ഓടിയോടി
എത്തിപ്പെട്ടതെല്ലാം
ഏതൊക്കെയോ
തുറസ്സുകളിൽ.
ഒളിയിടമെന്നു വെളിപ്പെട്ടവ
അവയിലേക്കുള്ള
തുരങ്കമുഖങ്ങളും.
ഒടുക്കം
ചിന്നിത്തൂവിയ
വെളിച്ചങ്ങൾ
സ്വന്തം കാഴ്ചക്ക് മറച്ചത്
നഗ്നമായ
ഉരുവത്തെ,
അതിന്റെ സത്യത്തെ.
ഒളിച്ചുപോയത് ഞാനെന്നാൽ
തിരിച്ചു വന്നതു നീയത്രെ !
നീതന്നെ വരവേറ്റതും
ഒറ്റക്കഴിയിൽ ചുറ്റിയ
ഒരറ്റം മാത്രമുള്ള ഒറ്റനൂലിൽ
ഊടും പാവും പണിഞ്ഞ്
എന്നെ
ഉടുപ്പിക്കുന്നു
വെളിച്ചത്തിന്റെ
വഞ്ചനാരൂപങ്ങൾ
ഒന്നാകെ
ഒരുഞൊടിയിടയിൽ
വിവസ്ത്രപ്പെടുന്നു
ബുദ്ധനെ യാത്രയാക്കുന്നു.
No comments:
Post a Comment