പെറ്റ പിൻ'പിരുപത്തിയെട്ടന്നു രാവിലെ
ഇത്തിരി മുലപ്പാലു തറയിലേയ്ക്കിറ്റിച്ചു
തൊട്ടുചാലിച്ചമ്മ പൊട്ടിട്ടു നെറ്റിയിൽ
ഒട്ടും നടുക്കല്ലൊരിത്തിരി വലത്തോട്ട്
കണ്മഷിക്കരിവട്ടമതിനുമേലൊന്നിട്ടു
കണ്ണേറ് കിട്ടാതിരിയ്ക്കുവാൻ കവിളിലും.
***
ചന്ദനം ചാലിച്ചു പുലരിയെത്തി
സന്ധ്യ ഭസ്മംതൊട്ടു കൂടെയെത്തി
നല്ലരിച്ചാന്തിട്ടു പോയി ബാല്യം
ശിങ്കാർ വിയർത്തു കൗമാരമെത്തി
വെച്ചുകൂടാ നിറം, നെറ്റിയിൽ ശൂന്യവും
വിട്ടുകൂടാ, കരിപ്പൊട്ട് വേണം!
മറ്റു പെണ്ണുങ്ങൾ അടക്കം പഠിപ്പിച്ച
തൊട്ടുകൂടായ്മതൻ ഉഷ്ണമെത്തി.
ഇപ്പോൾ അടർന്നു വീഴും, ഇല്ല വീഴില്ല
തപ്പിനോക്കും ഒട്ടു ചേർത്തമർത്തും
വിട്ടുപോയെങ്കിലോ, പോട്ടെ മറ്റൊന്നെന്ന
'കമ്രശോണങ്ങൾ' തൻ കന്യാകാലം
പൊട്ടിന്റെയൊട്ടുകാലം വന്നു പ്രാണനിൽ
പൊട്ടൻ കടിച്ച പാടിന്റെ കാലം.
കൂന്തൽ വകഞ്ഞതിൽ കുങ്കുമച്ചോപ്പിട്ടു
പുത്തൻവധു ചമഞ്ഞുള്ള നാണം
ചന്ദ്രികച്ചാറിൽ അലിഞ്ഞേ പടർന്നു പോം
സിന്ദൂരലജ്ജതൻ സ്നേഹകാലം
മഞ്ഞക്കളഭക്കുറിക്കൂട്ടിലോർമ്മതൻ
നെറ്റിത്തണുപ്പുകൾ പൂത്തകാലം
ഹോമക്കരിക്കുറി, കാവിലെൻ സീതയെ—
യാടിച്ച** തീക്കരിച്ചാന്തുകൂട്ട്
!
***
ലോകങ്ങളാരോ പകുത്തുവയ്പ്പൂ
ശീലങ്ങളല്ലോ തിരിഞ്ഞുനിൽപ്പൂ
ഒറ്റുന്നു സർവതും കെട്ടകാലം
തത്കാല,-മൊറ്റുപൊട്ടാണു താരം.
*കന്യമാർക്കു നവാനുരാഗങ്ങൾ കമ്രശോണ സ്ഫടികവളകൾ'
(വൈലോപ്പിള്ളി)
**ഭർത്താവിന്റെ നാട്ടിലെ കാവിലെ സീത പ്രതിഷ്ഠ
(ദേശാഭിമാനി വാരിക2020 സെപ്തംബർ )
No comments:
Post a Comment