Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Thursday, July 23, 2026

പഴുത്താൽ !


വാവലിനും 

കിളികൾക്കും

അണ്ണാറക്കൊട്ടനുപോലും

വേണ്ടെന്ന്  .


പടലയിരിഞ്ഞു

പടിക്കൽ കാക്കുക . 

കുസൃതികൾ കൈവീശുന്ന

വേഗവണ്ടികൾ 

ഒന്നൊന്നായി

പറന്നുമായുന്നതു കാണും

 

പനിക്കാലമെന്ന്

മഴക്കാലമെന്ന്

അയൽക്കാർ വിലക്കും.


പ്ലാസ്റ്റിക്കിൻ്റെ  

പലവർണ മുക്കാടുകൾ 

പാതിമാറ്റി

തിരിയാതെ തിരിഞ്ഞു നോക്കി

തടസ്സപ്പെട്ട കൂട്ടം നികത്തി

പാടത്തുപണിയുന്ന പെണ്ണുങ്ങൾ

കലപിലെന്ന്  നടന്നു നീങ്ങും 


ഉന്തുവണ്ടിവാണിഭൻ

തട്ടിൽ നിരന്ന

തിടംവെച്ച വരവുചരക്കുമായി

പുച്ഛം നീട്ടി ഉരുണ്ടുപോവും


വില്പനയ്ക്കെന്ന്

വിളിച്ചുകൂവരുത്

വീട്ടുകയ്യാലപ്പുറത്ത് 

വെറുതേ നിരത്തി

പടിയടച്ച്

തിരികെ പോരണം


അവർ  എത്താതിരിക്കില്ല

മിന്നൽമഴകളെ കൂസാതെ

വയറ്റിൽ

വിശപ്പിൻ്റെ ഇടികുടുക്കവുമായി

ഇരുട്ടിൻ്റെ മറപറ്റി 

അപ്പം മോഷ്ടിക്കാനിറങ്ങുന്ന

കുഞ്ഞുങ്ങൾ


ഉണ്ടു ഞെളിയുന്ന

ചാട്ടകളിൽ 

പുളഞ്ഞൊട്ടിയ

വയറ്റിലെ

പാടുകളിൽ തലോടി 

അവരോട് ചോദിക്കണം

' മുഴുവനും എടുക്കാഞ്ഞതെന്ത്?

അവയൊക്കെയും

വിളഞ്ഞത്

നിങ്ങൾക്കായിരുന്നല്ലോ!'

••••••••••••••••••••••••••••••••••••••••••••••

കൂട്ടം- വർത്തമാനം

മുക്കാട് - തലവഴി മൂടുന്ന പുതപ്പ്

•••••••••••••••••••••••••••••••••••••••••••••••

Friday, June 14, 2024

കൺകെട്ട്

 

ജ്യോതിബായ് പരിയാടത്ത്

കൺകെട്ട്

 അന്നും അഖിലാണ്ഡമ്മാൾ

ഉച്ചമയക്കത്തിൽ  ഞെട്ടിയുണർന്നു

രാമാ !എൻ കൊഴന്തൈ ...

തണ്ണിയിലെ കുതിച്ചിട്ടയേ

അവർ പൊട്ടിക്കരഞ്ഞു.

**

1തെരുവത്ത് പള്ളിനേർച്ചയന്നു 2വിടിയക്കാലേ

ഗോവിന്ദാപുരം ചെക്പോസ്റ്റിലെ ഇഡ്ഡലിക്കടയിലാണ്

മുപ്പതുകാരനായ അളഗപ്പകൗണ്ടർ

പതിനെട്ടുകാരിയായ അഖിലാണ്ഡമ്മാളെ 

ആദ്യം കാണുക


കൊല്ലാകൊല്ലം

അളവിലും  വിളഞ്ഞ  

കൊള്ളും കടലയൂം മൂട്ട കെട്ടി

സൂഫിത്തങ്ങളുടെ

നേർച്ച കൊള്ളാൻ

മൈലൻമാരെ തെളിച്ച്

പല്ലൻചാത്തനൂർക്ക്

പോകലുണ്ട്.

അതു 3പാട്ടനാർ കാലപ്പതിവ്.

 






തെരുവത്ത് പള്ളിയിൽ

ആന കുതിരപ്പുറങ്ങളിലും

ആൾച്ചുമടായും വരും

പുതുമണം മാറാത്ത

ഓലവട്ടികളിൽ

മദ്  മദ്ക്കനെ വാസനിക്കും

നേർച്ച അപ്പങ്ങൾ.

കൊങ്ങ്നാടൻ കാളവണ്ടികൾ

വാളയാറും മീനാക്ഷിപുരവും

ഗോവിന്ദാപുരവും താണ്ടി

കഞ്ചിക്കോടും കൊഴിഞ്ഞാമ്പാറയൂം

കൊല്ലങ്കോടും കടന്നു

പല്ലൻചാത്തനൂരേയ്ക്ക് വരിയിട്ടൊഴുകും

നെല്ലും പയറും പലവകയും

ആടും കോഴിയുമായി

നേർച്ചപ്പണ്ടങ്ങൾ കുമിയും .

വണ്ടിത്താരയിൽ

കാളക്കുടമണികൾ കിലുങ്ങും.

സൂഫി മുഹമ്മദിൻ്റെ ഊന്നു വടിയിൽ

കിളർന്ന കാഞ്ഞിരത്തിലകൾ

അന്നേയ്ക്കൊരുനാൾ മാത്രം ഇനിക്കും.

അപ്പം പങ്കിട്ട്

4പൂമണ്ണും മണവും

പ്രസാദമായി രുചിച്ചും

കാളന്മാരെ തീറ്റിച്ചും

അടുത്ത വിളവിനു മുമ്പുള്ള

വയലിൻ്റെ പങ്ക്   കിഴി കെട്ടിയെടുത്തും

അവർ നിറവിൽ  മടങ്ങും.

 

അന്ന്

തിരികെ വണ്ടി കെട്ടിയ നേരം

കാളൻമാർക്ക്  5കാലാറാൻ നിർത്തി 

വെളളം കാട്ടുമ്പോൾ

കൌണ്ടർ

അഖിലാണ്ഡത്തെ ഒന്നുകൂടി കണ്ടു.

തുണിത്തട്ടിലെ ചൂട് ഇഡ്ഡലികൾ

ചുറുചുറുക്കിൽ അടർത്തിയിടുമ്പോൾ

സാമോവറിൻ്റെ കനൽ വെട്ടം

അവളുടെ മൂക്കത്തിയിൽ തട്ടിച്ചിന്നി.

ഇഡ്ഡലിയുടെ ആവിമണം

ഇറുകെ മെടഞ്ഞ മുടിയിലെ മുല്ലമണം

സന്ധ്യയുടെ അകിൽ മണം

പൊള്ളാച്ചിക്ക് അവളെ

പൊണ്ടാട്ടിയായി കൂടെ കൂട്ടാൻ

നിമിഷത്തിൽ ആശ മുറ്റി.

**

പുള്ള പെറാ വാഴ്വിന്റെ

പുളിച്ചു  വറ്റിയ പതിനാല്

നേർച്ച വീടലുകൾ പറന്നു പോയി.

ഒടുവിലത്തെ വട്ടം മടങ്ങുമ്പോൾ

കച്ചേരിപ്പടിക്കലെ 6കിളിജോസിയം

കട്ടായം പറഞ്ഞു.

" വടക്ക് വടക്കൂരിലെ

പള്ളിമേൽകോയിൽ7ചെലൈ

കൺമുഴിച്ച് പാത്തിര്ക്കാര്

കുമ്പിട്ങ്കെ

കൂടവേ വന്തിടപ്പോറാര് ! "

 

വടക്ക് വെളിയൂരെത്തി

കോയിൽ 8വേണ്ടുതലൊക്കെയും

കച്ചിതമായ് തീര്ത്ത്

മടങ്ങുമ്പോൾ

പിള്ളക്കൈവിരൽത്തുമ്പത്ത്

ഒരു പിള്ളക്കൈ തൊട്ടെന്ന് തോന്നി അളഗപ്പന്

തിരികെ

തീവണ്ടിയിൽ

അഖിലാണ്ഡമ്മാൾക്ക്

കരുമാടി മയങ്ങും മട്ട് മടിത്തട്ട് കനത്തു

 

അവനാകട്ടെ

അവരുടെ കണ്ണ് കെട്ടി

കാറ്റാടിപ്പാടങ്ങൾക്കിടയിൽ

മണ്ണട്ടയായി ഒളിഞ്ഞു

കൊക്കർണികളുടെ നീലിമയിലേക്ക്

വലിയൊരു മീനായി ഊളിയിട്ടു മറഞ്ഞു

കലവറയിലെ പണിയാരച്ചട്ടി പൂച്ചയായി തട്ടിയിട്ടും

കെട്ടഴിഞ്ഞ പൈക്കിടാവായി പാൽ മൊത്തം കട്ടുകുടിച്ചും

എരുതിനു ജോഡിയായി   ചക്കിനു ചുറ്റും കറങ്ങിയും

അഖിലാണ്ഡത്തിൻ്റെ ഉച്ചമയക്കങ്ങളെ മുറിച്ചു.

 

തൈമാസത്തിൽ

പൗർണ്ണമിത്തലേന്നാൾ

കരിമ്പും കമ്പും കടലയുമായി

നേർച്ചക്കാളവണ്ടി

അകിടിൽ റാന്തലും കുടമണിയും കെട്ടി

ഉരുണ്ടു തുടങ്ങുമ്പോൾ

ഒരു ഞൊടി

അളഗപ്പനും തോന്നി

വണ്ടിക്കൈയിൽ തൻ്റെ ചൂടുപറ്റി

അവനിരുപ്പുണ്ടെന്ന്

വഴിയിലങ്ങോളം

വാതോരാതെ അവൻ്റെ പാട്ട് കേട്ട്

മയങ്ങുകയായിരുന്നു അഖിലാണ്ഡമ്മാൾ .

എൻ കൊഴന്തൈ...

എൻ കണ്ണ്....

എൻ രാശാ....

എന്നൊക്കെ അവൾ പിറുപിറുത്തു

 

കാളത്താരയിൽ വഴി നടത്തുമ്പോൾ

ചൂട്ടനു മേൽ കൈകുത്തി മറിഞ്ഞ്

തങ്ങളിൻ്റെ മഖ്ബറയും

നേർച്ചക്കൂമ്പാരങ്ങളും

അപ്പച്ചുമടുകളും താണ്ടി

പള്ളിയ്ക്കകത്തേക്ക്

എന്തോ   മറഞ്ഞത്

അവസാന നോട്ടത്തിൽ

അഖിലാണ്ഡം കണ്ടു.

**
തൈമാസ പൗർണ്ണമി

മൂത്തും പഴുത്തും

നിലാവ് പെയ്ത രാത്രിയിൽ

കൊങ്ങു വഴിയിലൂടെ

തിരികെ   നിശ്ശബ്ദം    തുഴഞ്ഞ

വണ്ടിയിൽ

യാത്രികർ ആരുമുണ്ടായിരുന്നില്ല.

 

1 സൂഫി മുഹമ്മദിൻ്റെ മഖ്ബറയിലെ അപ്പം നേർച്ച. കൃഷിയിടങ്ങളി നല്ല വിളവി നും വളർത്തുമൃഗങ്ങളുടെ രോഗശാന്തിക്കും സന്താനലാഭത്തിനും നാനാജാതി മതസ്ഥർ ഇവിടെ വന്ന് പ്രാർത്ഥിക്കാറുണ്ട്.  2 . വെളുപ്പാൻകാലത്ത്   3 അപ്പനപ്പൂപ്പന്മാർ  4. പള്ളിയിലെ പ്രസാദം 'ചീരണി' എന്നു കൂടി അറിയപ്പെടുന്ന മണ്ണ് ആണ് കൃഷിസ്ഥലങ്ങളിൽ സമൃദ്ധിക്കായി ഇത് വിതറാറുണ്ട്.  5 .വിശ്രമിക്കാൻ  6. പക്ഷിശാസ്ത്രം 7. വിഗ്രഹം
 8.
വഴിപാട്


Thursday, June 10, 2021

മൃഗയ

 

മൃഗയ

തുരത്തിപ്പിന്നിൽ നിന്റെ വാഹനം

ഞാനോ മുന്നിൽ

കഴുത്തു കശേരുക്കൾ പൊട്ടിപ്പോം മട്ടിൽ വെട്ടി-

ക്കുതിച്ചു പറക്കുന്നു

 

ഇത്തിരിക്കാടാണിതിൽ

പറ്റുമ്പോൽ സഞ്ചാരം

പണ്ടെത്ര പാഞ്ഞാലും തീരാത്താവളം

വിശപ്പിന്നു ഭക്ഷണം, നീരോട്ടങ്ങൾ.

 

വാസനാശീലം ! സർവം തിരിഞ്ഞു,

കോർക്കാനെത്തും മൃതിയെ

മൃതിയ്ക്കിരപ്പെടുന്ന മണങ്ങളെ

പിണഞ്ഞും പിന്നെത്തെന്നിയകന്നും

തിരിഞ്ഞു ചേർന്നുരുമ്മി,-

യിണപ്പെടാൻ കൊതിപ്പിച്ചെത്തും

തീക്ഷ്ണ രതിഗന്ധത്തെ,

കാട്ടുപൂക്കളെ ,

വിശപ്പാറ്റുവാൻമാത്രം

വേട്ടയാടുന്ന മൃഗം

നഖം കൂർപ്പിക്കും മരത്തോലി-

ന്നാഴത്തിലുറക്കുന്ന ചറത്തെ

ഇലകൾ, പഴരസം, പറവക്കാട്ടങ്ങളെ.

 

അപ്പുറം മരപ്പച്ച കനക്കുന്നതിൻ മുൻപ്

കാടിന്റെ മിടിപ്പൊച്ച കൊഴുക്കുന്നതിൻ മുൻപ്

എത്തണം സങ്കേതത്തിൽ

മങ്ങുന്ന വെട്ടം നോക്കി

ഉറ്റവർ, മിടിക്കുന്ന ഹൃത്തുകൾ

ചിമ്മിച്ചേരാ വഴിക്കണ്ണുകൾ,

നോക്കിക്കാത്തിരിക്കുന്നുണ്ടെന്നെ

**

പിറകിൽ,പുൽമേടിന്റെയിറമ്പിൽ

ആളുക,ളാക്രോശങ്ങൾ

നിരപ്പിൽ ,ഉന്നം കണ്ടു

നീർത്തുന്നു നീ ആയുധം

തുറിക്കും ഭയം മുറ്റി-

(കഴുത്തു പൊട്ടിപ്പോകും  മട്ടിൽ ഞാൻ വെട്ടിക്കുന്നു)

നോക്കുന്നു, കുതിക്കുന്നു.

കാറ്റിനെ മണക്കുവാൻ  കിതയ്ക്കുന്നൂ

കാതോർക്കുന്നൂ കാടിന്റെ വിളിച്ചെത്തം

 

'എത്ര സുന്ദരം പേടിക്കൺപീലികൾ

ആടും ചമരി,പ്പിൻചന്തങ്ങൾ

അതിമോഹനം , വെട്ടിയോടുമ്പോൾ

കഴുത്ത, ല്ലതഴകിൻ മിന്നൽപ്പിണർ'

                 -പേച്ചുകൾ കേൾവിപ്പുറം.

'

ഒരൊറ്റനോക്കിൽ കണ്ടു.

വിശപ്പേയറിയാത്ത  കണ്ണുകൾ

വഴിഞ്ഞതിൽ തിളയ്ക്കും കൊടുംപശി

ത്രസിക്കുമുടലിന്റെ തൃഷ്ണതൻ പെരുക്കങ്ങൾ

വരിക്കാൻ വന്നെത്തുന്ന കുരുക്ക്

 

നിർഗ്ഗന്ധം കാറ്റ്

കാട്  നിശ്ശബ്ദം .

ശൂന്യം.

 

കടപ്പാട് : അഭിജ്ഞാന ശാകുന്തളത്തിലെ "ഗ്രീവാഭംഗാഭിരാമം" എന്നു തുടങ്ങുന്ന ശ്ലോകത്തിനു ഡോ: ടി ടി ശ്രീകുമാറിന്റെ വിമർശനവായന

 

(മാതൃഭൂമി ഓണപ്പതിപ്പ് 2021)