Showing posts with label ഓര്‍മ്മ. Show all posts
Showing posts with label ഓര്‍മ്മ. Show all posts

Wednesday, January 4, 2012

കറുത്ത രാത്രി തന്ന കവിത

(ഇന്ന് മയിലമ്മയുടെ അഞ്ചാം ചരമവാര്‍ഷികദിനം)

2007 ജനുവരി 5 ശനിയാഴ്ച. അമ്പതില്‍ത്താഴെ കുടുംബങ്ങള്‍ ഒത്തുചേര്‍ന്നുണ്ടാക്കിയ ഞങ്ങളുടെ കുടുംബകൂട്ടായ്മ പുതുവത്സരം ആഘോഷിക്കാനായി തിരഞ്ഞെടുത്ത ദിവസമായിരുന്നു അന്ന്‌. ചെറിയതോതിലേ ഉള്ളൂ എങ്കിലും കലാപരിപാടികളുടെ കണ്‍വീനറായിരുന്നതുകൊണ്ട്‌ ഇല്ലാത്തിരക്കുകളില്‍ മുഴുകിയ പകല്‍ തീര്‍ന്നപ്പോള്‍ത്തന്നെ ക്ഷീണമായി. രാത്രി പരിപാടി കഴിഞ്ഞതോടെ സ്പീക്കറിന്റെ ഉയര്‍ന്ന വോള്യവും സ്റ്റേജിലെ മിന്നിമായുന്ന വെളിച്ചവും കാരണം പതിവുപോലെ മൈഗ്രേന്‍ തുടങ്ങി. പത്തുമണിയ്ക്ക്‌ വീടെത്തുമ്പോള്‍ തലക്കുള്ളില്‍ അവന്‍ പത്തിവിരിച്ചാടാന്‍ തുടങ്ങിയിരുന്നു. ഒരു ഗുളികയില്‍ അവനെ അടക്കാന്‍ ശ്രമിച്ച്‌ ഇരുട്ടുമുറിയില്‍ ഉറക്കം കാത്തു കിടക്കുമ്പോഴാണ്‌ മാതൃഭൂമിയില്‍ നിന്നും കൂട്ടുകാരി ബീനയുടെ വിളി വന്നത്‌. . 'മയിലമ്മ മരിച്ചു'.

അടഞ്ഞവാതിലുകളില്‍ ആഞ്ഞൊരു തട്ടുതട്ടി, ഒരു ഞെട്ടലിലേയ്ക്ക്‌ ഓര്‍മ്മകളെ ഉണര്‍ത്തി ഒരു മരണവാര്‍ത്തയെത്തുമ്പോള്‍ ആദ്യം തോന്നുന്ന വികാരമെന്താവും?

രണ്ടുതവണ മരിച്ചിരുന്നു അച്ഛന്‍. ഒന്നാം മരണത്തില്‍നിന്നും തിരികെ വിളിച്ച്‌ ഒരു വര്‍ഷത്തോളം അച്ഛനെ ജീവശ്ശവമായിക്കിടത്തിയത്‌ വൈദ്യശാസ്ത്രത്തിന്റെ തമാശയായിരുന്നു. ബോണസ്സായിക്കിട്ടിയ ഒരു വര്‍ഷത്തില്‍ ആ ഉയിരിന്റെ പിടച്ചിലും ഉടലിന്റെ പൊരിച്ചിലും കണ്ട്‌ കണ്ണീരെല്ലാം ഉള്ളില്‍ത്തന്നെ പെയ്തു വറ്റിയിരുന്നതിനാലാവണം രണ്ടാമതും അച്ഛന്‍ മരിച്ചെന്ന വാര്‍ത്ത ആദ്യം ഉണ്ടാക്കിയ വികാരം ആശ്വാസമായിരുന്നു. രണ്ടു മരണവാര്‍ത്തകളും സന്ധ്യയ്ക്കാണ്‌ പടികയറിവന്നത്‌. പിന്നെ ഒരേയൊരമ്മാവന്റെ മരണം. മകന്റെ വിവാഹക്ഷണത്തിനു ചെന്ന വീട്ടില്‍വെച്ച്‌ ഒരു ചിരിയോടൊപ്പം ആ ജീവന്‍ പറന്നു പോയ വാര്‍ത്ത ആരോ നുണ പറഞ്ഞ്‌ പറ്റിക്കാന്‍ നോക്കുംപോലെ അവിശ്വാസമാണുണ്ടാക്കിയത്‌. ചെറിയൊരു പരീക്ഷാ തോല്‍വിയില്‍ സ്വയം അഗ്നിയിലെരിഞ്ഞു തീര്‍ന്ന പ്രിയപ്പെട്ട കൂട്ടുകാരി - ഇന്നും പഴയ കുസൃതിച്ചിരിയോടെ സ്വപ്നത്തില്‍ വരാറുണ്ടവര്‍ - ഉണ്ടാക്കിയത്‌ ആഴത്തിലുള്ള ഒരു മുറിവാണ്‌. ഇടയ്ക്കോര്‍ക്കുമ്പോള്‍ നീറ്റലുണ്ടാക്കുമത്‌.

ഒടുവിലത്തെ രണ്ടു മരണവാര്‍ത്തകളും എത്തിയത്‌ രാത്രിയില്‍ത്തന്നെയായിരുന്നു. ഇതുപോലെ. എന്നാല്‍ ഇത്‌... ഓര്‍മ്മയില്‍ എന്തോ ഒന്നു ചിതറിപ്പൊട്ടി. സങ്കടമല്ലായിരുന്നു അത്‌. അപ്രതീക്ഷിതമായ ഒന്നു സൃഷ്ടിച്ച ആഘാതവുമല്ല. അതികഠിനമായ കുറ്റബോധം. കടമ ചെയ്യതെ ഒഴിഞ്ഞുമാറിയ മകളുടെ, അനിയത്തിയുടെ, ചങ്ങാതിയുടെ മനസ്സിലെ ഒടുങ്ങാത്ത കുറ്റബോധം. അതിന്റെ വിങ്ങല്‍ ആ രാത്രി എന്റെ ഉറക്കം കളഞ്ഞു.

മയിലമ്മയെ പരിചയപ്പെട്ടതുമുതല്‍ അവസാനമായി കണ്ടുപിരിയുന്നതു വരെയുള്ള ഒരോ രംഗവും ഒരു സ്ക്രീനിലെന്നപോലെ മനസ്സില്‍ തെളിഞ്ഞു. അവരുടെ ആത്മകഥ കേട്ടെഴുതാനുള്ള തീരുമാനം, അവരെ ആദ്യം കണ്ടത്‌, തീരെ സൗഹാര്‍ദ്ദപൂര്‍ണ്ണമല്ലാത്ത ആദ്യദിവസത്തെ കൂടിക്കാഴ്ച, പ്ലാച്ചിമടയിലെ സമരപ്പന്തലില്‍ ഒരുമിച്ചിരുന്നു ഭക്ഷണം പങ്കിട്ടു കഴിച്ചതു്, ജനിച്ച ഗ്രാമമായ മുതലമടയിലെ ആട്ടയാമ്പതിയിലേയ്ക്കുള്ള ഒരുമിച്ചുള്ള യാത്ര, ഗ്രാമത്തിലെ കൂട്ടുകാര്‍ക്കു് പരിചയപ്പെടുത്തിയപ്പോള്‍ മുഖത്തു തെളിഞ്ഞ സ്നേഹഭാവം, പുസ്തകപ്രകാശനത്തിനു ക്ഷണിക്കാന്‍ ചെന്നപ്പോള്‍ ശാരീരിക അവശതകള്‍ക്കൊപ്പം ഒറ്റപ്പെടലിന്റേയും അവഗണയുടേയും വിഷമം കടിച്ചു പിടിച്ച്‌ കുടിലിന്റെ തിണ്ണയിലിട്ട പായിലേയ്ക്കിരിക്കാന്‍ ചിരിയോടെ ക്ഷണിച്ച രൂപം, പുസ്തകപ്രകാശനസമയത്ത്‌ ചെയ്ത പ്രസംഗത്തിലെ ആദിവാസിയുടെ വീറും വാശിയും. എല്ലാം ഓര്‍മ്മയില്‍ തികട്ടി.

അതിനിടയില്‍ മാതൃഭൂമിയില്‍ നിന്നും വീണ്ടും വിളി. മയിലമ്മയുടെ ആത്മകഥയുടെ കേട്ടെഴുത്തുകാരി എന്ന നിലയിലുള്ള ഒരനുസ്മരണക്കുറിപ്പ്‌ ഫോണിലൂടെ പറഞ്ഞു കൊടുത്തു.

ചാനലുകളില്‍ മരണം ഫ്ലാഷ്‌ ന്യൂസായി വരാന്‍ തുടങ്ങിയിരുന്നു. സോറിയാസിന്റെ വ്രണങ്ങള്‍ നിറഞ്ഞ മുഖം സ്ക്രീനില്‍. കാണേണ്ടിയിരുന്നില്ലെന്നു തോന്നി. അവസാനമായി സംസാരിച്ചുപിരിഞ്ഞത്‌ ‍ 2006 ഒക്ടോബര്‍ 13 നു് ആകാശവാണി തൃശ്ശൂര്‍നിലയത്തില്‍ അവരുമായുള്ള അഭിമുഖം റെക്കോര്‍ഡ്‌ ചെയ്ത ദിവസമാണ്‌. അഭിമുഖം പ്രക്ഷേപണം ചെയ്തപ്പോള്‍ വീണ്ടും വിളിച്ചു. ആകെ ഒരു സുഖമില്ല എന്നു പറഞ്ഞു. ശബ്ദത്തില്‍ നല്ല ക്ഷീണം. മനസ്സിന്റെ ക്ഷീണം ശരീരത്തേയും ബാധിച്ചതായിരിക്കാം എന്നേ അപ്പോഴും വിചാരിച്ചുള്ളു. സോറിയാസിസ്‌ ആണെന്നും ചികിത്സ തുടങ്ങിയെന്നും കേട്ടപ്പോള്‍ അസുഖം അത്രയും കൂടിയിരിക്കുമെന്നും അത്‌ മരണകാരണമാവുമെന്നും ചിന്തിച്ചതേയില്ല.

പുസ്തകത്തിലെ ചില പരാമര്‍ശങ്ങളെച്ചൊല്ലി കൂട്ടുകാരികളില്‍ ചിലര്‍ വല്ലതെ കുറ്റപ്പെടുത്തുന്നുണ്ടെന്നും അവിടെവന്നു കാര്യങ്ങള്‍ ഒന്നു വിശദീകരിക്കണമെന്നും ആവശ്യപ്പെട്ട്‌ ഇടയ്ക്ക്‌ ഒന്നുരണ്ടുതവണ ഫോണ്‍ ചെയ്തു സംസാരിച്ചു. അതിനുള്ള അവസരം പക്ഷേ വന്നില്ല. കുളിമുറിയില്‍ തെന്നിവീണ്‌ കൈയ്യൊടിഞ്ഞ്‌ യാത്രചെയ്യാന്‍ പറ്റാതെയിരുന്ന ഒന്നര മാസം കൊണ്ട്‌ എല്ലാം മാറിമറിഞ്ഞു പത്രവാര്‍ത്തകളില്‍ മാത്രം അവരെ കണ്ടു . ഇടയില്‍ ഒരു നാള്‍ സ്ഥിരം വിളിക്കാറുണ്ടായിരുന്ന മുറുക്കാന്‍ കടയിയിലെ ടെലഫോണ്‍ ബൂത്തിലേയ്ക്ക്‌ വിളിച്ച്‌ നോക്കി. പുസ്തകത്തിന്റെ പേരില്‍ നിങ്ങള്‍ക്കുമുണ്ടു് ഭീഷണി, സൂക്ഷിക്കണം, ഇങ്ങോട്ട്‌ വരണ്ട എന്നു് മൂന്നറിയിപ്പ്‌. വീട്ടുകാരും ഭീരുതയും വിലക്കി. പിന്നെയാവട്ടെ എന്ന്‌ നീട്ടി‍. അന്ന്‌ മകന്‍ രാഹുലിന്റെ സ്കൂട്ടറിനു പിന്നില്‍ സന്ധ്യാസമയത്തെ പൊടിക്കാറ്റില്‍ പറക്കുന്ന പച്ച ചേലത്തുമ്പ്‌ ഇടത്തുകൈകൊണ്ട്‌ ഒതുക്കിപ്പിടിച്ച്‌ വലതു കൈവീശി നിറഞ്ഞുചിരിച്ച മുഖം . പകലിനോടൊപ്പം ഓര്‍മ്മയില്‍ നിന്നും പതുക്കെ മായുകയായിരുന്നുവോ അത്‌..?

രാത്രി അവസാനിക്കുകയായിരുന്നു. ഉള്ളാകെ നനച്ചുകൊണ്ട്‌ ഒരു കവിത ഉറന്നത്‌ ആ നേരത്താണ്‌. വര്‍ഷങ്ങള്‍ക്കു ശേഷം ഒരു കവിത. അല്ല ജീവിതം . ഒരുപാടു് മയിലമ്മമാരുടെ ജീവിതം. അപ്പോഴും അവരെത്തന്നെ കേട്ടെഴുതുകയായിരുന്നോ ഞാന്‍? അറിയില്ല. വാക്കുകളും വരികളും വാര്‍ന്നു വീഴുകയായിരുന്നു. ഉദയത്തിനു മുമ്പ്‌ അവസാനത്തെ കുറച്ചുവരികളൊഴിച്ച്‌ എല്ലാം എഴുതി. അതുപൂര്‍ത്തിയായത്‌ അന്നു വൈകീട്ട്‌ ശവസംസ്കാരം കഴിഞ്ഞെത്തിയപ്പോഴാണ്‌. ഒടുവിലത്തെ കാഴ്ച. അടഞ്ഞ കണ്ണുകളില്‍ ഒരു നോട്ടം പതിയിരുപ്പുണ്ടെന്നു ഞാനറിഞ്ഞു. മയില്‍പ്പീലിക്കണ്ണിന്റെ ഞാനെന്നും ഭയക്കുന്ന തുറിച്ചുനോട്ടമായിരുന്നു അത്‌. കവിതയ്ക്കുള്ള തലക്കെട്ടും അതുതന്നെയായി. മയില്‍പ്പീലിത്തുറുകണ്ണ്‌.

Sunday, October 3, 2010

കാലത്തെ തോല്‍പ്പിച്ചോര്‍ക്ക്‌.........

രു പോള കണ്ണടയ്ക്കാന്‍ പറ്റീല്യ ഇന്നലെ രാത്രി.
ഇന്നാളൊരീസം അമ്മുട്ട്യമ്മ്യ പറഞ്ഞദന്യാ ശരി.
ഈ ടീവീപ്പെട്ടീല്‌ നോക്കാതീം
ര്‍ത്തമാനക്കടലാസ്സ്‌ വായിക്കാതീം ഇര്‌ന്നാത്തന്നെ മനിഷ്യര്‍ക്ക്‌ ജീവിത്തില്‌ സമാധാനം കിട്ടും. .
കണ്ടില്ലേ ഇന്നലെ? കാണാന്‍ വയ്യ. എടനെഞ്ഞ്‌ പൊട്ടിപ്പോണ പോലെ തോന്നി.
ഇതൊക്കെ കാണണതിലും ഭേദം ചെല പെങ്കുട്ട്യോള്‌ കൊഞ്ചിക്കൊണ്ട്‌ കാണിക്കണ കോമാളിത്തോം കോപ്രായോം ഒക്കെത്തന്യാന്നു തോന്നിപ്പോയി.
ന്റെമ്മൂട്ട്യമ്മേ! ഇക്കുട്ട്യോള്‍ക്കൊക്കെ എന്താ
ങ്ങനെയൊക്കെ തോന്നാന്‍!
ഇതിപ്പോ അവനോനെ ഹിംസിക്കണൂന്നുള്ളതല്ല ,
പോയോര്‍ക്ക്‌ ഒന്നും മിണ്ടാതെ അങ്ങട്‌ പോവേ വേണ്ടൂ .
പെറ്റുപോറ്റിയ അച്ചന്റെ, അമ്മടെ ഒക്കെ ഉള്ളുരുക്കം എന്തായിരിക്കുംന്ന്‌ ഒരു മിനിട്ട്‌ ആലോചിക്കാന്‍ തോന്ന്യോ ?
നെരന്നങ്ങനെ കെടക്കാ! വെഷം കഴിച്ചതാത്രേ.
പത്തു പതിനേഴ്‌ വയസ്സാക്മ്പഴക്കും ഒക്കീം ഇട്ടെറിഞ്ഞ്‌ പോവാന്‍ തക്കോണ്ണം വല്യ എന്തു സങ്കടാണ്ടാവാ?
ടീവീ ന്യൂസ്‌ കണ്ടതിനു ശേഷാ കടലാസ്‌ നോക്ക്യേ.
ഇന്നുംണ്ട് വാര്‍ത്ത. ഫോട്ടൂംണ്ട്
ആത്മഹത്യാന്നു പോലീസുകാര്‌. ദുരൂഹം ന്ന്‌ പത്രക്കാര്‌. അന്നേഷണം വേണംന്ന്‌ നാട്ട്കാര്‌ ..

ആര്‌‍ക്ക്‌ പോയീ..? അവനോന്‍ തിന്നാതീം കുടിക്കാതീം ഊറീതൂറീത്‌ മക്കള്‍ക്ക്‌ മാറ്റീം വെച്ച്‌ കൈ വളര്‌‍ണോ കാല്‌ വളര്‌‍ണോ ന്നും നോക്കി നോക്കി ഒടുക്കം ...പോയത്‌ ആ അച്ചനും അമ്മക്കും തന്നീള്ളൂ .

അല്ല, നമ്മളിപ്പോ ഇങ്ങനോക്കെ പറയിണൂ .അക്കുട്ട്യോള്‍ടെ ഉള്ളിലെന്തായിരുന്നൂന്ന്‌ ആരു കണ്ടൂ! മനസ്സൊക്കെ പൂട്ടിക്കെട്ടി വെച്ചിട്ടല്ലേ എല്ലാരടീം നടത്തം. രാവിലെ ഇസ്കൂളിലിക്ക്‌ എറങ്ങാന്‍കാലത്ത്‌ മക്കള്‍ടെ കണ്ണില്‌ അമ്മമാരടെ കണ്ണ്‌ എടഞ്ഞിട്ട്‌ണ്ടാവില്യ. രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കാലില്‌ ചക്രം കെട്ടി ഓടണ തെരക്കില്‌ പൊന്നുമക്കളോട്‌ ഒരു നല്ല വര്‍ത്താനം പറയാന്‍ അച്ഛന്‌
എട കിട്ടീട്ട്ണ്ടാവില്യ. നേരത്തിനു വന്ന്‌ നേര്‍ത്തേ പോണ ടീച്ചറമ്മമാര്‍ക്കും പുസ്തകത്തിന്റെ കൂമ്പാരം മറഞ്ഞിട്ട്‌ അവറ്റോള്‍ടെ പേടിച്ച്‌ വെളര്‍ത്ത മൊകം കാണാന്‍ പറ്റീട്ട്ണ്ടാവിവില്യ. അതോണ്ടാവും ല്യേ? ? അല്ല അതോണ്ടന്ന്യാവും. അല്ലെങ്കില്‌ എലിയെക്കണ്ടാലും കൂടി മലയാണ്‌ ,പുലിയാണ്‌ ‍ന്നൊക്കെ വിചാരിച്ച്‌ ആധിപ്പെട്ട്‌ നൊമ്മട്യോക്കെ കുട്ട്യോള്‍ വിശ്വസിക്കണ്ടോരേം സ്നേഹിക്കണ്ടോരേം തീണ്ടാപ്പാട്‌ ദൂരം മാറ്റി നിര്‍ത്തീട്ട്‌ ഏതൊക്ക്യോ വിളിക്ക്‌ കണ്ണും ചെവീം കൊടുക്കാന്‍ കാരണം എന്താ?
ഉള്ളില്‍ള്ള തേക്കം ആരോടും പറയാന്‍ ആവാഞ്ഞ്‌. തമ്മില്‌ തമ്മില്‌ പറഞ്ഞിട്ടും തീരാഞ്ഞ്‌. ഒക്കേറ്റിനും ഒടുവില്‍ ഒര്‌ ഗതീം ഇല്യാഞ്ഞ്‌ ......

അപ്പൂട്ടന്നായരേ നൊമ്മട്യോക്കെ കുട്ട്യോള്‌...

(ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നലെ ശിവാനിടീച്ചറിനെക്കണ്ടു. നടക്കാന്‍പോലും വയ്യാതായിരിക്കുന്നു. ആളറിയാഞ്ഞാവണം അടുത്തു ചെന്നപ്പോള്‍ നരച്ച പുരികം ചുളിച്ച്‌ സൂക്ഷിച്ചുനോക്കി. ആരാ...? ---------- ആണോ? ആണെന്നും അല്ലെന്നും ഉള്ള അര്‍ത്ഥത്തില്‍ മൂളി. കൈപിടിച്ച്‌ പതുക്കെ റിക്ഷയില്‍ കയറ്റി. വീട്ടിന്റെ പടി കയറുമ്പോള്‍ ആരാണെന്നു ഉറപ്പിക്കാന്‍ തിരിഞ്ഞു വീണ്ടും നോക്കുന്നുണ്ടായിരുന്നു. യാത്ര പറഞ്ഞില്ല. രക്ഷപ്പെടാനുള്ള വെമ്പലായിരുന്നു. ടീച്ചറില്‍നിന്നും ഒപ്പം വര്‍ഷങ്ങളായി വേട്ടയാടിക്കൊണ്ടിരിക്കുന്ന ഒരു കുറ്റബോധത്തില്‍നിന്നും.
ഒന്നാം ക്ളാസ്സുതൊട്ട്‌ ഒരുമിച്ചുണ്ടായിരുന്ന കൂട്ടുകാരി..ടീച്ചറുടെ മകള്‍ . എന്തിനും ഒപ്പമായിരുന്നു രണ്ടാളൂം. പങ്കിടാത്ത രഹസ്യങ്ങളില്ല. അധികം ആയുസ്സെത്താത്ത കൊച്ചുകൊച്ചു പിണക്കങ്ങള്‍ പോലും അടുപ്പം കൂട്ടാനുള്ളവയായി.. ഇന്നലേയും അവള്‍ വന്നു. യാത്ര പറയുമ്പോള്‍ കണ്ട അതേ രൂപം. ചുവന്ന ജരിക വെച്ച മഞ്ഞപ്പവാട ചുവന്ന പൊട്ടുകള്‍ വിതറിയ മഞ്ഞദാവണിയും ചുവന്ന ജാക്കറ്റും..വീതിയുള്ള നെറ്റിയില്‍ വൃത്തമൊപ്പിച്ചു തൊട്ട വലിയ കറുത്ത പൊട്ട്‌. ഒരു മാറ്റവുമില്ല. വെളുത്ത വട്ടമുഖം നിറഞ്ഞു ചിരിച്ച്‌ കാലത്തെ തോല്‍പിച്ചവള്‍ നിന്നു. അന്നത്തേതുപോലെ. ഒരു വ്യത്യാസം മാത്രം..
അന്ന്‌ ആ വലിയ കറുത്ത കണ്ണുകള്‍ നിറഞ്ഞു വരുന്നുണ്ടായിരുന്നു.
ക്രിസ്മസ്‌ അവധി തുടങ്ങുന്നതി
ന്റെ തലേന്ന്‌. പ്രീഡിഗ്രീ ഒന്നാം വര്‍ഷ റിസല്‍റ്റ്‌ വന്ന ദിവസമായിരുന്നു. വഴിപിരിയുന്ന സമയത്ത്‌ ചിരിച്ചും കരഞ്ഞും ഇനി നമ്മള്‍ ഏതു ലോകത്തു കാണും എന്നു ചോദിച്ചു കൈപിടിച്ചപ്പോള്‍. ....അന്ന് , ആ സൂചന അറിയാനുള്ള പക്വത ഇല്ലാതെ പോയി .ഉണ്ടായിരുന്നെങ്കില്‍ പഠനമേശപ്പുറത്ത്‌ പുസ്തകങ്ങളേയും താഴെ കൂനിപ്പിടിച്ചിരുന്ന അവളേയും നനച്ച്‌ അന്നാ ആ പുഴ ഒഴുകുമായിരുന്നില്ല. അക്ഷരങ്ങളോടൊപ്പം അവളൂം എരിയുമായിരുന്നില്ല. എല്ലാമറിയുന്ന ചങ്ങാതിയല്ലേ എന്നിട്ടെന്തേ? എന്നു ശിവാനിടീച്ചര്‍ വിരല്‍ചൂണ്ടുമായിരുന്നില്ല.......കുറ്റവാളിയെപ്പോലെ ടീച്ചറുടെ മുന്നില്‍നിന്നു ഓടിയൊളിക്കേണ്ടി വരുമായിരുന്നില്ല....

അന്നു ആ രൂപം കാണാന്‍ ധൈര്യമില്ലാതെ പോയത്‌ ഒരു കണക്കില്‍ നന്നായി. സ്വപ്നസന്ദര്‍ശനങ്ങളില്‍ അവളിന്നും ആ പഴയ പതിനേഴുകാരി..
...ന്റെ പ്രിയപ്പെട്ട കൂട്ടുകാരി... )

(പേശാമ ടന്തയായി ഒളിച്ചുകഴിഞ്ഞകാലത്തെ ഒരു പോസ്റ്റ്‌ )

Monday, April 19, 2010

ഖസാക്കിന്റെ ശേഷിപ്പുകൾ



ഖസാക്കിന്റെ ശേഷിപ്പുകൾ -ഡൊക്യുഫിക്ഷൻ

തിരക്കഥ-ജ്യോതീബായ്‌ പരിയാടത്ത്‌
നിർമ്മാണം -പ്രസ്സ്‌4 വിഷ്വൽ മീഡിയ

സംവിധാനം -ഷാനവാസ്‌ എം


വീഡിയോ ഡൗൺലോഡ്‌ ചെയ്യാൻ ഈ ലിങ്ക്‌ കാണുക


'ചുരം കടന്ന്‌ പാലക്കാടൻ കരിമ്പനകളിലേയ്ക്ക്‌ കാറ്റു വീശി . മാണിയന്റെ ചൂളം വിളിക്ക്‌ കാതോർത്ത്‌ മഴമേഘങ്ങൾ കിഴക്കൻമലകളിൽ യാത്രയ്ക്കൊരുങ്ങി .



ഇനിയും കെടുതി പറ്റിയിട്ടില്ലാത്ത അകലങ്ങൾ തേടി യാത്ര തുടരുന്ന ക്ഷീണിതനായ പഥികൻ .


വരുംവരായ്കകളുടെ ഓർമ്മകളിലെവിടെയോ അയാൾ കണ്ടു ഹൃദിസ്ഥമാക്കിയിയ ഇടത്താവളം.'



ശകടങ്ങൾ അവസാനിക്കുകയും പാതകൾ തുടരുകയും ചെയ്യുമ്പോൾ വാഹനവും സഹയാത്രികരും വഴിയമ്പലവും എല്ലാം ചില മായക്കാഴ്ച്ചകളുടെ ഭാഗം മാത്രമാകുന്നു.



അനന്തപഥങ്ങളിലൂടെയുള്ള യാത്രയാകട്ടെ ഒരു അനിവാര്യതയും. .


അസ്തമയം പൂത്ത താഴവര കണ്ട്‌ അതിശയിച്ചാഹ്ലാദിച്ച്‌ വേരുപിടിച്ചുപോയ ചേച്ചിയും

അനന്തപ്രയാണത്തിന്റെ മറ്റൊരിടവേളയിൽ വീണ്ടും കണ്ടുമുട്ടിയിട്ടും തിരിച്ചറിയാതെ പോയ അനിയത്തിയും എല്ലാം.

പുനർജനികൾ . വേദനയില്ലാത്ത ആസക്തിയില്ലാത്ത ആവർത്തനങ്ങൾ-


വീഡിയോ ഡൗൺലോഡ്‌ ചെയ്യാൻ ഈ ലിങ്ക്‌ കാണുക