Tuesday, March 5, 2019

കടച്ചിൽ

മുടിയൂരിപ്പിന്നുന്നു


ജട മെടയുന്നു

കയറാക്കിപ്പണിയുന്നു

കടയുന്നു ഞാൻ

മനമാകെക്കടയുന്നു

മതി  കടയുന്നു

ഉയിരാഴികളൊന്നൊന്നായ്‌-

ക്കടയുന്നു ഞാൻ


ഉയരുന്നോ കാമതരു?

സുരഭികൾ,പിറകൾ?

നുരയുന്നോ മദിരാമദ-

മപ്സരമോഹം?

പൊന്തുന്നോ വെള്ളാന?

പായും കുതിര?

ശ്രീയെന്നവൾ?മൂധേവി?

ജീവന്നമൃതം !



ആഴച്ചുഴിവേഗങ്ങൾ!

താണ്ടുന്നു ഞാൻ

അഴയുന്നോ കയർ?

ചുറ്റു മുറുക്കുന്നു ഞാൻ

അലിയാതലയും കാറ്റ് ,

പാറുന്നു ഞാൻ

അടിമണ്ണിൻ വിളികൾ ,

കീഴാഴുന്നു ഞാൻ


കട,ലടിമറിയുന്നോ

കടകോ,ലുലയുന്നോ !

തിരിയുന്നോ  കരിവെണ്ണ  ?

വെണ്മ മറഞ്ഞോ!

കക്കാൻ, കലർത്താനും

കഴിയാതുള്ളിൽ

പതയുന്നോ കാകോളം?

മെയ്മുറുകുന്നോ !


നിണനളികകൾ

ജലവാഹികൾ വായൂനാളം

സകലം വഴികാട്ടുന്നു

വിഷമുയരുന്നു

ഉറയട്ടതു കണ്ഠത്തിൽ

കരിനീലത്തിൽ

തുടരട്ടെ മഥനങ്ങൾ

തെളിയട്ടൊടുവിൽ !!

 

(മാതൃഭൂമിവാരിക മാർച്ച് 10  2019 




No comments:

Post a Comment