Thursday, October 14, 2010

പെണ്ണത്തം ...പൊന്നത്തം

'അരിമണിയൊന്നു കൊറിക്കാനില്ല തരിവളയിട്ടു കിലുക്കാന്‍ മോഹം.'
അമ്മുട്ട്യമ്മ കേട്ടിട്ട്ണ്ടോ ചൊല്ല്‌? നൊമ്മടെയൊക്കെ ആശയ്ക്കൊന്നും ഒരതിരും ല്യാലോ ന്റെ ദൈവേ ന്ന്‌. എന്നാലോ. ആശകളൊക്കെ നെറവേറിക്കാണാനുള്ള ആയസ്സും ആരോഗ്യൂം ആസ്തീം ഒക്കേണ്ടോ ?അതില്യതാനും. നൊക്യോടം കൊണ്ട്‌ ഇദ്‌ പഴംചൊല്ലാണ്‌ന്നൊന്നുംപറയാന്‍ പറ്റില്യ .അല്ലെങ്കില്‌ ഏത്‌ പഴംചൊല്ലിനാ പുതുമ മങ്ങീട്ട്ള്ളത്‌ ല്ലേ?
ഉം ..ഉം .. വെള്ളെഴുത്ത്‌ കണ്ണടേടെ മോളില്‌ക്കൂടി ന്നെ ങ്ങനെ തുറിച്ചു നോക്കോന്നും വേണ്ടാ അപ്പൂട്ടന്നായരേ ,' ഈയ്യമ്മക്ക്‌ വേറേ പണിയൊന്നൂല്യേ നായര്‌ ആപ്പീസിന്നു ഉച്ചയ്ക്കുണ്ണാനെത്ത്മ്പഴക്കും എന്തെങ്കിലും വെച്ച്ണ്ടാക്കോന്നും വേണ്ടേ 'ന്നൊക്ക്യാ നോട്ടത്തിനര്‍ത്ഥം ന്നു നിക്ക്‌ അസ്സലായിട്ടറിയാം. വെച്ച്ണ്ടാക്കല്‌ പണിപോലെ ഇപ്പൊ എള്‌പ്പംള്ള പണീല്യാന്നായിട്ട്ണ്ട്‌. . എന്താ കായ്കറ്യോള്‍ടെ ഒക്കെ ഒരു വെല. കാശ്‌ കൊട്‌ത്ത്‌ ഒന്നും വാങ്ങാണ്ടാലോ. നൊമ്മടെ വീകെയെന്നില്ലേ...മനസ്സിലായില്ലേ?വടക്കേ കൂട്ടാല നാരാണന്നായരേയ്‌ ..തിര്‌ല്വാമലേലെ ? മൂപ്പരടെ പുസ്തകത്തില്‌ പറേണന്തി്‌ മൊളോര്‍ത്തപുളി തന്നേള്ളു ഇപ്പപ്പഴായിട്ട്‌ ആഴ്ചീല്‍ അഞ്ചു ദിവസൂം. പിന്നെ വല്ല കറമൂസങ്കായ മെഴുക്കോരട്ടീം . തൊട്ട്‌ നക്കാന്‍ ഒര്‌ ചുട്ടരച്ച ചമ്മന്തീം കൂടി ണ്ടെങ്കില്‌ കായ്കറിക്കാരന്‍ തമിഴന്‍ പോയി പണി നോക്കട്ടേന്നാ നമ്മടാള്‌ പറയാ. ന്നാലും ധ്ടീന്നു ഉണ്ണാണ്‍ നേരത്ത്‌ ആരെങ്കിലും കേറിവന്നാല്‍ എന്താ ചിയ്യാ .വെറും തറവാട്ട്പുളീം കൂട്ടി ചോറ്‌ കൊട്ക്കാന്നു വെച്ചാല്‌ നമ്മള്‌ വീട്ടിലിരിക്കണ പെണ്ണ്‌ങ്ങള്‍ക്കല്ലേ അതിന്റെ മോശത്തരം.

അയ്യയ്യേ..!, ഇതാ പറേണ്‌ .എന്തൊക്കെ വര്‍ത്താനം പറഞ്ഞ്‌ വന്നാലും അത്‌ വഴിചിറ്റിത്തിരിഞ്ഞു അട്ക്കള വര്‍ത്താനത്തില്‌ പോയിനില്‍ക്കുംന്നു . പെണ്ണ്‌ങ്ങള്‍ടെ ഒര്‌ കാര്യേയ്‌. അല്ല അതില്‍പ്പന്താ ത്ര മോശം വിചാരിക്കാന്‍ല്ലേ ? നൊമ്മടെ സാറാജോസഫ്‌ ടീച്ചറും ഒക്കെ അതന്നീല്ലെ പറേണ്‌? അട്ക്കള തിരിച്ച്‌ പിടിക്കണംന്നു. അതു പോട്ടെ പറഞ്ഞു വന്നത്‌ അതൊന്നും അല്ല . സൊര്‍ണ്ണപ്രാന്ത്‌ പിടിച്ച പെണ്ണ്‌ങ്ങള്‍ടെ കാര്യാണേയ്‌. വര്‍ത്തമാനക്കടലാസ്സില്‌ ഒറ്റ ദിവസം തെറ്റാതെ ണ്ട്‌ വാര്‍ത്തകള്‌ പത്തു പവന്റെമാല പൊട്ടിച്ചു ,ബൈക്കില്‍ വന്നു മാലപൊട്ടിച്ചു ,വീട്‌ കുത്തിത്തൊറന്ന്‌ നൂറു പവന്‍ കൊണ്ടോയീ ന്നൊക്കെ. എന്തൊക്കെ പരിഷ്കാരം പറഞ്ഞിട്ടെന്ത്‌ കാര്യം. ഈയ്യൊരു കാര്യത്തില്‍ മാത്രം നൊമ്മടെ മലയാളിക്ക്‌ അശേഷം പുരോഗമനം ല്ല്യാണ്ടായീലോ . കഴിഞ്ഞാഴ്ച്ച നൊമ്മടെ കുട്ടിശ്ശങ്കരക്കിടാവിന്റെ എളേമോന്റെ മകള്‍ടെ കല്യാണത്തിന്‌ പോയിട്ട്‌ ഞാനങ്ങ്ട്‌ അന്തിച്ച്‌ പോയി. നാടായ്‌ നാടൊക്കെ നടന്ന്‌ ജ്വല്ലറിയായ ജ്വല്ലറിയൊക്കെ കേറിയെറങ്ങീട്ടായിരുന്നൂത്രേ പണ്ടം വാങ്ങിക്കൂട്ടീത്‌. ആയമ്മ വല്യ ഫെമിനിസ്റ്റാന്നൊക്കെ പറഞ്ഞിട്ടെന്താ കാര്യം ? അണ്ടീടട്ത്തെന്തുമ്പൊ എത്‌ മാങ്ങയ്ക്കും ണ്ടാവും പുളിപ്പ്‌. (അല്ലപ്പൂട്ടന്നായരേ ന്താ ഒര്‌ ചിരി. ചൊല്ല്‌ ബടയ്ക്ക്‌ പറ്റില്യാന്ന്ണ്ടോ?).

മയിലാടുണൂന്ന്‌ വെച്ചിട്ട്‌ കോഴീം ആടാന്‍ തൊടങ്ങുണുന്നുള്ളതാ അതിലേറെ കഷ്ടം. ഉള്ളോര്‌ ഉള്ള പോലെ കാണിക്കുണൂന്നു വെച്ചിട്ട്‌?.ല്യാത്തോരും ങനെ തൊടങ്ങ്യാലോ? കടും കള്ളീം വാങ്ങിച്ച്‌ പണ്ടം ണ്ടാക്കും. ന്ന്‌ട്ട്‌ വല്ല കള്ളനോ കാപ്പാനോ കൊണ്ടോയിക്കൊട്ക്കൂം ചിയ്യും. അതും അല്ല ജീവനും ആപത്തന്നേല്ലേ. ഇപ്പൊ നൂറു പവന്‍ ന്നൊക്കെ പറേണത്‌ ഒന്നും അല്ലാണ്ടായിരിക്കുണൂ. സൊര്‍ണ്ണം പോരാണ്ട്‌ ഇപ്പൊ ഒരോര്‌ത്തര്‌ ഡയമണ്ടും വാങ്ങാന്‍ തൊടങ്ങീരിക്കുണൂ.നൊമ്മടെ യൂസപ്പ്‌രാവ്ത്തരടെ മൂത്ത മോനില്ലേ ? അഹമ്മദ്‌. ഡല്‍ഹീല്‌ പണീള്ള കുട്ടി . അവന്‍ കഴിഞ്ഞാഴ്ച്ച മൂപ്പരെ ക്കാണാന്‍ വന്നു . വടക്കേ ഇന്തീലൊന്നും ഇങ്ങനീല്യാത്രേ.നൊമ്മള്‌ മലയാളികള്‍ക്ക്‌ മാത്രേള്ളൂ പൊന്നിനോട്‌ ത്ര പ്രാന്ത്‌ ന്നു പറേണ കേട്ടു കുട്ടി.

പോലീസും പട്ടാളൂം വിചാരിച്ചിട്ടൊന്നും ഒരു കര്യൂംല്യ. നൊമ്മള്‌ തന്നെ വിചാരിക്കണംന്നാണ്‌ നിക്ക്‌ തോന്നണത്‌.കഴുത്തിലും കാതിലും കയ്യിലും ഒക്കെ എന്തെങ്കിലും തെളങ്ങണത്‌ ചന്തം തന്നെ. ഒക്കെ ഒര്‌ പാകത്തിനു മതീന്നു വെച്ചാല്‌ മതീല്ലോ. വേണ്ടാന്നു വെയ്ക്കാണെങ്കില്‌ അതാണ്‌ ഉത്തമം. ഇതിപ്പൊ പൊറത്തെറങ്ങി നടക്കണംന്നു വെച്ചാല്‌ ഇന്നത്തെക്കാലത്ത്‌ അവനോനെനോക്കല്‍തന്നെ വല്യ പണിയായിരിക്കുമ്പഴാണ്‌ പണ്ടം സൂക്ഷിക്കണ പണീം കൂടി..നെറച്ച്‌ പെണ്ണത്തം കൊറച്ച്‌ പൊന്നത്തം ന്നങ്ങ്ട്‌ തീരുമാനിച്ചാപ്പോരെ?! മതീല്ലോ ,നൊമ്മള്‌ പെണ്ണങ്ങള്‌ മാത്രം തീരുമാനിച്ചാല്‍ മതിലോ. ...ന്താച്ചാല്‍ ഡിമാന്‍ഡ്‌ പറേണ ആണ്‍കുട്യോള്‍ടെ അമ്മമാരും നൊമ്മടെ കൂട്ടര്‌ തന്യാണല്ലോ...
പറേണതില്‌ വല്ല ശരികേടും തോന്ന്യോ അപ്പൂട്ടന്നായരേ?

അല്ലാ.. നല്ല മുരിങ്ങേല മൊളോഷ്യത്തിന്റെ മണം വരുണൂലോ അമ്മുട്ട്യമ്മേ. മൊളോര്‍ത്തൊളിക്ക്‌ പറ്റിയ കൂട്ട്‌ മുരിങ്ങേല്യാന്നു ഇന്നലെക്കൂടി പറഞ്ഞേള്ളു മൂപ്പര്‌. ഏയ്‌. വേണ്ട അമ്മൂട്ട്യമ്മേ.. മണം വന്നപ്പൊ ഒരു കൊതി പറഞ്ഞൂന്നേള്ളു. നാളെയാവട്ടെ ,കഴിഞ്ഞ കര്‍ക്കടകത്തില്‌ വെച്ച മുരിങ്ങത്തറി നല്ലോണം തളിര്‍ത്ത്‌ നിക്കണ്‌ണ്ട്‌. അസ്സലൊരു മൊളോഷ്യം വെച്ചിട്ടന്നെ കാര്യം..ന്നാപ്പിന്നെ യാത്രീല്യ. മുപ്പര്‌ ഉണ്ണാന്‍ വരണ്ട നേരായീന്നാ തോന്നണേ...

10 comments:

 1. പ്പൊ ദാ പണീല്യ..?.സംഗതി ശ്ശി പിടിച്ചിട്ട്ണ്ട് .ന്നാ എറങ്ങല്ലെ..ന്റെ മയിൽ‌വാഹനം ങ്ങട് പോവെയ്.

  ReplyDelete
 2. കൊള്ളാലോ. പാലക്കാടിന്റെ ഭാഷയും രുചിയും നിറഞ്ഞു നിൽക്കുന്നുണ്ട്!

  ReplyDelete
 3. ഇങ്ങനെയൊക്കെ എഴുതിയാല്‍ അനുഭവങ്ങളില്ലാത്ത വികാരങ്ങളില്ലാത്ത ഫാസ്റ്റ്ഫുടിന്റെയും റിയാലിറ്റി ഷോയുടെയും പുതു തലമുറക്ക് എന്ത് തിരിയാനാ?

  ReplyDelete
 4. ജ്യോതി ശെരിക്കും രേസകരമായ ഒരു അനുഭവം തന്നു ഈ വരികള്‍.....പാലക്കാടന്‍ ഭാഷയില്‍ സംസാരിക്കുന്ന അമ്മൂമ്മയെയും അമ്മയുടെ തറവാട്ട്‌ പുളിയും ഒക്കെ ഓര്‍മകളില്‍ തെളിഞ്ഞു വന്നു.....Thanks Jyothi

  ReplyDelete
 5. ത്രപ്പെട്ടാന്നാ പട്ടാമ്പിലെ കൂട്ടുകാരന്റെ വീട്ടിലെത്യെ .. ഇത്രനേരം മനസ്സുമുഴുവനെ അവിടാര്‍ന്നു ...
  നന്ദിട്ടോ ഈ വരികളിലൂടെ എന്നെയവിടെ എത്തിച്ചതിനു ...

  വീണ്ടും വരില്ല്യെ ഈ ഭാഷപ്രയോഗങ്ങളുമായ്?

  ReplyDelete
 6. ഇഷ്ടായി ട്ടോ.

  ReplyDelete
 7. ഞമ്മക്ക് പെരുത്ത് ഇഷ്ടായി ട്യോ പാലക്കാടന്‍ ബാസയും മൊഞ്ചത്തി ന്നേ

  ReplyDelete