പൊതുവേ മെല്ലെപ്പോക്കിലാണിന്നീ വണ്ടി
ഇഴയുമിടയ്ക്കൊന്നു വെറുതേ പിടിച്ചിടും
അനക്കംവയ്ക്കും
വീർപ്പിട്ടിഴയും
വീണ്ടും നിൽക്കും
വരിയ്ക്കു വാലറ്റത്തു
ചിന്താലൗകികംപൂണ്ടി-
ട്ടൊരുവൻമാത്രം ജാഥ-
യ്ക്കണിയായ്പ്പോകുംമട്ടിൽ
ഇടയ്ക്കു ഞെട്ടും
പിന്നെയാഞ്ഞൊന്നു കൂക്കും
വെപ്രാളം കാട്ടും
ചുമ്മാ മൂക്കൊന്നു ചീറ്റും പായും
ഇത്തിരി നേരം ,
തീർന്നു
പിന്നെയും ചിന്താഭാരം
ഒച്ചാകും
ഒച്ചകൾ വീണ്ടും
ചുണ്ടനക്കമായ്നേർക്കും....
കനക്കുന്നിരുൾ ചുറ്റും.
ഉറക്കം പാട്ടും മൂളി
അകത്തുകടന്നിപ്പോൾ
അലസം തിരിയുന്നു
വൈകുന്നൂ
തെറ്റിയോ വണ്ടി ?
പിശകിയെന്നോ സ്റ്റേഷൻ?
ഇറങ്ങേണ്ടിടം കടന്നിറങ്ങാൻ
മറന്നെങ്ങാനുറങ്ങിപ്പോയോ?
യാത്രയാക്കിയോർ
കാത്തിരിപ്പിന്റെ മടുപ്പുകൾ
വിളികൾ തുടരുന്നു
വിളികൾ തുടരുന്നു
വിളികളിരുട്ടിലേയ്ക്കൂളിയിട്ടൊടുങ്ങുന്നു
വി
ളി
ക
ൾ....
വെളിച്ചത്തിൽ
കണ്ണഞ്ചിപ്പരതുന്നു
വിളികൾ
കാറ്റിൽ മഞ്ഞിൽ മഴയിൽ പടരുന്നു.......
'ഇറങ്ങാറായീ'
കാതിൽ മർമരം
കണ്ണിൽ വെളിച്ചക്കടൽ
ചിരികൾ വിഷാദങ്ങൾ
തിരക്ക് ഞെരുക്കങ്ങൾ
ഇറങ്ങാറായി.
വണ്ടി തുടരാറായി.
No comments:
Post a Comment