Tuesday, July 27, 2021

മഴതീനിപ്പേച്ചികൾ

മഴതീനിപ്പേച്ചികൾ

-----------------------------

കർക്കടകപ്പാടം  

പരപ്പനൊരു കുളം.

മഴ പിടിച്ചാൽ 

വഴുവഴുക്കും വരമ്പ് .

ഉമ്മറപ്പൊറ്റയിൽ 

അടക്കാമണികൾ

തുള്ളിക്കനം താങ്ങാതെ

മുങ്ങിപ്പൊങ്ങും.

പരൽക്കുഞ്ഞുങ്ങൾ

പാതച്ചാലു കേറി

നാടുകാണാൻ വരും.

വെക്കാനം കണ്ടാൽ

ചളിമണ്ണണകൾ പൊങ്ങും

ഓമത്തണ്ടിലൂടെ ഒഴിവെള്ളം

കലങ്ങി മെലിഞ്ഞ ചാലിടും

വിരലിടുക്കിൽ

ചേററുപുണ്ണു

കുതിർന്നു ചൊറിഞ്ഞു തിണർക്കും

എന്നാലും തേകിത്തെറിക്കും

കാലിന്റെ കുസൃതി

 

ദൂരെ നെല്ലിയാമ്പതിച്ചോട്ടിൽ നിന്ന് 

മഴ ആർപ്പിട്ടെത്തും

വീടു കേറും മുമ്പേ

കുടം മറിയും

 

പൂട്ടുചാലിൽ പുതകൊണ്ട

തുറുകണ്ണുകളും പിളർവ്വാകളും 

വിഷുച്ചാറ്റലിൽ വീർപ്പിടും

മേടത്തിൽ വിരിക്കണം

ആടിനെല്ലപ്പോൾആറാടും

ഞാറിനൊക്കെയും

പള്ള വീർക്കും

അററക്കഴായിൽ

ചെക്കന്മാരുടെ കുരുത്തികളിൽ

പെട്ടതറിയാതെ

പുളയ്ക്കും

പരലും ചീകും ചൊടിയനും

കളപറിപ്പെണ്ണുങ്ങൾ

കാര്യസ്സൻ 

 

ചിങ്ങത്തിൽ

വെയിൽ തെളിയും

വെള്ളം വലിയും

പച്ചോലയ്ക്കടിയിൽ

വയറുകൾ വിളറിയുന്തും

ഉള്ളിൽ പിള്ള ഞരമ്പുകൾ തെളിയും

 

പാലുറയ്ക്കാതെ കതിരുകൾ

ചവച്ചൂറ്റാൻ പോന്ന

ഇളയ ഇനിപ്പുകൾ

മേനിയുരം പോരാത്തവർ

 

അതിരു കാണാത്ത

ചിറപ്പാടം

പൊട്ട്ള് കക്കാൻ

പറ്റിയ കാലം

കലിയൻ കാര്യസ്സൻ

കാണാതെ വലിച്ചൂരുന്ന  

കന്നിയിളം കരുക്കൾ

'പിള്ളതീനിപ്പേച്ചികളേ !'

തന്ത പ്രാകിപ്പൊലിക്കും

"പെറ്റകുഞ്ച് വാഴാത്ത പേട്ടു തന്തേ"

കൂട്ടത്തിൽ

കന്നം തിരിഞ്ഞൊരാൾ

 തിരിച്ചു പ്രാകും

 

***

 

ഓണമൊഴിവിന്

പയറ്റു പള്ളങ്ങൾ കഴിഞ്ഞ

പാടവരമ്പിലൂടെ

അവളുടെ കൈപിടിച്ചു നടക്കുന്നു 

ചിറപ്പാടത്ത്

ട്രാക്ടറർ ഇരയ്ക്കുന്നു

ചെങ്കൽച്ചൂളകൾ പൊളിക്കുന്നു.

കാര്യസ്സൻമ്മാരും

കള പറിക്കാരികളും

കോറസ്സായി കൂക്കുന്നു.

മാറത്തടിക്കുന്നു

 

കൊടുമ്പാവി ശെത്താളേ...

കോടമള പെയ്യലിയേ.....

 

പൊററ - ഒറ്റത്തവണ വിളവിറക്കുന്ന നെൽപ്പാടം / വെക്കാനം മഴയൊഴിവ്/ കുരുത്തി- ഒറ്റാൽ/പൊട്ട് ള് - നെല്ലിന്റെ ഗർഭം /പിള്ള തീനി പ്പേച്ചി - ഗർഭിണിയുടെ ഭ്രൂണം തിന്നുന്ന പ്രേതരൂപി/ഓമ - പപ്പായ/ പള്ളം -വേനലിലെ പച്ചക്കറി കൃഷിയിടം /കൊടും പാവി - തമിഴ് നാടിന്റെ സംസ്കാരത്തിന്റെ ഭാഗം മഴ പെയ്യാൻ വൈകുമ്പോൾ അനുഷ്ഠിക്കുന്ന ഒരാചാരം

No comments:

Post a Comment