Wednesday, October 27, 2010

പ്രസംഗമത്സരം

(ഹാവൂ !സമാധാനായി അപ്പൂട്ടന്നായരേ , അപ്പൊ തൊടരാംന്നൊരു മനസ്സൊക്കെ ണ്ടായി വര്‌ണ്ണ്ട്‌. വെളംബരത്തിന്‌ 12 ആളോള്‌ മറോടി തന്നൂന്നുള്ളതേ വല്യ കാര്യാണേയ്‌. ഉപാസനയില്‍ത്തന്നെ തൊടങ്ങിന്നുള്ളതും ഒരു നിമിത്തം തന്നെ. ഒക്കേം ഒരു ഉപാസനയായിക്കൂട്ടാന്‍ ആരൊക്കെയോ എവിടൊക്കെയോ ഇരുന്നു ഓര്‍മ്മിപ്പിക്കണ തോന്നല്‍ . അതു മാത്രല്ല എല്ലാരും നല്ലോണം അനുഗ്രഹിക്കേം ചെയ്തിരിക്കുണൂ. എല്ലവരോടും നന്ദീണ്ട്ട്ടോ. കാവലാനേ ചിന്തേരും ചാന്തും തയ്യറാവ്ണ്ണ്ട്‌ . സിമി, എല്ലാ പോസ്റ്റിനും വേണ്ടാന്നല്ലേള്ളൂ? എടയ്ക്കൊക്കെ ഒരു കത്തെഴുതാം ല്ലേ? . രാധേ.. വെട്ടു തടുക്കാം മുട്ടു തടുത്തൂടാന്നൊരു ചൊല്ല്ണ്ട്‌ ഞങ്ങടെ നാട്ടില്‌. വാക്കും പറച്ചിലും ഒക്കേം ഒരു തരം മുട്ടന്നേല്ലേ ? അതും തടുത്തൂടാന്നു കൂട്ടിച്ചേര്‍ക്കണോ? . ആശംസിച്ചോര്‍ക്കൊക്കേം ഒരുപാട്‌ നന്ദി. പേശാമടന്തക്ക്‌ പറയാനുള്ളത്‌ പറയാന്‍ പോവാണ്‌. പറേണതിലൊക്കെ മിക്കവാറും പേശാമടന്ത ഒരു കഥാപാത്രം തന്നയാണേയ്യ്‌ . എന്നാലും ഒക്കീം ഞാന്‍ ഞാന്‍ ന്ന്‌ വെച്ച്‌ പറേമ്പോ ഈ കേക്കണോര്‍ക്ക്‌ ഒരു സുഖണ്ടാവില്യാന്നൊറപ്പ്‌. അതോണ്ട്‌ നേരത്തിനും കാലത്തിനും ചിറ്റുപാടിനും ഒപ്പിച്ച്‌ ഇവളൂം മാറീന്നു വരും .മട്ടും ഭാവോം പറച്ചിലിന്റെ ഒരു രീതീടീം കാര്യാണ്‌ പറേണത്‌. ... )


രു ശുദ്ധ നാട്ടുമ്പുറത്തുകാരിപ്പെണ്‍കുട്ടിയുണ്ടായിരുന്നു. പഠിക്കാന്‍ മിടുക്കി. പക്ഷേ ആളൊരു സ്വപ്നജീവി. കൂട്ടുകാര്‍ക്കൊപ്പമുള്ള കളിവിളയാട്ടുബഹളങ്ങളില്‍പ്പോലും ഒറ്റപ്പെട്ടു നിന്നവള്‍. അതുകൊണ്ടുതന്നെ അഹംഭാവി എന്നു വിളിക്കപ്പെട്ടവള്‍. .ഒരുപാട്‌ അംഗങ്ങള്‍ ഉള്ള കൂട്ടുകുടുംബത്തില്‍ വളര്‍ന്നു .മക്കളാകുന്ന കേന്ദ്രത്തെ ചുറ്റുന്ന ഗ്രഹങ്ങളായി അച്ഛനമ്മമാര്‍ മെല്ലെമെല്ലെ മാറാന്‍തുടങ്ങിയിരുന്ന ഒരു കാലം. സാധാരണ ഉണ്ടാവാറുള്ള ചെറിയ ചെറിയ ഉപ്പേരിപ്പിണക്കങ്ങളൊഴിച്ചാല്‍ കുടുംബാന്തരീക്ഷം ശാന്തവും സ്വച്ഛവുമായിരുന്നു. ആ തണല്‍ വിട്ട്‌ ,ഞാനും എന്റെ കെട്ട്യോളും കുട്ട്യോളും മാത്രം എന്നു ചിന്തിക്കാന്‍ അച്ഛനായില്ല. കൂട്ടുകാരുടെ വീടുകളിലെ ജീവിതസാഹചര്യങ്ങളും അവര്‍ക്കുള്ള സ്വാതന്ത്ര്യങ്ങളും അസൂയയോടേ നോക്കിക്കാണുമായിരുന്നു അവള്‍ .പുലര്‍ന്നന്തിയോളം അടുക്കളയില്‍ മടയ്ക്കാനല്ലാതെ സ്നേഹിക്കാനും ഓമനിക്കാനും നേരമില്ലാത്ത അമ്മ. ചെറിയ വരുമാനത്തില്‍ വലിയൊരു കുടുംബത്തിന്റെ ഭാരം താങ്ങുന്നതിന്റെ ഞെരുക്കവും മനോമുട്ടുമായി അച്ഛന്‍. അമ്മാമന്‍മാര്‍ ,വലിയമ്മമാര്‍,ചെറിയമ്മമാര്‍,ഏട്ടന്‍മാര്‍ . വന്നവരും പോയവരുമടക്കം പെങ്കുട്ട്യാണെന്ന ഒര്‍മ്മപ്പെടുത്തലും അടക്കൊതുക്കഗീതയുമായി ആളുകളൊത്തിരി. എല്ലാ തിരക്കുകള്‍ക്കിടയിലും ആശ്വാസമായി ഉണ്ടായിരുന്നത്‌ അക്ഷരങ്ങള്‍ മാത്രം. പുസ്തകങ്ങള്‍വിലകൊടുത്തു വാങ്ങാനുള്ള സാഹചര്യമല്ലായിരുന്നു. വലിയ ക്ളാസ്സുകളില്‍ പഠിക്കുന്ന ഏട്ടന്‍മാരുടേയും ചേച്ചിമാരുടെയും പുസ്തകങ്ങളടക്കം കിട്ടിയതെല്ലാം വായിച്ചു.കയ്യിലൊന്നും തടയാഞ്ഞാല്‍ വായിച്ചതുതന്നെ തിരിച്ചും മറിച്ചും വായിച്ചു ഓരോ വായനയിലും പുതിയ പുതിയ അര്‍ത്ഥങ്ങളും അനുഭവങ്ങളും ഉരുത്തിരിയുന്നതുകണ്ട്‌ അതിശയിച്ചു.

അയ്യയ്യോ ! ന്റെപ്പൂട്ടന്നായരേ ദാപ്പൊ നന്നായത്‌.
പ്രസങ്ങമത്സരംന്ന്‌ തലക്കെട്ടും കൊട്ത്തിട്ട്‌ പറയണംന്നു വിചാരിച്ചതൊന്ന്‌. പറഞ്ഞു വന്നപ്പൊ ദാ കെടക്കുണൂ അദ്‌ വേറേ എന്തൊക്യോ ആയി.
'ആ പെങ്കുട്ടീടെ ജീവചരിത്രം വള്ളിപുള്ളിവിടാതെ പറയാന്‍പോവാണോ ഈയ്യമ്മ? നൊമ്മടെ വാസേവന്നായരെപ്പോലുള്ള വല്യവല്യ ആളോള്‌ പറഞ്ഞതിനപ്പറം എന്തു നൊസ്റ്റാള്‍ജ്യ ?എന്തു തറവാട്‌ ?നാലുകെട്ട്‌ ?
ദാരിദ്ര്യം ? ഒറ്റപ്പെടല്‍ ? '
ന്നൊക്കെ ചോദിക്കാന്‍
വര്‌ാ നിങ്ങള്‌ ? എന്തായാലും നന്നായി. ഞാന്‍ പറഞ്ഞു പറഞ്ഞു കാട്‌ കേറി ങ്ങനെ പോവായിരുന്നു. അപ്പഴല്ലെ നിങ്ങടെ കണ്ണില്‌ ആ ചോദ്യം കെടന്ന്‌ പര്‌ങ്ങണത്‌ കണ്ടത്‌. പറേണതിന്റെ ഒരു രീത്യന്നെ മാറിപ്പോയതും ഇപ്പഴാ നോക്കീത്‌ .

നൊമ്മടെ കുട്ടി എട്ടാം ക്ളാസ്സില്‍ പഠിക്കണ കാലം. ഒരീസം ഇസ്കൂളില്‌ ഒരു പ്രസങ്ങം പറേണ മല്‍സരം.അവളും പ്രസങ്ങിച്ചു. ഒന്നാമത്തെ സമ്മാനം കിട്ടൂം ചീതു. എന്നിട്ടോ. ദാ കെടക്കുണൂ. ജില്ലാതലത്തിലും പ്രസങ്ങിക്കണം .അതിനു തെരഞ്ഞെടുത്തു. പോയേ പറ്റൂന്ന്‌ എഡ്മാഷ്‌. വീട്ടിലെ കാര്യം നടേ പറഞ്ഞൂലോ .ടീച്ചര്‍മാര്‍ക്ക്‌ കൊണ്ടോവാന്‍ വയ്യെങ്കി വേണ്ടാ ന്ന്‌ വീട്ട്കാര്‌ . കരച്ചിലും പിഴിച്ചിലുമായി . മല്‍സരം നടക്കണ കാളേജില്‍ ജോലിചെയ്യണ ഒരു കുട്ടീണ്ടായിരുന്നു. അവള്‍ടെകൂടെ പൊക്കോളാന്‍
ടുക്കം സമ്മതം കിട്ടി. മഹാത്മാഗാന്ധീടേ പെറന്നാളന്നായിരുന്നു . ഗാന്ധിത്തൊപ്പീം കദറും ഇട്ട ഒരുപാടാളോളുണ്ടായിരുന്നു .നല്ല വൃത്തിയായി പ്രസങ്ങിച്ചു. സമ്മാനൂം കിട്ടി. പത്തിരുപത്തഞ്ചു കിലോമീറ്റര്‌ ബസ്സില്‌ പോണതല്ലെ. കുട്ടിക്ക്‌ ഒന്ന്‌ ശങ്ക തീര്‍ക്കണംന്നു തോന്നി. ചേച്ചി ഉച്ചക്ക്‌ വരാന്നു പറഞ്ഞു പോയതാണ്‌. ഒരു ഗാന്ധിത്തൊപ്പിക്കാരന്‍ അമ്മാമനോട്‌ മൂത്രപ്പൊര എവിട്യാന്നു ചോദിച്ചു. മല്‍സരം കഴിഞ്ഞ ഉടനെ 'മിടുക്കീ, കലക്കീ 'ന്ന്‌ കവിളില്‍ തട്ടീരുന്നു ഈ അമ്മാമന്‍. മിടുക്കിക്കുട്ടി ബാ ഞാന്‍ കാണിച്ചുതരാല്ലോന്നു മുന്നില്‌ നടന്നു അമ്മാമന്‍. നടക്കണെന്റെ എടേല്‌ കൊറേ കാര്യങ്ങളൊക്കെ ചോദിച്ചു .തൊട്ടും തടവീം വാത്സല്ലിച്ചു. എട്ടാംക്ളാസ്സുകാരിക്ക്‌ ഒരു സംശയം അമ്മാമന്റെ സ്നേഹം കൊറച്ച്‌ കൂട്ണ്ടോന്ന്‌. ഒടുക്കം മൂത്രപ്പൊരേലും ഒപ്പം അമ്മാമനുണ്ട്‌. സൂക്കട്‌ മനസ്സിലായില്ലെങ്കിലും പേടിച്ച്‌ വെറച്ച്‌ ശങ്കതീര്‍ക്കാനൊന്നും നിക്കാതെ ഓടി .ഹാളില്‌ വന്നപ്പോ ചേച്ചിയുണ്ട്‌ . ഒരാളോടും ഒറ്റ വസ്തു പറയാന്‍പറ്റീല്യ കുട്ടിക്ക്‌. എങ്ങന്യാ പറയ്യാ? ആദ്യം കേക്കണത്‌ ഇതല്ലേ ..
അപ്പഴും പറഞ്ഞില്ലെ നെന്നോട്‌ .....

അല്ല അപ്പൂട്ടന്നായരേ ,
അമ്മൂട്ട്യമ്മേ, നിങ്ങടെ പെങ്കുട്ടി നിങ്ങടട്‌ത്ത്‌ പറയ്യോ ഇതുപോലൊരു കാര്യം? നീപ്പൊ പറഞ്ഞൂന്നന്നെ ഇരിക്കട്ടെ , നിങ്ങളെന്താ തിരിച്ച്‌ പറയാ?


.

3 comments:

  1. സത്യം പച്ച എഴുത്ത് മത്രമ വായിച്ചു ...ബാക്കി വായിക്കാന്‍ ആവുന്നില്ല

    ReplyDelete
  2. എത്ര പെൺകുട്ടീകൾക്ക് ഇത്തരം അനുഭവങ്ങളുണ്ടാകുന്നു, നമ്മുടെ നാട്ടിൽ പെൺകുട്ടികളെ കരാട്ടെ പഠിക്കാനയക്കണം. നന്നായി, തുടർന്നോളൂ

    ReplyDelete
  3. നമ്മള്‍ വളരെ ഗൌരവമായി ചിന്തിക്കേണ്ട ഒരു വിഷയം ... പക്ഷെ പറഞ്ഞിട്ടെന്താ കാര്യം ഇമ്മാതിരി കാര്യങ്ങള്‍ കേട്ട് കേട്ട് കാതും മനസ്സുമൊക്കെ മരവിച്ചീരിക്കനു...

    ReplyDelete