Monday, November 1, 2010

കഥകഥയമ്മേ...

കതകതയമ്മേ ...
കാനത്തമ്മേ
നെമ്മണിപെറ്‌ക്കീ
പാക്കഞ്ഞിവെച്ചൂ
പാക്കഞ്ഞികുടിക്കാൻ
എലക്കുപോയീ
എലേലൊരൂ
കാട്ടംകണ്ടൂ
കാട്ടം കഴ്കാൻ
തോട്ടീപ്പോയീ
തോട്ടീലൊരൂ
വാളേക്കണ്ടൂ
വാളേപ്പിടിയ്ക്കാൻ
വലയ്ക്കുപോയീ
വലേലൊരൂ
ഊനം കണ്ടൂ
ഊനംതുന്നാൻ
തൂശിയ്ക്കുപോയീ
തൂശീം തട്ടാനും
പറന്നുപോയീ.............

`ദ്‌ന്താ ഈയ്യമ്മ രാവിലേണീട്ട്‌ പാട്ടും പദൂമൊക്ക്യായിട്ട്‌!' ന്നല്ലെ അപ്പൂട്ടന്നായരേ ആ നോട്ടത്തിന്റെ അർത്തം. മനസ്സിലായീട്ടോ. ഒര്‌ കാര്യൂണ്ടേയ്‌. ന്റെ മക്കളേ തൊട്ടിലാട്ടുമ്പോ ഞാൻ മൂളിയ പാട്ടാണിതേയ്‌. എന്റമ്മ എന്നീം അമ്മേ അമ്മമ്മീം .... അങ്ങനങ്ങനെ..
ഈ തരത്തില്‌ ചെല പാട്ടൊക്കെ ണ്ടാവും എല്ലാ അമ്മാര്‌ക്കും ല്ലേ? (ചെല അച്ചമ്മാര്‌ക്കുംട്ടോ ). ഓരോ വരി പാട്‌മ്പഴും ന്റെ ഉണ്ണി അതിനൊപ്പിച്ച്‌ മൂളിത്തരും. ഒറങ്ങണവരെ കതപ്പാട്ട്‌ നിർത്താൻ സമ്മതിക്കില്ല്യ. നിർത്ത്യാ തൊട്ടിലീക്കെടന്ന്‌ കരഞ്ഞ്നെലോളിച്ച്‌ പെരപൊളിക്കും ചെക്കൻ. ന്നലെ അവനോട്‌ അക്കതയൊക്കെ പറഞ്ഞു ഞാന്‌. ഡബ്ബ്‌ള്‌വേഷ്ട്യൊക്കെ ഉട്ത്ത്‌ കുട്ടപ്പനായി ആപ്പീസിപ്പോണോനോട്‌ അക്കതപറയാനാ തോന്നീത്‌ന്ന്‌ വെക്ക്യാ. ‘ദ്ന്താ അമ്മയ്ക്കിപ്പൊരു ഗൃഹാതുരത്വം?’ ന്ന്‌ നല്ല വടിവ്‌ള്ള മലയാളത്തില്‌ അവൻ ങ്ടൊര്‌ ചോദ്യം. ഞാനങ്ങ്ട്‌ അന്തിച്ചുപോയില്ല്യേ ന്റമ്മൂട്ട്യമ്മേ! അവൻ പറഞ്ഞപ്പഴല്ലേ ഗുട്ടൻസ്‌ വെളിച്ചത്തായത്‌ . കേരളപ്പെറവിയായിട്ട്‌ അവര്‌ കൂട്ടുകാര്‌ കുട്ട്യോള്‌ ബെറ്റ്‌ വെച്ചിരിക്കുണൂത്രേ. ഇന്നത്തെ ദിവസം മലയാളിക്കൂട്ട്വാര്‌ തമ്മ്‌ത്തമ്മില്‌ മലയാളം പറഞ്ഞില്യാച്ചാല്‌ ചെലവ്‌ ചിയ്യണ്ടിവരുംന്ന്‌ . നന്നായീ മോനേന്ന്‌ ഞാനും പറഞ്ഞു. കൊല്ലത്തില്‌ ഒരീസംന്ന്ണ്ടെങ്കിലൊരീസം. അങ്ങനെ അവർക്കൊരു വാശിതൊന്നീല്ലോ. ഇദ്‌പോലെ ചെല ചെർപ്പം കുട്ട്യോള്‌ വിചാരിച്ചാത്തന്നെ വല്യ കാര്യാണേയ്‌.

ഒര്‌ കാര്യംണ്ട്‌ട്ടോ അപ്പൂട്ടന്നായരേ , മലയാളം മരിക്കുണൂ, മലയാളിയ്ക്ക്‌ ബാഷാസ്നേഹം കൊറവാന്നൊക്കെ എല്ലാരും പറയും. മലയാളിത്തം ബാഷേല്‌ മാത്രം മതിന്ന്തോന്നും ഇബരൊക്കെ പറേണകേട്ടാല്‌ . ന്ന്‌ട്ടോ, നാട്ടില്‌ ചെലര്‌ണ്ട്‌ പറച്ചിലിലൊക്കെ മലയാളൂം ചിന്തിക്കണതും പെരുമാറണതും ഒക്കെ വേറെ ഏതൊക്ക്യോ ഗൊസായീടേ ബാഷേലും. ഇത്ര കൊട്ടിഗ്ഗോഷിക്കാൻ മാത്രം നൊമ്മടെ ബാഷയ്ക്ക്‌ സ്വന്തായി എന്ത്‌ കെട്ടീരിപ്പാള്ളത്‌? പ്രായം കൊണ്ടന്നെ എത്ര ചെറുപ്പാണ്‌ നൊമ്മടെ മലയാളം .കൊണ്ടും കൊടുത്തും വളർന്നൂന്നൊന്നും പറയാറായിട്ടൂല്ല്യ. മറ്റുള്ളൊരുടേന്നൊക്കെ കടംകൊണ്ടത്‌ ഇനിവേണം കൊടുക്കാൻ. അതിന്‌ വളരണം. വെറ്‌തേ ഒറ്റയ്ക്കെങ്ങന്യാ വളര്‌ക? അതിന്‌ അതിനെപ്പോറ്റണോർടെ മനസ്സു വേണല്ലോ ആദ്യം വളരാൻ. മലയാളിത്തം ന്ന്‌ പറഞ്ഞാല്‌ ബാഷ മാത്രല്ല, പിന്ന്യോ? നൊമ്മള്‌ ശ്വസിക്കണ വായൂല്‌വരെ നെറഞ്ഞ്‌ നിക്കണ്ടതായ ഒരു സംബവാണേയ്‌. നേർക്ക്‌ നേരെ വന്ന്പെട്ടാ ഒര്‌ നിവൃത്തീല്യാച്ചാലേ ഒന്ന്‌ ചിരിക്കാനും വർത്താനം പറയാനും തന്നെ മുതിര്‌ള്ളൂ. നേരെ നടക്കണോനെ എങ്ങന്യാ എടങ്കാലിട്ട്‌ വീഴ്ത്താന്നാ എപ്പളും ചിന്ത. നല്ലകാലത്തിനോ കഷ്ടകാലത്തിനോ ഒര്‌മിച്ച്‌ നാലാൾടെ മുമ്പില്‌ വന്നുപെട്ടൂന്നിരിക്കട്ടെ , ദ്പോലെ സ്നേഹിതരെ കാണില്ല്യ. ഒരാള്‌ മറ്റാൾടെ പൊറൂം ആസനൂം വരെ മാന്ത്ണ ഒത്തൊര്‌. അല്ലാച്ചാലോ ചേറും ചളീം വാരിയങ്ങ്ടെറിയലും വിഴ്പ്പലക്കലും കെട്‌മ്പും കുശ്‌മ്പും പറച്ചിലും .... . ചെല ഉത്തരംതാങ്ങ്യോൾടെ വാല്‌മ്മത്തൂങ്ങി എപ്പളുംണ്ടാവും കൊറെ റാൻമൂള്യോള്‌ . ഇദൊക്കീം കണ്ടിട്ടല്ലേ പ്പഴത്തെ കുട്ട്യോള്‌ പടിക്കണത്‌. ചെലപ്പോ ഒക്കെ കണ്ട്‌ മട്ക്കുമ്പോ അവർക്കായിരിക്കും നല്ല പുത്തി തോന്നണതല്ലേ?

യ്യോ ! ദാ മറന്നത്‌. ന്റ്യോരു പുത്തി അരണപ്പുത്യന്ന്യാണേ ന്റമ്മൂട്ട്യമ്മേ. ഈ പഴേപാട്ടൊക്കെ ഒന്ന്‌ സീഡീലാക്കാന്ന്‌ച്ച്‌ട്ട്‌ വന്നതാ ഞാന്‌. വയസ്സാവല്ലേ. ഓർമ്മ്യോന്നും നൊമ്മള്‌ വിളിച്ച വഴിക്ക്‌ വരണില്ല്യാന്നേയ്‌. കൊറേ ദിവസായി വിജാരിക്ക്‌ണൂ ഒക്കെ ഒന്ന്‌ സൂക്ഷിച്ച്‌ വെക്കണമ്ന്ന്‌ . എന്നെങ്കിലും ഒര്‌ കാലത്ത്‌ ന്റുണ്ണിക്കണ്ണമ്മാര്‌ക്ക്‌ അവരടെ മക്കള്‌ക്ക്‌ വേണം ന്ന്‌ തോന്ന്യാ ഒപയോഗിക്കാലോ. ല്ല്യാച്ചാലും അതവടീരിക്കും. അതിനിപ്പോ ചെല്ലും ചെലവും ഒന്നും കൊടുക്കണ്ടാല്ലോ... അപ്പൂട്ടന്നായര്‌ ന്താ ഒന്നും മിണ്ടീല്ല്യ? ഞാമ്പറഞ്ഞത്‌ ശര്യല്ലാന്ന്‌ണ്ടോ?

13 comments:

 1. വളരെ നന്നായെന്റെമ്മൂട്ടിയമ്മേ ... മലയാളത്തെ സ്നേഹിക്കുന്നൊരു ഇപ്പൊ നാട്ടിലെക്കാളും മറുനാട്ടില്‍ തന്നാ ഉള്ളത് ...

  ReplyDelete
 2. യെന്തരക്കാ പറയാനക്കൊണ്ടിട്ട്, കാര്യങ്ങളൊക്കെ ഒള്ളതു തന്നെ കേട്ടാ

  മലയാളത്തെ സ്നേഹിക്കുക. ജയ് മലയാളം !!!

  ഇത്രയൊക്കയേ നമ്മളെക്കൊണ്ട് കഴിയൂ.

  ReplyDelete
 3. മുടി ഉണ്ടേല്‍ ചായ്ച്ചും ചെരിച്ചും കെട്ടാം ..നമ്മട ഭാഷ നമ്മട അമ്മയാണെന്ന തോന്നല്‍ വേണം ..അതെങ്ങന്യാ തോന്ന്വ ?
  പെറ്റി ടുമ്പ ത്തന്ന കൊണ്ടാക്കില്ലേ ഡേ കെയറില് ! അല്ലേല്‍ വരുത്തും ആയയെ ! "മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍ മര്‍ത്യന്നു തന്‍ ഭാഷ
  പെറ്റമ്മ താന്‍ " എന്നൊക്കെ പ്പറഞ്ഞാ ഇപ്പോളത്തെ കുട്യോള്‍ക്കെന്നല്ല വല്യോര്‍ക്കും മനസിലാകില്ല്യെ ..കലികാലം ന്നല്ലാണ്ടു ന്താ ങ്ങണ്ട് പറ്യ..ശിവ !ശിവ !

  ReplyDelete
 4. ആദ്യ ഭാഗത്തെ പാട്ട് (കവിത) വായിച്ചപ്പോള്‍ പെട്ടന്ന് മനസ്സിലേക്ക് കുഞ്ഞുണ്ണി മാഷും സിപ്പി മാഷും കയറി വന്നു. മനോഹരമായ താളമുണ്ടതിന്. പറഞ്ഞപോലെ കേരളപ്പിറവിക്കെങ്കിലും മലയാളം സംസാരിക്കാന്‍ തോന്നട്ടെ അല്ലേ..

  ReplyDelete
 5. ഞാന്‍ ആദ്യമായിട്ടാണ് ഇവിടെ... എനിക്ക് വളരെ വളരെ വളരെ വളരെ ഇഷ്ടമായി.....

  ReplyDelete
 6. ആ അദന്നെ, അങ്ങനന്യാ വേണ്ട്ത്.

  ReplyDelete
 7. ജ്യോതീ ന്നെ വീണ്ടും ന്റെ അമ്മോമ്മേടെ അടുത്തോട്ടു എത്തിച്ചല്ലോ?? അമ്മമ്മ ണ്ടെങ്കില് മോള് ഇവിടെ വന്നിരിക്ക്‌ നമുക്ക് കളിക്കാംന്നു പറയും.... പിന്നെ കുറെ രാജകുമാരന്റെം രാജകുമാരിടെം കഥ പറയും .എന്തൊരു രെസമ അന്നൊക്കെ....എന്നാലും ഇന്ന് കുറെയൊക്കെ കുട്ടികള് മലയാള ഭാഷയെ സ്നേഹിച്ചു തുടങ്ങി.... നന്നായിരിക്കുന്നു ജ്യോതി .....സ്നേഹിത

  ReplyDelete
 8. എന്തോ! നന്തനാരെ ഓര്‍മ്മ വരണൂ....

  ReplyDelete
 9. തീർത്തും ശരിയായ കാര്യങ്ങൾ...കേട്ടൊ ജ്യോതി ഭായ്

  ReplyDelete
 10. കതകതയമ്മേ ...
  കാനത്തമ്മേ
  നെമ്മണിപെറ്‌ക്കീ
  പാക്കഞ്ഞിവെച്ചൂ
  പാക്കഞ്ഞികുടിക്കാൻ
  എലക്കുപോയീ
  എലേലൊരൂ
  കാട്ടംകണ്ടൂ
  കാട്ടം കഴ്കാൻ
  good

  ReplyDelete
 11. adyayit varanu. enthayalum veruthe ayillallo. iniyum varam, alpam pazhampuranam kelkalo...

  ReplyDelete