Wednesday, November 15, 2017

പ്രത്യക്ഷത്തിൽ അകാരണമെന്ന ചില ഒളിച്ചുപോക്കുകൾ



തകർക്കലായിരുന്നില്ല

തിന്മപോക്കി

നന്മയൂട്ടി

വളർത്തലായിരുന്നെന്നു

ചോരയുടെ,

പ്രിയങ്ങളുടെ,

പ്രണയങ്ങളുടെയും

ദൂതുകൾ

അനുഭവസാക്ഷ്യങ്ങൾ

ഈയിടെയായി

വീണ്ടും വരവുണ്ട്.


ആദ്യമാദ്യം

പയ്യപ്പയ്യെ

അനക്കം കൊണ്ടത്

ചില തുറുനോക്കിൽ

കുത്തുവാക്കിലും.

നിഘണ്ടുപ്പുറമേ

മിണ്ടാട്ടം വളർന്നത്

ചൂരൽപ്പാളലിൽ

ചാട്ടമിന്നലിൽ.


പൊട്ടടിയാദ്യം

പുറമെ പതിച്ചത്

തുടൽക്കഴുത്തോടെ

കയർക്കുരുക്കോടെ.

കടിഞ്ഞാണിലും

തോട്ടിമുനയിലുമായി

ശീഘ്രതയും സൂക്ഷ്മതയും.

എന്നിട്ടും

മെരുക്കം പോരാഞ്ഞാവാം

കുന്തങ്ങൾ പാഞ്ഞു

കൽച്ചീളുകൾപറന്നു,

അതിരിനിപ്പുറം

വരുതിയിൽത്തന്നെ നിർത്താൻ

മയക്കുതോക്കുകൾ ചീറി

മോഹശരങ്ങൾ മൂളി.


ഇപ്പോഴും

ദൂതരും സാക്ഷികളും

തെളിച്ച വഴിയറ്റം അവരുണ്ട്.

കൂർമുനക്കണ്ണുകൾ

ചാട്ടുളിപ്പേച്ചുകൾ

കുപ്പിച്ചില്ലു മുതൽ

കുഴിമിന്നൽ  വരെ

ഒളിച്ച ഭാണ്ഡം ചുമന്ന്

ഇരയെന്നു ദൈന്യം പുതച്ച്

സ്നേഹം യാചിച്ച്

കടമയോർമിപ്പിച്ചും

കടപ്പാടിന്റെ കണക്കെടുത്തും

അവരെത്തും മുൻപ്

വേട്ട തുടരും മുൻപ്

കാടിന്റെ ,കാറ്റിന്റെ

കാണാമറകൾ ചിലത്

കണ്ടുവെയ്ക്കേണ്ടതുണ്ട്

മരുവിന്റെ ,മഴയുടെ  പടുതകൾ

സ്ഥാനപ്പെടുത്തേണ്ടതുണ്ട്.


നിവർന്നും

തലയുയർന്നും

നേർക്കുനേരെന്നു

പഴകാത്ത നമുക്ക്

ഒളിമറകളല്ലാതെ

മറ്റെന്തുശീലപ്പെടാൻ !

(ദേശാഭിമാനി വരിക നവംബർ 2017 )

No comments:

Post a Comment