതികശാസ്ത്രത്തിന്റെ ചിന്താപദ്ധതിയായ ദ്രവ്യ ഊർജ്ജസങ്കല്പനങ്ങലുമായി താരതമ്യപ്പെടുത്താവുന്നതാണ് നിർമ്മിക്കാനോ നശിപ്പിക്കാനോ സാധ്യമല്ലാത്തവ, സ്പന്ദനങ്ങൾ , കമ്പനങ്ങൾ , ജീവ -നിർജീവ ഭാവങ്ങൾ  ,ശൂന്യത  ഇവയെ  ശാസ്ത്രീയമായ അടിസ്ഥാനത്തോടെ തന്നെ നിർവചിക്കാൻ സാധ്യമായ വേദാന്തചിന്തയുടെ ഏറ്റവും ലളിതമായ ആവിഷ്കാരമായി ചിജ്ജടചിന്തനം എന്ന ഗുരുദേവകൃതി വായിച്ചെടുക്കാം   

മയൂരലളിതം എന്ന വൃത്തത്തിൽ എഴുതിയ  ഗുരുദേവകൃതിയാണ്   മനനാതീതം  അഥവാ വൈരാഗ്യദശകം .ഇതിനും അന്ത്യപ്രാസാദി  ഘടനയാണ് ഉള്ളത് .ശിവശതകത്തിലെ പ്രശസ്തമായ 

മിഴിമുനകൊണ്ടു മയക്കി നാഭിയാകും 
കുഴിയിലുരുട്ടി മറിപ്പതിന്നൊരുങ്ങി 
കിഴിയുമെടുത്തുവരുന്ന മങ്കമാർ തൻ 
വഴികളിലിട്ടു വലയ്ക്കൊലാ മഹേശാ 

എന്ന് തുടങ്ങുന്ന , പ്രത്യക്ഷത്തിൽ സ്ത്രീ വിരുദ്ധം എന്നുതന്നെ പറയാവുന്ന നാല് ശ്ലോകങ്ങളുടെ ആശയത്തിന് സമാനമായ പ്രാർത്ഥനയാണ് മനനാതീതതിലും ഉള്ളത് .കാളിനാടകം പോലെ ഒരു കൃതിയിൽ  ദേവതയെങ്കിലും ഒരു പെണ്ണിന്റെ അംഗപ്രത്യംഗവർണ്ണനയിൽ അങ്ങേയറ്റം അഭിരമിക്കുന്നതായി കണ്ട കവിതന്നെയാണോ വിഷയപരതയിൽ നിന്നും വൈരാഗ്യത്തിലേയ്ക്കുള്ള വഴിയിലെ ഏറ്റവും വലിയ മുള്ള് പെണ്ണുതന്നെ എന്ന് ആവർത്തിച്ചുറപ്പിക്കുന്നത്   എന്നത് സാധാരണ വായനക്കാരനെ കുഴക്കുന്ന വസ്തുതയാണ് എന്ന് പറയാതിരിക്കാൻ വയ്യ .   


ഏറ്റവും ജനകീയം എന്ന് പറയാവുന്ന ഗുരുദേവദശകം ദൈവദശകമാണ് . കുട്ടികൾക്ക് ചൊല്ലാവുന്ന ഒരു പ്രാർത്ഥനയായിട്ടാണ് ഇത് എഴുതപ്പെട്ടതു എങ്കിലും ജാതി മത ചിന്തകൾക്കും പലതരം നാമധാരികളായ ദൈവരൂപികൾക്കും മുകളിലായി  സത്യമാണ് ദൈവം എന്ന് ഗുരു ഈ കവിതയിലൂടെ ഉദ്ബോധിപ്പിക്കുന്നു. സുന്ദരമായ അനുഷ്ടുപ്പിലുള്ള  ഏറ്റവും ലളിതമായ ആവിഷ്കാരം എന്ന നിലയ്ക്കാണ്  ഈ കവിത  പ്രാർത്ഥനാഗാനമായി   ഏറ്റവും കൂടുതൽ സ്വീകാര്യമാവുന്നത്  

നീ സത്യം ജ്ഞാനമാനന്ദം 
നീ തന്നെ വർത്തമാനവും 
ഭൂതവും ഭാവിയും വേറ -
ല്ലോതും മൊഴിയുമോർക്ക നീ 
എന്നിങ്ങനെ   ലളിതമായി ഉൾക്കൊള്ളാൻ  കഴിയുന്ന ഒന്നാണ് ദൈവദശകം എങ്കിലും ഏറ്റവും സൂക്ഷ്മാർഥത്തിൽ ഗഹനമായ വേദാന്തതത്വങ്ങൾ അപഗ്രഥിക്കാനുള്ള ഇടം കൂടി ഈ കവിത ഒരുക്കുന്നുണ്ട്.

വിയോഗിനിയിൽ  രചിച്ച 'അനുകമ്പാദശക ' മാണ് അടുത്തത് . അരുൾ ,അൻപ് , അനുകമ്പ ഇവ മൂന്നും ഒന്ന് തന്നെയെന്നും അരുളില്ലാത്ത മനുഷ്യൻ  കേവലം അസ്ഥിയും തോലും രക്തവാഹികളും അടങ്ങിയ നാറുന്ന വെറും ശരീരം  മാത്രമാണെന്നും   അവന്റെ ജീവിതം നിഷ്ഫലമാണെന്നും ,  അരുളുള്ളവന്റെ ജീവിതം തീര്ന്നാലും അവന്റെ കീർത്തിയും മഹത്വവും നിലനില്ക്കും എന്നും  ശ്രീബുദ്ധന്റെതും  ക്രീസ്തുവിന്റെതും നബിയുടെതുമടക്കം മഹദ് ജീവിതങ്ങളുടെ മാഹാത്മ്യം എടുത്തു പറഞ്ഞുകൊണ്ട് ഗുരു സമർഥിക്കുന്നു .
ജാതിലക്ഷണമാണ് ശ്രീനാരായണ ഗുരുദേവന്റെ മറ്റൊരു ദശശ്ലോകി  

 മനുഷ്യാണാം മനുഷ്യത്വം 
ജാതിർഗോത്വം   ഗവാം  യഥാ 
ന ബ്രാഹ്മണാദിരസ്യൈവം  
ഹാ! തത്വം വേത്തി കോപി ന   
 ഒരു ജാതി ഒരുമതം ഒരു ദൈവം മനുഷ്യന്
ഒരു യോനിയൊരാകാരമൊരു ഭേദവുമില്ലതില്‍

ഒരു ജാതിയില്‍നിന്നല്ലോ പിറന്നീടുന്നു സന്തതി
നര ജാതിയിതോര്‍ക്കുമ്പോഴൊരു ജാതിയിലുള്ളതാം

നരജാതിയില്‍ നിന്നത്രേ പിറന്നീടുന്നു വിപ്രനും
പറയന്‍താനുമെന്തുള്ളതന്തരം നരജാതിയില്‍?

പറച്ചിയില്‍ നിന്നു പണ്ടു പരാശരമഹാമുനി
പിറന്നു മറസൂത്രിച്ച മുനി കൈവര്‍ത്തകന്യയില്‍

ഇല്ലജാതിയിലൊന്നുണ്ടോവല്ലതും ഭേദമോര്‍ക്കുകില്‍
ചൊല്ലേറും വ്യക്തിഭാഗത്തിലല്ലേ ഭേദമിരുന്നിടൂ.

പശുവിനു ഗോത്വം എന്നത് ജാതിയാവുന്നത് പോലെ മനുഷ്യർക്ക് മനുഷ്യത്വമാണ് ജാതി  .ബ്രാഹ്മണൻ തുടങ്ങിയ ജാതി പദവികളൊന്നും തന്നെ ജനനം  കൊണ്ട്  ആര്ക്കും കിട്ടുന്നതല്ല എന്ന യാഥാർത്ഥ്യം ആരും അറിയുന്നില്ല  എന്ന് ഏറ്റവും ലളിതമായി അർഥം പറയാവുന്ന ജാതിനിർണ്ണയത്തിലെ   പ്രഥമശ്ലോകവും തുടർ ശ്ലോകങ്ങളും ജാതിവ്യവസ്ഥയെ നിശിതമായിത്തന്നെ എതിർക്കുന്നുവെങ്കിൽ 'ജാതി ' യെ ശാസ്ത്രീയമായി തന്നെ സമീപിച്ചു കൊണ്ട് പരസ്പരം ഇണചേരുന്നതും എല്ലാ ശാരീരിക മാനസിക ചേഷ്ടകളിലും സമാനത കാണിക്കുന്നവയുമായ ജന്തുക്കളെ ഒരു ജാതി എന്ന് വിളിക്കാമെന്നു ഗുരു പറയുന്നു. മറ്റുള്ള എല്ലാ തരം ജാതി തിരിക്കലുകളും പ്രകൃതിയെ സംബന്ധിച്ച് അവ്യവസ്ഥിതമായ ഒന്നാണെന്ന് ജാതി ലക്ഷണം വഴി ഗുരു സമർഥിക്കുന്നു. കൃത്യമായ ശാസ്ത്രീയ വിശകലന സ്വഭാവം കൊണ്ട് ഗുരുവിന്റെ പ്രബോധനാത്മക കവിതകളിൽ ഈ കവിത  ഗണനീയമായ സ്ഥാനം നേടിയ ഒന്നാണ്  . 
പത്തിന്റെ ഗുണിതമായ  നൂറു വീതം ശ്ലോകങ്ങളുള്ള ആത്മോപദേശശതകം , ശിവശതകം , അധ്യാരോപദർശനം ,അപവാദദർശനം ,അസത്യദർശനം,മായാദർശനം,ഭാനദർശനം ,കർമ്മദർശനം,ജ്ഞാനദർശനം ,ഭക്തിദർശനം,യോഗദർശനം,നിർവാണദർശനം എന്നീ ദശശ്ലോകീദർശനങ്ങൾ ഉൾക്കൊള്ളുന്ന ദർശനമാല ,തമിഴ് ഭാഷയിൽ അദ്ദേഹത്തിനുണ്ടായിരുന്ന പാണ്ഡിത്യം വിളിച്ചു പറയുന്ന  അഞ്ചു ഖണ്ഡങ്ങളിലായി    പത്തു വീതം ശ്ലോകങ്ങളുള്ള തേവാര പതികങ്കൾ എന്നിവയും ഗുരുവിനു പത്തിനോടുണ്ടായിരുന്ന പ്രത്യേകതയ്ക്കു നിദർശനമായി ഇനിയും ബാക്കിനില്ക്കുന്നു. അവയെക്കുറിച്ചുള്ള വിശദമായ ചർച്ചയ്ക്കു മുതിരുന്നില്ല  

ഗുരുദേവകൃതികളുടെ   പ്രത്യേകിച്ച് പദ്യകൃതികളുടെ പരിചിന്തനം കേവലം   ദശകങ്ങളിൽ മാത്രം ഒതുങ്ങിനിന്നു ചെയ്യേണ്ട ഒന്നല്ല എന്നറിയാം  .വളരെ വിശാലവും അത്രതന്നെ ഗഹനവുമായ ഒരു വിഷയമാണ് തിരഞ്ഞെടുക്കുന്നത്  എന്ന  പൂർണ്ണബോധ്യത്തോടെയാണ്  ഗുരുദേവദശകങ്ങളിലൂടെ ഈ ഓട്ടപ്രദിക്ഷിണത്തിനു സാഹസപ്പെട്ടതും .  എന്നിരുന്നാലും   ഗുരുദേവമതത്തിന്റേയും ചിന്താധാരയുടെയും പൂർണ്ണമല്ലെങ്കിലും അവ്യക്തമല്ലാത്ത ഒരു ചിത്രം മുൻപറഞ്ഞ ഗുരുദേവകൃതികൾ  വ്യാഖ്യാനങ്ങൾ  എന്നിവയുടെ വായനയിലൂടെ  ലഭിക്കും  എന്നൊരു ഉറപ്പ്  തരാൻ ഈ വായന കൊണ്ട് എനിക്ക് കഴിയുന്നു..

4 comments:

 1. നമിച്ചങ്ങ് നിന്നുപോകും ഗുരുവിന്റെ കവിതാനൈപുണിയ്ക്ക് മുന്നില്‍.
  ഈ ലേഖനം വളരെ ഇഷ്ടപ്പെട്ടു.

  ReplyDelete
 2. ചേച്ചിയുടെ അന്വേഷണത്വരയ്ക്കും കര്‍മ്മോല്സുകതയ്ക്കും മുന്നിലും നമിച്ചുപോകും!

  ReplyDelete
 3. മഹാ ഗുരുവിൻറെ കൃതികൾ അത്ഭുതങ്ങളുടെ കലവറയാണ്. എന്നും വായിക്കുമ്പോൾ പുതു അർഥങ്ങൾ തുറന്നു തരും.. പുതു നാമ്പുകൾ തളിരിടും.. ജീവിക്കുന്നവയാണത്
  നല്ല കണ്ടെത്തലുകൾ. നല്ല ലേഖനം.
  തുടർന്നും എഴുതുക.

  ReplyDelete