Thursday, April 4, 2019

ചുഴലി

ചുഴലി

പടിഞ്ഞാറെ ഇടനാഴിയിൽ 

മണലും കുമ്മായവും

മിനുപ്പിച്ച തണുപ്പിൽ

കുംഭച്ചൂടിലും

ഉച്ചമയങ്ങാൻ

ഭയക്കുന്നു

ചെറിയമ്മ.



തെരുവുടാപ്പിൽ 

എപ്പൊഴും തുള്ളിപൊട്ടാവുന്ന

കുടിനീര്‌ 

അടുക്കളയിൽ

പ്രാതലിനായി

ആട്ടുകല്ലു കാത്തു

കുതിരുന്ന

അരിയുഴുന്നുകൾ.

കുളത്തിന്റെ നടുവട്ടത്തിലെ

ആഴക്കുവെള്ളം

വെയിലാറും മുൻപേ

നീന്തിക്കലക്കുന്ന

കൂളിപ്പിള്ളേർ

വെള്ളം വെള്ളം

എന്ന്

സദാസമയം

ഉഷ്ണിച്ചു തുള്ളുന്ന

പത്തുസെന്റിലെ

പീറ്റത്തെങ്ങുകൾ.

ഒക്കെയും

ഉണർന്നേയിരിക്കുന്നല്ലോ

എന്ന്

ഒന്നു ചരിയുകമാത്രം

ചെയ്യുന്നു ചെറിയമ്മ.



പിന്നെയെപ്പോഴോ

മയക്കംവിട്ട ഉച്ച

ഇളക്കം വെയ്ക്കുന്ന

ഒരിടനേരത്ത്

നുരപതയുന്ന ഉൾനോവിൽ

നിലം നനച്ചു തോർത്തി

അതിൽ 

മലർന്നു കിടന്ന്

മയക്കം പിടിക്കുന്നു.

 

 

(തോർച്ച മാസിക മാർച്ച് 2019 )

 



No comments:

Post a Comment