Friday, July 11, 2014

കണ്ടവരുണ്ടോ?


ഇലത്തളിരിന്റെ അകവട്ടങ്ങളിൽ
ആദ്യത്തെ മൊട്ടിന്റെ ഉണർച്ചകൾ
താങ്ങിനായി പരതുന്ന ഇളം വള്ളികൾ
തേന്മാവിലും കുറഞ്ഞ് മറ്റാരിൽ പടരാൻ !

മുല്ലവള്ളി മാനം നോക്കി .
കാടിന് കുടചൂടി കടുംചുകപ്പ്
മുല്ലവള്ളി ഭൂമി നോക്കി
മണ്ണിനെ പുതപ്പിച്ച് അതേ ചുകപ്പ്
ചുറ്റും പരതി
കാടാകെ പടർന്ന്
കാട്ടുമാനം കൈതാങ്ങി
നെടുതായി
നിവർന്നങ്ങനെ നില്പാണ് .
കണ്ണ് കൊണ്ടൊന്നുഴിഞ്ഞു
ഉള്ളു കൊണ്ടൊന്നളന്നു
കൊള്ളാം ..!

സ്പർശവള്ളികൾ അതിവേഗം നീട്ടി
പടർന്നുകേറാനൊരുങ്ങുന്ന
ഒരുമ്പെട്ട കാട്ടു ചെടികൾ .
ചുകപ്പിലേയ്ക്ക് ഊളിയിടുന്ന
തേനീച്ചപ്പടയുടെ രാഗവിസ്താരം .
താരാട്ടുകാറ്റിൽപ്പോലും
തകർത്തു പെയ്യുന്ന പൂമരം .
കൊള്ളാം
നിറന്നത്
ഒത്തത്
ഉറച്ചത് .

അങ്ങനെയാണ്
മറ്റൊരു മുല്ലവള്ളി കൂടി
മുരുക്കിന്റെ
മൂർച്ഛകളിൽ
സ്വയം തറഞ്ഞു കയറിയത്

1 comment:

  1. മുല്ലവള്ളികള്‍ക്ക് ചിന്ത വേണം!

    ReplyDelete