ഉരുകിയിറ്റുന്നു വേനല്‍
പൊള്ളുന്നു വ്യഥിതപാദം
ഒരു തണല്‍പ്പച്ച പോലും
പൊടിയ്ക്കാത്ത കനല്‍വഴി
പാന്ഥനേകനേകാന്തന്‍.
പൊള്ളുന്നു വ്യഥിതപാദം
ഒരു തണല്‍പ്പച്ച പോലും
പൊടിയ്ക്കാത്ത കനല്‍വഴി
പാന്ഥനേകനേകാന്തന്‍.
വെയിലു തുള്ളുന്നു കാറ്റു ചൂടേറ്റുന്നു
ഉടലു വേവുന്നു ഉയിരു പിടയുന്നു
ചുമടിറക്കുവാനത്താണി കാണ്മീല
താന്തനിവനെങ്ങു ശാന്തിയെന്നറിവീല
നീരുറക്കുന്ന മിഴികള്‍ ,തുള്ളിയും
നീരു നനയാത്ത ചൊടികള്‍
നേരമെങ്ങാശ്വസിയ്ക്കുവാന്‍ തലയിലെ
ഭാരമൊട്ടു കൈമാറിയൊന്നേകുവാന്‍
ആരുമില്ലാത്ത വഴിയില്‍ ഇടറുന്ന
കാലു മെല്ലെ വലിച്ചിഴഞ്ഞേ പോകും
പാന്ഥനേകന്‍ വിഷാദി.
എന്ന് തോളേറ്റിയിച്ചുമ ? ഓര്‍മ്മയി-
ല്ലെന്നു ഭാണ്ഡം മുറുക്കിപ്പുറപ്പെട്ടു?
എങ്ങുപോകുന്നുവെന്നേയ്ക്കൊരവസാനം?
ഒന്നുമറിയാതെയറിയാതെ മുന്നോട്ട് ...
‘ഒന്നുമറിയേണ്ട മുന്നോട്ട്’ മുന്നോട്ടു
കൈയ്യു ചൂണ്ടുന്നു പാതകള്‍
പാതയില്‍ മെയ്യ് വേച്ചുവിറച്ചു
വിയര്‍ക്കുന്നൊരാകുലന്‍ പാന്ഥനേകന്‍.
ഇടയിലിരടുന്ന കല്‍ച്ചീളു നോവിച്ച
കഴലില്‍ വേര്‍പ്പിന്റെയുപ്പുനീരിറ്റിച്ചു
വ്യഥയമര്‍ത്തുന്നൊരാതുരമാനസന്‍
പാന്ഥനേകന്‍ വിഷാദന്‍.
പിന്‍വിളിപ്പതാര്‍ ? ഇന്നലെക്കൈചേര്‍ത്ത
നന്മയോ? നല്ല നാളിന്റെയോര്‍മ്മയോ?
ഒന്നുനില്‍ക്കുവാന്‍ കാതോര്‍ത്തുകേള്‍ക്കുവാന്‍
ഇന്നിയും ബാല്യമെങ്ങെന്നു വിങ്ങിയും
വിണ്ടകാല്‍ വലിച്ചേന്തിയും ഞെരിയുന്ന
തന്‍ കശേരുക്കള്‍ താനേ തലോടിയും
തന്നിലേയ്ക്കുള്ള ദൂരങ്ങള്‍ താണ്ടവേ
പിന്നിലാരേ വിളിപ്പൂ !
പിന്നിലല്ല
തന്നരികിലെന്നറിയുന്നു
വന്നു തൊട്ട തണുവുള്ളാകെ നിറയുന്നു
ആരിവന്‍? ആര്‍ദ്രമന്ദസ്മിതത്തിനാല്‍
മേനിയാകെയുമുഴിയുന്നു
നോവിന്റെയോര്‍മ്മപോലും തലോടിയകറ്റുന്നു
നീരമിത്തിരിച്ചുണ്ടിലിറ്റിയ്ക്കുന്നു
ക്ഷീണമോക്കേയുമേറ്റുവാങ്ങുന്നു
ആരിവന്‍!
ഇവന്‍ കൈചൂണ്ടുമദ്ദിക്കില്‍
ആയിരം കണിക്കൊന്നകള്‍ പൂക്കുന്നു
ആയിരംകോടി മലരുകള്‍ പെയ്യുന്നു
ആ വഴിയ്ക്കൊരത്താണി ഉയിര്‍ക്കുന്നു.
'വെയിലുമങ്ങുന്നു വഴിയിരുട്ടുന്നു
അനുജ, യാത്ര മതി ,ഇനി വിശ്രമിയ്ക്ക
ഇവിടെയുണ്ടു നിന്നുയിരുരുക്കീടുന്ന
ദുരിതവാഴ്വിന്റെ ചുമതാങ്ങുമത്താണി
തലയിലെഭാരമിവിടിറക്കിപ്പിന്നെ
പുതിയ പാഥേയമിനി രുചിയ്ക്ക
കനമകന്നൊന്നുറങ്ങുക നാളെ നിന്‍
ശുഭദവാഴ്വിന്റെ തീരങ്ങള്‍ തേടുക
അകലെയല്ല നീ പ്രണയിച്ച ഹരിതങ്ങള്‍
അവ കിനാക്കണ്ടു നിന്‍ യാത്ര തുടരുക'
പഥിക, വേദനളെല്ലാം മറക്കുക
പുതിയ പുലരിയ്ക്കു സ്വാഗതമോരുക