Wednesday, February 10, 2021

'ഗണ' തന്ത്രം @2021 *


ഇരുപത്താറിനു സമാരോഹിന്റെയന്ന് 

അവൾ ഏഴരവെളുപ്പിനുണർന്നു

കുളിച്ചു

അടുപ്പിൽ തീപൂട്ടി

മഞ്ഞു നനഞ്ഞ ചാണകവരളിപ്പുകയിൽ 

നീറാൻ തുടങ്ങിയ  കണ്ണു തുടച്ച്

പാത്രം മോറി .

ശ്വശുർദേവനും പതിദേവനും 

വെവ്വേറെ കടുപ്പത്തിൽ 

മധുരമിട്ടും ഇടാതെയും ചായ് ഉണ്ടാക്കി

'ടിവിയിൽ ആവാജ് കുറച്ചു കൂട്ടി വെച്ചാലെന്താ'

എന്നു പിറുപിറുത്തുകൊണ്ട്

നാശ്തയുണ്ടാക്കി.

"ദാൽ വെന്തുപോയീ ദീദി

എന്നലറുന്ന കുക്കറിനെ

'ചുപ് രഹോ സാലി' എന്നു ശാസിച്ചിരുത്തി

ലഞ്ചിനു

പതിവുള്ള ആലൂ സബ്ജിയും 

പിന്നെ ഒരു 

സ്പെസൽ ബിണ്ടിഫ്രൈയും  ഉണ്ടാക്കി

തൂത്ത് തുടച്ചു

തുണിയലക്കി

ഇടക്കിടെ ടി വി മുറിയിലേയ്ക്ക് എത്തി നോക്കി

ഒപ്പം ചുമരിലെ ക്ലോക്കിലേയ്ക്കും.

 

'അരേ ഭഗ് വാൻ നേരമാവുന്നല്ലോ'

ബാക്കി ബർത്തൻ കൂടി

തിടുക്കത്തിൽ കഴുകി കമഴ്ത്തി വെച്ചു

വിയർത്ത നെറ്റിയിലേക്ക്

സാരിത്തുമ്പ് 

ഒന്നു കൂടി വലിച്ചിട്ടു.

ഓടിച്ചെന്നു വീണ്ടും

ക്ലോക്കിൽ നോക്കി

മിടിക്കുന്ന ഹൃദയത്തോടെ

തറയിൽ അവർക്കുപിന്നിൽ

കുന്തുകാലിൽ.

 

 ഇരുന്നാലും

ഇരിപ്പുറയ്ക്കുന്നുണ്ടായിരുന്നില്ല

ഇന്നലെ  മാ വിളിച്ചപ്പോൾ പറഞ്ഞിരുന്നു

അവരെല്ലാരും  പോവുന്നുണ്ടെന്ന്.

അബ്ബായും ഭായിജാനും

പിന്നെ ഗാവിലെ മറ്റു അയൽക്കാരും ഒക്കെ

റാലിക്ക് എല്ലാവരും ഉണ്ടാവും

എല്ലാവരും

എല്ലാവരും........

 

'ബേട്ടീ ഥോടാ ചായ് മിലേഗാ?'

ടി വി ഓഫ് ചെയ്ത് എണീക്കുമ്പോൾ

അദ്ദേഹത്തിന്റെ അച്ഛൻ ചോദിച്ചു

പിന്നെയും ഇരിപ്പുകണ്ടപ്പോൾ  

അദ്ദേഹം കളിയാക്കി

"അരെ പഗലീ ഇതിൽ  ഇനി എന്തു കാണാനുണ്ടെന്നാണ്?

ദിഖാനേ ലായക് സബ് കുച്ഛ് ദിഖാ ദിയാ ദിയാ നാ?

(കാണിക്കാൻ പറ്റിയാതൊക്കെ കാണിച്ചു കഴിഞ്ഞില്ലേ)

അബ് ഉഠ്

പോ പോയി പിതാജിക്കും 

എനിക്കും 

ഇന്ന് നിന്റെ വക ഒരു സ്പെസൽ ഘീർ ബാനാകേ ...

ജാ ജാ"

 

അടച്ച കാഴ്ചകൾക്ക് മുന്നിൽ

തിരക്കേതുമില്ലാതെ

മിഴിച്ചിരിക്കുന്നു

(01/26/21കര്ഷകസമര പശ്ചാത്തലം)

(01/26/21കര്ഷകസമര പശ്ചാത്തലം)

No comments:

Post a Comment