അപ്രത്തെ വീട്ടിലേക്കൊന്നുപോയി
ചിറ്റങ്ങൾ തപ്പിയിരുന്നുപോയി
ഇത്തിരിയൊത്തിരി വൈകിയാവാം
സൃഷ്ടിപ്പൊരുളറിഞ്ഞെത്തിനിന്നു
വെറ്റ മുറുക്കി കൂർപ്പിച്ചു2 കൊഞ്ഞി,
മിറ്റം മുഴുക്കനെ പാറ്റിത്തുപ്പി.
കൃത്തിച്ചു നോക്കണ്ട ഇത്രയ്ക്കമ്മേ
പത്തലെടുക്കണ്ട വീണ്ടുമച്ഛാ .
ഇത്രകാലം നിന്നുകൊണ്ടതല്ലേ
അത്രയും കേട്ടുമുതിർന്നതല്ലേ
കൂടപ്പിറന്നോരോ കൂട്ടുവെട്ടി
കൂടുകൾ കൂട്ടാതകന്നുപോയി
പാതയ്ക്കലൊറ്റയ്ക്കു പോകവയ്യ
ചൂളും നോട്ടം, ആംഗ്യം, വാക്കിൽ വ്യംഗ്യം.
"ഒറ്റമുളക്കെട്ടു കെട്ടി3 ഒരുപ്പോക്കു
പൊയ്ക്കൂടെ പണ്ടാരം പാപജന്മം"
പ്രാകിപ്പൊലിച്ചും പുലയാട്ടിയും
നേരിൽ നിന്നെന്നെ മറച്ചു നിന്നു
പത്തലൊടിയുംവരെയും തച്ചു
ആധികൾ ചേറ്റിക്കൊഴിച്ചു നിങ്ങൾ.
**
ഓലമറയിൽ തിരുകിയ കണ്ണാടി .
നൂറായിച്ചിന്നിയ ബിംബമായ് ഞാൻ.
നൂറു പൊയ് വേഷങ്ങൾ സ്പന്ദിക്കുന്നു
ഏതീത്തണുപ്പൻ മുഷിപ്പൻ വേഷം?
ഏതാണു പൂർണ്ണം? ഏതാണപൂർണ്ണം ?
ആരെൻ ജനിതകം വേറൊന്നാക്കി ?
( വര : കണ്ണൻ ഇമേജ് )
ആഴത്തിൽ ഭ്രൂണകോശത്തിൽ മുളയിട്ട
തായ്ബന്ധം നാഭീഞരമ്പിൻ ബന്ധം
അമ്മയ്ക്കും മുന്നിലെയമ്മയായി!
എല്ലാത്തിനും ഏക സാക്ഷിയായി
"നിൻറെ മറൂള കുഴികുത്തി മൂടിയ-
തങ്ങേപ്പുരയ്ക്കലോ, മാന്താൻ പോയോ?"
(അമ്മയ്ക്കും അസൂയ!)
ഏതു പുരയിടം? ഓടവെള്ളം?
ഏതാശുപത്രിച്ചവറ്റുവീപ്പ?
ഏതു ചേരിച്ചതു,-പ്പേതുപുഴയൊഴു-
ക്കേതു പാലൂറും മരങ്ങൾ?4
പുതയുന്ന മാലിന്യക്കൂനകൾ?
ഏതിടത്തെൻ്റെ 'മറൂള'യമ്മേ ?
**
ദൂരെ വെളിച്ചം കുടിച്ചു പിള്ളക്കൊടി-
ക്കൂമ്പിന്നില കിളിർക്കുന്നു
മറുപിള്ള മാനത്തോളം വളരുന്നു! !
( 2024 മാതൃഭൂമി ഓണപ്പതിപ്പ് )
-----------------------------------------------------------
1.മറുപിള്ള
2.കവിൾ
3. പണ്ട് മഹാമാരികൾ വന്നു മരിച്ച ആളുകളുടെ ശരീരങ്ങൾ ഒറ്റമുളയിൽ കെട്ടിയാണ് സംസ്കരിക്കാൻ കൊണ്ടു പോവുക
4. വളർത്തു മൃഗങ്ങളുടെ മറുപിള്ള(മാച്ച്) പാലുള്ള ഏതെങ്കിലും
മരങ്ങളിൽ കിഴികെട്ടി തൂക്കിയിടാറുണ്ട്.
No comments:
Post a Comment