Tuesday, July 1, 2014

പ്രതിഭാസപ്പെട്ട പെണ്ണ്

 വിവര്‍ത്തനം

Phenomenal Woman

 Maya Angelou

ഉടലഴകിയല്ലഞാ,നഴകുള്ള മുഖമില്ല
എവിടെയാണിവളുടെ രഹസ്യമെന്നിങ്ങനെ
എവിടേയുമുള്ള കൊച്ചമ്മമാർക്കതിശയം
ഒടുവിൽ വെളിപ്പെടുത്താൻ ഞാനൊരുങ്ങിയാൽ
ഉടനെ ധരിക്കുമവർ 'ഇവൾ നുണച്ചി'   

പറയട്ടെ 'ഞാ'-നെന്റെ പിടിയിയിലുണ്ടെപ്പൊഴും
എന്റെ ഇച്ഛക്കൊത്ത് നിൽക്കുമെൻ സർവ്വവും   
എന്റെ വാക്കില്ലാതെ  നീങ്ങില്ല പാദം
ഞാനുറയ്ക്കാതൊന്നു   വളയുകില്ലധരം
ആടും നിതംബമെന്നാഗ്രഹം പോലെ

ഞാന,സാമാന്യ യായുള്ള   പെണ്ണ്
ഞാനൊരു പ്രത്യേകപ്പെട്ട  പെണ്ണ്  

ആരുമാശിക്കും പ്രസന്നഭാവത്തിൽ ഞാൻ
ആളുകൾക്കിടയിൽ തിളങ്ങും
ആർത്തിരമ്പുന്ന കൂട്ടങ്ങൾ
തേനീച്ചകൾ
ആണുങ്ങൾ ,
ചുറ്റും തിരക്കും
അവരന്റെ മുന്നിൽ നമിയ്ക്കും

എന്റെ കണ്ണാളും വെളിച്ചം
എന്റെ വെണ്‍പല്ലിൻ തിളക്കം
എന്നരക്കെട്ടിന്റെയോളം
എന്റെ കാൽവെയ്പ്പിന്റെ താളം
എന്ന് ഞാൻ കാരണം പറയും
ഞാന,സാമാന്യ യാം   പെണ്ണ്
ഞാനാണനന്യയായുള്ള പെണ്ണ് 

ആണുങ്ങൾപോലുമൊന്നതിശയിക്കും
ഇവളെന്തു പെണ്ണാണീ പ്പെണ്ണ്  !
ഏറെ ശ്രമിക്കുമവർ
എന്നാലുമാവില്ല
ഗൂഢമെന്നുള്ളിന്റെ നേര് കാണാൻ
സ്വയമേവ ഞാൻ വെളിപ്പെടുകിലോ
ഹാ കഷ്ടം !
ആരുകാണാൻ ?ആരുകേൾക്കാൻ!!

പറയും ഞാൻ കാരണം
എന്റെ പിൻ വടിവെന്നു  
ചിരിയിലെ വെയിലെന്നു
തുള്ളുന്ന മാറെന്ന്
ഉടയെന്ന്  നടയെന്ന്
ഞാനൊരു പെണ്ണ്
വേറിട്ട പെണ്ണ്
ഞാൻ നിങ്ങൾക്കാശ്ചാര്യമാവും പെണ്ണ്   

കേട്ടുവോ കൂട്ടരേ ? കാര്യം തിരിഞ്ഞുവോ ?
എന്റെ തല കുനിയാത്തതെന്തെന്നതും
വിലകെട്ടു ഞാനൊന്നും മിണ്ടാത്തതും
നില വിട്ടു ശബ്ദ മൊന്നുയരാത്തതും??

എന്നെ നിങ്ങൾ കാണും
ഏറെയഭിമാനിയ്ക്കും .
എൻ കാൽമടമ്പടിച്ചെത്തമെന്ന്
അഴകുറ്റ മുടിയുടെയൊടിവാണെന്നു
മൃദുമൃദുലമെന്റെ കൈവെള്ളയെന്ന്
എന്റെ താലോലിപ്പിനാശയെന്ന്
എന്നെല്ലാം കാരണം ഞാൻ പറയും

എന്തുകൊണ്ടെന്നോ ?
ഞാനൊരു പെണ്ണ്
ഞാനെന്ന പെണ്ണ്
ഞാൻ വിശേഷപ്പെട്ട പെണ്ണ്

7 comments:

  1. അതിവിശേഷം!

    ReplyDelete
  2. Phenomenal Woman എന്ന എയ്ൻജലൗ കവിതയോട് നീതി പുലര്ത്തുന്ന വായനയും പരിഭാഷയും
    "പ്രതിഭാസപ്പെടൽ!"Bold ആയ പദനിർമ്മിതി ..
    "സ്ത്രീ ഒരു പ്രതിഭാസം" എന്ന മട്ടിൽ ചർവിത ചർവ്വണം ഒഴിവാക്കുന്നതിന്റെ
    നല്ല മാതൃക .

    ReplyDelete
  3. ഒരു പാടിഷ്ടമായി ഈ പരിഭാഷ ..:)

    ReplyDelete
  4. വളരെ നല്ല വിവര്‍ത്തനം ജ്യോതി.. അഭിനന്ദനങ്ങള്‍.. ( ഞാന്‍ നേരത്തെ വന്നിരുന്നു. അഭിപ്രായവും എഴുതി.. എന്നെ ഇപ്പോ വന്നപ്പോ കണ്ടില്ല.. അപ്പോ ഞാന്‍ പിന്നേം എഴുതി)

    ReplyDelete
    Replies
    1. സന്തോഷം എച്മു. ഞാൻ അത് പബ്ലിഷ് ചെയ്യാൻ നോക്കിയപ്പോൾ അറിയാതെ ഡിലീറ്റ് കീ അമർന്നു പോയി. ക്ഷമിക്കണേ ..

      Delete